കണ്ണൂർ: ഒരുവർഷംമുമ്പ്‌ ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെറുവാഞ്ചേരിക്കടുത്ത ചെങ്കൽപണയിൽ ജോലിചെയ്ത് ഒളിവിൽ കഴിയുകയായിരുന്ന കർണാടക സ്വദേശിയെ കർണാടക പോലീസ് പിടികൂടി. വിജയ്‌പുർ ജില്ലയിലെ അല്ലാപുർ ബെയ്‌സിലെ മുത്തപ്പ ചെലവദി (35) ആണ് പിടിയിലായത്. ഭാര്യ രേണുക (32) ആണ് കൊല്ലപ്പെട്ടത്. 2020 ഫെബ്രവരി 24-ന് രാത്രിയായിരുന്നു കൊലപാതകം. ചാരിത്ര്യശുദ്ധിയിൽ സംശയംതോന്നി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു. 12 വയസ്സുള്ള പെൺകുട്ടിയും എട്ടുവയസ്സുള്ള ആൺകുട്ടിയുമുണ്ട് ഇവർക്ക്. മക്കളുടെ മുമ്പിലിട്ട് അടിച്ചുകൊല്ലുകയായിരുന്നു. ഗോൽഗുംബ പോലീസാണ് കേസ് രജിസ്റ്റർചെയ്തത്. ചൊവ്വാഴ്ച രാവിലെ സബ് ഇൻസ്പെക്ടർ രാജേഷ് ഹമാനിയുടെ നേതൃത്വത്തിലെത്തിയ പോലീസ് കണ്ണവം പോലീസിന്റെയും ചെങ്കൽപ്പണ ഉടമയുടെയും സഹായം തേടി. ചെറുവാഞ്ചേരി നവോദയ കുന്നിലെ പണയിലാണ് ഇയാൾ ജോലിചെയ്തിരുന്നത്. ഉച്ചയോടെ പണികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകാൻ ചെറുവാഞ്ചേരിയിലെത്തിയപ്പോൾ പിടിയിലാകുകയായിരുന്നു.

ഒരുവർഷമായിട്ടും നാട്ടിൽ പോകാത്തത് കോവിഡിന്റെ പേരിലാണെന്നാണ് ഉടമയോടും ഒപ്പം ജോലിചെയ്തവരോടും പറഞ്ഞിരുന്നത്. ഫോൺകോൾ വിശദാംശങ്ങൾ പരിശോധിച്ചാണ് ഇവിടെയുണ്ടെന്ന് കർണാടക പോലീസ് ഉറപ്പിച്ചത്. ഇയാൾക്ക്‌ വേറെ ഭാര്യയുണ്ടെന്ന് കർണാടക പോലീസ് സംശയിക്കുന്നു.