മെക്‌സിക്കന്‍- അമേരിക്കന്‍ അതിര്‍ത്തിയിലുള്ള 'ചിഹാഹുവ' സംസ്ഥാനത്തിലെ 'യുവാരസ്' എന്ന ചെറിയ പട്ടണത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് 'Backyard' aka 'El Traspatio' ഒരുക്കിയിരിക്കുന്നത്. 1996 നും 2007 നും ഇടയില്‍ കാണാതായ, അല്ലെങ്കില്‍ മരണപ്പെട്ട  3500 ഓളം സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണമാണ് ചിത്രം അവതരിപ്പിക്കുന്നത്. വളരെയധികം സാമൂഹിക പ്രസക്തിയുള്ള ചിത്രമാണിത്.

ഒരു കൊച്ചു പട്ടണത്തില്‍ നടക്കുന്നത് ഇത്രത്തോളം വലിയ തിരോധാനമാണെങ്കില്‍, നമുക്ക് ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് എത്രത്തോളം വലിയ കണക്കുകളായിരിക്കുമെന്ന തിരിച്ചറിവിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഈ ചിത്രം. 

മരുഭൂമിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു വ്യവസായ നഗരി ആണ് യുവാരസ് . ചുട്ടുപൊള്ളുന്ന വെയിലത്ത് മരുഭൂമിയില്‍ കാണപ്പെടുന്ന ശവശരീരങ്ങള്‍ പലതും വ്യവസായ നഗരിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെതാണ്. ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ട് ശവശരീരം വികൃതമാക്കിയ നിലയിലാണ് മൃതദേഹങ്ങള്‍ അവിടെ കാണപ്പെടുന്നത്. ആവശ്യത്തിന് പോലീസ് സേനയില്‍ ആളില്ലാത്തതും സൗകര്യങ്ങളുടെ പരിമിതിയും ഭരണത്തില്‍ ഇരിക്കുന്നവരെ കുഴയ്ക്കുന്നുമുണ്ട്. അതിനൊപ്പം പോലീസിലുള്ള ആളുകളുടെ കഴിവില്ലായ്മയും ഒരു പ്രശ്‌നമാണ്. 

ഒരു പരമ്പര കൊലയാളിയുടെ സാദ്ധ്യതകള്‍ അവര്‍ ആദ്യം തന്നെ തള്ളിക്കളയുന്നുണ്ട്. കൊലപാതകങ്ങളില്‍ സാമ്യമുള്ളതൊന്നും കാണാന്‍ സാധിക്കുന്നില്ലെന്നത് ഒരു കാരണമായിരുന്നു. ഒരു ദിനചര്യ പോലെ കാണപ്പെട്ട ശവശരീരങ്ങള്‍ കാണപ്പെടുകയായിരുന്നു. ആരെയും കൊല്ലാന്‍ അവകാശമുണ്ടെന്ന് സമൂഹത്തില്‍ പലരും തെറ്റിദ്ധരിക്കാന്‍ തുടങ്ങിയെന്നതിന്റെ സൂചനകളും പുറത്തുവന്നു.

ഈ കേസുകള്‍ അന്വേഷിക്കാന്‍ ബ്ലാങ്ക എന്ന പോലീസുകാരി അവിടെ എത്തുന്നു. ബ്ലാങ്ക വന്നതിന്റെ അടുത്ത ദിവസങ്ങളില്‍ കണ്ട ശവശരീരം അവിടത്തെ ഒരു വിദേശ കമ്പനിയില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീയുടേതാണെന്ന് പത്ര വാര്‍ത്തയിലൂടെ സാമൂഹിക പ്രവര്‍ത്തകയായ ഒരു സ്ത്രീ മനസ്സിലാക്കുന്നു. അവര്‍ ബാങ്കയെ സമീപിക്കുന്നു. ഈജിപ്ഷ്യന്‍ വംശജനായ അവളുടെ ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് ആ സ്ത്രീ നേരത്തെ പരാതി നല്‍കിയിരുന്നുവെന്നവര്‍ ബ്ലാങ്കയെ അറിയിക്കുന്നു. ബ്ലാങ്ക ആ സ്ത്രീയുടെ ഭര്‍ത്താവായ 'സുല്‍ത്താന്‍' എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുന്നു. അയാള്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്തായിരുന്നു അറസ്റ്റ്. സുല്‍ത്താനെ ജയിലിലടച്ചുവെങ്കിലും മരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

