കുറേ നാളുകള്‍ക്ക് മുന്‍പാണ്. വൈദ്യുത ലൈനില്‍ വയര്‍ ഘടിപ്പിച്ച് ആ വയറിന്റെ മറുഭാഗം വെള്ളത്തില്‍ ഇട്ട് കറണ്ടടിപ്പിച്ച് മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരാള്‍ മരണപ്പെട്ട സംഭവം. ലോഹ നിര്‍മ്മിതമായ തോട്ടി ഉപയോഗം മൂലവും വൈദ്യുതാഘാതമേല്‍ക്കാറുണ്ട്. ഇതിന് പുറമെയാണ് വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെടുമ്പോഴുമുള്ള അപകടങ്ങളും. നിത്യ ജീവിതത്തില്‍ വൈദ്യുതിയില്ലാതെ ജീവിക്കാനാവില്ല എന്ന സ്ഥിതിവിശേഷമാണ്. പല മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വൈദ്യുതാഘാതമേറ്റ് നിരവധി പേരുടെ ജീവന്‍ ഇന്നും നഷ്ടപ്പെടുന്നുണ്ട്.

ഏത് തരം വൈദ്യുതിയാണ്, അതിന്റെ വോള്‍ട്ടേജ്, തീവ്രത, കടന്നുപോകുന്ന സമയം, ഏതൊക്കെ ശരീര ഭാഗങ്ങളിലൂടെ കടന്നുപോകുന്നു എന്നിവയെ ആശ്രയിച്ചിരിക്കുന്നു വൈദ്യുതാഘാതത്തിന്റെ കാഠിന്യം. DCയേക്കാള്‍ നാലഞ്ച് മടങ്ങ് അപകടകരമാണ് AC. Voltage, Ampere എന്നിവ കൂടുന്നതനുസരിച്ച് അപകട സാധ്യതയും കൂടുന്നു. ഹൃദയത്തിലൂടെയോ മസ്തിഷ്‌കത്തിലൂടെയോ കടന്നുപോകുന്ന വൈദ്യുതി, മരണമുണ്ടാക്കുവാനുള്ള സാധ്യത വളരെയധികമാണ്.

ശരീരത്തിന്റെ ഒരു ഭാഗത്ത് കൂടി കയറി മറ്റൊരു ഭാഗത്തുകൂടി ഇറങ്ങി വൈദ്യുത പ്രവാഹപാത പൂര്‍ത്തിയാക്കുമ്പോഴാണ് ആഘാതമേല്‍ക്കുന്നത്. അതിനാല്‍ തന്നെ വൈദ്യുതാഘാതം മൂലമുള്ള രണ്ട് അടയാളങ്ങള്‍ ശരീരത്തിലുണ്ടാവാം. നല്ല ഒരു വൈദ്യുതവാഹി അല്ലാത്ത ശരീരത്തില്‍ വൈദ്യുതി കയറുമ്പോള്‍ ആ ഭാഗത്തെ ത്വക്കും സമീപ കലകളും ചൂടാവുകയും അവിടെ പ്രത്യേകതരം പൊള്ളല്‍ രൂപപ്പെടുകയും ചെയ്യുന്നു.

കൂടുതല്‍ സമയം വൈദ്യുതിയുമായി ശരീരഭാഗം സമ്പര്‍ക്കത്തിലായാല്‍ പൊള്ളലിന്റെ തീവ്രതയും വര്‍ദ്ധിക്കും. വിദഗ്ദ്ധനായ ഒരു ഡോക്ടര്‍ക്ക് ഈ പൊള്ളല്‍ മനസിലാക്കാനാവുന്നതാണ്. എന്നാല്‍ ശരീരം നനഞ്ഞിരിക്കുന്ന അവസ്ഥയില്‍ ഈ പൊള്ളല്‍ ഉണ്ടാവണമെന്നില്ല. കാരണം ജലം ഒരു നല്ല വൈദ്യുതവാഹിയാണ്.

