thunder bolt

'ബോംബെ'യില്‍ സി.ബി.ഐയില്‍ ജോലി ചെയ്യുന്ന കാലത്ത് 'അശോക് ധമീജ' എന്നുപേരുള്ള ഒരു ചെറുപ്പക്കാരന്‍ ഐ.പി.എസ്. ഓഫീസര്‍ ഞങ്ങളുടെ ബ്രാഞ്ചിന്റെ എസ്.പി. ആയി വന്നു. തുടക്കത്തില്‍ ചില ഏറ്റുമുട്ടലുകളുണ്ടായെങ്കിലും പിന്നീട് ഞാനും അദേഹവും അടുത്ത സുഹൃത്തുക്കളായി. ഒരിക്കല്‍ 'നക്‌സലേറ്റ്' പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നക്‌സലേറ്റുകളുടെ പല നടപടികളോടും വിയോജിപ്പുണ്ടെങ്കിലും പല സാഹചര്യങ്ങളിലും അവരോട് തനിക്ക് മതിപ്പു തോന്നിയിട്ടുണ്ടെന്ന് അശോക് ധമീജ പറഞ്ഞു. 

അങ്ങനെ പറയാന്‍ പ്രേരിപ്പിച്ച ചില അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അശോക്  മഹാരാഷ്ട്രയിലെ 'ഗഡ്ചിരോളി' എന്ന ജില്ലയില്‍ എസ്.പി. ആയി പ്രവര്‍ത്തിക്കുന്ന സമയം. പുകയില കൃഷിക്കാര്‍ വന്‍തോതില്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ഥലമാണ് ഗഡ്ചിരോളി. ഈ ചൂഷണത്തിനെതിരെ പോരാടിക്കൊണ്ടാണ് നക്‌സല്‍ പ്രസ്ഥാനം അവിടെ വേരുപിടിച്ചതും ആധിപത്യമുറപ്പിച്ചതും.

ഗഡ്ചിരോളിയിലെ നക്‌സലേറ്റ് താവളങ്ങളുള്ള കാടുകളിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ജില്ലയുടെ പല ഭാഗങ്ങളും സന്ദര്‍ശിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. എസ്പി എന്ന നിലയില്‍ അത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ടി വരുമ്പോള്‍ നേരത്തെയുണ്ടായിരുന്ന എസ്.പി.മാരും ഉദ്യോഗസ്ഥന്മാരും ചെയ്യുന്നതുപോലെ യന്ത്രത്തോക്കേന്തിയ പോലീസ് അകമ്പടിയോടെയാണ് അശോകും യാത്ര ചെയ്തത്. അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം അദ്ദേഹത്തെ തേടി ഒരു ഫോണ്‍ കോള്‍ വന്നു. 

'ഗഡ്ചിരോളി'യിലെ നക്‌സലേറ്റ് നേതാവാണ് താന്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് വിളിച്ചയാള്‍ സംസാരിച്ചു തുടങ്ങിയത്. എസ്.പി. എന്ന നിലയിലുള്ള അശോകിന്റെ പ്രവര്‍ത്തനങ്ങളെ അയാള്‍ അനുമോദിച്ചു സംസാരിച്ചു. പാവങ്ങളോട് അനുഭാവം കാണിക്കുകയും സാമൂഹ്യ പ്രശ്‌നങ്ങളെ സത്യസന്ധമായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിങ്ങളെ അംഗീകരിക്കുന്നതായി അശോകിനോട് അയാള്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു ഉദ്യോഗസ്ഥന്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൂടെ സായുധ അകമ്പടിയോടെ സഞ്ചരിക്കേണ്ടി വരുന്നത് തങ്ങള്‍ക്ക് താല്പര്യമുള്ള കാര്യമല്ലെന്നും അതിനാല്‍ യാതൊരു ഭയവും കൂടാതെ സായുധ ഭടന്‍മാരുടെ അകമ്പടിയില്ലാതെ ആ വനങ്ങളിലൂടെ ഇനി സഞ്ചരിക്കാമെന്നും വിളിച്ചയാള്‍ അശോകിന് ഉറപ്പുകൊടുത്തു,

