'പൊടി എക്ക' എന്ന കുട്ടിയുടെ ജീവിത കഥയാണ് 'ബംബര വല്ലല' എന്ന സിംഹളീസ് ചിത്രം അവതരിപ്പിക്കുന്നത്.ശ്രീലങ്കയിലെ ഒരു നൃത്ത രൂപത്തിന്റെ പേരാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഈ നൃത്തത്തില്‍ നൃത്തം ചെയ്യുന്ന ആള്‍ ഒരു പമ്പരത്തിന് സമാനമായ രീതിയില്‍ കറങ്ങുന്നു. അയാളുടെ ബാലന്‍സില്‍ ആണ് ഈ നൃത്തം നടക്കുന്നത്. അതുപോലെ തന്നെയാണ് 'പൊടി എക്ക'യുടെ ജീവിതവും.

തുടക്കത്തില്‍ താളം പിഴച്ച ജീവിതം...... പിന്നീട് ബാലന്‍സ് നേടിയപ്പോഴേക്കും  ജീവിതം അയാളെ തന്റെ തുടക്കത്തില്‍ തന്നെ എത്തിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒരു വ്യത്യാസവും ഉണ്ടായിരുന്നു.

'പൊടി എക്ക' എന്ന ബാലനില്‍ നിന്നും പ്രായമുള്ള 'പൊടി എക്ക'യിലേക്കുള്ള പ്രയാണമാണ് 'ബംബര വല്ലല' എന്ന് പറയാം. 'പൊടി എക്ക' വിദ്യാഭ്യാസമില്ലാത്തവനാണ്. താമസം ഒരു ശ്രീലങ്കന്‍ ഗ്രാമത്തില്‍. 80 കളിലെ തമിഴ് സിനിമകളിലെ ഗ്രാമങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു ഗ്രാമം.

അച്ഛനില്ലാത്ത അവന്‍ തന്റെ അമ്മയോടും പെങ്ങളോടുമൊപ്പം കഴിയുന്നു. തന്റെ രണ്ടാനച്ഛന്റെ കള്ള വാറ്റില്‍ സഹായിക്കുകയാണ് അവന്റെ ജോലി. അയാള്‍ തന്റെ സുഖത്തിനായി 'പൊടി എക്ക'യുടെ സഹോദരിയെ ഉപയോഗിക്കുന്നു. എന്നാല്‍ തന്റെ സഹോദരിയ്ക്ക് നേരിട്ട ദുരിതം കൗമാര പ്രായത്തില്‍ മനസ്സിലാക്കുന്ന 'പൊടി എക്ക' അയാളുടെ രണ്ടാനച്ഛനെ കൊല്ലുന്നു. പോലീസ് പിടിക്കാന്‍ വരുമ്പോള്‍ നിക്കറിലൂടെ മൂത്രം ഒഴിക്കുന്ന ആ കൗമാര പ്രായക്കാരന്‍ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഗ്രാമത്തില്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ആകെ മാറിയിരുന്നു. ജീവിതം അവനെ കഠിന ഹൃദയനാക്കിയിരുന്നു. മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം അവനില്‍ കാണാതായി.

തന്റെ മക്കള്‍ക്ക് സംഭവിച്ച ദുരിതങ്ങള്‍ മൂലം ഭ്രാന്തിയായ അവന്റെ അമ്മയെ നോക്കിയിരുന്നത് അവന്റെ അമ്മയുടെ സഹോദരിയും കുടുംബവും ആയിരുന്നു. 'പൊടി എക്ക' അവരുടെ കൃഷിയില്‍ സഹായി ആയി കൂടുന്നു. അതിനിടയില്‍ ഗ്രാമത്തിലെ ഉത്സവത്തില്‍ നടന്ന മത്സരത്തില്‍ അവന്‍ വിജയിയാകുന്നു. കൃഷിക്കാരില്‍ ഉയര്‍ന്ന സ്ഥാനം അവനു ലഭിക്കുന്നു. എന്നാല്‍ അവന്റെയുള്ളിലെ മൃഗം പതുക്കെ പുറത്തു വരുന്നു. അവന്റെ പശുക്കിടാവിനെ മോഷ്ടിച്ചയാളെ അവന്‍ ക്രൂരമായി മര്‍ദിക്കുന്നു. കൂടാതെ ഒരു നാള്‍ അവന്റെ അമ്മയുടെ സഹോദരിയുടെ മകളോട് തോന്നിയ കാമാവേശത്തില്‍ അവന്‍ അവളുടെ മുടി മുറിക്കുന്നു. 