വൈദ്യുതാഘാതമേറ്റവരിലെ ലക്ഷണങ്ങള്‍:

1. വൈദ്യുതി ലൈനുമായി സമ്പര്‍ക്കത്തിലാവുമ്പോള്‍ ശരീരത്തിലെ മാംസപേശികള്‍ അതിശക്തമായി സങ്കോചിക്കും. ഇത് മൂലം വൈദ്യുതി പ്രവഹിക്കുന്ന കമ്പിയില്‍ കൂടുതല്‍ ശക്തമായി ഇറുകിപ്പിടിക്കുകയും അതിലൂടെ കൂടുതല്‍ വൈദ്യുതി ശരീരത്തിലേക്ക് പ്രവഹിക്കുകയും ചെയ്യാം. എന്നാല്‍ വളരെ ഉയര്‍ന്ന വോള്‍ട്ടിലുള്ള വൈദ്യുതിയാണെങ്കില്‍ ശക്തമായ വൈദ്യുതാഘാതത്താല്‍ ശരീരം തെറിച്ചുപോകാനുള്ള സാധ്യതയുമുണ്ട്.
2. പെട്ടെന്ന് തന്നെ അബോധാവസ്ഥയിലാകുകയും അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യാം.
3. Suspended animation എന്ന ഒരു പ്രത്യേക അവസ്ഥയിലൂടെ ഷോക്കേറ്റയാള്‍ കടന്നുപോകാന്‍ സാധ്യതയുണ്ട്. ജീവനുണ്ടെങ്കിലും ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിലച്ച് ബോധമില്ലാത്ത അവസ്ഥയിലെത്തുന്നതാണിത്. ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയാണെന്നേ തോന്നുകയുള്ളൂ. ഈ അവസ്ഥയില്‍ നിന്നും ജീവനോടെ തിരിച്ചെത്തുക സാധ്യമാണ്.
4. തലചുറ്റല്‍, തലവേദന, ഓര്‍മ്മക്കുറവ്, ചെവിയില്‍ മൂളല്‍, കാഴ്ചയും കേള്‍വിയും വ്യക്തമല്ലാതാകുക, ഷോക്കേറ്റ ഭാഗത്ത് മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്.
5. ഹൈ ടെന്‍ഷന്‍ ലൈനുകളില്‍ സ്പര്‍ശിച്ചാല്‍ അംഗവൈകല്യം സംഭവിക്കാന്‍ സാധ്യതയുണ്ട്.
6. ഹൈ ടെന്‍ഷന്‍ ലൈനുകളില്‍ സ്പര്‍ശിക്കുന്നവര്‍ ആഘാതത്താല്‍ തെറിച്ച് വീണും ഗുരുതരമായ പരിക്കുകള്‍ പറ്റാം.

വൈദ്യുതാഘാതമേറ്റ ഭാഗത്തെ ത്വക്കിലെ കോശങ്ങളുടെ ആകൃതിയില്‍ വ്യത്യാസമുണ്ടാവുകയും കോശങ്ങളുടെ ന്യൂക്ലിയസ് പ്രത്യേക രീതിയില്‍ നിരനിരയായി വിന്യസിക്കപ്പെടുകയും ചെയ്യുന്നു. ത്വക്ക് ഭാഗത്തിന്റെ ഹിസ്റ്റോപതോളജി പരിശോധനയില്‍ ഇത് മനസിലാക്കാം. സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ലോഹത്തിന്റെ അംശം പലപ്പോഴും ത്വക്കില്‍ നിക്ഷേപിക്കപ്പെടാം. ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ചും ന്യൂട്രോണ്‍ ആക്ടിവേഷന്‍ അനാലിസിസ് നടത്തിയും ഇത് മനസിലാക്കാനാവും.

