കുറ്റകൃത്യങ്ങള്‍ പ്രമേയമായി മലയാളത്തിലും അന്യഭാഷയിലും നിരവധി ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയും സാങ്കല്‍പ്പിക സംഭവങ്ങളില്‍ നിന്നുമൊക്കെ ഇത്തരം ചലച്ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചലച്ചിത്രങ്ങളില്‍ കാണുന്നത് യഥാര്‍ഥത്തില്‍ അവ നിര്‍മിക്കപ്പെടുന്ന സമൂഹങ്ങളുടെ പ്രതിഫലനമാണ്. കുറ്റകൃത്യങ്ങള്‍ കൂടുതലായി രേഖപ്പെടുത്തപ്പെടുമ്പോള്‍, ചലച്ചിത്ര ലോകത്ത് കുറ്റാന്വേഷണ രംഗവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ​ പംക്തിയിലൂടെ

'I remember as I gazed down at the still form of my first victim, experiencing a strange, peaceful thrill.'

തന്റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ ,അതിന് അവാച്യമായ അനുഭൂതി നല്‍കാന്‍ ജോണ്‍ ക്രിസ്റ്റി എന്ന കുപ്രസിദ്ധ പരമ്പരക്കൊലപാതകി  തിരഞ്ഞെടുത്ത വഴി കൊലപാതകമായിരുന്നു. അയാളുടെ കുറ്റസമ്മതത്തിന്റെ ഇടയിലുള്ള വാചകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അയാളുടെ കൊലപാതക പരമ്പര ഭാവിയില്‍ ഇംഗ്ലണ്ടിലെ 'മോശമായ' രീതിയില്‍ പ്രസിദ്ധി നേടിയ ആ സ്ഥലത്തിന്റെ രൂപഘടന പോലും മാറ്റി മറിച്ചു. ഈ കേസിന്റെ അവസാനം മനുഷ്യന്റെ വൈകൃതമായ മനസ്സിന്റെ ചെയ്തികളോടൊപ്പം നീതിപീഠം പോലും തങ്ങള്‍ക്കു സംഭവിച്ച തെറ്റിനെക്കുറിച്ച് പശ്ചാത്തപിക്കുകയുണ്ടായി. 10 Rillington Place ല്‍ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞാല്‍ മാത്രമേ സംഭവം നടന്നു വര്‍ഷങ്ങള്‍ക്കു ശേഷവും സംസാരവിഷയമായ ഈ കേസിന്റെ പ്രാധാന്യം മനസ്സിലാകൂ.

എട്ടോളം സ്ത്രീകളെ കൊലപ്പെടുത്തിയ ജോണ്‍ ക്രിസ്റ്റി എന്നയാളുടെ വിലാസമായിരുന്നു 10 Rillington Place. ഒന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗമാകുകയും യുദ്ധത്തില്‍ പരിക്കേറ്റ ശേഷം സൈനിക സേവനം അവസാനിപ്പിച്ച് കുടുംബ ജീവിതത്തിലേക്ക് മാറുകയും ചെയ്ത ജോണ്‍, രണ്ടാം ലോക മഹായുദ്ധത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. ഒരു പക്ഷെ അയാളുടെ ഈ പശ്ചാത്തലം തന്നെ ആയിരിക്കണം ആളുകള്‍ അയാളെയും അയാളുടെ പ്രായത്തേയും ബഹുമാനിക്കാന്‍ കാരണം. ഓഫീസിലെ ജോലിയുമായി തന്റെ ഭാര്യയായ എതെലിനോടൊപ്പം കഴിഞ്ഞിരുന്ന അയാള്‍, ഉള്ളിന്റെ ഉള്ളില്‍ തികഞ്ഞ ഒരു കുറ്റവാളിയായിരുന്നു. സൈനിക സേവനത്തിന്റെ ഇടയില്‍ പലപ്പോഴായും പിന്നീടും നാലോളം പ്രാവശ്യം കുറ്റകൃത്യങ്ങള്‍ നടത്തിയ അയാള്‍ അതെല്ലാം മറ്റുള്ളവരില്‍ നിന്നും സമര്‍ത്ഥമായി മറച്ചു വച്ചു. തന്റെ ജീവിത ശൈലിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഇരകളോട് അവരുടെ അസുഖങ്ങള്‍ പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റിത്തരാമെന്ന് പറഞ്ഞ് അവരെ വിഷ വാതകം ശ്വസിപ്പിച്ചതിനു ശേഷം ലൈംഗികമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയിരുന്നത്.

