'സോട്​സി' ഒരു പ്രതീകം ആണ്. ആഫ്രിക്കയിലെ വേദനിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളില്‍ ഒന്നായ ദാരിദ്ര്യത്തിന്റെ പ്രതീകം. ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തില്‍ കഴിയുന്ന ഭൂമിയില്‍ സോട്​സി ഒരു specimen ആണ്. സാഹചര്യങ്ങള്‍ ഒരു മനുഷ്യനെ എത്ര മാത്രം ക്രൂരനാക്കുമെന്നും അതേ സാഹചര്യം തന്നെ മനുഷ്യനിലെ നന്മയെ എങ്ങനെ കണ്ടെത്തുമെന്നും. വികാരങ്ങള്‍ തീരെ ഇല്ലാത്ത കഥാപാത്രമാണ് സോട്​സി. അവന്‍ ആരെയും ഉപദ്രവിക്കും. കൊല്ലും. അവന്റെ കൂടെയുള്ളവരുടെ പോലും കാര്യം മറ്റൊന്നായിരുന്നില്ല. അവന്‍ ഒരു മനുഷ്യന്‍ തന്നെ ആണോ എന്ന് പലരും സംശയിച്ചിരുന്നു.

ജോഹ്നസ്‌ബെര്‍ഗിലെ സൊവേറ്റോയില്‍ ദാരിദ്ര്യം അനുഭവിക്കുന്ന ധാരാളം ജനങ്ങള്‍ ഉണ്ട്. അവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. സംഘര്‍ഷഭരിതമാണ് അവരില്‍ പലരുടെയും ജീവിതം. ദാരിദ്ര്യം അവരെ കൊണ്ട് ലോകത്തെ വേറൊരു രീതിയില്‍ നോക്കിക്കാണാനാണ്  പഠിപ്പിച്ചത്. എന്നാല്‍ 'സോട്​സി'ക്കും ഒരിക്കല്‍ മാറ്റം സംഭവിച്ചു. അവന്‍ ചെയ്ത ക്രൂരകൃത്യം തന്നെയായിരുന്നു അതിന് കാരണമായത്. ഒരു സ്ത്രീയെ ആക്രമിച്ച് അവരുടെ ജീവിതം തന്നെ തകര്‍ക്കുകയും കുഞ്ഞിനെ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ നിന്നാണ് അവന് മാനസിക പരിവര്‍ത്തനമുണ്ടായത്. ഒരു പിഞ്ചു കുഞ്ഞിനെ, പ്രത്യേകിച്ച് ഒരു ആവശ്യവും ഇല്ലാതെ തട്ടിയെടുത്ത സോട്​സിയുടെ മനോനില അപ്പോള്‍ എന്തായിരുന്നെന്ന് പോലും നിശ്ചയമില്ല.

എന്നാല്‍ ആ കുട്ടിയുടെ നിസ്സഹായത, അവന്റെ ജീവിതത്തില്‍ പുതിയ വഴികള്‍ തുറന്നുവെന്നതാണ് സത്യം. പണത്തിനായി അംഗവൈകല്യമുള്ള വൃദ്ധനില്‍ നിന്നുപോലും മോഷ്ടിക്കാന്‍ ശ്രമിക്കുന്ന, സ്വന്തം സുഹൃത്തിനെ മരണത്തിന്റെ വക്കത്ത് എത്തിക്കാന്‍ പോലും മടിയില്ലാത്ത ഒരാളുടെ ജിവിതത്തിലെ നവ പ്രകാശമായിരുന്നു യഥാര്‍ത്ഥത്തില്‍ ആ കുട്ടി. അവന്‍ സംസാരിക്കില്ലായിരുന്നുവെങ്കിലും അവന്റെ കരച്ചിലും ചിരിയും എല്ലാം അവനിലെ മനുഷ്യനെ കണ്ടെത്തുവാന്‍ അവനെ തന്നെ സഹായിച്ചു എന്ന്  കരുതാം.

tsotsi

സിനിമ തുടങ്ങുമ്പോള്‍ ഒരു ആദ്യ സീന്‍ ഉണ്ട്. യാതൊരു പ്രകോപനവുമില്ലാതെ അവന്‍ നടത്തുന്ന കൊലപാതകം പ്രേക്ഷകനില്‍ ഭീതിയുടെ തണുപ്പ് സൃഷ്ടിക്കും.

'അതോള്‍ ഫുഗാര്‍ഡ്' രചിച്ച 'സോട്​സി' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്ന ക്രൂരതകളെക്കുറിച്ച് പറഞ്ഞുതുടങ്ങി. സോട്​സിയുടെ മാറ്റങ്ങളെ അവതരിപ്പിക്കുകയാണ് ചിത്രം. 

ചിത്രം ആദ്യം കാണുമ്പോഴുള്ള വെറുപ്പല്ല അവനോട് തോന്നുന്നത്. അവസാനം സോട്​സിയോടു തോന്നുന്ന അനുകമ്പ അവന്റെ ഭൂതകാലത്തോട് ചേര്‍ത്തുവായിക്കണം. മാതൃത്വം എന്ന വികാരത്തോട് ഉത്തരവാദിത്തം തോന്നിയിരുന്നു അവന്.

2006 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള പുരസ്‌ക്കാരം നേടിയത്  Zulu ഭാഷയിലുള്ള ഈ ചിത്രത്തിനായിരുന്നു. 'സോട്​സി' പിന്നീട് മലയാളത്തിലും തമിഴിലുമെല്ലാം ചില ചിത്രങ്ങള്‍ക്ക് പ്രമേയമായിട്ടുണ്ട്. ഒരിക്കലും ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലാന്‍ കഴിയാത്ത കൊലപാതകിയായിരുന്നു അവന്‍.

Content highlights: Tsotsi, Crime flick, Athol Fugard, Crime movies