ര്‍ക്കൊക്കെയാണ് പോസ്റ്റ് മോര്‍ട്ടം പരിശോധന ചെയ്യാനാധികാരമുള്ളത്? ഏതൊക്കെ ആശുപത്രികളില്‍ അത് ചെയ്യാം എന്നതൊക്കെ മുൻപ് വിശദീകരിച്ചിട്ടുള്ളതായിരുന്നു. എന്നാല്‍ അതേ വിഷയത്തില്‍ വീണ്ടും വിവാദങ്ങള്‍ ആരംഭിച്ചിരിക്കുന്നു. നെഹ്‌റു എഞ്ചിനീറിംഗ് കോളേജിലെ ഒരു വിദ്യാര്‍ത്ഥി മരിച്ചതിന്റെ പോസ്റ്റ് മോര്‍ട്ടം പരിശോധന സംബന്ധിച്ചാണ് ഇത്തവണ വിവാദം ഉണ്ടായിരിക്കുന്നത്. 2016 മെയ് മാസത്തില്‍ പെരുമ്പാവൂര്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് സമാനമായ ഒരു വിവാദം ഉണ്ടായിരുന്നു. ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ഥി പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയെന്നായിരുന്നു രണ്ടുതവണയും ആരോപണമുയര്‍ന്നത്. പി. ജി. വിദ്യാഭ്യാസം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്താമോ എന്ന് നമുക്ക് പരിശോധിച്ചുനോക്കാം.

Read More: പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുന്നത് എങ്ങനെ?

എം.ഡി. ഫൊറന്‍സിക്ക് മെഡിസിന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അല്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്താന്‍ അനുവാദമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ആര്‍ക്കും പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്താം എന്നതാണ് നിയമം. ഇത് അടിസ്ഥാനപ്പെടുത്തി കേരളത്തിലെ സൗകര്യങ്ങളുള്ള താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടന്നുവരുന്നുണ്ട്. എം.ബി.ബി.എസ് ബിരുദധാരികളാണ് പൊതു ആരോഗ്യമേഖലയുടെ കീഴിലുള്ള താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കൂടുതല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനകളും നടത്തുന്നത്.

സംശയകരമായ കേസുകള്‍ എം ഡി ഫൊറന്‍സിക്ക് മെഡിസിന്‍ ബിരുദധാരികള്‍ പരിശോധന നടത്തുന്നതാണ് നല്ലത്. നാലര വര്‍ഷത്തെ എം.ബി.ബി.എസ് പഠന കാലയളവില്‍ രണ്ടാം വര്‍ഷം 15 ദിവസങ്ങള്‍ മാത്രമാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം പരിശോധന കാണാനാവുന്നത്. അവരില്‍ വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രം ഹൗസ് സര്‍ജന്‍സി കാലത്ത് ചിലപ്പോള്‍ ഒന്നോ രണ്ടോ പരിശോധനകള്‍ ചെയ്യാനായേക്കും. കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളാണ് പരിശോധനക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. അവിടെ പ്രൊഫസര്‍ മുതല്‍ റെസിഡന്റ് ഡോക്ടര്‍ വരെ നീളുന്ന ഒരു ടീമിന്റെ സാന്നിദ്ധ്യം ഉണ്ട് എന്നതിനാലാണിത്.

എം.ബി.ബി.എസ് ബിരുദത്തിന്ശേഷം ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ബിരുദാനന്തരബിരുദം നേടാനായി പി. ജി. പഠനം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നടത്താന്‍ നിയമപരമായി യാതൊരു തടസവുമില്ല എന്ന് മനസ്സിലാക്കാമല്ലോ. മാത്രമല്ല, മറ്റ് വിഭാഗങ്ങളിലെ പി. ജി. പഠനം പോലെയല്ല മെഡിക്കല്‍ മേഖലയിലെ പി. ജി. പഠനം. അവിടെ ബിരുദാനന്തരബിരുദ പഠനം നടത്തുന്നവര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ കൂടിയാണ്. അതായത്, ഒരേസമയം പി. ജി. പഠനം നടത്തുന്നതിനോടൊപ്പം അവര്‍ മെഡിക്കല്‍ കോളേജുകളിലെ മൂന്ന് വര്‍ഷത്തെ താത്കാലിക ജീവനക്കാര്‍ കൂടിയായി മാറുന്നു. 2009 മുതലാണ് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ റസിഡന്‍സി വ്യവസ്ഥ ഏര്‍പ്പെടുത്തിയത്. 20/2009 എന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവ് പ്രകാരമാണ് ഇത്.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ മാത്രമല്ല, കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രധാന വര്‍ക്ക് ഫോഴ്‌സും ഇവര്‍ തന്നെയാണ്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വിവിധ വിഭാഗങ്ങളിലെ അത്യാഹിത തീവ്ര പരിചരണ വിഭാഗങ്ങളെ നിരന്തരം ചലിപ്പിക്കുന്നത് അതാത് വിഭാഗങ്ങളിലെ ഈ പി. ജി. റസിഡന്റ് ഡോക്ടര്‍മാരാണ്.

ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് തന്നെ തിരികെ വരാം. ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ പി. ജി/റസിഡന്‍സി ചെയ്യുന്നവര്‍ മൂന്ന് വര്‍ഷവും വിവിധ തരം പോസ്റ്റ് മോര്‍ട്ടം പരിശോധനകള്‍ കാണുകയും ചെയ്യുകയും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും റിപ്പോര്‍ട്ട് അയച്ചുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. റസിഡന്‍സി കാലയളവില്‍ തന്നെ പരസഹായമില്ലാതെ കേസുകള്‍ ചെയ്യുവാനും റിപ്പോര്‍ട്ടുകള്‍ അയക്കുവാനുമുള്ള കഴിവ് നേടിയിരിക്കണം. അതിനാല്‍ തന്നെ റസിഡന്റ് ഡോക്ടര്‍ ചെയ്യുന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ കാണുകയും പിഴവുകള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ തിരുത്തിക്കൊടുക്കുകയും ചെയ്യാന്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ പരിശോധനാ സമയത്ത് ഉണ്ടാവുകയും ചെയ്യണം. പ്രൊഫസര്‍, അസ്സോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ലക്ചറര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് മെഡിക്കല്‍ കോളേജുകളില്‍ ഒരു റസിഡന്റ് ഡോക്ടര്‍ പോസ്റ്റ്‌ മോര്‍ട്ടം പരിശോധന നടത്തുന്നതെന്ന് ചുരുക്കം.

അതിനാല്‍ തന്നെ പി. ജി. വിദ്യാര്‍ഥി എന്ന വാക്കുപയോഗിക്കുന്നത് അത്ര ശരിയായ പ്രവണത അല്ലെന്നാണ് ലേഖകന്റെ അഭിപ്രായം. എന്നുകരുതി എല്ലാ കേസുകളും റസിഡന്റ് ഡോക്ടര്‍ ചെയ്യണം എന്നൊന്നും അര്‍ഥമില്ല. വകുപ്പ് മേധാവി അല്ലെങ്കില്‍ ആ ദിവസം ഫോറന്‍സിക് വിഭാഗത്തിന്റെ മേലധികാരി ആരാണോ, ആ ഡോക്ടറാണ് കേസുകള്‍ ആരാണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത്. കേസുകളുടെ പ്രാഥമിക വിവരങ്ങള്‍ ഗ്രഹിച്ചുകൊണ്ടാവണം ഇത് ചെയ്യേണ്ടത്. തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് പ്രകാരം KPF 102 ഫോറത്തില്‍ ലഭിക്കുന്ന അപേക്ഷ പരിശോധിച്ചാണ് പ്രാഥമിക വിവരങ്ങള്‍ മനസിലാക്കുന്നത്. പോലീസോ മജിസ്‌ട്രേട്ടോ ആണ് ഇന്‍ക്വസ്റ്റ് നടത്തേണ്ടത്. 

ജയിലില്‍ വച്ചുണ്ടാകുന്ന മരണങ്ങള്‍, പോലീസ് കസ്റ്റഡിയില്‍ വച്ചുണ്ടാകുന്ന മരണങ്ങള്‍, പോലീസ് വെടിവെപ്പില്‍ സംഭവിക്കുന്ന മരണങ്ങള്‍, മാനസികരോഗമുള്ള വ്യക്തിക്ക് മാനസികാരോഗ്യ ആശുപത്രികളില്‍ വച്ച് സംഭവിക്കുന്ന മരണങ്ങള്‍, കുഴിച്ചിട്ട ശവം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക, വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനകം മരിക്കുന്ന സ്ത്രീകളുടെ അസ്വാഭാവിക മരണങ്ങള്‍ എന്നിവ മജിസ്‌ട്രേട്ട് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയും മറ്റുള്ള മരണങ്ങള്‍ക്ക് പോലീസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയും വേണം പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തണം എന്നാവശ്യപ്പെടാന്‍.

