ഒരിക്കല്‍ ജര്‍മനിയെ പിടിച്ചു കുലുക്കിയ കമ്മ്യുണിസ്റ്റ്  പ്രസ്ഥാനമാണ് 'RAF' (Red Army Faction). ചുവപ്പിന്റെ പ്രഭയില്‍ മുതലാളിത്തത്തിന് എതിരെ ആഞ്ഞു വീശിയ ആ സംഘടന ഒരിക്കല്‍ ലോകത്ത് ഭയപ്പെടേണ്ട ഒന്നായിരുന്നു. ഇന്ന് സജീവമായ, ആശയങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാര്‍ഗരേഖയായി പലപ്പോഴും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടാറുണ്ട്. പ്രധാനമായും ഒരു സമൂഹത്തിലെ ജനങ്ങളുടെ പൊതു വികാരങ്ങളെ മുതലെടുത്ത് അതിന്റെ ബാക്കിപത്രമായി നടക്കുന്ന ഇത്തരം ആശയ പ്രകടനങ്ങള്‍ ഭീകരവാദത്തിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ അതിനുണ്ടാകുന്ന സാധാരണ ജനങ്ങളുടെ ഇടയിലുള്ള ഭീതി പലപ്പോഴും ഇത്തരം സംഘടനകളുടെ അവസാനത്തിലാണ് എത്തിച്ചേരുക.

അഭിപ്രായ ഭിന്നത പലപ്പോഴും പല രീതിയിലും പലരും പ്രകടിപ്പിക്കുമ്പോഴും ,സമാധാന പൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങള്‍ ഇത്തരം സംഘടനകളെ എതിര്‍ക്കാറുണ്ട്. ഭരണ സംവിധാനങ്ങളോടുള്ള വെറുപ്പ് അത്തരം അവസ്ഥകളില്‍ ഒരു തരം അനുകമ്പ എന്ന വികാരത്തിലേക്ക് മാറി മറിയുകയും ചെയ്യുന്നു. എന്നാല്‍ തങ്ങളുടെ സിരകളില്‍ ആശയങ്ങള്‍ കുത്തിവെച്ച പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ മനസ്സിലാകാതെ ,തങ്ങളുടെ ജീവിതങ്ങള്‍ക്ക് വില ഇടാതെ ആശയങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ എത്തിക്കുന്നത് പരാജയത്തിന്റെ പാതയിലേക്കാണ് ..അത്തരം ഒരു സംഭവത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ ചിത്രം.

ഇനി സിനിമയിലേക്ക് ..സാധാരണ ഗതിയിലുള്ള ഒരു ചിത്രമെന്ന രീതിയില്‍ അതിശയോക്തി കലര്‍ന്ന സംഭവങ്ങളായിരിക്കും അവതരിപ്പിക്കപ്പെടുന്നത്. ..യഥാര്‍ത്ഥ സംഭവങ്ങളുടെ പുറകെ പോകുന്ന ചിത്രങ്ങള്‍ അവസാനിക്കുന്നത് മറ്റൊരു വിഭാഗത്തിലാണ് ...ഡോക്യുമെന്ററി എന്ന വിഭാഗത്തില്‍പ്പെടുന്ന അവയെ സിനിമ എന്ന് വിളിക്കാനാകില്ല. എന്നാല്‍ അത്തരം ചിന്തകളൊക്കെ മാറ്റി മറിച്ച് മികച്ചതെന്ന വിശേഷണത്തിന് തീര്‍ച്ചയായും അര്‍ഹമായ ഒരു ചിത്രമാണ് 'THE BAADER MEINHOF COMPLEX'..

ജര്‍മനിയിലേക്ക് സന്ദര്‍ശനത്തിനായി വരുന്ന ഇറാനിലെ ഷായോടുള്ള ജനരോഷത്തില്‍ നിന്നും ഈ ചിത്രം തുടങ്ങുന്നു. തന്റെ ഭരണത്തിലുള്ള അപാകതകള്‍ ലോകമെങ്ങും അറിയുന്ന സമയം. പ്രബുദ്ധരായ ,ആശയങ്ങളുടെ ചിറകിലേറി സഞ്ചരിക്കുന്ന ജര്‍മന്‍ ജനത തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു. ആ പ്രതിഷേധത്തില്‍ ബെന്നോ എന്ന യുവാവ് മരിക്കുന്നു. അതിനെ അപലപിച്ചു കൊണ്ട് Meinhof എന്ന ഇടതു പക്ഷ പ്രവര്‍ത്തക തന്റെ കോളങ്ങളില്‍ എഴുതുന്നു. അതിനു വലിയ ജനസമ്മതി ലഭിക്കുന്നു. പ്രതിഷേധത്തിന്റെ കാറ്റ് ആഞ്ഞു വീശി. ഗുഡ്‌റണ്‍,ബാദേര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു തുണിക്കട കത്തിക്കുന്നു. .ജനശ്രദ്ധ ലഭിച്ച അവരുടെ പ്രവൃത്തിയില്‍ നിന്നും Meinhof ന്റെ തൂലികയുടെ ശക്തിയില്‍ നിന്നും ലഭിച്ച ജനസമ്മതിയില്‍ അവരെ വെറുതെ വിടുന്നു അമേരിക്ക വിയറ്റ്‌നാമില്‍ നടത്തിയ ആക്രമണങ്ങള്‍ , ഇസ്രായേലിന്റെ ആക്രമണങ്ങള്‍ എന്നിവയെല്ലാം ആ സമയത്തെ ജനസമൂഹങ്ങളെ ഭിന്നിപ്പിക്കുന്നു.

ജനങ്ങള്‍ ഭരണകൂടത്തെ ഒരു ശത്രുവിനെയെന്നതു പോലെ കാണുന്നു. തന്നോട്  വിശ്വസ്തതയില്ലാത്ത ഭര്‍ത്താവിനെ വിട്ട് തന്റെ രണ്ടു കുട്ടികളോടും കൂടി Meinhof വീട് വിടുന്നു. ഗുഡ്‌റണ്‍,ബാദേര്‍ എന്നിവരോടൊപ്പം Meinhof തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു.

എന്നാല്‍ ഒരു ദിവസം പോലീസിന്റെ പിടിയിലായ ബാദേറിനെ സഹായിക്കാനായി  Meinhof തന്റെ പത്ര പ്രവര്‍ത്തനത്തിലുള്ള സ്വാധീനമുപയോഗിക്കുന്നു. അനീതിക്കെതിരെ  പോരാടുന്ന ഒരു സംഘടന എന്ന നിലയില്‍ ജനങ്ങളുടെയിടയില്‍ ലഭിച്ച പ്രശസ്തി അവരെ കൊണ്ടെത്തിച്ചത് അക്രമങ്ങളുടെ വഴിയിലേക്കാണ്. ധാരാളം യുവാക്കള്‍ ചോരത്തിളപ്പില്‍ സംഘടനയുടെ ഭാഗമായെങ്കിലും ജനങ്ങള്‍ അവരെ വെറുത്തു തുടങ്ങിയിരുന്നു. തങ്ങളുടെ ആയുധ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുവാനായി അവര്‍ പാലസ്തീന്‍ തീവ്രവാദികളോടൊപ്പം ചേരുന്നു. എന്നാല്‍ മതപരമായുള്ള ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍കാരുമായി ഒത്തു പോകാന്‍ RAF കാര്‍ക്ക് കഴിയുന്നില്ല. തന്റെ കുട്ടികളുടെ രക്ഷയ്ക്കായി ,പിന്നീടൊരിക്കലും കാണാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും Meinhof  അവരുടെ ഒപ്പം നീങ്ങുന്നു.

പിന്നീട് കാണുന്നത് ജര്‍മനിയില്‍ മുഴുവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ആ സംഘടന നടത്തുന്ന ബാങ്ക് കൊള്ളകളാണ്. പെട്ര എന്ന പ്രവര്‍ത്തകന്റെ മരണം അവരെ രോഷാകുലരാക്കുന്നു. അവര്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നു. എന്നാല്‍ അത് അവരെ ജനങ്ങളുടെയിടയില്‍ നിന്നും കൂടുതല്‍ അകല്‍ച്ചയിലേക്ക് നയിക്കുന്നു. ഈ അവസരം മുതലെടുത്ത ഭരണകൂടം RAF പ്രവര്‍ത്തകരെ വേട്ടയാടാന്‍ തുടങ്ങുന്നു. അതിനു ജനങ്ങളുടെ സഹായവും ലഭിക്കുന്നു. പ്രവര്‍ത്തകര്‍ പലരും പോലീസിന്റെ പിടിയിലാകുന്നു. ഗുഡ്‌റണ്‍,ബാദേര്‍ ,Meinhoff  എന്നിവരുള്‍പ്പെടെ പല പ്രമൂഖരും പോലിസിന്റെ പിടിയിലാകുന്നു. എന്നാല്‍ അടുത്ത കാലഘട്ടത്തിന്റെ വിമോചന പോരാളികളായി RAF ല്‍ ആകൃഷ്ടരായ യുവാക്കള്‍ സഞ്ചരിക്കുന്ന പാത അതിലും ഭീകരമായിരുന്നു ..ജയിലിലടയ്ക്കപ്പെട്ട ഗുഡ്‌റണ്‍,ബാദേര്‍ ,Meinhoff  തുടങ്ങിയവരുടെ സജീവ പ്രവര്‍ത്തകരുടെ ബാക്കിയുള്ള ജീവിതവും രണ്ടാം തലമുറയില്‍പ്പെട്ട RAF അനുഭാവികളുടെ ജീവിതവുമാണ് ബാക്കി ചിത്രം.

