കൊറിയന്‍-ചൈനീസ് വംശജരുടെ 'Black Dragon Gang' പണത്തിനായി എന്തും ചെയ്യും. ഒരു ദാക്ഷിണ്യവും ഇല്ലാതെ അവര്‍ മരിക്കുന്നത് വരെ മനുഷ്യ ശരീരത്തില്‍ അവരുടെ ആയുധങ്ങള്‍ കയറ്റി ഇറക്കും. ഒരു മാതിരി ഉന്മാദാവസ്ഥയിലുള്ളവരെപ്പോലെ .നിലവില്‍ അവരവരുടെ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി കൂടിയിരുന്ന ഗുണ്ടാ സംഘങ്ങള്‍ പോലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായി. ജാംഗ് ചെന്‍ (Yoon Kye-Sang) ആണ് അവരുടെ സംഘത്തലവന്‍. ക്രൂരതയുടെ പര്യായം എന്നൊക്കെ പറയാവുന്ന കഥാപാത്രം.

2007 ല്‍ സിയോളില്‍ പോലീസ് ഇത്തരത്തിലുള്ള ഗുണ്ടാ സംഘങ്ങളെ തകര്‍ക്കാനായി നടത്തിയ 'Heuksapa Incident' നെ ആസ്പദമാക്കിയാണ് 'The Outlaws' അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ മാ സുക് ഡോ(Ma Dong-Seok) ആണ് ചിത്രത്തില്‍ പോലീസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മാ ദോംഗ് സിയോക്കിന്റെ മികവുറ്റ, മാസ് എന്നൊക്കെ വിളിക്കാവുന്ന കഥാപാത്രം ആണ് ഈ ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍. കൊറിയന്‍ വേരുകളുള്ള ചൈനീസ് വംശജര്‍ അവരുടെ വാസസ്ഥലമായി സിയോളില്‍ ഒരു 'ചൈന ടൌണ്‍' തന്നെ നിര്‍മിച്ചിരുന്നു.

പോലീസ് നേരത്തെയുള്ള ഗുണ്ടാ സംഘങ്ങളെ തന്ത്രപരമായിത്തന്നെ അധികം ആക്രമണങ്ങളില്‍ ഏര്‍പ്പെടുത്താതെ നിയന്ത്രിച്ചിരുന്ന സമയമാണ്് എല്ലാവരുടെയും ശത്രു ആയി 'Black Dragon Gang' അവിടേക്ക് വരുന്നത്. അവരുടെ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ക്രൂരതകള്‍ തുടങ്ങിയപ്പോള്‍ എല്ലാവരുടെയും ഉദ്ദേശം ഒന്ന് മാത്രമായി. ബാധിക്കപ്പെട്ട എല്ലാവരും പുതിയ ഗ്യാങ്ങിന്റെ അവസാനത്തിനായി പരിശ്രമിക്കുന്നു. പോലീസുകാരുടെ സഹായത്തോടെയും അല്ലാതെയും. തീര്‍ച്ചയായും രക്തം ധാരാളം ഒഴുകും. ആ രക്തചൊരിച്ചിലിന്റെ കഥയാണ് 'The Outlaws'. 

മികച്ച ഒരു ത്രില്ലര്‍ കൂടി ആണ് 'The Outlaws'. പൊതുവേ ക്രൂരതയുടെ പര്യായമായി പലപ്പോഴും ചിത്രീകരിക്കപ്പെട്ട ചൈനീസ്-കൊറിയന്‍ വംശജരുടെ പ്രവൃത്തികളുടെ നേര്‍പ്പതിപ്പ് എന്ന നിലയില്‍ ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു. സ്വതവേ ഗ്യാംഗ്‌സ്റ്റര്‍ ചിത്രങ്ങളില്‍ 'ഗോഡ് ഫാദര്‍' സിനിമയുടെ അനുകരണങ്ങള്‍ കാണപ്പെടുമെങ്കിലും ഇവിടെ അത്തരത്തിലുള്ള അവസരങ്ങള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്്. ഇടയ്ക്കിടെ കടന്നു പോകുന്ന ബ്ലാക്ക് ഹ്യൂമറിലൂടെ പല കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ കണ്ടു മറക്കാവുന്ന ചിത്രങ്ങളില്‍ നിന്നും ഏറെ ദൂരെയാണ് 'The Outlaws'. വയലന്‍സ് രംഗങ്ങള്‍ ചിത്രത്തിന്റെ പ്രമേയത്തോട് തീര്‍ച്ചയായും ഒത്തു ചേര്‍ന്ന് പോകുന്നുണ്ട്.

സ്ഥിരം കൊറിയന്‍ ഗ്യാംഗ്‌സ്റ്റര്‍ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായി കഥാപാത്രങ്ങളുടെ വ്യക്തിപരമായ അധികം വിശദാംശങ്ങള്‍ ഇല്ലാതെ പൂര്‍ണമായും അതിഭാവുകത്വം കലര്‍ത്താത്ത ഒരു സിനിമ. സിനിമ എന്ന മാധ്യമത്തോട് നീതി പുലര്‍ത്തിയ ചിത്രം എല്ലാവര്‍ക്കും കണ്ടിരിക്കാവുന്നതാണ്. 

Content highlights: Crime flick, Crime movies, The Outlaws