സംവിധാനത്തിന്റെ പ്രത്യേകത മൂലം തന്റെ മിക്ക സിനിമയിലും ത്രില്ലര്‍ സ്വഭാവം കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലാണ് ആല്‍ഫ്രെഡ് ഹിച്ച്‌കോക്ക് .പ്രത്യേകിച്ച് ഒരു മുഖവുര ആവശ്യമില്ലാത്ത സംവിധായക പ്രതിഭയാണ് അദ്ദേഹം. സിനിമകളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നവര്‍ക്ക് ഒരു പഠന വിഷയമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലതും. AFI (അമേരിക്കന്‍ ഫിലിം ഇന്‍സ്‌റിറ്റിയൂട്ട്) യുടെ നൂറു വര്‍ഷത്തെ മികച്ച ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റില്‍ ആദ്യ സ്ഥാനം അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'സൈക്കോ' എന്ന ചിത്രമാണ്. 'Strangers on a Train' ആ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടാം സ്ഥാനത്താണ് ഈ ചിത്രം. അദ്ദേഹത്തിന്റെ മൂന്നു സിനിമകള്‍ ആദ്യ പത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ അദ്ദേഹം ചെയ്ത  ത്രില്ലര്‍ സിനിമകളുടെ നിലവാരം മനസ്സിലാകും. ആദ്യ നൂറില്‍ തന്നെ അദ്ദേഹത്തിന്റെ ഒട്ടു മിക്ക സിനിമകളും ഇടം പിടിക്കുകയും ചെയ്തിരുന്നു. 

പൂര്‍ണത ഉള്ള കൊലപാതകങ്ങള്‍ പലപ്പോഴും ത്രില്ലര്‍ സിനിമകള്‍ക്ക് വിഷയമായി മാറിയിട്ടുണ്ട്. ആല്‍ഫ്രെഡ് ഹിച്ച്‌കോക്ക് തന്നെ തന്റെ 'Rope' പോലെ ഉള്ള സിനിമകള്‍ക്ക് ഇത്തരം പ്രമേയങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്. ഓരോ കൊലപാതകത്തിലും ദൈവം അവശേഷിപ്പിക്കുന്ന തെളിവുകള്‍ പോലും ശ്രദ്ധിക്കപ്പെടാത്ത രീതിയിലാക്കുവാന്‍ ഒരു പക്ഷേ ഇത്തരം രീതിയില്‍ ആവിഷ്‌ക്കരിച്ച കൊലപാതകങ്ങള്‍ക്ക് സാധിക്കും. ശരിക്കും ഇത്തരം കൊലപാതകങ്ങള്‍ക്ക് മാനസികമായ ഒരു തലം കൂടിയുണ്ട്. എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി കളിക്കുന്ന ചെസ്സ് മത്സരം പോലെ ആണ് ഇത്തരം കൊലപാതകങ്ങളും.

crime

ആരുടെ മനസ്സിലും ഒരു സംശയവും അവശേഷിപ്പിക്കാതെ, അല്ലെങ്കില്‍ അതിനായുള്ള തെളിവുകള്‍ അന്വേഷണോദ്യോഗസ്ഥരില്‍ നിന്നും മറച്ച് പിടിക്കുമ്പോളാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണത വരുന്നത്. മറ്റുള്ളവര്‍ ഒരു സംഭവത്തെ എങ്ങനെ അവലോകനം ചെയ്യുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ഒരാള്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യുകയെന്നത് വളരെ എളുപ്പമാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഒരാള്‍ എങ്ങനെ അല്ലെങ്കില്‍ എന്ത് ചിന്തിക്കുമെന്ന് കൊലയാളി മനസ്സില്‍ കണക്ക് കൂട്ടുന്നു. അത് ശരിയാകുമ്പോള്‍ പൂര്‍ണതയുള്ള കൊലപാതകം ജനിക്കുന്നു. 'Perfect crime' പ്രമേയമാക്കി വന്ന സിനിമകള്‍ക്ക് ഏറ്റവും മികച്ച റഫറന്‍സ് ആയി ഹിച്ച്‌കോക്കിന്റെ ചിത്രങ്ങള്‍.