വൈദ്യുതി പുറത്തേക്ക് പോകുന്ന ശരീരഭാഗത്തും പ്രത്യേകതയുള്ള അടയാളമുണ്ടാവും. പാദങ്ങളിലാണ് പലപ്പോഴും ഇത് കാണാനാവുക. ഈ അടയാളം ചില അവസരങ്ങളില്‍ കാണാന്‍ സാധിക്കാത്ത സാഹചര്യങ്ങളുമുണ്ട്. കാലുകളും മറ്റും നനഞ്ഞിരിക്കുകയോ വെള്ളത്തില്‍ സ്പര്‍ശിച്ചിരിക്കുകയോ ആണെങ്കില്‍ ഇങ്ങനെ സംഭവിക്കാം.

വളരെ തീവ്രത കൂടിയ വൈദ്യുതിയുടെ സാമീപ്യത്താല്‍ തീ പൊള്ളലിന് സമാനമായ തരം പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. അടുത്തടുത്തുണ്ടാകുന്ന ഈ പൊള്ളല്‍ രൂപ സാദൃശ്യത്താല്‍ Crocodile flash burns എന്ന് വിളിക്കാറുണ്ട്.

രക്ഷിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍:

1. രക്ഷിക്കാന്‍ ശ്രമിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അതിപ്രധാനമാണ്.
2. പ്രസ്തുത വൈദ്യുതി ലൈന്‍ വിച്ഛേദിക്കുക. മെയിന്‍ സ്വിച്ച് ഓഫാക്കുകയോ ഫ്യൂസ് നിര്‍ജീവമാക്കുകയോ ചെയ്യുക. മെയിന്‍ സ്വിച്ച് ഓഫാക്കുന്നതാണ് കൂടുതല്‍ ഉചിതം.
3. വൈദ്യുതി പ്രവഹിക്കുന്നില്ല എന്നുറപ്പ് വരുത്തിയതിന് ശേഷം ഷോക്കേറ്റയാളെ കമ്പിയില്‍ നിന്നും അകറ്റുക.
4. വൈദ്യുതി വിച്ഛേദിക്കാനായില്ലെങ്കില്‍ ഉണങ്ങിയ കമ്പ് പോലെ വൈദ്യുതി കടത്തിവിടാത്ത വസ്തുക്കള്‍ ഉപയോഗിച്ച് ഷോക്കേറ്റയാളെ മാറ്റുക.
5. ഓര്‍ക്കുക, വൈദ്യുതി പ്രവഹിക്കുന്ന ശരീരത്തില്‍ സ്പര്‍ശിക്കുകയോ, വൈദ്യുത വാഹികളായ ലോഹങ്ങള്‍ ഉപയോഗിച്ച് ആളെ മാറ്റുവാന്‍ ശ്രമിക്കുകയോ ചെയ്യരുത്.
6. സുരക്ഷിതമായി മാറ്റിക്കിടത്തിയ വ്യക്തിക്ക് പ്രഥമ ശുശ്രൂഷ നല്‍കുക.
7. കൃത്രിമ ശ്വാസോച്ഛ്വാസം, CPR എന്നിവ നല്‍കുക.
8. ഷോക്കേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.

മരണ കാരണങ്ങള്‍:

ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളിലൂടെ വൈദ്യുതി കടന്നുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

