'കറുപ്പിന് ഏഴഴക് ആണ്. മോന്‍/മോള്‍ വിഷമിക്കാതെ'. കുട്ടിക്കാലത്ത് നിറത്തിന്റെ പേരില്‍ പരിഹസിക്കപ്പെട്ട ഓരോ മലയാളിയോടും അവരുടെ പ്രിയപ്പെട്ടവര്‍ പറഞ്ഞ ആശ്വാസ വചനമാകും ഇത്. എന്നാല്‍ 'ബാക്കി തൊണ്ണൂറ്റി മൂന്ന്‌ അഴകും വെളുപ്പിനാണ്' എന്നു മറുപടി നല്‍കുന്ന സമൂഹമാണ് അന്നുമിന്നുമുള്ളത്‌.

getout

എക്കാലവും കറുപ്പിന് അതിന്റേതായ വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. നെല്‍സന്‍ മണ്ടേല,മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ തുടങ്ങിയ പലരും തങ്ങളെ പ്രതിനിധാനം ചെയ്യുന്ന ജനതയുടെ ശബ്ദമായി മാറിയത് ചരിത്രം. എന്നാല്‍ 'ആദി ദ്രാവിഡ സംസ്‌ക്കാരം' ചര്‍ച്ചയായ തമിഴ്‌നാട്ടില്‍ കറുപ്പു നിറത്തിന് ആ വാദങ്ങളില്‍ ഒരു സ്ഥാനം നേടാനുമായി. രാഷ്ട്രീയവും സിനിമയും ഇഴചേരുന്ന ആ സമൂഹത്തില്‍ കറുപ്പിന് തനതായ വില നല്‍കുകയും ചെയ്തു.'സൂപ്പര്‍ സ്റ്റാര്‍','കറുപ്പു എം ജി ആര്‍' എന്നു വിശേഷണം സ്വയം ചാര്‍ത്തിയ വിജയകാന്ത് എന്നിവരെല്ലാം ഇതിനോട് കൂട്ടി വായിക്കപ്പെടേണ്ടതാണ്. അതിലേക്കു കൂടുതല്‍ കടക്കുന്നില്ല.

എന്നാല്‍ അതിനുമപ്പുറമുള്ള ലോകത്തില്‍ പ്രത്യേകിച്ചും വിദേശ രാജ്യങ്ങളില്‍ സാമൂഹികമായ അന്തരം ഒരു കാലത്ത് വര്‍ണത്തെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. ചരിത്രം അതിനെല്ലാം പലപ്പോഴായി മറുപടി നല്‍കുകയും ചെയ്തു.

വര്‍ണ വിവേചനം ഇന്ന് പല രാജ്യങ്ങളിലും വലിയ കുറ്റങ്ങളില്‍ ഒന്നാണ്. എന്നാല്‍ തലമുറകളായി പിന്തുടരുന്ന ഒന്നുണ്ട്. സായിപ്പിന്റെ കണ്ണില്‍ എന്നും 'ബ്രൗണ്‍' ആയ ഏഷ്യന്‍ വംശജര്‍, 'ബ്‌ളാക്ക്' ആയ ആഫ്രിക്കന്‍ വംശജര്‍.

വംശീയാധിക്ഷേപ/വിവേചനം അപരിഷ്‌കൃതവും, വിദ്യാഭ്യാസം, ലോക പരിചയം എന്നിവയുടെ അഭാവം മൂലമാണെന്നുമുള്ള ചിന്താഗതി, കാലങ്ങളായി ഉണ്ടായ മാറ്റങ്ങളിലൂടെ ഭൂരിഭാഗം ആളുകളെയും അതില്‍ നിന്നും പിന്തിരിപ്പിച്ചൂ. എന്നാല്‍ സമൂഹം അത്തരം വിവേചനങ്ങളില്‍ നിന്നും മോചിതരായോ? 'Get Out' എന്ന ഇംഗ്ലീഷ് ചിത്രം ചര്‍ച്ച ചെയ്യുന്നത് ഇത്തരം ഒരു പ്രമേയമാണ്.

