കോട്ടയം മെഡിക്കല്‍ കോളേജിലെ കോഴ്സുകളുടെ അംഗീകാരം സംബന്ധിച്ച പ്രശ്നത്തില്‍ വ്യക്തവും കൃത്യവുമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന ചിന്താഗതിയോടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ ഫോറന്‍സിക് വിഭാഗത്തിലെ അധ്യാപകനെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വ്യാപകമാകുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും ഫോറന്‍സിക് മെഡിസിനില്‍ എംഡിയും പൂര്‍ത്തിയാക്കി 2014 മുതല്‍ അതേ കോളേജിലെ ഫോറന്‍സിക് വിഭാഗത്തില്‍ ജോലി ചെയ്തുപോന്ന ഡോ.ജിനേഷ്. പി.എസ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവിക്കു വേണ്ടി പ്രതികരിച്ചപ്പോള്‍ പുറത്താക്കപ്പെട്ടെങ്കില്‍ അനിശ്ചിതത്വത്തിലാകുന്നത് യഥാര്‍ഥത്തില്‍ ആരുടെ ഭാവിയാണ്?

കോട്ടയം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 100 ല്‍ നിന്നും 150 ആയി ഉയര്‍ത്തിയത് 2007-2008 വര്‍ഷങ്ങളിലായിരുന്നു. പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലാത്തതിനെതിരെ പലപ്പോഴായി ഡോ.ജിനേഷ് പ്രതികരിച്ചിട്ടുണ്ട്. ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലെ പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ ആരംഭിച്ചത് 2010 ലാണ്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ നാല് പോസ്റ്റ് ഗ്രാജ്വേഷന്‍ സീറ്റുകള്‍ക്കും ജനറല്‍ സര്‍ജറിയിലെയും ഫിസിക്കല്‍ മെഡിസിനിലെയും രണ്ടു വീതം സീറ്റുകള്‍ക്കും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.  

 '2016 നവംബറില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം കോഴ്‌സുകള്‍ക്ക് ലഭിക്കുന്നതിനായി ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. കോളേജിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനാല്‍ കോടതിയക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തു. 150 സീറ്റുകളുടെ അംഗീകാരം ആശങ്കയില്‍ എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഞാന്‍ ഒരു ചാനലിനു നല്‍കിയ പ്രതികരണമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.' ഡോ.ജിനേഷ് വ്യക്തമാക്കുന്നു. 

മെഡിക്കല്‍ കോഴ്‌സിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നാണ്‌ താന്‍ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയതെന്ന് ജിനേഷ് പറയുന്നു. താന്‍ പറഞ്ഞ മറുപടിയിലൂടെ കോട്ടയം മെഡിക്കല്‍ കോളേജിനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു ഡോ.ജിനേഷിനെതിരെയുള്ള ആരോപണം.

'കോളേജിനെതിരായി വാര്‍ത്ത കൊടുത്ത ഞാന്‍ ഇനി പഠിപ്പിക്കാന്‍ പാടില്ലെന്ന് കോളേജധികൃതര്‍ പറഞ്ഞു. വാസ്തവത്തില്‍ ഒരാളെപ്പോലും ഞാന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ഒരിക്കലും എന്നെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുമാത്രമാണ് ആശങ്കപ്പെട്ടത്. ഞാന്‍ പഠിക്കുകയും ഇത്രയും നാള്‍ പഠിപ്പിക്കുകയും ചെയ്ത കോളേജിലുള്ളവര്‍ക്ക് എന്നെ വേണ്ടെങ്കില്‍പ്പിന്നെ ഞാന്‍ എന്തിന് ഇവിടെ തുടരണം?' ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലായ്മയുടെ ഇരയായ ഒരു ഡോക്ടര്‍ പ്രതികരിക്കാതിരിക്കുന്നതെങ്ങനെയാണ്?

 2013 മുതല്‍ പ്രിന്‍സിപ്പല്‍,ആരോഗ്യവകുപ്പ് സെക്രട്ടറി, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരെക്കണ്ട് അപേക്ഷകള്‍ നല്‍കിയിട്ടും അനുകൂലമായ നടപടികള്‍ ഒന്നുമുണ്ടായില്ല. ഒരു അധ്യാപകനെന്ന നിലയില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടത് അത്യാവശ്യമാണ്. തനിക്കുണ്ടായ ദുരവസ്ഥ താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കുണ്ടാകരുതെന്ന് ചിന്തിച്ച ഒരു അധ്യാപകനെ ആ സ്ഥാപനം തന്നെ പടിയടച്ച് പിണ്ഡം വെക്കുന്ന അവസ്ഥ പ്രബുദ്ധകേരളത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. 

പി.ജി യോഗ്യതയുള്ള ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ടും കൂടുതല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിങ്ങിന്റെ അംഗീകാരത്തോടെ മികച്ച നിലവാരമുള്ള സ്ഥാപനമായി കോട്ടയം മെഡിക്കല്‍ കോളേജ് മാറണമെന്നാണ് ഡോ.ജിനേഷ് ആഗ്രഹിക്കുന്നത്.

ഒരു പിടി നല്ല ഓര്‍മകള്‍ മാത്രം തനിക്ക് സമ്മാനിച്ച കലാലയമായിട്ടാണ് ഡോ.ജിനേഷ് താന്‍ പഠിച്ച സ്ഥാപനത്തെക്കുറിച്ച്‌  പറയുന്നത്. തന്നെ വ്യക്തിത്വത്തോടെ ജീവിക്കാന്‍ പഠിപ്പിച്ച കലാലയത്തില്‍ നിന്ന് പടിയിറങ്ങിയ ഈ അധ്യാപകനൊപ്പമാണ് ഇന്ന് സോഷ്യല്‍മീഡിയയും ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളും.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം