'ചാര്‍ളി-ചാര്‍ളി'! ഒരാള്‍ ഷാര്‍ലറ്റ് 'ചാര്‍ളി' ന്യൂട്ടണ്‍. മറ്റേയാള്‍ അവളുടെ അമ്മാവനായ ചാള്‍സ് 'ചാര്‍ളി' ഓക്കേലേ. ഷാര്‍ലറ്റ് അമേരിക്കയിലെ ഒരു സാധാരണ നഗരത്തിലാണ് ജീവിക്കുന്നത്.

മൂന്നു കുട്ടികളില്‍ മൂത്തവളായ ഷാര്‍ലറ്റ് നിരാശയിലാണ്. ജീവിതത്തിന് ഒരര്‍ത്ഥമില്ലാതായിത്തീര്‍ന്നതു പോലെ അവള്‍ക്കു തോന്നുന്നു. ഒരേ കാര്യങ്ങള്‍ തന്നെ എല്ലാ ദിവസവും ചെയ്യുമ്പോള്‍ തോന്നുന്ന വിരസതയാണ് അവള്‍ക്ക്. ബാങ്കറായ പിതാവും, വീട്ടിലെ ജോലിത്തിരക്കുകളില്‍ ഏര്‍പ്പെടുന്ന അമ്മയുമാണ് അവള്‍ക്കുള്ളത്. ഷാര്‍ലറ്റ് , വായനയിലാണ് തന്റെ ജീവിതമെന്ന് കരുതുന്ന അവളുടെ സഹോദരി ആന്‍ , കണക്കുകളില്‍ ഹരം പിടിച്ച അനുജന്‍ റോജര്‍ എന്നിവരും കൂടി ആയപ്പോള്‍ അവരവരുടെ ലോകങ്ങളിലേക്ക് ഒതുങ്ങിക്കൂടിയ തന്റെ വേണ്ടപ്പെട്ടവര്‍ ബന്ധങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വില നല്‍കുന്നില്ലെന്ന് അവള്‍ക്ക് തോന്നുന്നു.

അവളുടെ അമ്മാവനായ ചാള്‍സിനെ വീട്ടിലേക്കു വരുത്തിയാല്‍ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് അവള്‍ കരുതുന്നു. ചാള്‍സിനു ടെലിഗ്രാം ചെയ്യാന്‍ പോയപ്പോളാണ് അവരെ സന്ദര്‍ശിക്കാനായി ചാള്‍സ് വരുന്നുണ്ടെന്ന വാര്‍ത്ത ഷാര്‍ലറ്റ് അറിയുന്നത്. ചാള്‍സ് വരുന്നതില്‍ ഏറ്റവുമധികം സന്തോഷിച്ചത് ഷാര്‍ലറ്റ് ആയിരുന്നു. ലോകത്തെക്കുറിച്ചു തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള അവളുടെ അമ്മാവനെ അവള്‍ക്ക് ഇഷ്ടവും ബഹുമാനവുമായിരുന്നു. എന്നാല്‍ അല്‍പ്പ ദിവസങ്ങള്‍ക്കുള്ളില്‍ ചാള്‍സ് അവര്‍ കരുതുന്നത് പോലത്തെ ആളല്ല എന്ന് മനസ്സിലാക്കുന്നു. 

സര്‍ക്കാരില്‍ നിന്നും വീടുകള്‍ തിരഞ്ഞെടുത്തു നടത്തുന്ന സര്‍വേ അവളുടെ കാഴ്ചപ്പാടുകളെ മാറ്റുന്നു. ആരാണ് ചാള്‍സ്? ഷാര്‍ലറ്റ് തന്റെ അനുമാനങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്മാവനോടുള്ള സ്‌നേഹവും ഒപ്പം ചാള്‍സിനെക്കുറിച്ചുള്ള സംശയമറിഞ്ഞാല്‍ സഹോദരനെ വളരെയധികം സ്‌നേഹിക്കുന്ന അമ്മ അതെങ്ങനെ സഹിക്കുമെന്നത് അവളുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നമാണ്. ചാള്‍സ് ആണോ ഷാര്‍ലറ്റ് ആണോ ശരി? കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

Perfect Murder എന്ന തീം ഹിച്ച്‌കോക്ക് ചിത്രങ്ങളില്‍ പലപ്പോഴുമായി ഉപയോഗപ്പെടുത്താറുണ്ട്. ഒരു കുറ്റ കൃത്യം തെളിയിക്കപ്പെടുന്നതു വരെ അത് കുറ്റകൃത്യമായി നിയമം കണക്കാക്കില്ലെന്ന വ്യവസ്ഥിതി നിലനില്‍ക്കുമ്പോള്‍ ബുദ്ധിമാന്മാരായ കുറ്റവാളികള്‍ foolproof ആയ കൊലപാതക സാധ്യതകള്‍ അന്വേഷിക്കുന്നു. ഈ ചിത്രത്തില്‍ത്തന്നെ അത്തരം കൊലപാതകങ്ങളെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന കഥാപാത്രങ്ങളാണ് ഷാര്‍ലറ്റിന്റെ പിതാവും അയാളുടെ സുഹൃത്തായ ഹെര്‍ബിയും. ചിത്രത്തിന്റെ അവസാനം പോലും അത്തരം ഒരു സാധ്യതയിലാണ് ക്ലൈമാക്‌സ് അവസാനിപ്പിക്കുന്നതും. സ്ഥിരം ഹിച്ച്‌കോക്ക് ചിത്രങ്ങളിലെ പോലെ കുറ്റകൃത്യം എവിടെ നിന്നും ആരംഭിക്കുന്നു എന്നതിന് പകരം അതിനു ശേഷമുള്ള കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.

 ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അവതരിപ്പിച്ച നല്ല ഒരു ത്രില്ലര്‍ ആണ് Shadow of A Doubt. മികച്ച കഥയ്ക്കുള്ള അക്കാദമി പുരസ്‌കാര നാമനിര്‍ദേശം ഈ ചിത്രത്തിലൂടെ Gordon McDonell നു ലഭിച്ചിരുന്നു.