1. മസ്തിഷകത്തിലൂടെയോ (പ്രധാനമായും Brain stem), സുഷുമ്‌നയുടെ മുകള്‍ ഭാഗത്തിലൂടെയോ വൈദ്യുതി കടന്നുപോയാല്‍ ശ്വസന വ്യവസ്ഥയുടെ സ്തംഭനത്താല്‍ മരണം സംഭവിക്കാം.
2. നെഞ്ചിലൂടെ കടന്നുപോയാല്‍ ശ്വസനത്തെ സഹായിക്കുന്ന മാംസപേശികളുടെയും ഡയഫ്രത്തിന്റെയും പ്രവര്‍ത്തന വൈകല്യത്താല്‍ മരണം സംഭവിക്കാം.
3. ഹൃദയത്തിലൂടെ വൈദ്യുതി കടന്നുപോയാല്‍ ഹൃദയത്തിലെ മാംസപേശികളുടെ പ്രവര്‍ത്തന വൈകല്യത്താല്‍ മരണം സംഭവിക്കാം.
4. ഹൈ ടെന്‍ഷന്‍ ലൈനുകളില്‍ നിന്നുള്ള ആഘാതമേറ്റ് തെറിച്ച് വീണാല്‍ സംഭവിക്കുന്ന പരിക്കുകള്‍ മൂലം മരണം സംഭവിക്കാം.
5. ഹൈ ടെന്‍ഷന്‍ ലൈനുകളില്‍ നിന്നും ശക്തമായ പൊള്ളലേല്‍ക്കുന്നത് മൂലവും മരണം സംഭവിക്കാം.
6. അത്തരം പൊള്ളലിന്റെ സങ്കീര്‍ണ്ണതകള്‍ മൂലവും മരണം സംഭവിക്കാം.

വൈദ്യുതി പ്രവേശിച്ച ഭാഗത്തെ അടയാളം, പുറത്തേക്ക് പോയ ഭാഗത്തെ അടയാളം, കടന്നുപോയ അവയവങ്ങളിലുണ്ടാവുന്ന വ്യത്യാസങ്ങള്‍ എന്നിവ പോസ്റ്റ് മോര്‍ട്ടം പരിശോധനയിലൂടെ തിരിച്ചറിയാനാകും. ഹൃദയത്തിലെ പേശികളിലുണ്ടാവുന്ന രക്തസ്രാവവും വൈകല്യവും വളരെ സാധാരണ കാണാറുള്ളതാണ്.

അപകടങ്ങള്‍ മൂലമാണ് ബഹുഭൂരിപക്ഷം വൈദ്യുതാഘാതങ്ങളുമേല്‍ക്കുന്നത്. ആത്മഹത്യ, കൊലപാതകം എന്നിവയും വിരളമായി കണ്ടുവരുന്നു. അശ്രദ്ധമായും, മുന്‍കരുതലുകളെടുക്കാതെയും മദ്യപിച്ചും വൈദ്യുത സംബന്ധമായ ജോലികള്‍ ചെയ്യുന്നതും, വൈദ്യുത ഉപകരണങ്ങളുടെ കേടുപാടുകളും ഒക്കെയാണ് അപകടങ്ങളുണ്ടാവാനുള്ള പ്രധാന കാരണം. വൈദ്യുതി പ്ലഗ്ഗുകളിലും മറ്റും കുട്ടികള്‍ വിരലിട്ടും അപകടങ്ങള്‍ ഉണ്ടാവാറുണ്ട്. നിയമപരിപാലനത്തിന്റെ ഭാഗമായ വധശിക്ഷ നടപ്പാക്കാനും പല രാജ്യങ്ങളിലും വൈദ്യുതി ഉപയോഗിക്കുന്നു.

electric chair

ഇലക്ട്രിക് ചെയര്‍
(വിക്കിപീഡിയ)

അമേരിക്കയിലാണ് ആദ്യമായി വൈദ്യുതി ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പിലാക്കിയത്. 1890ല്‍ ന്യൂയോര്‍ക്കിലാണ് ശിക്ഷ നടപ്പാക്കിയത്. Dr. J. Mount Bleyer ആണ് ഇതിനായി ഇലക്ട്രിക് ചെയര്‍ രൂപകല്‍പ്പന ചെയ്തത്. മരക്കസേരയില്‍ ബന്ധിച്ച വ്യക്തിയുടെ ശരീരത്തിലേക്ക് ഉയര്‍ന്ന വോള്‍ട്ട് വൈദ്യുതി കടത്തിവിട്ടാണ് ശിക്ഷ നടപ്പാക്കുന്നത്. Stephen King സംവിധാനം ചെയ്ത The Green Mile എന്ന ചലച്ചിത്രത്തില്‍ വൈദ്യുതി ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കുന്ന രംഗങ്ങളുണ്ട്.