കഥ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയ സിനിമ എന്ന തോന്നലുണ്ടാകുന്നത് സാധാരണം. എന്നാല്‍ അതിനേക്കാളുപരി പ്രവര്‍ത്തകരുടെ ജീവിതത്തിലേക്കുള്ള എത്തി നോട്ടങ്ങള്‍ , ആവേശത്തിന്റെ പുറത്ത് സംഘടനയില്‍ പ്രവര്‍ത്തിച്ച യുവാക്കളുടെ ജീവിതങ്ങള്‍ എന്നിവയെല്ലാം  ചിത്രത്തില്‍ പൊതുവായി വരണമെന്ന് പലരും പ്രതീക്ഷിച്ച ഒരു രാഷ്ട്രീയ സിനിമ എന്ന നിലയില്‍ നിന്നും മറ്റൊരു തലത്തിലേക്ക് മാറ്റി. അപ്പോള്‍ ഒരു ഡ്രാമയുടെ മുഖം കാണിച്ച ഈ ചിത്രം വ്യാപകമായി പരാമര്‍ശിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിലൂടെ ഒരു ക്രൈം ത്രില്ലറായും അനുഭവപ്പെടുന്നു 

ചരിത്ര സംഭവങ്ങളോട് വളരെയധികം അടുത്ത ഒരു സമീപനം മൂലം ഒരു ചരിത്ര സിനിമ എന്ന നിലയിലും പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ആപല്‍ക്കരമായ രംഗങ്ങള്‍ കാരണം ഒരു ആക്ഷന്‍ ചിത്രം എന്ന പ്രതീതിയും നല്‍കുന്നു. മൊത്തത്തില്‍ രണ്ടര മണിക്കൂര്‍ ഈ ചിത്രം സഞ്ചരിക്കുന്ന വഴികള്‍ ശ്രദ്ധിച്ചാല്‍ മതി ഈ ചിത്രത്തിന്റെ നിലവാരം മനസ്സിലാക്കാന്‍. ഈ ചിത്രത്തിന് മികച്ച ചിത്രങ്ങളുടെയിടയില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞു.

മരണങ്ങളുടെ പിന്നിലുള്ള യഥാര്‍ത്ഥ  സംഭവങ്ങള്‍ പലരും പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാനാണ് ഉപയോഗിച്ചത്. ആത്മഹത്യകള്‍ പലപ്പോഴും പ്രവര്‍ത്തകരെ രക്തസാക്ഷികളാക്കി. ജര്‍മന്‍ ഭാഷയില്‍ ഇറങ്ങിയ സിനിമയുടെ അതേ പേരിലുള്ള പുസ്തകമായിരുന്നു സിനിമയ്ക്ക് പ്രചോദനം. എങ്കിലും ആ സമയത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാവങ്ങള്‍ക്ക് ഒരു മാറ്റവും നല്‍കാതെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചുവപ്പിന്റെ രാഷ്ട്രീയ ആശയങ്ങള്‍ കടഞ്ഞെടുക്കുന്ന ഒരു  വികാരം പലപ്പോഴും പ്രതീക്ഷകള്‍ക്കപ്പുറമായിരിക്കും. ഈ ചിത്രം ഒരിക്കലും ഈ സംഘടനയെ വെള്ള പൂശാന്‍ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പകരം സിനിമ എന്ന മാധ്യമത്തിലൂടെ ഒരു കാലഘട്ടത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നു.