കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഭാഗമാണല്ലോ ഫൊറന്‍സിക് മെഡിസിന്‍. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം വളരെയധികം വിമര്‍ശനത്തിന് വിധേയമാകുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ആധുനിക വൈദ്യശാസ്ത്ര വിഭാഗമാണ്
ഇത്. ഉദ്വേഗജനകമായ കേസുകള്‍  ഒന്നുമില്ലെങ്കില്‍ ഇങ്ങനെയൊരു വിഭാഗത്തിന് ഒരു വാര്‍ത്താപ്രാധാന്യവും കിട്ടാറില്ല.

 ആധുനിക വൈദ്യശാസ്ത്ര വിജ്ഞാനത്തെ നിയമ പാലനത്തിനായി ഉപയോഗിക്കുന്ന വിഭാഗമാണിത്. 'Forensis' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നുമാണ് ഫൊറന്‍സിക് എന്ന വാക്കിന്റെ ഉദ്ഭവം. പുരാതന റോമിലെ നിയമ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന 'ഫോറം' എന്ന സ്ഥലത്തെ സംബന്ധിച്ചതെന്നാണ് വാക്കിന്റെ അര്‍ത്ഥം. ലീഗല്‍ മെഡിസിന്‍ എന്നാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ഫൊറന്‍സിക് മെഡിസിന്‍ അറിയപ്പെടുന്നത്

സിസ്റ്റര്‍ അഭയ കൊലക്കേസ്, പെരുമ്പാവൂര്‍ കൊലക്കേസ് തുടങ്ങിയ നിരവധി കേസുകളിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ വിവാദമാകുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു. ഇത്തരം പരിശോധനകളെക്കുറിച്ചും ഫോറന്‍സിക് മെഡിസിന്‍ എന്ന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ശരിയായ അറിവ് പൊതുസമൂഹത്തിനില്ലാത്തതു കൊണ്ടു തന്നെ  വളരെയധികം വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വിഭാഗത്തെക്കുറിച്ചും പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളെക്കുറിച്ചുമുള്ള ലളിതവും ശാസ്ത്രീയവുമായ വിലയിരുത്തല്‍ ആണ് ഇത്.

 പ്രധാന വിഭാഗങ്ങള്‍ 

  Thanatology 

 മരണത്തെ സംബന്ധിച്ച ശാസ്ത്രീയ പഠനമാണിത്. മരണത്തിന്റെ വൈദ്യശാസ്ത്ര പരമായ വശങ്ങളും അതിന്റെ നിയമപരമായ വശങ്ങളുടെ വിശകലനവും ഇതിലുള്‍പ്പെടുന്നു. മൃത ശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് പഠിക്കുക, അതിലൂടെ മരണ സമയം കണ്ടുപിടിക്കുക, വിശകലനം ചെയ്യുക  എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു. 

 Forensic Pathology 

 മരണ കാരണം കണ്ടുപിടിക്കുന്ന ഫൊറന്‍സിക് മെഡിസിന്‍ വിഭാഗമാണിത്. പരിക്കുകള്‍ മൂലം ശരീരത്തിലുണ്ടാവുന്ന ആഘാതങ്ങളെ കുറിച്ചും മരണകാരണമാകാവുന്ന അസ്വാഭാവിക സംഭവങ്ങളെ കുറിച്ചും അസുഖങ്ങളെ കുറിച്ചും പഠിക്കുന്ന വിഭാഗമാണിത്. ആവശ്യമായ അവസരങ്ങളില്‍ ആന്തര അവയവങ്ങളുടെ ഭാഗങ്ങള്‍ പരിശോധനക്ക് ശേഖരിക്കുന്നതും പഠിക്കുന്നതും ഇവരാണ്. 

