കുറച്ചുവര്‍ഷങ്ങള്‍ക്ക്  മുന്‍പുള്ള ഒരു പത്രവാര്‍ത്ത മലയാളികളെ ഒന്നടങ്കം കണ്ണ് നനയിച്ചത് ഓര്‍മ്മയില്‍ ഉണ്ടാവും. ഒരു കുഞ്ഞിന് വേണ്ടി ഒരു പാട് കാലം കാത്തിരുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം ആധുനിക സാങ്കേതിക വിദ്യ കൊണ്ട് സഫലമാക്കിയ അറുപതു വയസ്സോടടുത്ത ഒരമ്മ. അമ്മൂമ്മയാകാനുള്ള പ്രായത്തില്‍ പൊന്നുണ്ണിയെ കിട്ടിയ അമ്മ പൊന്നു പോലെ തന്നെ നോക്കി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിരാമം ആയിരുന്നു കഥയ്ക്ക്, ഒരു ബക്കറ്റില്‍ നിറച്ചു വെച്ച വെള്ളം ആ സ്വപ്നത്തിന്റെ തിരികള്‍ എന്നെന്നേക്കുമായി കെടുത്തി.

മുങ്ങിമരണം എന്ന് കേള്‍ക്കുമ്പോള്‍ നമ്മളുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത് കുത്തിയൊഴുകുന്ന പുഴയില്‍ ഒഴുകിയെത്തുന്ന അനാഥ ശവം, അതുമല്ലെങ്കില്‍ കുളത്തില്‍ മുങ്ങിയോ ആത്മഹത്യക്കായെടുത്തു ചാടിയതോ ഒക്കെ. എന്നാല്‍ ഒരിത്തിരി വെള്ളത്തിലും ഇത് സംഭവിക്കാം എന്ന് നമ്മള്‍ ആലോചിക്കാറില്ല. അങ്ങനെ ഒരു സാധ്യത ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ഈ കഥയില്‍ തുടങ്ങിയത്. ഇനി പറയാം മുങ്ങി മരണങ്ങളെക്കുറിച്ച്.

നമ്മുടെ നാട്ടില്‍ ഉണ്ടാവുന്ന അസ്വാഭാവിക മരണങ്ങളില്‍ പ്രധാനമായ ഒന്നാണ് മുങ്ങിമരണങ്ങള്‍. വാഹനാപകട മരണങ്ങളും മറ്റപകട മരണങ്ങളും ആണ് ഏറ്റവും കൂടുതല്‍ ജീവനപഹരിക്കുന്നത്. തൂങ്ങി മരണങ്ങള്‍, വിഷം കഴിച്ചുള്ള മരണങ്ങള്‍ എന്നിവ പിന്നാലെ വരും. ഇവ കഴിഞ്ഞാല്‍ ഏറ്റവും സാധാരണമായി കാണുന്നത് മുങ്ങി മരണങ്ങളാണ്. ധാരാളം ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും മുങ്ങിമരണങ്ങള്‍ക്കിരയാവുന്നുണ്ട്.

ജലത്തില്‍ മുങ്ങുമ്പോള്‍ ശ്വാസോച്ഛ്വാസം തടസപ്പെടുന്നു. മുങ്ങലിന് പകരം നമുക്ക് 'Drowning' എന്ന വാക്ക് ഉപയോഗിക്കാം. തരം തിരിക്കാനും വിശദീകരിക്കാനും അതാവും എളുപ്പം. പല തരം Drowning ഉണ്ട്. നമ്മള്‍ കൂടുതലായും കാണുന്നത് ശുദ്ധജലത്തില്‍ ഉണ്ടാവുന്നതും കടലിലെ ഉപ്പുരസമുള്ള ജലത്തില്‍ ഉണ്ടാവുന്നതുമാണ്. ഇവയല്ലാത്ത കുറച്ചു തരങ്ങള്‍ കൂടിയുണ്ട്. Dry Drowning, Immersion Syndrome, Secondary Drowning എന്നിവയാണവ.

ശരീരഭാരം മൂലം, വീഴുന്ന വ്യക്തി വെള്ളത്തില്‍ താഴുവാന്‍ തുടങ്ങുന്നു. എന്നാല്‍ നീന്തല്‍, നീന്തലിന് സമാനമായ ശരീര ചലനങ്ങള്‍, ശരീരത്തിന്റെ പ്ലവക്ഷമബലം എന്നിവ മൂലം ശരീരം പൊങ്ങി നില്‍ക്കുന്നു. നീന്തല്‍ അറിയില്ലാത്തവരും നീന്താന്‍ സാധിക്കാത്തവരും സഹായത്തിനായി നിലവിളിക്കുകയും കൂടുതല്‍ ആയാസപ്പെടുകയും ചെയ്യുന്നു. ഇതിനാല്‍ ശ്വാസം വലിക്കുമ്പോള്‍ വായുവിനോടൊപ്പം കുറച്ചു ജലവും ശ്വാസനാളിയിലും ശാസകോശത്തിലുമെത്തുന്നു. ഈ പ്രക്രിയ പല തവണ ആവര്‍ത്തിക്കുന്നു; ശരീരഭാരം കൂടുന്നതിനോടൊപ്പം ആ വ്യക്തി മുങ്ങുകയും ചെയ്യുന്നു.

