''I live for the hunt—my life.'ഡേവിഡ് ബെര്‍ക്കോവിസ് എന്ന പരമ്പര കൊലയാളിയുടെ വാക്കുകള്‍ ആണിത്. അതെ,ഇരകളെ കണ്ടെത്താന്‍ വെമ്പുന്ന വേട്ടക്കാര്‍ മനുഷ്യരായി നമ്മുടെ ഇടയിലും ജീവിക്കുന്നു.

കുറ്റവാളികളായ അന്വേഷണോദ്യോഗസ്ഥരുടെ ഏറ്റവും വലിയ രക്ഷാകവചം അവരുടെ ജോലിയിലൂടെ അവര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന ഉന്നത സ്ഥാനമാണ്. കാലിക പ്രസക്തി ഉള്ള പ്രമേയമാണ് ഈ ചിത്രം. ഒരാളുടെ മനസ്സിലുള്ള കുറ്റ കൃത്യങ്ങളോടുള്ള ആഭിമുഖ്യം മാത്രമാണ് അയാളെ ക്രൂരതയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തനാക്കുന്നത്.  അയാളുടെ സമൂഹത്തിലുള്ള സ്ഥാനമാനങ്ങള്‍ ഒന്നുംതന്നെ അതില്‍ വരുന്നില്ലെന്ന വസ്തുതയാണ് ഈ ചലച്ചിത്രം കൈകാര്യം ചെയ്യുന്നത്.

അലന്‍ ലമേര്‍ 1978 മുതല്‍ 1979 വരെ ഉള്ള ഒരു വര്‍ഷക്കാലം ഫ്രഞ്ച് ജനതയെ ഭീതിയിലാഴ്ത്തിയ കൊലയാളി ആയിരുന്നു. ഇതിലെ പ്രധാനപ്പെട്ട വസ്തുത അയാള്‍ ഒരു Gendarme (സൈനിക വിഭാഗത്തിന്റെ കീഴില്‍ ഉള്ള പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍) ആയിരുന്നു എന്നതായിരുന്നു. സ്ത്രീകളെ  മോഷ്ടിച്ച കാറുകളില്‍ കയറ്റിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലാന്‍ ശ്രമിക്കുന്ന കൊലയാളിയെ കണ്ടെത്താന്‍ അന്വേഷണോദ്യോഗസ്ഥരും കഷ്ടപ്പെട്ടു.

പോലീസിനോടൊപ്പം സേനാവിഭാഗത്തിന്റെ കീഴിലുള്ള പോലീസും അന്വേഷണത്തില്‍ പങ്കാളികളാകുന്നു. കൊലയാളിയായ അലന്‍ അന്വേഷണ വിഭാഗത്തിലുള്‍പ്പെടുന്നുവെന്നതു തന്നെ ഒരു പരിധി വരെ അയാളെ കുറ്റവാളി എന്ന് മുദ്ര കുത്തുന്നതില്‍ നിന്നും രക്ഷിച്ചിരുന്നു. തന്റെ കൃത്യങ്ങള്‍ക്കിടയില്‍ അയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തിരുന്ന കുറിപ്പുകളില്‍ നിന്നും കൊലപാതകി ഒരു Gendarme ആണെന്നുള്ള സൂചന ലഭിച്ചിരുന്നു.

എന്നാല്‍ സേനാവിഭാഗത്തിന് ഉണ്ടാകുന്ന നാണക്കേട് കാരണം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആ സംശയങ്ങള്‍ക്ക് ചെവി കൊടുത്തില്ല. അലന്റെ കുറ്റകൃത്യങ്ങള്‍ എല്ലാം ഒരേ തരത്തിലുള്ളവയായിരുന്നു. ഒരു പ്രത്യേക രീതി പിന്തുടര്‍ന്ന അയാള്‍ ഏകയായി യാത്ര ചെയ്യുന്ന സ്ത്രീകളെ അയാളുടെ ഇരകളായി തിരഞ്ഞെടുത്തു. പലയിടത്തായി നടന്ന കൊലപാതകത്തില്‍ സമാനമായ വസ്തുതകളുണ്ടെന്ന് മനസ്സിലാക്കുവാന്‍ സഹായിച്ച തെളിവുകളാണ് മോഷ്ടിച്ച കാറുകള്‍, 9 mm beretta തിരകള്‍ എന്നിവ.

