'നിങ്ങള്‍ ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞു കൊടുക്കരുത്'. ക്ലൈമാക്‌സിലെ ഒരു പത്തു മിനിട്ട് കൊണ്ട് ഒരു ചിത്രത്തിന് എത്ര മാത്രം ട്വിസ്റ്റുകള്‍ നല്‍കാം എന്ന് മികച്ച രീതിയില്‍  അവതരിപ്പിക്കുന്നു ബില്ലി വില്ദര്‍ സംവിധാനം ചെയ്ത, 'അപസര്‍പ്പക കഥകളുടെ രാജ്ഞി' ആയിരുന്ന 'അഗത ക്രിസ്റ്റിയുടെ' കഥയുടെ ദൃശ്യാവിഷ്‌ക്കാരത്തില്‍.

കാലത്തെ അതിജീവിച്ച സൃഷ്ടികള്‍ എന്നൊക്കെ പറയാറില്ലേ? അത്തരത്തില്‍ ഒരു മാസ്റ്റര്‍പീസ് ആണ് 'Witness for the Prosecution'. 1957 ല്‍ റിലീസ് ആയ ചിത്രം പിന്നീട് അതിന്റെ പല വകഭേദങ്ങള്‍ ആയി ടി വി യിലും സിനിമയിലും ഒക്കെ വന്നിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച രീതിയില്‍ തന്നെ 'ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍' ദുരൂഹമായ ഒരു കൊലപാതകത്തിന്റെ നിഗൂഢതകള്‍ അതി ഗംഭീരമായി അനാവരണം ചെയ്തിരിക്കുന്നു.

പ്രധാന കഥാപാത്രമായ സര്‍ വിൽഫ്രിഡ് എന്ന ബാരിസ്റ്റര്‍ ആയി അഭിനയിച്ചിരിക്കുന്നത് 'ചാൾസ് ലാഫ്ട്ടന്‍ ' ആണ്. അതി ഗംഭീരമായ അഭിനയത്തിലൂടെ ഒരു സീനിയര്‍ ബ്രിട്ടീഷ് ബാരിസ്റ്റര്‍ ആയി അദ്ദേഹം സ്‌ക്രീനില്‍ നിറഞ്ഞു നില്‍കുകയാണ്. ഹൃദയാഘാതം നല്‍കിയ വിശ്രമത്തിന് ശേഷം തിരികെ ഓഫീസില്‍ എത്തിയ സര്‍. വില്‍ഫ്രിഡിന് തന്റെ ഇഷ്ട ജോലി ചെയ്യുനതിനു തന്റെ ഹൃദയം നല്‍കിയ പരിമിതികള്‍ ഏറെയാണ്. എന്നാല്‍ തീര്‍ത്തും സാധാരണം എന്ന് തോന്നുന്ന ഒരു കൊലപാതകക്കേസ് അദ്ദേഹത്തിന്റെ മുന്നില്‍ എത്തുന്നു.

'ലിയോനാർഡ് വോളെ' എന്ന വ്യക്തി തന്റെ പരിചയക്കാരിയായ ഒരു വിധവയെ കൊന്നു എന്നതായിരുന്നു കുറ്റം. എന്നാല്‍ മുന്‍കാല സൈനികനായ, കുറ്റകൃത്യങ്ങളില്‍ ഒന്നും പങ്കെടുക്കാത്ത , കാഴ്ചയില്‍ നല്ലവന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ തുടക്കത്തില്‍ തന്നെ സര്‍ വില്‍ഫ്രിഡിന്റെ വിശ്വാസം പിടിച്ചു പറ്റുന്നു. ഒരാള്‍ പറയുന്നത് സത്യമാണോ എന്നറിയാനുള്ള അദ്ദേഹത്തിന്റെ ചെറിയ വിദ്യയിലും വോളെ വിജയി ആകുന്നു. കൊലപാതകം നടന്ന സമയം വോളെ വീട്ടില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവായി അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി പറയും എന്ന് വോളെ  അറിയിക്കുന്നു. എന്നാല്‍ ഭാര്യയുടെ മൊഴി കോടതി മുഖവിലയ്ക്ക് എടുക്കാന്‍ സാധ്യത കുറവാണെന്നും  എന്നാല്‍ക്കൂടിയും അയാളുടെ നിരപരാധിത്വം തെളിയിക്കാം എന്ന് വില്‍ഫ്രിഡ് കണക്കുകൂട്ടുന്നു.

പക്ഷേ, കോടതിയില്‍ വാദം ആരംഭിച്ചു തുടങ്ങി നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തുമ്പോഴാണ് വോളെയുടെ ഭാര്യ എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് അയാള്‍ക്ക് എതിരെ മൊഴി നല്‍കുന്നത്. കേസില്‍ ആരോപിക്കപ്പെട്ട പല കാര്യങ്ങളും കെട്ടിച്ചമച്ചതാണെന്നുള്ള വാദം  അത്തരം ഒരു നീക്കത്തിലൂടെ മാറി മറിയുന്നു . വോളെയുടെ ഭാര്യ ക്രിസ്റ്റീന്‍ എന്തിനായിരുന്നു അത്തരം ഒരു മൊഴി നല്‍കിയത്? അവരുടെ മൊഴി കേസിനെ എങ്ങനെ ബാധിക്കും? ദുരൂഹതകള്‍ നിറഞ്ഞ ഒരു കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി തീര്‍ത്ത ആ മൊഴിയുടെ ചേതോ വികാരം എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബാക്കി ചിത്രം നല്‍കും.

കഥാപരമായി കാലത്തെ അതിജീവിക്കുന്ന ചിത്രം ബ്രിട്ടീഷ് നീതി വ്യവസ്ഥയുടെ പല വശങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. സിനിമയുടെ മര്‍മപ്രധാനമായ ഭൂരിഭാഗം രംഗങ്ങളും കോടതി മുറിക്കുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നതും. തീര്‍ത്തും രസികനായ, അതേസമയം തന്ത്രശാലിയായ ഒരു വക്കീലിന്റെ ചിന്തകള്‍ക്കുമപ്പുറം ചില സംഭവങ്ങള്‍ ഉണ്ടാകാം. കഥയുടെ ഗതിയും ആ വഴിക്കാണ്. അക്കാദമി പുരസ്‌ക്കാരങ്ങളില്‍ ആറു വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ചെങ്കിലും ഒന്നിലും പുരസ്‌ക്കാരം നേടിയിരുന്നില്ല. ആദ്യം പറഞ്ഞത് പോലെ ഇത്തരം ചിത്രങ്ങളില്‍ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും Witness For The Prosecution അവതരിപ്പിക്കുന്നുണ്ട്. ക്രൈം/മിസ്റ്ററി വിഭാഗത്തിലെ ക്ലാസ്സിക്കുകളില്‍ ഒന്നായി തന്നെ ഈ ചിത്രത്തെ കരുതാം. 

Content highlights : Crime flick, Witness For The Prosecution