മരണത്തെക്കാളും ആ പ്രവൃത്തി അവര്‍ക്ക് നല്‍കിയത് വലിയ അഭിമാനക്ഷതമായിരുന്നു. ഗ്രാമമൊന്നടങ്കം അവനെതിരെ തിരിയുന്നു. അവന്റെ വീടും കത്തിച്ചിട്ട് അവര്‍ അവനെ മൃതപ്രായനാക്കുന്നു. എന്നാല്‍ അത് വഴി വന്ന 'മേല്‍' എന്ന ശവപ്പെട്ടി കച്ചവടക്കാരന്‍ അവനെ രക്ഷിക്കുന്നു. അയാള്‍ അവനെ തന്റെയൊപ്പം കൂട്ടുന്നു.

ആ ഗ്രാമത്തില്‍ നിന്നും അവന്‍ ജീവിതത്തില്‍ ഉയരത്തിലേക്ക് പോകുന്നു; രക്തത്തിന്റെ വഴിയിലൂടെ. മരണത്തെ മുഖാമുഖം കണ്ട അവന്റെ  ജീവിതത്തില്‍ വന്‍ വഴിത്തിരിവുകള്‍ ഉണ്ടാകുന്നു. ഇടം കൈയനായ പൊടി എക്കയെ 'മേല്‍' വലം കൈയനാക്കുന്നു. പ്രതീകാത്മകമായ രംഗം. അവന്റെ ജീവിതവും അയാള്‍ മാറ്റി മറിക്കുന്നു. പൊടി എക്കയുടെ ബാക്കിയുള്ള ജീവിത കഥയാണ് ബംബര വല്ലല.

കരിക്കഷണങ്ങള്‍ കൊണ്ട് ചുവരില്‍ തന്നെയും അമ്മയെയും സഹോദരിയെയും കുരിശടയാളത്തില്‍ രേഖപ്പെടുത്തിയ ബാലനില്‍ നിന്നും മരണത്തിന്റെ കാവല്‍ക്കാരനായി അവന്‍ മാറുമ്പോള്‍ വന്നിരുന്ന വ്യത്യാസം മാനസിക നിലയില്‍ വന്ന ഒരു അപക്വമായ മാറ്റമാകാം. തന്റെ ആവശ്യങ്ങളാണ് തനിക്ക് വലുതെന്ന് ഒരു സ്ത്രീയെ കാണുമ്പോള്‍ മേലിനോട് അവന്‍ പറയുന്നതില്‍ നിന്നും  സാമൂഹിക ജീവിതം അന്യമായ ഒരു മനുഷ്യനെയാണ് വരച്ചു കാണിക്കുന്നത്. 

സംവിധായകനായ 'അതുല ലിയാനാഗെ' തന്നെയാണ് മുഖ്യ കഥാപാത്രമായ 'പൊടി എക്ക'യുടെ മുതിര്‍ന്ന കാലം അവതരിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ സിനിമയില്‍ മുഖ്യമായ ഒരു സ്ഥാനമുള്ള ഈ ചിത്രത്തിന് ഇടയ്ക്ക് ഗ്രാമീണ വയലന്‍സ് സിനിമകള്‍ ഒരുക്കിയ തമിഴ് സിനിമയോടുള്ള സാമ്യം ഏറെയാണ്.

ഒരു ശ്രീലങ്കന്‍ ഗ്രാമത്തിന്റെ തനിമയോടെ അവതരിപ്പിച്ച ഈ സിനിമ, എന്നാല്‍ ശ്രീലങ്കയുടെ സൗന്ദര്യവും രൗദ്രവും നിറഞ്ഞ പുതുമ നല്‍കുന്നുണ്ട്. പിന്നെ കൊലപാതകങ്ങള്‍ എല്ലായിടത്തും ഒരു പോലെയാണല്ലോ? അവസാനം രക്തം തന്നെ ആണ് അതിനെ വര്‍ണമയമാക്കുന്നത്.