കുമരകം: വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്തു. വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തി. ശൗചാലയം തല്ലിത്തകര്‍ത്തു. ഒടുവില്‍ ഭിത്തിയില്‍ ഇങ്ങനെ എഴുതി, 'മിന്നല്‍ മുരളി ഒര്‍ജിനല്‍' വീട് ആക്രമിച്ച ആ 'മിന്നല്‍ മുരളി'യെ തേടുകയാണ് പോലീസ്. കുമരകത്താണ് മിന്നല്‍ മുരളി സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വീടിനു നേരേ ആക്രമണമുണ്ടായത്.

പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണം. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം.

രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു. കഴിഞ്ഞരാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം എസ്.ഐ. എസ്.സുരേഷ് പറഞ്ഞു

സന്ധ്യമയങ്ങുന്നതോടെ ഈ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികള്‍ പറയുന്നു. മുംബൈ സ്വദേശി ഇവിടെയുള്ള സ്ഥലങ്ങള്‍ റിസോര്‍ട്ടിനായി വാങ്ങിയതോടെ ഉണ്ടായിരുന്ന വീടുകള്‍ പൊളിച്ചുനീക്കി. ഇതോടെ പ്രദേശം വിജനമായി മാറുകയും സുരക്ഷിതമല്ലാതായി തീരുകയുംചെയ്തു.
 

Content Highlights: 'Minnal Murali Original' attacks policeman's house in Kumarakom