മൃതദേഹങ്ങള്‍ ആ കെട്ടിടത്തിന്റെ ചുറ്റുപാടുകളില്‍ തന്നെയാണ് അയാള്‍ ഒളിപ്പിച്ചിരുന്നത്. ഫാക്റ്ററി ജീവനക്കാരി ആയ റൂത്ത്, അയാളുടെ സഹപ്രവര്‍ത്തകയായ മുറ്യല്‍ എന്നീ സ്ത്രീകളെ കൊലപ്പെടുത്തിയതിനു ശേഷം നടന്ന സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരം. ഇവാന്‍സ്- ബെറില്‍ ദമ്പതികള്‍ അവരുടെ മകളായ ജെരാള്‍ടിനുമായി ജോണ്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ താമസിക്കാന്‍ വരുന്നു. ഇവാന്‍സ് വിദ്യാഭ്യാസം കുറഞ്ഞ ആളായിരുന്നുവെങ്കിലും തന്റെ ജോലിയെക്കുറിച്ചൊക്കെ വിടുവായത്തം പറയുകയും അത് വഴി തന്റെ കുറവുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളായിരുന്നു.

 ഭാര്യയുമായുള്ള അയാളുടെ വഴക്കുകള്‍ സമീപവാസികള്‍ക്ക് അറിയാവുന്നതുമായിരുന്നു. സുന്ദരിയായ ബെറില്‍ ജോണ്‍ ക്രിസ്റ്റിയുടെ അടുത്ത ഇര ആകുന്നു. രണ്ടാമതൊരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള വരുമാനമില്ലാതിരുന്നതുകൊണ്ട്  ബെറില്‍ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിക്കുന്നു. അവര്‍ അതിനായി അധികം ചെലവില്ലാതെ അത് ചെയ്യുന്ന ഒരു ഡോക്ടറെ തിരയുന്നു. അപ്പോഴാണ് തന്റെ സൈനിക സേവന കാലത്ത്  വൈദ്യ ശാസ്ത്ര രംഗത്ത് അഗാധമായ ജ്ഞാനം തനിക്കു ലഭിച്ചെന്ന് ബോധ്യപ്പെടുത്തി ജോണ്‍, ബെറിലിനെ തന്റെ വരുതിയിലാക്കുന്നത്. ഇവാന്‍സിന്റെ സമ്മതത്തോടെ നടന്ന 'ഗര്‍ഭച്ഛിദ്രം',  ബെറിലിന്റെ മരണത്തിലേക്കുള്ള കയ്യൊപ്പ് ആണെന്ന് അയാള്‍ അറിഞ്ഞില്ലെന്നു മാത്രം.

crime flick

ഗര്‍ഭച്ഛിദ്രം നടന്നതിന്റെ ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ ബെറില്‍ മരിച്ചു എന്ന് ജോണ്‍ , ഇവാന്‌സിനെ വിശ്വസിപ്പിക്കുന്നു. പോലീസിന്റെ അടുത്ത് പോകാന്‍ തീരുമാനിച്ച ഇവാന്‍സിനെ ജോണ്‍ ക്രിസ്റ്റി പല രീതിയിലും പിന്തിരിപ്പിക്കുന്നു. അന്ന് രാത്രി കൈക്കുഞ്ഞായ മകളെയുമേല്‍പ്പിച്ചു നാട് വിട്ട ഇവാന്‍സ് അയാളുടെ ബന്ധുവിന്റെ വീട്ടിലെത്തിയ സമയം ജോണ്‍ ക്രിസ്റ്റി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു.

പിന്നീട് സാഹചര്യങ്ങള്‍ മൂലം പശ്ചാത്താപ വിവശനായ ഇവാന്‍സ് പോലീസിനോട് സത്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു. അയാള്‍ ആദ്യം മുതല്‍ തന്നെ ജോണ്‍ ക്രിസ്റ്റിയുടെ പേര് പറയുന്നുമില്ല. .കാരണം ജോണ്‍ അയാളുടെ മാനസിക നില അങ്ങനെ ആക്കിയിരുന്നു. ആ സമയത്ത് തന്നെ തന്റെ മകളുടെയും മരണ വാര്‍ത്ത അറിഞ്ഞ അയാള്‍ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു ഇവാന്‍സ്. കോടതിയില്‍ പിന്നീട് 10 Rillington Place ന്റെ പരിസര പ്രദേശങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ ജോണ്‍ ക്രിസ്റ്റി സാക്ഷി ആയി ഇവാന്‍സിന് എതിരെ മൊഴി നല്‍കുകയും ചെയ്തു.

crime flick

പലപ്പോഴായി മൊഴികള്‍ മാറ്റി പറഞ്ഞ ഇവാന്‍സിനു വധ ശിക്ഷ ലഭിക്കാന്‍ അധികം താമസം ഉണ്ടായില്ല. എന്നാല്‍ ഈ സമയം തന്റെ ഭര്‍ത്താവിനെക്കുറിച്ച് പലതും മനസ്സിലാക്കിയ ഭാര്യ എതെലിനേയും അയാള്‍ കൊലപ്പെടുത്തി. ശവശരീരം ചുവരുകളുടെ ഇടയില്‍ ഒളിപ്പിക്കുന്നു. പിന്നീട് അവിടത്തെ ചെറിയ പണികള്‍ക്ക് ആയി വന്ന തൊഴിലാളികള്‍ അവരുടെ ശവശരീരം കണ്ടെത്തുമ്പോള്‍ അനാവരണം ചെയ്യപ്പെട്ടത് ക്രൂരനായ ഒരു കൊലയാളിയെ ആയിരുന്നു. തന്റെ ഭാര്യ വേറെ ഒരു സ്ഥലത്തേക്ക് താമസം മാറ്റിയെന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ച ജോണിന്റെ പൊയ്മുഖം അവിടെ അഴിയുന്നു.