തങ്ങള്‍ക്ക് അശോകിനെ കൊല്ലണമെങ്കില്‍ എത്ര വലിയ സുരക്ഷയും പ്രശ്‌നമല്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. അയാളുടെ വാക്കുകളിലെ ആത്മാര്‍ത്ഥത അശോക് വിശ്വസിച്ചു. മേലധികാരികളുടെ എതിര്‍പ്പിനെ അവഗണിച്ച് സുരക്ഷാവലയങ്ങളില്ലാതെ അയാള്‍ നക്‌സല്‍ ശക്തികേന്ദ്രങ്ങളായ വനങ്ങളിലൂടെ സഞ്ചരിച്ചു. ആ ജില്ലയില്‍ നിന്ന് സ്ഥലം മാറിപ്പോക്കും വരെ അശോക് അത് തുടര്‍ന്നു. സത്യസന്ധനായ ആ ഉദ്യോഗസ്ഥന്‍ ഐപിഎസിന്റെ പൊതു സംസ്‌കാരത്തിന് പറ്റുന്നവനായിരുന്നില്ല. വ്യവസ്ഥിതികളോട് കലഹിച്ച് അദ്ദേഹം പിന്നീട് സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ചു.

ഇത്രയും പറഞ്ഞത് പോലീസുകാരെല്ലാം നക്‌സലേറ്റുകള്‍ക്ക് എതിരാണെന്നും നക്‌സലേറ്റുകള്‍ പോലീസുകാരെ ശത്രുക്കളായാണ് കാണുന്നതെന്നുമുള്ള ചിന്ത ശരിയല്ലെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ്. ഒരു 'കൊളോണിയല്‍' ചിന്തയുടെ ബാക്കിയാണ് ഇത്തരം തെറ്റിദ്ധാരണകള്‍. ഒരുപാട് ഉദ്യോഗസ്ഥന്മാര്‍ക്ക് ഇത്തരം കഥകള്‍ പറയാനുണ്ട്. പരസ്പരം വെടിവെപ്പും മരണവുമൊക്കെ മുറപോലെ നടക്കും അതുവേറെ കാര്യം. 

നക്‌സല്‍കാലം........

നക്‌സലേറ്റ് ആശയങ്ങള്‍ കേരളത്തില്‍ വ്യാപകമായി പ്രചരിക്കുന്ന കാലത്താണ് എന്റെ യൗവ്വനകാലം തുടങ്ങുന്നത്. കണ്ണൂരിന്റെ ബീഡിക്കടകളിലും ചായക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലുമെല്ലാം ഇത്തരം ആശയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. നിലവിലുള്ള സാമൂഹ്യ അനീതികള്‍ക്കെതിരായ ആശയം എന്ന രീതിയില്‍ അതിനോട് ഒരുപാട് എതിര്‍പ്പൊന്നും തോന്നിയിട്ടില്ല. പക്ഷേ 'അറുകൊല' രീതിയിലുള്ള അക്രമങ്ങളോട് അനുഭാവം കാട്ടാനും പറ്റില്ല. പക്ഷേ യഥാര്‍ഥ നക്‌സലേറ്റ് 'ആക്ഷന്‍സ്' കേരളത്തില്‍ ഉണ്ടായപ്പോള്‍ അതിനെക്കുറിച്ച് ഭീതിജനകമായ വാര്‍ത്തകളാണ് അന്നത്തെ പത്രങ്ങള്‍ പടച്ചു വിട്ടത്. നക്‌സലിസം കേരളത്തെ പിടിച്ചെടുക്കാന്‍ പോകുന്നുവെന്നും ഭീകരമായ ഒരു അവസ്ഥ കേരളത്തില്‍ സംജാതമാകാന്‍ പോകുന്നുവെന്നുമുള്ള ഭയം മാധ്യമങ്ങള്‍ കേരളത്തിലെ സാധാരണക്കാരുടെ മനസ്സില്‍ സൃഷ്ടിച്ചു. എന്റെ മനസ്സിലും ആ ഭീതി ആളിക്കത്തി. കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, അജിത, വാസു..... അന്നത്തെ നക്‌സല്‍ നേതാക്കളെല്ലാം ഭീകരരായി മനസ്സില്‍ നിറഞ്ഞു.

