മുംബൈ: ബാങ്ക് അക്കൗണ്ടിൽനിന്ന് അനധികൃതമായി പണം പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയിൽ ടി.വി. താരം കരൺ മെഹ്റക്കെതിരേ പോലീസ് കേസെടുത്തു. തന്റെ അക്കൗണ്ടിൽനിന്ന് താനറിയാതെ കരൺ ഒരു കോടി രൂപ പിൻവലിച്ചെന്നാണ് കരണിന്റെ ഭാര്യയും ടി.വി.താരവുമായ നിഷയുടെ ആരോപണം. കരണിന് പുറമേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ രണ്ടുപേരും കേസിൽ പ്രതികളാണ്.

വെള്ളിയാഴ്ച രാത്രിയാണ് നിഷ ഭർത്താവിനെതിരേ കൊറേഗാവ് പോലീസിൽ പരാതി നൽകിയത്. അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചെന്നറിഞ്ഞതോടെയാണ് നിഷ ഭർത്താവിനെതിരേ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്. നേരത്തെ നിഷയെ ഉപദ്രവിച്ചെന്ന പരാതിയിൽ കരണിനെ കൊറേഗാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 31-ന് ഈ കേസിൽ അറസ്റ്റിലായെങ്കിലും കിരണിന് പിന്നീട് ജാമ്യം ലഭിച്ചു.

എട്ടുവർഷം മുമ്പാണ് ടി.വി. താരങ്ങളായ കരണും നിഷയും വിവാഹിതരായത്. ദമ്പതിമാർക്ക് നാല് വയസുള്ള ഒരു മകനുണ്ട്.

Content Highlights:tv actress nisha rawal filed complaint against husband karan mehra