ഒരു ട്രെയിന്‍ യാത്രയിലാണ് അവിചാരിതമായി 'ഗയ് ഹെയിന്‍സ്' എന്ന യുവ ടെന്നീസ് കളിക്കാരന്‍ 'ബ്രൂണോ ആന്തണി'യെ പരിചയപ്പെടുന്നത്. സംസാര പ്രിയനായ അയാള്‍ ഗയ് ഹെയിന്‍സിന്റെ ഇഷ്ടക്കുറവിനെ അവഗണിച്ച് അയാളോട് സംസാരിക്കുന്നു. കുറച്ചു നേരത്തിനുള്ളില്‍ തന്നെ ബ്രൂണോ ഹെയിന്‍സുമായി സൗഹൃദത്തിലാകുന്നു. തന്റെ ശല്യക്കാരിയായ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് തന്റെ കാമുകിയായ സെനട്ടറിന്റെ മകളെ വിവാഹം ചെയ്യുവാന്‍ ഹയിന്‍സ് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഹയിന്‍സ് ഭാര്യയെ കാണുവാനുള്ള യാത്രയില്‍ ആയിരുന്നു. ഒരു പക്ഷേ ഗോസ്സിപ്പുകളിലൊക്കെ താല്‍പ്പര്യമുള്ള ബ്രൂണോ ഹയിന്‍സ് അത് പറയുന്നതിന് മുന്‍പുതന്നെ മനസ്സിലാക്കിയിരുന്നു. സംസാരത്തിന്റെ ഇടയില്‍ ബ്രൂണോ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവായ സ്വന്തം പിതാവിനെക്കുറിച്ച് പറയുന്നു. 

മദ്യപിച്ചു കഴിഞ്ഞപ്പോള്‍ ബ്രൂണോ തങ്ങളുടെ രണ്ടു പേരുടെയും ശത്രുക്കളെയും വിദഗ്ദ്ധമായി ഒഴിവാക്കാനുള്ള ഒരു പദ്ധതി ഹയിന്‍സിനോട് പറയുന്നു. ഒരാളുടെ ശത്രുവിനെ മറ്റെയാള്‍ കൊല്ലുന്നു. ഒരിക്കലും പരിചയമില്ലാത്ത ഒരാള്‍ അവരെ കൊല്ലേണ്ട ആവശ്യം വരില്ല എന്നുള്ള ഒരു സാമാന്യ ബുദ്ധിയാണ്് ബ്രൂണോ അവതരിപ്പിക്കുന്നത്. എന്നാല്‍ ഒരു കൊലപാതകം നടത്താന്‍ പദ്ധതി ഇല്ലാതിരുന്ന ഹയിന്‍സ് ആ നിര്‍ദേശം അവഗണിക്കുന്നു. എന്നാല്‍ തന്റെ ഭാര്യയായ മിറിയത്തെ കണ്ടു സംസാരിച്ചപ്പോള്‍ അവര്‍ക്ക് വിവാഹ മോചനത്തിന് താല്‍പ്പര്യമില്ലെന്ന് അറിയിക്കുന്നു. പിന്നീട് ബ്രൂണോ ഹയിന്‍സിനെ വിളിക്കുമ്പോള്‍ ഈ കാര്യം അറിയുന്നു. ബ്രൂണോ തന്റെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുന്നു. ഹയിന്‌സിന്റെ ശത്രുവിനെ ബ്രൂണോയും ബ്രൂണോയുടെ ശത്രുവിനെ ഹയിന്‌സും വധിക്കുക എന്ന പദ്ധതി.

 ആ പദ്ധതിയുടെ പ്ലാനിങ്ങും അത് ബ്രൂണോയെയും ഹെയിന്‌സിനെയും എങ്ങനെ ആണ് ബാധിക്കുകയെന്നറിയാനും ആ പദ്ധതിയുടെ വിജയ-പരാജയങ്ങളെക്കുറിച്ച് അറിയാനും ബാക്കി സിനിമ കാണുക. ക്രൈം ത്രില്ലറുകളില്‍ മികച്ച ഒന്നാണ് ഈ ചിത്രം. ചലച്ചിത്രത്തിന്റെ പിന്നീടുള്ള ഗതിയും ഉദ്വേഗജനകമായിരുന്നു. തീര്‍ച്ചയായും ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത മികച്ച ഒരു ക്രൈം ത്രില്ലര്‍ ആണ് Strangers on a Train.'ഹിച്ച്‌കോക്കിയന്‍ ഇന്ദ്രജാലം' പതിഞ്ഞ മികച്ച ചിത്രങ്ങളില്‍ ഒന്ന്.