പില്‍ക്കാലത്ത് പോലീസില്‍ ചേര്‍ന്ന എന്റെ ആദ്യത്തെ പോസ്റ്റിങ്ങ് കോഴിക്കോട്ടായിരുന്നു. ഇവിടെ വെച്ചാണ് ഈ നക്‌സല്‍ കഥാപാത്രങ്ങളെയെല്ലാം ഞാന്‍ നേരിട്ട് പരിചയപ്പെടുന്നത്. കുന്നിക്കല്‍ നാരായണന്‍ അപ്പോഴേക്കും മരിച്ചിരുന്നു എന്നു തോന്നുന്നു. പക്ഷേ പിന്നീട് വായിച്ചറിഞ്ഞ അദ്ദേഹത്തിന്റെ ബൗദ്ധികമായ ഔന്നിത്യവും തന്റെ പ്രസ്ഥാനത്തോടുള്ള കഠിനമായ ആത്മാര്‍ഥതയും മറ്റും ബഹുമാനമുണര്‍ത്തുന്നവയായിരുന്നു. മന്ദാകിനി ടീച്ചറെ പരിചയപ്പെട്ടപ്പോള്‍, ഈ സൗമ്യയായ സ്ത്രീയെയാണോ മാധ്യമങ്ങള്‍ ഭീകരജീവിയായി ചിത്രീകരിച്ചത് എന്ന് ഞാന്‍ അതിശയിച്ചു. മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുമ്പോള്‍ വല്ലപ്പോഴും ടീച്ചറുടെ വീട്ടില്‍ കയറുമായിരുന്നു. ടീച്ചര്‍ ചായയും തരും. അജിതയോടുള്ള ബന്ധം ഇന്നും തുടരുന്നു. എ. വാസുവിനോടാണ് പക്ഷേ എനിക്ക് കൂടുതല്‍ മാനസിക അടുപ്പം തോന്നിയിട്ടുള്ളത്.

മന്ദാകിനി നാരായണന്‍
മന്ദാകിനി നാരായണന്‍

1983/84 കാലഘട്ടത്തില്‍ ഒരു ആറുമാസക്കാലം ഞാന്‍ കോഴിക്കോട് മാവൂര്‍ സ്‌റ്റേഷനില്‍ എസ്.ഐ. ആയിരുന്നു. മാവൂര്‍ അന്ന് 'ഗ്വാളിയോര്‍ റയോണ്‍സി'ന്റെ നാടായിരുന്നു. ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിയില്‍ നടക്കുന്ന സമരങ്ങളൊക്കെ കമ്പനിയുടെ ലോക്കല്‍ കണ്‍ട്രോള്‍ ഉള്ള സാബുവും പ്രധാന തൊഴിലാളി സംഘടനാ നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് എന്ന് ആരോപണം അന്ന് ഉയര്‍ന്നു കേട്ടിരുന്നു. സാബു അത്തരം ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുമുണ്ട്.

അങ്ങനെയിരിക്കെ അവിടെ ഒരു പുതിയ തൊഴിലാളി സംഘടന ഉടലെടുത്തു 'ഗ്രോ' എന്ന് പേരിട്ട ആ തൊഴിലാളി സംഘടനയുടെ തലപ്പത്ത് നക്‌സല്‍ നേതാവായിരുന്ന വാസുവായിരുന്നു. നക്‌സലിസം തൊഴിലാളി സമരങ്ങളെ മറ്റൊരു തലത്തിലേക്ക് നയിക്കുമെന്നുമൊക്കെയുള്ള പേടി എല്ലാവരിലുമെന്ന പോലെ അന്ന് പോലീസിലും ഉണ്ടായി. ഒരു ദിവസം വൈകുന്നേരം ഞാന്‍ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ മൂന്നുപേര്‍ എന്റെ അടുത്തേയ്ക്ക് വന്നു. വാസു, സത്യന്‍, മോയിന്‍ ബാപ്പു എന്നിവരാണവര്‍. വാസു പറഞ്ഞു: ''ഞങ്ങള്‍ ഗ്രോ എന്ന പേരില്‍ ഒരു തൊഴിലാളി സംഘടന ഉണ്ടാക്കിയിരിക്കുന്നു. അതിന്റെ രൂപീകരണം ഔപചാരികമായി ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. നേരെ സാറിനെ കാണാന്‍ വന്നതാണ്''. തുടര്‍ന്ന് ഒപ്പമുള്ളവരെ വാസു പരിചയപ്പെടുത്തി. 