 Clinical Forensic Medicine

 മെഡിക്കോലീഗല്‍ ആവശ്യങ്ങള്‍ക്കായി ജീവിച്ചിരിക്കുന്ന മനുഷ്യനെ പരിശോധിക്കുന്ന വിഭാഗമാണ് ക്ലിനിക്കല്‍ ഫൊറന്‍സിക് മെഡിസിന്‍. ആക്രമണങ്ങളിലും അപകടങ്ങളിലും മറ്റും പരിക്കേല്‍ക്കുന്നവരെ പരിശോധിച്ച് പരിക്കുകളെ കുറിച്ചുള്ള സര്‍ട്ടിഫിക്കറ്റ് (Wound Certificate) നല്‍കുക, ബലാല്‍സംഘത്തിനിരയായവരുടെ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുക, റേപ്പ് കേസുകളില്‍ പ്രതികളായവരുടെ ലൈംഗിക ഉദ്ധാരണ ശേഷി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് (Potency Certificate) നല്‍കുക, മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും സര്‍ട്ടിഫിക്കറ്റ് (Drunkenness Certificate) നല്‍കുകയും ചെയ്യുക എന്നതൊക്കെ ഉദാഹരണങ്ങളാണ്.

പരിശോധനയോടൊപ്പം തന്നെ അന്വേഷണത്തിനാവശ്യമായ തെളിവുകള്‍/വസ്തുക്കള്‍ ശേഖരിച്ച് നല്‍കേണ്ടതും ഈ വിഭാഗമാണ്. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഇത്തരം കേസുകളിലൂടെ നിരന്തരം കടന്നുപോകേണ്ട സാഹചര്യമാണുള്ളത്. 

 Forensic Odontology, Forensic Psychiatry, Forensic Serology, Forensic Osteology, Forensic Anthropology എന്നിങ്ങനെ ക്ലിനിക്കല്‍ ഫൊറന്‍സിക് മെഡിസിനെ വീണ്ടും വിഭജിക്കാവുന്നതാണ്. 

  Medical Jurisprudence 

 നിയമ പരിപാലനത്തിനായി വൈദ്യശാസ്ത്ര വിജ്ഞാനത്തെ ഉപയോഗിക്കുന്ന വിഭാഗമാണ് ഫൊറന്‍സിക് മെഡിസിനെങ്കില്‍, വൈദ്യ പരിശീലനത്തിലെ നിയമ വശങ്ങളാണ് മെഡിക്കല്‍ ജൂറിസ്പ്രുഡന്‍സ് കൈകാര്യം ചെയ്യുന്നത്. ഡോക്ടര്‍-രോഗീ ബന്ധത്തിലെ നിയമ വശങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഡോക്ടറുടെ കടമകള്‍, അധികാരങ്ങള്‍, അവകാശങ്ങള്‍ എന്നിവയും മെഡിക്കല്‍ നെഗ്ലിജന്‍സ്, മെഡിക്കല്‍ എത്തിക്‌സ് തുടങ്ങിയവയും മെഡിക്കല്‍ ജൂറിസ്പ്രുഡന്‍സിന്റെ ഭാഗമാണ്. 

  Medical Ethics 

 വൈദ്യവൃത്തിയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മിക മൂല്യങ്ങളാണ് മെഡിക്കല്‍ എത്തിക്‌സ്. ഡോക്ടറുടെ നൈതികതയിലൂന്നിയ രോഗീ ചികിത്സയാണ് ഇതിന്റെ കാതല്‍. പല ഡോക്ടര്‍മാരും അനുവര്‍ത്തിക്കുന്ന മരുന്ന് കമ്പനികളില്‍ നിന്നും ലാബുകളില്‍ നിന്നും അനധികൃതമായി  വാങ്ങുന്നതടക്കമുള്ള പല നൈതിക വിരുദ്ധ പ്രവര്‍ത്തികളെ കുറിച്ചും അതിനുള്ള ശിക്ഷകളെ കുറിച്ചും പ്രതിപാദിക്കുന്ന വിഭാഗമാണിത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് ഇവിടുത്തെ എത്തിക്കല്‍ വ്യവഹാരങ്ങള്‍ നിര്‍വചിച്ചിരിക്കുന്നത്. 'Ethikos' എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് എത്തിക്‌സ് എന്ന പദത്തിന്റെ ഉദ്ഭവം. പെരുമാറ്റത്തിലെ നിയമങ്ങള്‍ എന്നാണ് വാക്കിന്റെ അര്‍ത്ഥം. 