റോസ് അത്തവണ നഗരത്തില്‍ നിന്നും വീട്ടിലേക്കു പോകുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്. കറുത്ത വര്‍ഗ്ഗക്കാരനായ അവളും കാമുകന്‍ ക്രിസും റോസിന്റെ കുടുംബത്തെ പരിചയപ്പെടാന്‍ യാത്ര തിരിക്കുന്നു. തന്നെ റോസിന്റെ കുടുംബം എങ്ങനെ സ്വീകരിക്കും എന്ന ക്രിസിന്റെ സംശയങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു കൊണ്ടാണ് റോസിന്റെ പിതാവും ന്യൂറോ സര്‍ജനുമായ ഡീന്‍, സൈക്കാട്രിസ്റ്റായ അമ്മ മിസി, സഹോദരന്‍ ജെറമി എന്നിവര്‍ അയാളോട് പെരുമാറിയത്. അവിടെ ജോലിക്കാരായി നില്‍ക്കുന്നവര്‍ രണ്ടുപേരും കറുത്ത വര്‍ഗക്കാരാണെന്ന വസ്തുത ചൂണ്ടിക്കാട്ടി. അവരെല്ലാം വിശ്വസിക്കാവുന്നവര്‍ ആണെന്നായിരുന്നു അവരുടെ നിലപാട്.

ഊഷ്മളമായ വരവേല്‍പ്പിനിടയിലും എന്തൊക്കെയോ ദുരൂഹത ആ വീടിനെ ചുറ്റിപ്പറ്റി ക്രിസിന് തോന്നിയിരുന്നു. എന്നാല്‍ റോസ് അതെല്ലാം അയാളുടെ തോന്നലുകള്‍ ആണെന്നും തന്റെ കുടുംബക്കാര്‍ എല്ലാവരും ഒത്തു ചേരുന്ന ദിവസം ക്രിസിനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തമെന്നും പറയുന്നു. അവസാനം ആ ദിവസം വന്നെത്തി...ക്രിസിന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ ദിവസം!!

അയാളെ കാത്തിരുന്നത് അയാളുടെ മോശം സ്വപ്നങ്ങളില്‍ പോലും കാണാത്ത സംഭവങ്ങളായിരുന്നു. ഊഹിക്കാവുന്നതിനുമപ്പുറം ദുരൂഹത നിറഞ്ഞ സംഭവങ്ങള്‍. പ്രമേയപരമായ ഭീകരത ചിത്രത്തിന്റെ പ്രത്യേകതയാണ്. മനുഷ്യരാശിയുടെ നാള്‍വഴികളിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളില്‍ ഒന്നാണ് അവിടെ അരങ്ങേറിയത്. 

മാനസികമായി ഒരാളെ തളര്‍ത്തി അയാളെ അപര്‍ഷകതാ ബോധത്തിന് അടിമയാക്കുന്നതിലും തീവ്രത ഉള്ള കുറ്റകൃത്യം. 'Mississippi Burning' പോലെയുള്ള ചിത്രങ്ങള്‍ യഥാര്‍ത്ഥ സംഭവ വികാസങ്ങളെ അവതരിപ്പിച്ചപ്പോള്‍ ഫിക്ഷന്റെ  സഹായത്തോടെ ഭീകരമായ ഒരു പ്രമേയമാണ് ചിത്രം പിന്നീട് അവതരിപ്പിക്കുന്നത്. ഒരു പക്ഷേ വിവരണത്തെക്കാളധികം പ്രേക്ഷകന്റെ കാഴ്ച പതിയേണ്ട ഭാഗങ്ങള്‍ ആണെന്നതിനാല്‍ ബാക്കി സിനിമ കാണുക. ഈ ചിത്രം തീര്‍ച്ചയായും ഭയപ്പെടുത്തും. രക്തം വാര്‍ന്നൊലിക്കുന്ന രംഗങ്ങള്‍, അപ്രതീക്ഷിതമായ ചലനങ്ങള്‍ തുടങ്ങിയ സ്ഥിരം ഗിമിക്കുകളില്‍ കൂടി അല്ലാതെ പ്രമേയപരമായ ഭീകരതയിലൂടെ.

ചെറിയ ബഡ്ജറ്റില്‍ അവതരിപ്പിക്കുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകനിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രം പ്രമേയം കൊണ്ടുതന്നെ സംസാര വിഷയമായി മാറി. ഒരു പക്ഷെ മനുഷ്യ മനസ്സില്‍ തലമുറകളായി പകര്‍ന്നു നല്‍കുകയും എന്നാല്‍ ഉള്ളിന്റെയുള്ളില്‍ പുറത്തുവരാന്‍ വെമ്പുകയും ചെയ്യുന്ന ഭീകരസ്വത്വം, മനുഷ്യരാശിയുടെ എല്ലാ പുരോഗതിയെയും പരിഹസിച്ചു കൊണ്ടു നില്‍ക്കുന്നുവെന്ന സത്യം അവശേഷിക്കുന്നു, ചിത്രം അവസാനിക്കുമ്പോഴും!!