നക്‌സലേറ്റ് നേതൃത്വത്തില്‍ ഒരു സംഘടന രൂപീകരിച്ച ശേഷം നേതാക്കള്‍ നേരെ പോലീസ് സ്റ്റേഷനില്‍ വന്നത് എന്തിനാണെന്നുള്ള എന്റെ ആകാംക്ഷ ഞാന്‍ മറച്ചുവെച്ചില്ല. വാസു പറഞ്ഞു: ''സാറിനെക്കുറിച്ച് ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. സാറിന്റെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്''. എനിക്ക് അല്പം പൊങ്ങച്ചം തോന്നി.  പിന്നീട് നടന്ന സൗഹൃദ സംഭാഷണത്തില്‍ ഞാന്‍ അവരോട് പറഞ്ഞു. ചെറിയ കാലഘട്ടത്തിനുള്ളില്‍ ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളികളെ മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അവര്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ വലിയ തൊഴിലാളിവര്‍ഗ ബോധമുള്ളവരാണെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ക്ക് വേണ്ടത് സാബുവിനെപ്പോലെ ആര്‍ഭാടമായി ജീവിക്കലാണ്. അതിനുവേണ്ടി നിങ്ങളെ അവര്‍ ഉപയോഗിക്കുകയാണ്.  സംഘടനയില്‍ ഇപ്പോള്‍ തന്നെ 1500 ല്‍ അധികം ആളുകള്‍ ചേര്‍ന്നുകഴിഞ്ഞു എന്നും ഗ്രോ മാവൂരിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന ആയെന്നും നിങ്ങള്‍ അവകാശപ്പെടുന്നു. എനിക്ക് തോന്നുന്നത് 'നക്‌സലേറ്റ് വാസു' ആയുധമെടുത്ത് ഭീഷണിപ്പെടുത്തി സാബുവില്‍ നിന്നും അവര്‍ക്കു വേണ്ടുന്ന കാര്യങ്ങള്‍ നേടിയെടുത്തുകൊടുക്കും എന്ന അത്യാഗ്രഹം കൊണ്ടാണ്. അല്ലാതെ തൊഴിലാളിവര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുക്കാനല്ല അവര്‍ നിങ്ങളുടെ കൂടെ നില്‍ക്കുന്നത്. ആരും അതിന് മറുപടി പറഞ്ഞില്ല. 

grow vasu
ഗ്രോ വാസു

ഞാന്‍ നിയമപരമായി എനിക്ക് നല്‍കാവുന്ന സഹായങ്ങളൊക്കെ അവര്‍ക്ക് വാഗ്ദാനം നല്‍കി. അവര്‍ യാത്ര പറഞ്ഞു പോയി. പക്ഷേ വാസു തിരിച്ചുവന്നു. ''സാറ് പറഞ്ഞത് ഞാന്‍ ഉള്‍ക്കൊള്ളുന്നു. ഇവിടുത്തെ തൊഴിലാളി സംസ്‌കാരത്തെ ഞാനും മനസ്സിലാക്കിയിട്ടുണ്ട്. എന്റെ ഉദ്ദേശ്യം എന്റെ 'യഥാര്‍ഥ പ്രസ്ഥാന'ത്തിലേക്ക് അമ്പത് പേരെയെങ്കിലും കൊണ്ടുപോകലാണ്'. അദ്ദേഹം എന്നോട് പറഞ്ഞു. ''അമ്പത് പോയിട്ട് അഞ്ചുപേരെ പോലും നിങ്ങള്‍ക്ക് ഇവിടുന്ന് കിട്ടില്ലെന്ന് ഞാന്‍ ഉടനെ വാസുവിന് മറുപടി കൊടുത്തു. ഞങ്ങള്‍ വീണ്ടും പിരിഞ്ഞു. 

