തിരക്കൊഴിഞ്ഞ് മനസ്സ് കുളിരുന്നതുവരെ മഴ അനുഭവിക്കുക എന്നതൊക്കെ ഒരു ഡോക്ടറെ സംബന്ധിച്ച് ആഡംബരമാവും. ഒരു ചൂട് കാപ്പി മൊത്തിക്കുടിച്ച് മഴയുടെ താളത്തിലുള്ള സംഗീതം കേട്ട് മഴച്ചാറ്റലിന്റെ കുളിരേറ്റു വാങ്ങി ഇരുളുന്ന ആകാശത്തിലേക്ക് നോക്കിയിരിക്കുമ്പോഴാവും ആകാശത്തെ വെടിക്കെട്ട്. മഴയുടെ സംഗീതത്തിന് താളവും നിറവും കൊടുക്കാന്‍, കിഴക്കേ ആകാശത്തില്‍ കൊള്ളിയാന്‍. അത് കഴിഞ്ഞ് വെടിക്കെട്ടും. എന്നാല്‍ ഈ സംഗീത കച്ചേരിയുടെ ആസ്വാദനത്തിനു ഇത്തിരി കുറവ് വരുത്തി കൊണ്ടൊരു കയ്പുള്ള ഓര്‍മ്മ മനസ്സില്‍ വരും.

തുള്ളിക്കൊരു കുടം പെയ്തു മഴ ആസ്വദിച്ചു നിന്നൊരു തുലാവര്‍ഷ രാവില്‍ ഒരു കൂട്ടം സഹജീവികളുടെ വ്യസനവും നിലവിളിയും മനസ്സില്‍ തെളിയും. സുഹൃത് ജോ ജോലിചെയ്യുന്ന വാഗമണ്‍ കുരിശുമല ആശുപത്രിയില്‍ ഒരു സൗഹൃദ സന്ദര്‍ശനം. ഇത് പോലെ ആസ്വദിച്ചിരുന്നൊരു വൈകുന്നേരം ഒരു മീറ്റിംഗ് നടന്ന കെട്ടിടത്തിനാണ് ഇടിമിന്നലേറ്റത്. വരുന്ന രോഗികളെ പ്രഥമ പരിശോധന നടത്തുകയും ഇസിജി എടുക്കുകയും ചെയ്തതിന് ശേഷം ഒരു ഐ. വി. ലൈന്‍ ആരംഭിച്ചതിന് ശേഷം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞുവിടുകയായിരുന്നു ചെയ്തത്.

മനോഹരമായ മലമ്പ്രദേശവും വിനോദ സഞ്ചാര കേന്ദ്രവുമൊക്കെയാണെങ്കിലും ആശുപത്രി സൗകര്യങ്ങള്‍ വളരെ കുറവായിരുന്ന സ്ഥലം ഇന്നും അങ്ങിനെ തന്നെ. ജൊയോടൊപ്പം അന്ന് ഞാനും ആ ആശുപത്രിയിലുണ്ടായിരുന്നൂ. വളരെ വേദനാജനകമായ അന്തരീക്ഷമായിരുന്നൂ. 

മേഘങ്ങളില്‍ നിന്നും പുറപ്പെടുന്ന വൈദ്യുതി ധാരയാണ് മിന്നല്‍. മേഘങ്ങള്‍ തമ്മിലോ ഭൂമിയിലേക്കോ വൈദ്യുതി പ്രവഹിക്കാം. ഏറ്റവും പ്രതിരോധം കുറഞ്ഞ വഴിയിലൂടെയാവും ഈ പ്രവാഹം. വളരെ തീവ്രത കൂടിയ വൈദ്യുത പ്രവാഹമാണിത്, ദശലക്ഷക്കണക്ക് വോള്‍ട്ടും പതിനായിരക്കണക്ക് ആംപിയര്‍ ശക്തിയുണ്ടിതിന്.

ഈ ശക്തമായ വൈദ്യുതി പ്രവാഹത്തോടൊപ്പം വെളിച്ചവും ശബ്ദവും ഉണ്ടാവും, വായുവിന്റെ പ്രതിരോധം മൂലമാണിത്. വെളിച്ചത്തെ മിന്നലെന്നും ശബ്ദത്തെ ഇടി എന്നും നമ്മള്‍ വിളിക്കുന്നു.