പിടികിട്ടാപ്പുള്ളിയായി മാറിയതിനു ശേഷവും മൂന്നോളം കൊലപാതകങ്ങള്‍ അയാള്‍ നടത്തി. എന്നാല്‍ ഇതിലുമെല്ലാം ഭീകരമായിരുന്നു അയാള്‍ നീതിപീഠത്തെ തെറ്റിദ്ധരിപ്പിച്ച രീതി. തെറ്റിദ്ധരിക്കപ്പെട്ട കോടതി, വധശിക്ഷ നല്‍കിയ ഇവാന്‍സിന്റെ വിധി നിശിതമായി വിമര്‍ശിക്കപ്പെട്ടു. പോലീസിനെയും കോടതിയേയും അതിവിദഗ്ദ്ധമായി തന്റെ ഇരകളെ പോലെ തന്നെ ജോണ്‍ ക്രിസ്റ്റി കബളിപ്പിച്ചിരുന്നു.

ബെറിലിനെ കൊലപ്പെടുത്തിയത് താന്‍ ആണെന്ന് ജോണ്‍ ക്രിസ്റ്റി പിന്നീട് സമ്മതിക്കുകയും ഒപ്പം തന്റെ മറ്റു കൊലപാതകങ്ങളും ഏറ്റു പറയുകയും ചെയ്തിരുന്നു. ജെരാള്‍ടിന്റെ ഒഴികെ. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ ജോണ്‍ ക്രിസ്റ്റി ആണ് അതും ചെയ്തതെന്ന് മനസ്സിലാക്കി.

തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ഇംഗ്ലണ്ടിലെ നീതി വ്യവസ്ഥ ഇവാന്‍സിനോട് 'മരണാന്തര മാപ്പ്' അപേക്ഷിക്കുകയുമുണ്ടായി. ഇതിനോടൊപ്പം വന്ന പല തെറ്റുകളും കാരണം അവസാനം 1965 ല്‍ ഇംഗ്ലണ്ടില്‍ വധശിക്ഷ നിര്‍ത്തലാക്കാന്‍ പോലും ഈ സംഭവങ്ങള്‍ വഴി തെളിച്ചു. ജോണ്‍ ക്രിസ്റ്റിയായി അഭിനയിച്ച സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ, ജോണ്‍ ക്രിസ്റ്റിയുടെ വലിഞ്ഞ ശബ്ദം പോലുള്ള പലതും ഓര്‍മിപ്പിച്ചു എന്നുള്ള അഭിപ്രായങ്ങള്‍ വന്നിരുന്നു.

കേസിന്റെ, പലപ്പോഴായി ശേഖരിച്ച രേഖകള്‍ക്കൊപ്പം സംഭവം നടന്ന 10 Rillington Place ല്‍ തന്നെയാണ് സിനിമയുടെ ഷൂട്ടിംഗ് നടത്തിയതും. ഒരു ക്രൈം ഡ്രാമ എന്നതിലുപരി കണ്മുന്നില്‍ അവതരിപ്പിക്കപ്പെട്ട വെറുക്കപ്പെടേണ്ട വ്യക്തിത്വവും മനസ്സ് നിറയെ വൈകൃതമായ കുറ്റകൃത്യ വാസനയുള്ള ജോണ്‍ ക്രിസ്റ്റിയുടെ ജീവ ചരിത്രവും പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ച ചിത്രം ആയിരുന്നു 10 Rillington Place എന്ന് പറയാം.

ചെറുപ്പത്തില്‍ തനിക്കു നേരിട്ട കളിയാക്കലുകളായിരിക്കാം ജോണ്‍ ക്രിസ്റ്റിയുടെ മനസ്സില്‍ ഇത്തരം ചിന്തകള്‍ നിറച്ചിരുന്നത്. തന്റെ ലക്ഷ്യം പന്ത്രണ്ടോളം കൊലപാതകങ്ങള്‍ ആണെന്ന് പറഞ്ഞ ഒരു കുറ്റവാളി, പരമ്പര കൊലപാതകികളില്‍ ഇന്നും വെറുക്കപ്പെട്ട പേരായിത്തന്നെ അവശേഷിക്കുന്നു. 1953 ജൂലൈ 15 നു അയാള്‍ തൂക്കിലേറ്റപ്പെട്ടു.