'Next Time I'll Aim For The Heart"

വെടി ഉതിര്‍ക്കുമ്പോള്‍ തന്റെ ഇരയുടെ മുഖത്തിന് നേരെ നോക്കാത്തതു കൊണ്ടുതന്നെ പലപ്പോഴും ഉന്നം തെറ്റി അവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. തന്റെ ശ്രമങ്ങള്‍ പാളിപ്പോകുമ്പോള്‍ ചിത്രത്തില്‍ അലന്റെ കഥാപാത്രമായ ഫ്രാങ്ക് ഒരിക്കല്‍ പറയുന്നുണ്ട് 'അടുത്ത തവണ ഹൃദയത്തിലേക്ക് തന്നെ ഞാന്‍ നിറയൊഴിക്കും'.

കൊലപാതകി തന്നെ കുറ്റാന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന വിരോധാഭാസം കൊണ്ടുതന്നെ മരണത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴികളില്‍ നിന്നും രൂപപ്പെടുത്തിയ രേഖാ ചിത്രങ്ങള്‍ അലനോട് സാദൃശ്യമുണ്ടായിട്ടുപോലും, കുറ്റവാളിയുടെ സ്വഭാവത്തില്‍ ഉള്ള മതിപ്പ് കാരണം ആരും ശ്രദ്ധിച്ചില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

തന്റെ മുഖത്തോട് സാദൃശ്യമുള്ള രേഖാ ചിത്രവുമായി അന്വേഷണത്തിന്റെ ഭാഗമായി ഓരോ വീട്ടിലും കയറി 'ഇയാളെ അറിയാമോ?' എന്ന് അന്വേഷണോദ്യോഗസ്ഥന്‍ ചോദിക്കുന്നുണ്ട്. ചിലര്‍ക്കെങ്കിലും 'ഇത് താന്‍ തന്നെ അല്ലെ' എന്ന് ചോദിക്കണമെന്ന് തോന്നിയിട്ടുണ്ടാകാം. എന്നാല്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥനോട് അങ്ങനെ ചോദിയ്ക്കാനുള്ള വിമുഖത പലരിലും ഉണ്ടായിരുന്നിരിക്കാം. തന്റെ ജോലി അയാളെ ഒരു പരിധി വരെ രക്ഷിച്ചിരുന്നുവെന്നതും സത്യമാണ്.

അലന്റെ കുറ്റകൃത്യങ്ങള്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് സിനിമ ആക്കിയപ്പോള്‍ അലന്‍ എന്ന പേര് ഫ്രാങ്ക് ആയി മാറി. സെട്രിക് ആന്‍ജേര്‍ സംവിധാനം ചെയ്ത 'Next Time I'll Aim For The Heart', അലന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം കൂടി ആയി മാറുന്നു. താന്‍ എന്താണെന്ന് സ്വയം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട വ്യക്തിത്വമായിരുന്നു അലന്റേത്. പ്രകടമായിരുന്നു ഈ സ്വഭാവ വൈചിത്ര്യം. പ്രത്യേകിച്ചും സ്ത്രീകളോടുള്ള അയാളുടെ സമീപനം.

