അവര്‍ അവളെ 'മരണത്തിന്റെ മാലാഖ' ആയി മുദ്രകുത്തി. പിഞ്ചു കുഞ്ഞുങ്ങളുടെ മരണം അവളുടെ മേല്‍ ചാര്‍ത്തപ്പെട്ടൂ. പ്രായമേറിയവരുടേയും മരണം അവളാണ് നിശ്ചയിച്ചുറപ്പിച്ച് നടത്തിയതെന്ന് അവര്‍ ആരോപിച്ചു. ഒരു സമൂഹം ഒന്നടങ്കം ഒരാളെ ഇത്തരത്തില്‍ വിശേഷിപ്പിക്കണമെങ്കില്‍ അവളുടെ ക്രൂരത എത്രമാത്രം ഭീകരമായിരിക്കും?. ചിലര്‍ അവളെ മന്ത്രവാദിനി എന്നും വിളിച്ചു.

അവളുടെ പേര് 'Lucia de B'.നെതര്‍ലന്‍ഡ്സില്‍ ഒരു നേഴ്‌സ് ആയി ജോലി ചെയ്തു വരുകയായിരുന്നു. കരയുന്ന കുട്ടികള്‍ പോലും അവളുടെ കൈയില്‍ എത്തുമ്പോള്‍ നിശബ്ദരാകുമായിരുന്നു.  വല്ലാത്ത ഒരു മാന്ത്രികത ആയിരുന്നു അവളുടെ സ്പര്‍ശനത്തിന് എന്ന് തോന്നുന്നു. പ്രായമേറിയവരെയും അവള്‍ പരിചരിച്ചു. ഡോക്ടര്‍ ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ പോലും അവള്‍ തന്റെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് രോഗികള്‍ക്ക് വേണ്ടി ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അതായിരുന്നു അവളുടെ കുഴപ്പവും. അവളുടെ ആത്മാര്‍ഥത. അത് പലരും സംശയത്തോടെ  ആണ് കണ്ടത്. 2000-'01 കാലയളവില്‍ ആശുപത്രിയില്‍ ഉണ്ടായ ഒമ്പതോളം മരണങ്ങള്‍ ആണ് അവളുടെ മേല്‍ ആരോപിക്കപ്പെട്ടത്. പല കാരണങ്ങള്‍ കൊണ്ടും അവളുടെ നന്മ അവിടെ ആരും ചര്‍ച്ച ചെയ്തില്ല.

എന്നാല്‍ ലൂസിയ ശരിക്കും ഒരു പാവം സ്ത്രീ ആയിരുന്നു. ചെറുപ്പക്കാലത്ത് നേരിട്ട ദുരിതങ്ങള്‍ എല്ലാം മനസ്സില്‍ ഒതുക്കി കൂട്ടി സാധാരണ ഒരു ജീവിതം ആയിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ അവളുടെ ജോലി സമയത്ത് ഉണ്ടായതെന്ന് പറയുന്ന മരണങ്ങള്‍ അവളെ പ്രതിക്കൂട്ടിലാക്കി. ആ സമയത്താണ് പുതുതായി അഭിഭാഷകവൃത്തിയിലേക്ക് കാലെടുത്തു വച്ച ജൂഡിത്ത്, തനിക്കു ആദ്യം വലിയ കേസ് ആയി ലൂസിയയുടെ മേല്‍ ആരോപിക്കപ്പെട്ട കേസില്‍ ഭാഗമാകുന്നത്. പ്രോസിക്യൂഷന് വേണ്ടി വാദിക്കുന്ന കൂട്ടത്തില്‍ ഉണ്ടായിരുന്ന ജൂഡിത്ത് പല വിവരങ്ങളും കേട്ടറിവിന്റെയും ഒപ്പം പുസ്തകങ്ങളില്‍ നിന്നും ലഭിച്ച അറിവിന്റെ വെളിച്ചത്തിലാണ് ഈ കേസില്‍ പ്രയോഗിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ ജൂഡിത്ത് നടത്തിയ കണ്ടെത്തലുകള്‍ ശരിയുമായിരുന്നു. നിയമപരമായി ഒരു തെറ്റും അവിടെ ഇല്ലായിരുന്നു എന്നതാണ് രസകരം.

ഫലം, ലൂസിയ കുറ്റവാളി ആണെന്ന് കോടതി നിസംശയം വിധിച്ചു. ജനവികാരം പോലും കോടതി വിധിയെ സ്വാധീനിച്ചിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പമാക്കിയാണ്  'Lucia de B' എന്ന ഈ ഡച്ച് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിരപരാധിയെ അപരാധിയാക്കി ചിത്രീകരിക്കുകയാണ് ഈ കേസില്‍ ഉണ്ടായത്. പിന്നീട് ജൂഡിത്ത് തന്നെ തെളിവുകളിലുള്ള വൈരുധ്യം മനസ്സിലാക്കി ലൂസിയയുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇറങ്ങുകയായിരുന്നു. ലൂസിയയുടെ കേസിന്റെ നാള്‍വഴികളിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്.

ഒരു ക്രൈം ചിത്രം എന്നതിലുപരി സമൂഹം ഒരാളെ എത്ര മാത്രം വേഗത്തില്‍ കുറ്റവാളിയായി മുദ്ര കുത്തുമെന്നത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. 'ആള്‍ക്കൂട്ട നീതി' പ്രഖ്യാപിക്കുന്ന പല അവസരങ്ങളിലും നിരപരാധികള്‍ ഇങ്ങനെ പ്രശ്‌നങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട് അകപ്പെടുന്നുണ്ടാകാം. അതിലും ഭീകരമാണ്് നീതി വ്യവസ്ഥയെ പോലും അത്തരം 'ആള്‍ക്കൂട്ടങ്ങള്‍' സ്വാധീനിക്കുന്നത്. Ariane Schluter ലൂസിയ ആയി മികച്ച അഭിനയം കാഴ്ച വെച്ചു. ആത്മവിശ്വാസവും നിസഹായതയുമെല്ലാം അവരുടെ മുഖത്ത് നിന്നും വായിക്കാമായിരുന്നു. 87 ാം അക്കാദമി പുരസ്‌ക്കരങ്ങളില്‍ ഡച്ച് നോമിനേഷന്‍ ആയിരുന്നു പ്രസ്തുത ചിത്രം. അധികം അതിശയോക്തി ഒന്നുമില്ലാതെ 'സമൂഹവും കുറ്റവാളികളും' എന്ന വിഷയത്തില്‍ പഠിക്കാന്‍ ഏറെയുണ്ട് ഈ ചിത്രത്തില്‍.