തലയിലെയും കാല്‍വണ്ണയിലെയും രോമങ്ങള്‍ നീക്കം ചെയ്തതിന് ശേഷം ഉപ്പുവെള്ളത്തില്‍ മുക്കിയ സ്‌പോഞ്ച്  ആ ഭാഗത്ത് ധരിപ്പിക്കും. ഈ ഭാഗത്തുകൂടിയാണ് ലോഹചാലകങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി കടത്തിവിടുന്നത്. മരക്കസേരയില്‍ കൈകാലുകള്‍ ബന്ധിച്ചതിന് ശേഷമാണിത് ചെയ്യുന്നത്. 2000 വോള്‍ട്ടിലധികം ശക്തിയുള്ള വൈദ്യുതിയാണ് ശരീരത്തിലൂടെ പ്രവഹിപ്പിക്കുന്നത്. സെക്കന്‍ഡുകള്‍ നീളുന്ന പല തവണകളായാണ് ഇത് ചെയ്യുന്നത്. വ്യത്യസ്ത അളവിലും തീവ്രതയിലുമുള്ള വൈദ്യുതിയാണ് വിവിധ സ്ഥലങ്ങളില്‍ ഇതിനായുപയോഗിക്കുന്നത്. വൈദ്യുതി കടത്തിവിടുന്ന സമയവും പലയിടങ്ങളിലും വ്യത്യസ്തമായിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 