ഒന്നില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ സംഘമായി പരിശോധന നടത്തണം, പോസ്റ്റ് മോര്‍ട്ടം പരിശോധനയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യണം എന്നിങ്ങനെ പ്രത്യേക ആവശ്യങ്ങളുണ്ടെങ്കില്‍ അതും KPF 102 ഫോറത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. അങ്ങിനെയുള്ള ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനനുവാദം നല്‍കാന്‍ മേധാവി അല്ലെങ്കില്‍ അന്നേ ദിവസത്തെ വകുപ്പിലെ മേലധികാരി തയ്യാറാവേണ്ടതാണ്, കാരണം അന്വേഷണ ഉദ്യോഗസ്ഥന് കുറ്റാന്വേഷണത്തിനാവശ്യമായ തെളിവുകള്‍ ശേഖരിച്ചുനല്‍കുക എന്നതും പോസ്റ്റ് മോര്‍ട്ടം പരിശോധനയുടെ ലക്ഷ്യമാണ്.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ആകെ 54 ഡോക്ടര്‍ തസ്തികകള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതില്‍ തന്നെ 19 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. അതായത് 35 % തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിരമിച്ചവര്‍ക്ക് പകരം പോലും നിയമനങ്ങള്‍ നടക്കുന്നില്ല. ഏതാണ്ട് 10500 പോസ്റ്റ് മോര്‍ട്ടം പരിശോധനനകളാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഓരോ വര്‍ഷവും നടക്കുന്നത്. ഇതില്‍ പകുതിയും ചെയ്യുന്നത് റസിഡന്റ് ഡോക്ടര്‍മാര്‍ ആണ്. ഓരോ വര്‍ഷവും 11 ഫൊറന്‍സിക് മെഡിസിന്‍ ഡോക്ടര്‍മാരാണ് കേരളത്തില്‍ നിന്ന് തന്നെ പി. ജി. കഴിഞ്ഞു സ്‌പെഷ്യലിസ്റ്റുകളായി പുറത്തിറങ്ങുന്നതെങ്കിലും അവര്‍ക്കാര്‍ക്കും നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇങ്ങനെയൊരവസരത്തില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പോസ്റ്റ് മോര്‍ട്ടം പരിശോധന ചെയ്യാതെ ജോലികള്‍ മുന്‍പോട്ട് കൊണ്ടുപോകാന്‍ പ്രയാസമാണ്.

പലപ്പോഴും വിവാദങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാവുന്നത്. അല്ലെങ്കില്‍ അവഗണനയുടെ കയത്തിലാണ് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം. ആരാണ് പോസ്റ്റ് മോര്‍ട്ടം പരിശോധന നടത്തിയതെന്ന വിവാദം പെരുമ്പാവൂര്‍ കേസ്, സൗമ്യ കേസ് എന്നിവയിലുണ്ടായിരുന്നു. സ്ഥിരമായി ഒരു വീഡിയോ റെക്കോര്‍ഡിങ് സംവിധാനം ആരംഭിച്ചാല്‍ തീരാവുന്ന വിവാദമാണിത്. ഇതുപോലെ ആധുനികവല്‍ക്കരിക്കേണ്ട പലതും ഫൊറന്‍സിക് വിഭാഗത്തിലുണ്ടെന്നാണ് ലേഖകന്റെ വിശ്വാസം.

ഒരു കാര്യം കൂടി; ഫോറന്‍സിക് വിദഗ്ദ്ധരെ സംബന്ധിച്ചിടത്തോളം കോളിളക്കം സൃഷ്ടിക്കുന്ന കേസുകള്‍ എന്നൊന്നില്ല. വി.ഐ.പികളുടെ മരണം എന്നതും അവര്‍ക്കില്ല. ഉണ്ടാവാന്‍ പാടില്ല. മരണത്തില്‍ നാമെല്ലാം തുല്യരാണ്. ജീവിച്ചിരിക്കുമ്പോള്‍ നാം എന്തായിരുന്നു എന്നതോ നാം എന്ത് നേടിയിട്ടുണ്ട് എന്നതോ നമ്മുടെ ശേഷിപ്പുകള്‍ എന്തൊക്കെ എന്നതോ നമ്മുടെ മൃതശരീരത്തോടൊപ്പം പോസ്റ്റ്‌മോര്‍ട്ടം മേശയില്‍ വന്ന് കിടക്കുകയില്ല. മരിച്ചവര്‍ (അവര്‍ ആരാണെങ്കിലും) അവര്‍ക്കുവേണ്ടി സംസാരിക്കുക എന്നതാണ് ഫൊറന്‍സിക് വിദഗ്ദ്ധരുടെ ചുമതല. അത് സത്യസന്ധമായി ചെയ്യുക എന്നതാണവരുടെ ഉത്തരവാദിത്തം. അതില്‍ നിന്നും ഒളിച്ചോടാനോ ആ സത്യങ്ങള്‍ വളച്ചൊടിക്കാനോ പാടില്ല.

(കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ലക്ചര്‍ ആണ് ലേഖകന്‍)