2011 ല്‍ പുറത്തിറങ്ങിയ  ബംഗാളി ചിത്രമായ  'ബൈഷേ സ്രാബന്‍' തുടങ്ങുന്നത്‌ കൊല്‍ക്കത്തയിലെ പോലീസിനെ കുഴപ്പിക്കുന്ന നാല് മരണങ്ങളിലൂടെയാണ്. മരിച്ചവരെല്ലാം സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവര്‍. അവര്‍ തമ്മില്‍ സാമ്യങ്ങളൊന്നുമില്ലെങ്കിലും അവരുടെ മരണത്തെ ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട്. ബംഗാളിലെ പ്രശസ്തരായ കവികളുടെ കവിതാ ശകലങ്ങള്‍ ശവശരീരങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതിനുമപ്പുറം ഈ കേസില്‍ പുരോഗമനം ഉണ്ടാകാതെയായപ്പോള്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെ ആണോ എന്നൊരു സംശയം പോലീസ് അധികാര കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകുന്നു. 

കേസ് അന്വേഷിക്കുന്നത് അഭിജിത്ത് എന്ന പോലീസുകാരന്‍ ആണ്. കേസ് അന്വേഷണത്തില്‍ മിടുക്കനായ അഭിജിത്തിന് ഈ കേസില്‍ അധികമൊന്നും മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ല. അയാളുടെ കാമുകിയാണ് ടി വി ജേര്‍ണലിസ്റ്റ് ആയ അമൃത. അവളുടെ  ചാനലിലും ആ സമയത്ത് തന്നെ പരമ്പര കൊലയാളികളെക്കുറിച്ച് ഒരു പരമ്പര ചെയ്യാന്‍ തീരുമാനിക്കുന്നു.

കേസ് എങ്ങുമെത്താതായതു കൊണ്ടും അഞ്ചാമതൊരു കൊലപാതകം നടന്നതുകൊണ്ടും അവസാനം പോലീസില്‍ നിന്നും കൃത്യ നിര്‍വഹണത്തില്‍ ഗുരുതരമായ തെറ്റ് വരുത്തിയത്തിനു പിരിച്ചു വിട്ട പ്രഭിന്‍ എന്ന പഴയ ഐ പി എസ്സുകാരന്റെ സഹായം അവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരു encounter സ്‌പെഷ്യലിസ്റ്റ് ആയ പ്രഭിന്‍ രാജ്യത്ത് നടന്ന സുപ്രധാനമായ പരമ്പരക്കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. അപ്രതീക്ഷമായ ആക്രമണത്തില്‍ ഭാര്യയും മകനും കുറ്റവാളികളാല്‍ കൊല്ലപ്പെട്ട പ്രഭിന്‍, സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടതിനു ശേഷം ഒരു പൂര്‍ണ മദ്യപാനിയായി തീര്‍ന്നു. പൊതുവേ പരുക്കനും കുറ്റവാളികളോട് ദാക്ഷിണ്യമില്ലാത്ത ആളുമായിരുന്നു പ്രഭിന്‍. തന്റെ വ്യവസ്ഥകള്‍ പോലീസ് അധികാരികള്‍ സമ്മതിച്ചപ്പോള്‍ പ്രഭിന്‍ കേസ് അന്വേഷണം ഏറ്റെടുക്കുന്നു. കൂടെ അഭിജിത്തും. 

കൊലപാതകങ്ങള്‍ അന്വേഷിക്കുമ്പോള്‍ ആദ്യം പ്രഭിന്റെ മുഷിപ്പന്‍ സ്വഭാവം കാരണം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ പിന്നീട് അവര്‍ ഒരുമിച്ചു കേസ് അന്വേഷിക്കുന്നു.പ്രഭിന്‍ അഭിജിത്തിന് ഒരു ഗുരുവിനെ പോലെ ആയി തീരുന്നു. അവര്‍ ഒരു ദിവസം അവിചാരിതമായി കൊലപാതകങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാനമായ ഒരു കണ്ണി കണ്ടെത്തുന്നു. 

bengali

ബംഗാളിന്റെ സാമൂഹിക അടിത്തറയുടെ മുകളില്‍ പരാജയപ്പെട്ട ഒരു സമരത്തിന്റെ കഥ.അവര്‍ അവിടെ നിന്നും കൊലയാളിയിലെക്കുള്ള ദൂരം കുറയ്ക്കുന്നു. എന്നാല്‍ മരണങ്ങള്‍ വീണ്ടും സംഭവിക്കാം. അവര്‍ക്ക് അതിനെ തടഞ്ഞേ തീരു. ആരാണ് യഥാര്‍ത്ഥ കൊലപാതകി? കൊലപാതകങ്ങളുടെ കാരണങ്ങള്‍? ഇവയെല്ലാം കണ്ടെത്താന്‍ അമൃതയും സുഹൃത്തും പിന്നെ സംഭവങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷി എന്ന് പറയാവുന്ന ഒരാളെയും ലഭിക്കുന്നു.

ഇന്ത്യന്‍ സിനിമയുടെ സ്ഥിരം അവശ്യവസ്തുവായ പാട്ടുകളും പ്രേമവും എല്ലാം കൂടി കൂട്ടി കലര്‍ത്തിയത് കൊണ്ട് ഒരു നല്ല ത്രില്ലര്‍ മൂഡ് പലയിടത്തും നശിപ്പിക്കാന്‍ കഴിഞ്ഞ ചിത്രം എന്ന് പറയാം. ഇത്തരം വസ്തുതകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഒരു ക്ലാസ് ക്രൈം ത്രില്ലര്‍ ചിത്രം ആയി മാറിയേനെ. 

സിനിമ തുടക്കത്തില്‍ പുലര്‍ത്തിയ മികവ് ഇടയ്‌ക്കെവിടെയോ മോശം വന്നുവെങ്കിലം പിന്നീട് സിനിമയ്ക്ക് നല്ല രീതിയില്‍ ഒരു ത്രില്ലര്‍ മൂഡ് ഉളവാക്കാന്‍ സാധിച്ചു. പ്രത്യേകിച്ചും ക്ലൈമാക്‌സിനുമപ്പുറമുള്ള കഥ..അഭിനേതാക്കളും മികച്ചു നിന്നു. പ്രത്യേകിച്ചും പരംബ്രത ചാറ്റര്‍ജിയും സംവിധായകനായ ഗൌതം ഘോഷിന്റെ അഭിനയവും. 

2011 ലെ ബംഗാളിലെ വലിയ ഹിറ്റ് ആയിരുന്നു ഈ ചിത്രം. ചിലയിടങ്ങളില്‍ ഈ അടുത്തിറങ്ങിയ മലയാളം സിനിമകളെ ഓര്‍മിപ്പിച്ചു ഈ ചിത്രം. ക്രൈം സിനിമകള്‍ കാണുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാവുന്ന നിലവാരം ഉള്ള ഒരു ചിത്രം തന്നെയാണ് ബൈഷേ സ്രാബന്‍.