1. വീടുകളിലെ വൈദ്യുത ലൈനുകള്‍ കുറ്റമറ്റതാക്കാന്‍ ശ്രദ്ധിക്കുക. ചെലവ് ചുരുക്കാനായി തീരെ വിലകുറഞ്ഞ സാമഗ്രികള്‍ വാങ്ങാതിരിക്കുക.
2. വീട്ടിലെ മെയിന്‍ സ്വിച്ചും മറ്റും കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഓരോ മാസവും ഉറപ്പുവരുത്തുക.
3. കുട്ടികളുള്ള വീടുകളില്‍ വൈദ്യുതി പ്ലഗ്ഗുകള്‍ അടച്ചു സൂക്ഷിക്കുക. കുട്ടികള്‍ അവയില്‍ വിരലിട്ട് അപകടം ക്ഷണിച്ചുവരുത്താറുണ്ട്.
4. വീട്ടിലോ ജോലിസ്ഥലത്തോ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫാക്കുക.
5. വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നന്നാക്കുമ്പോള്‍ അവയിലേക്ക് വൈദ്യുതി ബന്ധം വിച്ഛേദിച്ചു എന്നുറപ്പുവരുത്തുക.
6. അവിടേക്ക് വൈദ്യുതി എത്തുന്നില്ല എന്ന് ഗുണമേന്മയുള്ള ഒരു ടെസ്റ്റര്‍ ഉപയോഗിച്ചു പരിശോധിച്ചുറപ്പിക്കുക.
7. നന്നാക്കുമ്പോള്‍ മികച്ച സംരക്ഷണം ലഭിക്കുന്ന കൈയുറകള്‍ ധരിക്കുക.
8. കേടായ വയര്‍, ഇന്‍സുലേഷന്‍ എന്നിവ യഥാസമയം മാറ്റുക.
9. തേപ്പുപെട്ടി, മിക്‌സി തുടങ്ങിയ വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൈകള്‍ നനഞ്ഞതായിരിക്കരുത്.
10. മാങ്ങയും മറ്റും പറിക്കുവാനായി ലോഹ നിര്‍മ്മിതമായ തോട്ടി ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. വൈദ്യുത ലൈന്‍ ഇല്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം തോട്ടി ഉപയോഗിച്ച് വൃക്ഷങ്ങളില്‍ നിന്നും ഫലങ്ങള്‍ ശേഖരിക്കുക. കമ്പുകൊണ്ടുള്ളതായാലും നനഞ്ഞ തോട്ടി ഉപയോഗിക്കുമ്പോളും ശ്രദ്ധിക്കുക. 
11. മഴക്കാലത്താണ് നമ്മുടെ നാട്ടില്‍ വൈദ്യുതാഘാതങ്ങള്‍ കൂടുതലായി ഉണ്ടാവുന്നത്. മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുത കമ്പികള്‍ പൊട്ടുന്നത് അത്ര വിരളമല്ല. അത്തരം അവസരങ്ങളില്‍ ആ കമ്പിയിലേക്കുള്ള വൈദ്യുതി വിശ്ചേദിച്ചതിന് ശേഷം മാത്രമേ ശിഖരങ്ങള്‍ വെട്ടിമാറ്റാവൂ. എത്രയും പെട്ടെന്ന് അടുത്തുള്ള വിദ്യച്ഛക്തി വകുപ്പിന്റെ ഓഫീസില്‍ വിവരം അറിയിക്കുക. 
12. ചെറുപ്പത്തില്‍ ലേഖകന്റെ വീട് സ്ഥിതിചെയ്തിരുന്നത് ഒരു ഗ്രാമത്തിലായിരുന്നു. വലിയ കാറ്റടിച്ചാലോ, ശക്തമായ മഴപെയ്താലോ, മരങ്ങള്‍ വീണാലോ വൈദ്യുത കമ്പികള്‍ പൊട്ടിവീഴാതെ തമ്മില്‍ കെട്ടിപ്പിണഞ്ഞ് കിടക്കുക സാധാരണമായിരുന്നു. അത്തരം അവസരങ്ങളില്‍ നീളമുള്ള തോട്ടികളോ മറ്റോ ഉപയോഗിച്ച് കമ്പികള്‍ വേര്‍പെടുത്താന്‍ ശ്രമിക്കരുത്. എത്രയും പെട്ടെന്ന് വിദ്യച്ഛക്തി വകുപ്പിന്റെ ഓഫീസില്‍ വിവരം അറിയിക്കുക. ലൈന്‍ ഓഫാക്കിയതിന് ശേഷം അവര്‍ തന്നെ അറ്റകുറ്റപ്പണികള്‍ ചെയ്തുതരുന്നതാണ്.
13. മദ്യം, ലഹരി തുടങ്ങിയവ ഉപയോഗിച്ചതിന് ശേഷം വൈദ്യുതോപകരണങ്ങള്‍ നന്നാക്കുകയോ വൈദ്യുതലൈനില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണ്. അത്തരം പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കുക. 
14. ഇലക്ട്രിക് തീവണ്ടികളുടെ മുകളില്‍ കയറി യാത്ര ചെയ്യുന്നതും സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നതും അപകടകരമാണ്. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുക. 
15. നനഞ്ഞ നൂല്‍ കെട്ടിയ പട്ടം പറപ്പിക്കുമ്പോളും അപകടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. 
16. മൃഗങ്ങളില്‍ നിന്ന് രക്ഷ നേടാനായി വൈദ്യുത വേലികളാല്‍ ചുറ്റപ്പെട്ട വലിയ റിസോര്‍ട്ടുകളിലും കെട്ടിടങ്ങളിലുമൊക്കെ അതറിയാതെ അബദ്ധത്തില്‍ ആ കമ്പികളില്‍ സ്പര്‍ശിക്കുകയും വൈദ്യുതാഘാതമേല്‍ക്കുകയും ചെയ്യാറുണ്ട്. 
17. നിയമവിരുദ്ധമായി വൈദ്യുതി മോഷ്ടിച്ച് ആമുഖത്തില്‍ പറഞ്ഞപോലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോളും അപകടം സംഭവിക്കാം. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. 

വൈദ്യുതി ഒരു സുഹൃത്താണ്, കരുതലോടെ ഉപയോഗിക്കണം എന്നുമാത്രം.

(കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അദ്ധ്യാപകനാണ് ലേഖകന്‍)