ശുദ്ധ ജലത്തിലും കടല്‍ വെള്ളത്തിലും മുങ്ങുമ്പോള്‍ ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വ്യത്യസ്തമാണ്. അതിനെക്കുറിച്ചും ലഘുവായി പ്രതിപാദിക്കാം എന്നുകരുതുന്നു.

ശുദ്ധജലത്തില്‍: ശ്വാസകോശത്തിനുള്ളിലെത്തുന്ന ജലം 'Alveoli' കളിലേക്ക് കടക്കുന്നു. ഇങ്ങനെ കടക്കുന്ന ജലം രക്തത്തില്‍ കലരുകയും അതിനാല്‍ രക്തത്തിന്റെ അളവ് കൂട്ടുകയും സാന്ദ്രത കുറക്കുകയും ചെയ്യുന്നു. അളവ് കൂടുന്നതിനാല്‍ ഹൃദയത്തിന്റെ ജോലിഭാരം വര്‍ദ്ധിക്കുന്നു. പ്ലാസ്മയുടെ സാന്ദ്രത കുറയുകയും ചുവന്ന രക്താണുക്കള്‍ പൊട്ടി പൊട്ടാസ്യം രക്തത്തിലേക്ക് കൂടുതലായെത്തുകയും ചെയ്യുന്നു. ഈ മാറ്റങ്ങളുടെ ഫലമായി ഹൃദയത്തിലെ പേശികളുടെ പ്രവര്‍ത്തനം തടസപ്പെടുന്നു (Vetnricular fibrillation). മരണം സംഭവിക്കുന്നു.

കടല്‍ വെള്ളത്തില്‍: Alveoliലെത്തുന്ന ജലത്തിന്റെ സാന്ദ്രത കൂടുതലാണെന്നറിയാമല്ലോ. അതിനാല്‍ രക്തത്തിലെ ജലം Alveoli ലേക്ക് കയറുന്നു. രക്തത്തിന്റെ സാന്ദ്രത കൂടുകയും അളവ് കുറയുകയും ചെയ്യുന്നു. ഇതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലക്കുന്നു. മരണം സംഭവിക്കുന്നു.

മുകളില്‍ വിവരിച്ച രണ്ട് തരം മുങ്ങലുകളിലും ശ്വസന പ്രക്രിയ തടസപ്പെടുന്നുണ്ട്. ശരീരത്തിലെ കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നുണ്ട്. ഇതും മരണത്തിന് കാരണമാണ്.

ശുദ്ധജലത്തില്‍ മരണം സംഭവിക്കാന്‍ 4 മുതല്‍ 5 മിനിറ്റ് വരെയും കടലില്‍ 8 മുതല്‍ 12 മിനിറ്റ് വരെയും സമയം എടുക്കും.

എന്നാല്‍ ഇങ്ങനെ മാത്രമല്ല മുങ്ങിമരണങ്ങള്‍ സംഭവിക്കുക. അര മീറ്റര്‍ വ്യാസത്തില്‍ അരയടി ആഴമുള്ള വെള്ളത്തില്‍ മുങ്ങി മരിച്ചവരുമുണ്ട്. വായും മൂക്കും മാത്രം അടഞ്ഞു നില്‍ക്കുന്ന തരത്തില്‍ വെള്ളത്തില്‍ മുങ്ങിയാലും മരണം സംഭവിക്കാം. അപസ്മാരം പോലെയുള്ള അസുഖങ്ങള്‍ ഉള്ളവരിലും ലഹരിക്കടിപ്പെട്ടവരിലും മറ്റസുഖങ്ങള്‍ മൂലവും ആഴം കുറഞ്ഞ വെള്ളത്തില്‍ വീഴുന്നവര്‍ക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. പലപ്പോഴും ഇങ്ങനെയുള്ള മരണങ്ങളില്‍ വളരെയധികം ആരോപണങ്ങള്‍ ഉണ്ടാവാറുണ്ട്.

