'Black September' ! 'Citius, Altius, Fortius' എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ശത്രുത മറന്ന്  കായിക മത്സരങ്ങളിലൂടെ ഒന്നിപ്പിക്കുന്ന ഒളിംപിക്‌സ് വേദിയില്‍ ചോരക്കളം തീര്‍ത്ത സംഘടനയുടെ പേരാണ് ഇത്. സംഭവം നടന്നത് പടിഞ്ഞാറന്‍ ജര്‍മനിയില്‍ 1972 ലെ ഒളിമ്പിക്‌സ് വേദിയിലായിരുന്നു. ഇസ്രയേലി ടീം അംഗങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ കടന്നു കയറിയ തീവ്രവാദികള്‍ പതിനൊന്ന് ഇസ്രയേലി കായിക താരങ്ങളെ വധിക്കുകയാണുണ്ടായത്. കായിക ലോകത്തിനു നേരിട്ട തിരിച്ചടി എന്ന് വിശേഷിപ്പിക്കാം ആ സംഭവത്തെ. പ്രത്യേകിച്ചും ഒരുമയും വിദ്വേഷമില്ലായ്മയും ലോകത്തിനു വിഭാവനം ചെയ്യുന്ന ഒളിമ്പിക്‌സ് വേദിയിലുണ്ടായ സംഭവം ലോകജനതയെ മുഴുവന്‍ ഞെട്ടിച്ചിരുന്നു.

പലസ്തീന് വേണ്ടി പോരാടുന്ന PLO യുടെ ഒപ്പം ചേര്‍ത്ത് വായിക്കുന്ന പേരായിരുന്നു Black september. പലസ്തീന്‍ ജനതയോട് അവരുടെ രാജ്യത്തിന് വേണ്ടി പിറവി കൊണ്ട തീവ്രവാദി സംഘടന. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധ വേദിയില്‍ തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ വേണ്ടിയാണ്് അവര്‍ അന്ന് ഒളിമ്പിക്‌സ് വേദി തിരഞ്ഞെടുത്തത്. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിനും അഭിമാന ക്ഷതത്തിനും തിരിച്ചടി നല്‍കാന്‍ ഇസ്രയേലി ഭരണകൂടം തീരുമാനിക്കുന്നു. മൊസാദിന്റെ പിന്‍ബലത്തോടെ. മ്യൂണിക് കൂട്ടക്കുരുതിയുടെ സൂത്രധാരനായ പതിനൊന്നു പേരെ വധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനായി അവര്‍ ഒരു പട്ടികയും തയ്യാറാക്കി.

'ആവ്‌നര്‍ കോഫ്മാന്‍' എന്ന മൊസാദ് ഉദ്യോഗസ്ഥനെയാണ് തങ്ങളുടെ നീക്കങ്ങളുടെ നായകനായി അവര്‍ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിയായ 'ഗോള്ഡ മേയറുടെ' സാന്നിദ്ധ്യത്തില്‍ അവര്‍ അതിനായി ഒരുക്കങ്ങള്‍ ചെയ്യുന്നു. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ രഹസ്യ സ്വഭാവമുണ്ടായിരുന്നതുകൊണ്ട് ആവ്‌നറോട് അവര്‍ മോസാദില്‍ നിന്നും രാജി വയ്ക്കാന്‍ ആവശ്യപ്പെടുന്നു. അയാള്‍ക്കൊപ്പം ലോകത്തിന്റെ പല ഭാഗത്തില്‍ നിന്നുമുള്ള നാല് ഇസ്രയേലി ഉദ്യോഗസ്ഥരും സമാന അവസ്ഥയില്‍ ഈ നീക്കങ്ങളില്‍ പങ്കാളിയാകുമെന്നതായിരുന്നു അവരുടെ പ്ലാന്‍.

ഗര്‍ഭിണിയായ ഭാര്യയില്‍ നിന്ന് പോലും തന്റെ ലക്ഷ്യം മറയ്‌ക്കേണ്ടി വരുന്ന ആവ്‌നര്‍ രാജ്യത്തിനു നേരിട്ട തിരിച്ചടിക്ക് നേതൃത്വം നല്‍കാനായി ഇറങ്ങിത്തിരിക്കുന്നു. അവ്‌നറുടെയും കൂട്ടരുടെയും സംഭവ ബഹുലമായ കഥയാണ് മ്യൂണിക് എന്ന ചിത്രം അവതരിപ്പിക്കുന്നത്. ഇസ്രയേലി ജനതയുടെ അഭിമാനം വീണ്ടെടുക്കാന്‍ തുനിഞ്ഞ് തങ്ങളുടെ കുടുംബങ്ങളെ പോലും മറന്നിറങ്ങിയവരാണെങ്കില്‍ക്കൂടി സാധാരണ മനുഷ്യരുടെ വികാരങ്ങളും വിചാരങ്ങളും ഉള്ളവരാണെന്നുള്ള ഒരു കാഴ്ചപ്പാടിലാണ് സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ആയി മാറുമായിരുന്ന ചിത്രത്തില്‍ മാനുഷികമായ മൂല്യങ്ങള്‍ കൂടി ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

തങ്ങളുടെ ആദ്യ ഓപ്പറേഷന്‍ മുതല്‍ അവര്‍ പരമാവധി തങ്ങളുടെ ലക്ഷ്യത്തോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഇടയ്ക്ക് അവരെ ചില ഘട്ടങ്ങള്‍ അലോസരപ്പെടുത്തിയിരുന്നു. തന്റെ പുതുതായി ജനിച്ച മകളെ കാണാനായി രഹസ്യമായി തിരികെ വന്ന ആവ്‌നര്‍ തന്നില്‍ ഉള്ള ഭര്‍ത്താവ്,പിതാവ് എന്നീ ബാധ്യതകളോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. രണ്ടേ മുക്കാല്‍ മണിക്കൂര്‍ ഉള്ള ചിത്രം അവതരണ മികവു കൊണ്ട് തന്നെ പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചൂ.