ഇടിമിന്നലേറ്റാല്‍ മൂന്ന് തരത്തിലുള്ള പരിക്കുകളാണുണ്ടാവുക

1. പൊള്ളല്‍ മൂലം
2. സ്‌ഫോടനം മൂലം
3. വൈദ്യുതി മൂലം 

പൊള്ളല്‍ (Burns)

പ്രത്യേക ആകൃതിയിലുള്ള പൊള്ളലുകള്‍ ഉണ്ടാവാം. 0.3 മുതല്‍ 2.5 സെന്റീമീറ്റര്‍ വരെ വീതിയും 3 മുതല്‍ 30 സെന്റീമീറ്റര്‍ വരെ നീളവുമുള്ള നേര്‍രേഖയിലുള്ള പൊള്ളലുകള്‍ സാധാരണമാണ്. ശരീരത്തില്‍ ധരിച്ചിരിക്കുന്ന ലോഹ ആഭരണങ്ങള്‍ ഉരുകിയും പൊള്ളലുണ്ടാവാം. 1000 ഡിഗ്രി സെല്‍ഷ്യസ് ദ്രവണാങ്കമുള്ള സ്വര്‍ണ്ണം പോലും ഉരുകാം. വസ്ത്രങ്ങളും ചെരുപ്പും മറ്റും കത്തിപ്പോകാനും സാധ്യതയുണ്ട്.

Filigree burns/ Arborescent markings (Lichenberg' flowers)

ത്വക്കിന് പുറമേ കാണുന്ന അടയാളങ്ങളാണിത്. വൃക്ഷത്തില്‍ നിന്നും ശിഖിരങ്ങള്‍ പടരുന്ന ആകൃതിയാണിതിനുള്ളത്. ഇടിമിന്നലേറ്റാല്‍ മാത്രമേ ശരീരത്തില്‍ ഇത്തരം ഒരടയാളമുണ്ടാകൂ. രക്ഷപ്പെടുന്ന വ്യക്തികളില്‍ ഒന്നോ രണ്ടോ ദിവസത്തിനകം ഈ അടയാളം അപ്രത്യക്ഷമാകും.

സ്‌ഫോടനം  (Blast effect)

ഇടിമിന്നലുണ്ടാവുമ്പോള്‍ അന്തരീക്ഷവായു അതി ശക്തമായി ചൂടാവുന്നു. 20000 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാം ഇത്. ശക്തമായ ഈ ചൂടില്‍ വായു അതിശക്തമായി വികസിക്കുന്നു. ഒരു സ്‌ഫോടനത്തിന് സമാനമാണിത്. തലയോട്ടിക്കോ, എല്ലുകള്‍ക്കോ പൊട്ടലുണ്ടാവാനും ശ്വാസകോശം, കുടല്‍ തുടങ്ങിയ ആന്തരാവയവങ്ങള്‍ക്ക് പരിക്കുണ്ടാവാനും ഇത് കാരണമാവാം. മാംസപേശികളില്‍ പരിക്കുണ്ടാവുകയും പരിക്ക് പറ്റിയ പേശികളില്‍നിന്നും ചില ഘടകങ്ങള്‍ രക്തത്തില്‍ കലരാനും അത് കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാക്കാനും ഇടയാക്കാം (Crush Syndrome). ചിലപ്പോള്‍ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം കൂടി ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലാവാം. 

വൈദ്യുതി മൂലം

മുന്‍പുള്ള ലേഖനത്തില്‍ വിശദമായി പ്രതിപാദിച്ചിരുന്നതാണ് വൈദ്യുതി മൂലമുള്ള പരിക്കുകളെ പറ്റി. 