 Medical Etiquette

 വൈദ്യവൃത്തി ചെയ്യുന്നവര്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകളും നിയമങ്ങളുമാണ് ഇത്. 

  Forensic Toxicology

വിഷത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ടോക്‌സിക്കോളജി. വിഷം ഉള്ളില്‍ ചെന്നതിന്റെ അടയാളങ്ങളും ലക്ഷണങ്ങളും, വിഷനിര്‍ണ്ണയം, ചികിത്സ എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു. വിഷങ്ങളെ സംബന്ധിച്ച മെഡിക്കോലീഗല്‍ വശങ്ങളുടെ പഠനമാണ് ഫൊറന്‍സിക് ടോക്‌സിക്കോളജി. മരുന്നുകളെ കുറിച്ചും വിവിധ വിഷങ്ങളെക്കുറിച്ചും ശരീരത്തിലെ അവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അത്തരം കേസുകളില്‍ തെളിവുകള്‍ സ്വീകരിക്കുന്നതിനെ കുറിച്ചും പഠിക്കുന്ന വിഭാഗമാണിത്. വിവിധ വിഷങ്ങളുടെ സാന്നിധ്യം മൃതദേഹങ്ങളില്‍ നിന്നും കണ്ടെത്തുന്നതും രാസ പരിശോധനക്കയക്കുന്നതും, ഫലവും മരണ കാരണവും വ്യക്തമാക്കുന്നതും ഫൊറന്‍സിക് ടോക്‌സിക്കോളജിയുടെ ഭാഗമാണ്. 

 ഔദ്യോഗിക ജീവിതത്തില്‍ രോഗീ ചികിത്സയോടൊപ്പം തന്നെ നിയമപരമായ കടമകളുമുള്ള വ്യക്തികളുമാണ് ഡോക്ടര്‍മാര്‍. മനുഷ്യ ജീവന്റെ സംരക്ഷകരായതുകൊണ്ട് തന്നെ ഡോക്ടര്‍മാരുടെ സാമൂഹ്യമായ പ്രതിബദ്ധതയും ഉയര്‍ന്നതായിരിക്കണം.

മെഡിക്കോലീഗല്‍ കേസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതും കോടതിയില്‍ മൊഴി നല്‍കേണ്ടതും ഒരു ഡോക്ടറുടെ കടമയാണ്. കോടതിയില്‍ ഡോക്ടര്‍ നിഷ്പക്ഷനും ശാസ്ത്രത്തിന്റെ വക്താവുമായിരിക്കണം. വാദിയുടേയോ പ്രതിയുടേയോ പക്ഷം പിടിക്കുകയല്ല ഡോക്ടറുടെ ലക്ഷ്യം, പകരം പരിശോധനയിലൂടെ രൂപീകരിച്ച വിവരങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്യേണ്ടത്. 

 ഫൊറന്‍സിക് മെഡിസിന്‍ എന്നതിന് പകരം പലപ്പോഴും മാധ്യമങ്ങളിലടക്കം ഉപയോഗിക്കപ്പെടുന്ന വാക്കാണ് ഫൊറന്‍സിക് സയന്‍സ്. നിയമ പാലനത്തിനായി സയന്‍സിന്റെ അറിവുകള്‍ പ്രയോജനപ്പെടുത്തുന്ന ബൃഹത്തായ ശാസ്ത്ര ശാഖയാണ് ഫൊറന്‍സിക് സയന്‍സ്. ഊര്‍ജ്ജതന്ത്രം, രസതന്ത്രം, സസ്യശാസ്ത്രം തുടങ്ങിയ വിവിധ ശാസ്തങ്ങളിലെ അറിവുകള്‍ നിയമ പാലനത്തിനായുപയോഗിക്കുന്നു.

Forensic Linguistics, Forensic Geology, Forensic Ballistics, Forensic DNA analysis, Forensic Entomology തുടങ്ങിയവ ഉപവിഭാഗങ്ങളാണ്.

( അടുത്ത ഭാഗം: ചരിത്രത്തിലേക്കൊരെത്തിനോട്ടം - ഫൊറന്‍സിക് മെഡിസിനും കുറ്റാന്വേഷണവും. )


(കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ ലക്ചര്‍ ആണ് ലേഖകന്‍)