2012 ലെ ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആണ് 'അസൂമ' എന്ന കൊറിയന്‍ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. ഈ ചിത്രം അവതരിപ്പിച്ച രീതി വളരെയധികം വ്യത്യസ്ഥമായിരുന്നു. സാധാരണ രീതിയില്‍ ഒരു പ്രത്യേക ഘടനയില്‍ കഥ അവതരിപ്പിക്കുന്നതിനു പകരം ഓരോ സീനില്‍ നിന്നും അതിന്റെ ഫ്ളാഷ്ബാക്ക്‌ അല്ലെങ്കില്‍ ആ സീനിലേക്ക് എത്തിയത് എങ്ങനെ എന്നാണ് അവതരിപ്പിച്ചിരുന്നത്. ഇത്തരം ഒരു അവതരണ ശൈലിയിലും കഥ ആരെയും കുഴപ്പിക്കാത്ത രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്.

 

സ്വന്തം മകള്‍ക്ക് നിഷേധിക്കപ്പെട്ട നീതി കുറ്റവാളിയായ ആള്‍ക്ക് നല്‍കുമ്പോള്‍ അതിനെതിരെ നീന്തി കരയ്‌ക്കെത്താന്‍ ശ്രമിക്കുന്ന അമ്മയുടെ കഥയാണ് 'അസൂമ' . 

യൂന്‍ എന്ന പത്തുവയസ്സുകാരി പെണ്‍കുട്ടി ഒരു ദിവസം അപ്രത്യക്ഷയാകുന്നു. അവളുടെ അമ്മ ജോലി കഴിഞ്ഞ ശേഷം വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ കണ്ടെത്താന്‍ സാധിക്കുന്നില്ല. ആറു മണിക്കൂറിനു ശേഷം അവര്‍ പോലീസില്‍ പരാതി നല്‍കുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ കുട്ടികള്‍ രാത്രി തന്നെ തിരിച്ച് എത്താറുണ്ടെന്ന് പറഞ്ഞ് അവര്‍ ആ അമ്മയെ യാത്രയാക്കുന്നു. പരാതി എഴുതി വാങ്ങിയപ്പോള്‍ പോലുമുള്ള പോലീസിന്റെ നിസ്സംഗത അവരെ തളര്‍ത്തുന്നു. അല്‍പ്പ സമയത്തിന് ശേഷം വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യൂനിനെ കാണുന്നു. അവള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു.azooma

യൂനിന്റെ അമ്മയായ യംഗ് അവളെ ആസ്പത്രിയിലേക്ക് എടുത്തു കൊണ്ട് ഓടുന്നു. യൂനിനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ യൂനിനെ ആക്രമിച്ച ആളെ കണ്ടെത്താന്‍ യംഗ് തന്നെയും മകളെയും ഉപേക്ഷിച്ചു പോയ ടി വി സെലിബ്രിറ്റിയായ ദന്ത ഡോക്ടറെ സമീപിക്കുന്നു. എന്നാല്‍ തന്റെ പ്രശസ്തിക്ക് ഈ സംഭവം കളങ്കമാകുമെന്ന് കരുതുന്നു. മകളുമായി എവിടെയെങ്കിലും മാറി താമസിക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു. ഈ കാര്യം അവര്‍ യംഗ് പോലീസിനെ അറിയിക്കുന്നു. അവരുടെ നിസ്സംഗത തുടരുന്നു.

'മ' എന്ന പേരുള്ള ഡിറ്റക്ടീവ് അവരോട് ഈ കേസിന്റെ പുറകെ പോയാലുള്ള ഭവിഷ്യത്തുക്കള്‍ യംഗിനോട് അവതരിപ്പിക്കുന്നു. എന്നാല്‍ അവര്‍ നീതി വേണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. എവിടെ നിന്നും സഹായം ലഭിക്കില്ലെന്നറിഞ്ഞതോടെ അവര്‍ കുറ്റവാളിയെ തേടിയിറങ്ങുന്നു. ഒരു കുറ്റവാളിക്ക് ലഭിക്കുന്ന പരിഗണന മകള്‍ക്ക് ലഭിക്കില്ലെന്ന് മനസ്സിലാകുന്നതോടെ അവര്‍ സ്വന്തം വഴി തേടുന്നു. അവര്‍ അതില്‍ എങ്ങനെ വിജയിക്കും?നീതി നിഷേധിക്കപ്പെട്ട അമ്മയും മകളും അതെങ്ങനെ നേടി എടുക്കും?അതാണ് ഈ ചിത്രത്തിന്റെ ബാക്കി കഥ.

64 ശതമാനത്തോളം ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചവര്‍ കൊറിയയില്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാറുണ്ടെന്ന് പറയുന്ന കണക്കുകള്‍ ഒരു പക്ഷേ കുട്ടികളുടെ ഭാവിയില്‍ ആശങ്കാകുലരായ മാതാപിതാക്കളെ തളര്‍ത്തുന്നു. എന്നാല്‍ മരണശിക്ഷ കിട്ടേണ്ട രാക്ഷസന്മാര്‍ പുതിയ ഇരകളെത്തേടി നടക്കുകയും ചെയ്യുന്നു. ഒരു പക്ഷേ മാനസിക പ്രശ്‌നങ്ങളുള്ളവര്‍ കൊറിയയില്‍ ചെയ്ത കുറ്റകൃത്യങ്ങളാകാം അവരുടെ വളരെയധികം ക്രൂരമായ പ്രവൃത്തികളും അതിന്റെ ചുവടുപറ്റിയുള്ള അന്വേഷണങ്ങളും നടത്തുന്ന സിനിമകള്‍ക്ക് പ്രചോദനം. 

നമ്മുടെ നാടും ഇത്തരം ഒരു അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പലപ്പോഴും തോന്നിപ്പോകും. നീതി നിഷേധം അനുഭവിക്കുന്നത് എല്ലായ്‌പ്പോഴും നിസ്സഹായനായ സാധാരണക്കാരന്‍ ആണല്ലോ? നമ്മുടെ  ഉള്ളില്‍ നീതി ലഭിക്കാത്ത ആളുകളോട് ഒരു അനുകമ്പ  എന്നും ഉണ്ടായിരുന്നിരിക്കാം. പ്രമേയപരമായി ഈ ചിത്രത്തിനുള്ള വര്‍ത്തമാനകാല പ്രാധാന്യം Mob Justice/പ്രതികാരം എന്നിവയൊക്കെ പരിഷ്‌കൃത ലോകത്ത് ഗൗരവമേറിയ കുറ്റമാണ്. സിനിമയിലെങ്കിലും ഇത്തരം ചില പ്രവൃത്തികള്‍ ന്യായീകരിക്കപ്പെടും. അതിന്റെ തെറ്റും ശരിയും പ്രേക്ഷകന്റെ മനസ്സില്‍ തീരുമാനം കൊണ്ടിരിക്കും..