ലക്ഷണങ്ങള്‍ 

ശരീരത്തിലൂടെയുള്ള ശക്തമായ വൈദ്യുത പ്രവാഹത്താല്‍ മിന്നലേറ്റയുടന്‍ അബോധാവസ്ഥയിലാവാനും പക്ഷാഘാതം സംഭവിക്കാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്. അവസരോചിതമായ ഇടപെടലുകള്‍ കൊണ്ടും പലപ്പോഴും ഭാഗ്യം കൊണ്ടും ജീവന്‍ കിട്ടിയാലും പലപ്പോഴും ഇതിന്റെ ബാക്കിപത്രമായി പല തകരാറുകളും ഉണ്ടായേക്കാം. അതില്‍ ഓര്‍മ്മക്കുറവ്, കാഴ്ചയും കേള്‍വിയും നശിക്കുക, ചെവിയില്‍ മൂളല്‍, തലകറക്കം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായും കാണപ്പെടുക. പൊള്ളല്‍ മൂലമോ, സ്‌ഫോടനം മൂലമുണ്ടാകുന്ന പരിക്ക് മൂലമോ, വൈദ്യുതാഘാതം മൂലമോ മരണം സംഭവിക്കാം. സ്‌ഫോടനത്തിന്റെ ശക്തിയില്‍ കര്‍ണ്ണപടത്തില്‍ സാരമായ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. മസ്തിഷ്‌കത്തിലും സുഷുമ്‌നയിലും രക്തസ്രാവവും നാഡികള്‍ക്ക് ക്ഷതവും ഉണ്ടാവാന്‍ സാധ്യതയുണ്ട്. കാഴ്ചക്ക് സഹായിക്കുന്ന നാഡിക്ക് പരിക്കേല്‍ക്കുന്നതിനാല്‍ കാഴ്ചയും നഷ്ടപ്പെടാം. 

മിന്നലേല്‍ക്കാവുന്ന സാഹചര്യങ്ങള്‍ 

ഒരാളുടെ ശരീരത്തില്‍ നേരിട്ട് മിന്നലേറ്റോ, സമീപത്തുള്ള താരതമ്യേന പ്രതിരോധം കുറഞ്ഞ ലോഹങ്ങളിലോ മറ്റോ മിന്നലേറ്റോ, ആള്‍ നില്‍ക്കുന്ന പ്രതലത്തില്‍ മിന്നലേറ്റോ അപകടം സംഭവിക്കാം. കൂടാതെ മിന്നലിലെ വൈദ്യുതി ജലത്തിലേക്ക് പ്രവഹിച്ച് ആ ജലപ്രവാഹം ശരീരത്തില്‍ സ്പര്‍ശിച്ചും വൈദ്യുതാഘാതമേല്‍ക്കാം. 

ഉയരമുള്ള വസ്തുക്കളിലാണ് ഏറ്റവും പെട്ടെന്ന് മിന്നലേല്‍ക്കുക. കൂര്‍ത്ത അഗ്രമുള്ള വസ്തുക്കളിലാണ് കൂടുതല്‍ എളുപ്പത്തില്‍ മിന്നലേല്‍ക്കുന്നതെന്നും അറിയാമല്ലോ. ഈ തത്വമാണ് മിന്നല്‍ രക്ഷാ ചാലകങ്ങളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

പ്രഥമശുശ്രൂഷ 

1. ആവശ്യമെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം, CPR എന്നിവ നല്‍കുക.
2. മിന്നലേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക. 

ഇടിമിന്നലേറ്റ് അബോധാവസ്ഥയില്‍ ഉള്ള ഒരാളെ എങ്ങനെ കൈകാര്യം ചെയ്യണം / ചെയ്യരുത് എന്ന അറിവും ഉണ്ടാവണം. പെട്ടെന്നുള്ള വീഴ്ചയില്‍ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റ ഒരാളെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുമ്പോള്‍ ചിലപ്പോള്‍ കൂടുതല്‍ പരിക്കുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യം ഉണ്ടാവാനുള്ള സാധ്യതകൂടി പരിഗണിച്ചുവേണം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുവാന്‍. പരിക്കേറ്റയാളുകളെ ശ്രദ്ധാപൂര്‍വ്വം മാത്രം വാഹനങ്ങളില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക. 

(തിരുത്ത്: വൈദ്യുതാഘാതം സംബന്ധിച്ച ലേഖനത്തില്‍ വൈദ്യുതി ഉപയോഗിച്ചുള്ള വധശിക്ഷയെക്കുറിച്ച് വിവരിക്കുകയുണ്ടായല്ലോ. അതില്‍ ഗ്രീന്‍ മൈല്‍ എന്ന സിനിമയെകുറിച്ച് എഴുതിയിരുന്നു. സ്റ്റീഫന്‍ കിംഗ് എഴുതിയ കഥയാണ് 'ഗ്രീന്‍ മൈല്‍'. ആ കഥയുടെ സിനിമാവിഷ്‌കാരത്തിന്റെ സംവിധായകനാണ് സ്റ്റീഫന്‍ കിംഗ് എന്നായിരുന്നു ഞാനെഴുതിയിരുന്നത്. തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. )

(കോട്ടയം മെഡിക്കല്‍ കോളേജ്​ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അധ്യാപകനാണ്​ ലേഖകന്‍)