ഒരു പ്രത്യേക അവസരത്തില്‍ തങ്ങളുടെ ഉള്ളിലെ മനുഷ്യത്വം സ്വന്തം രാജ്യത്തോടുള്ള സ്‌നേഹത്തില്‍ നിന്നും കടമയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ തുടങ്ങുന്നു. പല കഥാപാത്രങ്ങളും  അതിനു ബാധകമായിട്ടുണ്ട്. PLO അംഗമായ അലിയുമായി ആവ്‌നര്‍ നടത്തിയ സംഭാഷണം ശ്രദ്ധേയമാണ് ചിത്രത്തില്‍. തങ്ങള്‍ക്കു അവകാശമുണ്ടെന്ന് രണ്ടു കൂട്ടര്‍ വാദിക്കുന്ന രാജ്യം, അതിനായി അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം അവിടെ കാണാം. 'പപ്പാ' എന്ന് വിളിക്കുന്ന അധോലോക തലവനുമായുള്ള കൂടിക്കാഴ്ചയും സിനിമയുടെ കാഴ്ചയില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാക്കുന്നു. തന്റെ കുടുംബത്തിനാണ് പ്രാധാന്യമെന്ന തോന്നല്‍ ആവ്‌നറില്‍ കൂട്ടുന്നതും അതായിരിക്കണം.

സിനിമയുടെ തുടക്കം ഡാനിയല്‍ ക്രെയിഗ് അവതരിപ്പിച്ച സ്റ്റീവ് എന്ന കഥാപാത്രത്തിന്റെ 'Don't Fuck with the Jews' എന്ന ഒറ്റ ഡയലോഗിലുണ്ട്. അന്നത്തെ ഇസ്രയേലി ജനതയുടെ പകരം വീട്ടലിന്റെ അഗ്‌നി. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് ഈ ചിത്രത്തില്‍ balancing ആയ നിലപാടാണ് പലപ്പോഴും ഉപയോഗിച്ചത്. ഇസ്രയേലി ജനതയുടെ ഒപ്പം നിന്ന് കൊണ്ട് തന്നെ പലസ്തീന്‍ ജനതയെയും അധികം  വേദനിപ്പിക്കാതെയാണ് ചിത്രം ഒരുക്കിയിരുന്നത്. Black September നെയും മോസാദിനെയും മൂല്യങ്ങളുടെ അളവുകോലില്‍ ഒരേ വില നല്‍കിയ സ്പീല്‍ബര്‍ഗിന്റെ നീക്കം ഇസ്രയേലി സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.

Munich

വ്യക്തമായ രാഷ്ട്രീയമുള്ള, പതിവ് സൂപ്പര്‍ എജന്റുകളില്‍ നിന്നും വ്യത്യസ്തമായി മജ്ജയും മാംസവുമുള്ള സാധാരണ മനുഷ്യരായി അവരെ അവതരിപ്പിച്ച മ്യൂണിക് , 2006 ല്‍ അഞ്ച് ഓസ്‌ക്കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. 'ന്യൂയോര്‍ക്ക് ടൈംസ്' ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി 'മ്യൂണിക്'നെ തിരഞ്ഞെടുത്തിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രം 'യുവാല്‍ അല്‍വിവ്' എന്ന , മുന്‍കാല മൊസാദ് ഉദ്യോഗസ്ഥന്‍ എന്ന് അവകാശപ്പെടുന്ന ആളുടെ Vengeance എന്ന പുസ്തകത്തെ ആധാരമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നുകൊണ്ട് ഫിക്ഷനായി അവതരിപ്പിച്ച ചിത്രം ഡോക്യുമെന്ററി നിലവാരത്തിലേക്ക് ഒരിക്കലും പോകുന്നില്ല.

 ഒരു ജനത യുദ്ധത്തിലേക്ക് ഇറങ്ങുമ്പോള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. തങ്ങളുടെ വഴി തങ്ങളുടെ സംസ്‌ക്കാരത്തോട് നീതി പുലര്‍ത്തുന്നുണ്ടോ?വധ ശിക്ഷ പോലും നിര്‍ത്തലാക്കിയ രാജ്യത്തില്‍ നിന്നും ഇത്തരമൊരു നീക്കത്തിന് ഭാഗമാകേണ്ടി വന്നവരും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകും. ലോക ജനത ഒരു പക്ഷെ പരസ്പരം വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രീതികളിലേക്ക് പോകുമ്പോള്‍ സ്വയം ചിന്തിക്കേണ്ട, ചോദിക്കേണ്ട ഈ ചോദ്യമാണ് അത്. 'മ്യൂണിക്' അതിനു അടിവരയിടുന്നു.