'Next Time I'll Aim For The Heart"

നല്ല കുടുംബം, ജോലി എന്നിവ ഉണ്ടായിരുന്നിട്ടു കൂടി തന്റെ ലൈംഗികാഭിമുഖ്യം എന്താണ് എന്നറിയാതെ അയാള്‍ കുഴങ്ങിയിരുന്നു. ചിത്രത്തില്‍ പലപ്പോഴും ഒരു സ്വവര്‍ഗാനുരാഗി ആണോ അയാള്‍ എന്ന സംശയം പോലും അയാള്‍ക്ക് ഉണ്ടായിരുന്നതായി അവതരിപ്പിക്കുന്നുണ്ട്. സ്ത്രീകളെ സ്‌നേഹിക്കാന്‍ അയാളുടെ മനസ്സ് പലപ്പോഴും സമ്മതിക്കുന്നില്ലായിരുന്നു. അയാള്‍ക്ക് പ്രണയം തോന്നിയ സോഫിയയുടെ മുടിയിഴകള്‍ ചീപ്പില്‍ കാണുമ്പോള്‍ അയാള്‍ക്ക് അവളോട് തോന്നുന്ന വെറുപ്പ് അയാളുടെ സ്വഭാവ വൈചിത്ര്യത്തിനു നല്ല ഒരു ഉദാഹരണം ആണ്. ആ സംഭവം കാരണം അയാള്‍ സോഫിയയെ അവളോട് പറയാതെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ പോലും പോലീസ് വിഭാഗത്തില്‍ ഉണ്ടായിരുന്നവരിലേക്ക് നീണ്ട സംശയത്തിന്റെ മുനകള്‍ കൃത്യം നടന്ന സമയത്ത് ഫ്രാങ്കിനെ തങ്ങളോടൊപ്പം കാണുന്നില്ലെന്ന വസ്തുതയുമായി കൂട്ടി വായിച്ചപ്പോളാണ് കേസിന് നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുന്നത്.

'Next Time I'll Aim For The Heart"

അറസ്റ്റിലായെങ്കിലും പ്രതിക്ക്  'Schizophrenia' ആണെന്ന കാരണത്താല്‍ കോടതി അയാളെ കുറ്റവിമുക്തനാക്കി ജീവിതകാലം മുഴുവന്‍ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയാന്‍ വിധിക്കുകയുണ്ടായി. 'വാസിലെ കൊലപാതകി ' എന്ന് അറിയപ്പെട്ടിരുന്ന അലന്റെ കഥ പ്രമേയമാക്കി സിനിമകള്‍ പിന്നീട് വന്നിട്ടുണ്ട്. കേസന്വേഷണം നടത്തുന്ന കുറ്റവാളി എന്ന കഥാപാത്രമായ അലനെ കേന്ദ്രീകരിച്ചായിരുന്നു അക്കാലത്ത് ചിത്രങ്ങള്‍ ഇറങ്ങിയത്.

 ഇവിടെ അലന് തന്റെ മാനസിക പ്രശ്‌നങ്ങള്‍ വച്ച് പൊതു സമൂഹത്തിന്റെ മുന്നില്‍ ന്യായീകരണം പറയാമായിരുന്നെങ്കില്‍പ്പോലും മറ്റുള്ളവരുടെ അവസ്ഥയും അങ്ങനെതന്നെ ആണോ എന്നുള്ളതും പരിശോധിക്കേണ്ടതാണ്. കാരണം പൊതുജനം തങ്ങളുടെ രക്ഷകരായി കണക്കാക്കുന്നത് ഇവരെയാണ്. ഒരു മിസ്റ്ററി/ത്രില്ലര്‍ ആയി മാറ്റാവുന്ന പ്രമേയം അതിനു ശ്രമിക്കാതെ 'നായക' കഥാപാത്രത്തിന്റെ മാനസിക വൈകല്യങ്ങളിലേക്കാണ് ശ്രദ്ധ തിരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കണ്ടുശീലിച്ച അവതരണ രീതിയില്‍ നിന്നുമുള്ള ഒരു മാറ്റം സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടായിരുന്നിരിക്കാം .ഗൗരവമേറിയ ഒരു സിനിമ കാഴ്ച തന്നെ ആണ് 'Next Time I'll Aim For The Heart'