സുല്‍ത്താനെ ജനങ്ങള്‍ 'ടെലിപ്പതി കൊലപാതകി' എന്ന് വിളിച്ചു തുടങ്ങി. എന്നാല്‍ ചില തിരോധാനങ്ങളും ശവശരീരം കിട്ടുന്ന സമയത്തിലുള്ള സാദൃശ്യവും ബ്ലാങ്ക ശ്രദ്ധിക്കുന്നു. ശവശരീരങ്ങള്‍ കേടുപാട് പറ്റാതെ എവിടെയോ സൂക്ഷിക്കാറുണ്ട് എന്നവര്‍ മനസിലാക്കുന്നു. ആ സമയത്താണ് ജുനയിട്ട എന്ന പെണ്‍കുട്ടി ഗ്രാമത്തില്‍ നിന്നും തന്റെ ബന്ധുവിനോടൊപ്പം ജോലി ചെയ്തു ജീവിക്കാന്‍ യുവരസില്‍ എത്തുന്നത്. അല്‍പ്പ ദിവസത്തില്‍ തന്നെ അവള്‍ ഒരു യഥാര്‍ത്ഥ നഗരവാസിയായി മാറുന്നു. ബ്ലാങ്കയുടെ അന്വേഷണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് അവളെക്കൊണ്ടെത്തിക്കുന്നു.

mexico

കുത്തഴിഞ്ഞ ഭരണസംവിധാനവും പോലീസിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ പണത്തിനോടും അധികാരത്തോടുമുള്ള ആര്‍ത്തിയും ബ്ലാന്കയുടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ആ സമയം ആണ് 'പെരാള്‍ട്ട' എന്ന റേഡിയോ ജോക്കി അവരുടെ രക്ഷകനായി എത്തുന്നത്. ജനങ്ങളില്‍ ഈ സംഭവങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു. ശത്രു ആര,് മിത്രം ആര് എന്നറിയാതെ മുന്നോട്ടു നീങ്ങിയ ബ്ലാങ്കയുടെ അന്വേഷണം അവളെ കൊണ്ടെത്തിച്ചത് ചോരയില്‍ എഴുതി ചേര്‍ത്ത ക്രൂരതകളില്‍ ആണ്. ബ്ലാങ്കയുടെ അന്വേഷണം അവസാനം എന്തായി എന്നറിയാന്‍ ചിത്രം ബാക്കി കാണുക.

മെക്‌സിക്കോയുടെ ആ വര്‍ഷത്തെ ഓസ്‌കാര്‍ നാമനിര്‍ദേശമായിരുന്നു ഈ ചിത്രം. ഒരു മിസ്റ്ററി ത്രില്ലറിന്റെ എല്ലാ ചേരുവകകള്‍ക്കുമൊപ്പം മനോഹരമായ സംവിധാനവും ക്യാമറയുമെല്ലാം ചിത്രത്തിന് യഥാര്‍ത്ഥ സംഭവങ്ങള്‍ക്ക് സമാനമായ ഒരു പൂര്‍ണത നല്‍കുന്നുണ്ട്. ചതിയുടെയും സാമൂഹിക വിപത്തിന്റെയും ഒരു മികച്ച പഠനം തന്നെ ഈ ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്.

സ്ത്രീ ശരീരങ്ങള്‍ തങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതാണെന്നോര്‍ത്ത് അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമൂഹത്തെയും കൂടെ ഒളിഞ്ഞിരിക്കുന്ന ഭീകരന്മാരെയും ചിത്രം കാണിച്ചു തരുന്നു. ഇത് മെക്‌സിക്കോയില്‍ മാത്രം നടക്കുന്ന സംഭവമല്ല. ചിത്രത്തിലെ ഗവര്‍ണര്‍ പറയുന്നത് പോലെ- യുവരാസ് മാത്രമല്ല ഇത്തരം പ്രവൃത്തികളുടെ വിളനിലം, അതിര്‍ത്തിക്കപ്പുറത്തുള്ള അമേരിക്കയിലും ഈ സംഭവം നടക്കുന്നുണ്ട്.