ഇതുമാത്രമല്ലാതെ മറ്റ് മൂന്നുതരം Drowning കൂടിയുണ്ടെന്ന് പറഞ്ഞിരുന്നല്ലോ.

Dry Drowning: വെള്ളം ശ്വാസകോശങ്ങളില്‍ എത്തുന്നില്ല. ശ്വാസനാളിയുടെ ആരംഭത്തില്‍ ജലമെത്തുകയും ശ്വാസനാളിയുടെ ആരംഭഭാഗം (Laryngeal spasm) സങ്കോചിക്കുകയും ചെയ്യുന്നു. വായു ശ്വാസകോശത്തിലെത്താതെ മരണം സംഭവിക്കുന്നു.

Secondary Drowning : വെള്ളത്തില്‍ മുങ്ങിയ വ്യക്തി 24 മണിക്കൂറില്‍ കൂടുതല്‍ ജീവനോടെ ഇരിക്കുകയും Drowningന്റെ സങ്കീര്‍ണ്ണതകളാല്‍ മരണമടയുകയും ചെയ്യുന്നു. മസ്തിഷ്‌കത്തിലേക്കുള്ള ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതുകാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഹൃദയത്തിലെ പേശികളില്‍ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതുകാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ചുവന്ന രക്താണുക്കള്‍ നശിച്ചതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അണുബാധ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും മരണം സംഭവിക്കാം.

Immersion Syndrome (Hydrocution): തണുത്ത ജലത്തില്‍ പ്രവേശിക്കുന്ന ആളുടെ ഹൃദയം Vasovagal inhibition മൂലം പ്രവര്‍ത്തന രഹിതമാകുന്നു.

ചിലപ്പോഴെങ്കിലും മുങ്ങി മരിക്കുന്നതിന് മുന്‍പ് വീഴ്ചയില്‍ ഏറ്റ ആഘാതം മൂലവും മരണങ്ങള്‍ ഉണ്ടാവാറുണ്ട്.

വെള്ളത്തില്‍ മുങ്ങിയ ഒരാള്‍ Suspended animation എന്ന ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ട്. ജീവനുണ്ടെങ്കിലും ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിലച്ച് ബോധമില്ലാത്ത അവസ്ഥയിലെത്തുന്നതാണിത്. ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയാണെന്നേ തോന്നുകയുള്ളൂ. ഈ അവസ്ഥയില്‍ നിന്നും ജീവനോടെ തിരിച്ചെത്തുക സാധ്യമാണ്.

വെള്ളത്തില്‍ വീഴുന്നവരെ രക്ഷിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും നമ്മള്‍ വായിക്കാറുണ്ട്. നമ്മളില്‍ പലരും പലരെയും രക്ഷിച്ചിട്ടുമുണ്ടാകും. രക്ഷിക്കാനായി ശ്രമിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് കുറേയേറെ ലേഖനങ്ങള്‍ വന്നിട്ടുള്ളതിനാല്‍ അതിലേക്ക് കടക്കുന്നില്ല. 

പ്രഥമശുശ്രൂഷയിലെ തെറ്റിദ്ധാരണകള്‍ 

ഉദരഭാഗത്ത് അമര്‍ത്തി കുടിച്ച വെള്ളം കളയുക എന്നത് ഗുണകരമല്ല എന്നുമാത്രമല്ല ചിലപ്പോള്‍ ദോഷകരവുമാകാം. കാരണം അങ്ങിനെ ചെയ്യുമ്പോള്‍ ആമാശയത്തിലെ ആഹാര പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയില്‍ എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അതൊഴിവാക്കുക.

വായിലും മൂക്കിലും മറ്റും എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ മാറ്റുക. തല അല്‍പം ചെരിച്ചുകിടത്തുക. ആവശ്യമെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം (Artificial respiration), CPR എന്നിവ നല്‍കുക. താമസം കൂടാതെ ആവശ്യമായ സൗകര്യങ്ങള്‍ ഉള്ള ആസ്പത്രിയില്‍ എത്തിക്കുക.

ചില കാര്യങ്ങള്‍ കൂടി നമുക്ക് ശ്രദ്ധിക്കാം. അപസ്മാരം ഉള്ളവര്‍ നീന്തുമ്പോള്‍ കൂടെയുള്ളവര്‍ കുറച്ചൊരു ശ്രദ്ധ നല്‍കുക. നീന്തല്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട ഒന്നാണ്. ചെറുപ്പത്തിലേ പഠിച്ചാല്‍ വളരെ നല്ലത്. പഠനത്തിന്റെ ഭാഗമാക്കിയാലും തെറ്റില്ല. മികച്ച വ്യായാമങ്ങളിലൊന്നാണ് നീന്തല്‍.