വൈകാതെ ഗ്രോയുടെ നേതൃത്വത്തില്‍ മാവൂര്‍ റയോണ്‍സില്‍ സമരങ്ങള്‍ ആരംഭിച്ചു. എനിക്ക് പറ്റുന്ന സഹായങ്ങളൊക്കെ ഞാന്‍ കൊടുത്തു. അതെല്ലാം വളരെയേറെ പ്രകീര്‍ത്തിച്ച് വാസു അടുത്തകാലത്തുവരെ പറഞ്ഞിട്ടുണ്ട്. 'ഗ്വാളിയോര്‍ റയോണ്‍സ് പൂട്ടി. ഞാന്‍ അവിടെ നിന്നും സ്ഥലം മാറി കോഴിക്കോട് നഗരത്തിലെ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി. ഗ്വാളിയോര്‍ റയോണ്‍സ് തുറക്കണം എന്നു പറഞ്ഞുകൊണ്ട് 'ഗ്രോ'യുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിന് മുമ്പില്‍ സമരങ്ങള്‍ ആരംഭിച്ചു. അങ്ങനെ ഒരു ദിവസം വാസുവിനെയും മറ്റും അറസ്റ്റ് ചെയ്തു നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. വാസുവുമായി ഞാന്‍ സൗഹൃദസംഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു. ''സാര്‍ അന്ന് പറഞ്ഞില്ലേ, ഗ്വാളിയോര്‍ റയോണ്‍സിലെ തൊഴിലാളി സംസ്‌കാരത്തെക്കുറിച്ച്, സാര്‍ പറഞ്ഞത് നൂറുശതമാനം ശരിയാണ്'. 

എന്തായാലും വല്ലപ്പോഴും കണ്ടുമുട്ടുമ്പോഴൊക്കെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യത്യസ്ഥമായ വാദങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ സംസാരിക്കാനും പരസ്പരം വാദമുഖങ്ങളെ മനസ്സിലാക്കാനും സൗഹൃദം നിലനിര്‍ത്താനും ഞങ്ങള്‍ക്ക് സാധിച്ചു. പിന്നീട് മുസ്ലിം തീവ്രവാദ പ്രസ്ഥാനമെന്ന് വിവക്ഷിക്കപ്പെടുന്ന എന്‍.ഡി.എഫിന്റെ രൂപീകരണത്തിനുശേഷം ആ സംഘടനയുടെ പല പ്രവര്‍ത്തനങ്ങളിലും വാസു പങ്കാളിയായി. ഞാന്‍ കോഴിക്കോട്ടെ തീവ്രവാദ പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്ന സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അക്കാലത്ത് എന്‍.ഡി.എഫ്. നേതാക്കളെ വിളിപ്പിക്കുകയും അവരുടെ മൊഴികളും മറ്റും രേഖപ്പെടുത്തുകയും ചെയ്തു. കൂട്ടത്തില്‍ വാസുവിനെയും വിളിപ്പിച്ചു. 

അടച്ചുപൂട്ടപ്പെട്ട മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്
 അടച്ചുപൂട്ടപ്പെട്ട മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്

ഒരു മതതീവ്രവാദ പ്രസ്ഥാനവുമായി എന്തിനാണ് യോജിച്ചു പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യത്തിന് വാസു മറുപടിയായി പറഞ്ഞത്: ഇന്ത്യയില്‍ മതത്തിനെക്കാളും പ്രസക്തി ജാതിക്കാണ്. ജാതിയുടെ പ്രശ്‌നങ്ങളെയാണ് ആദ്യം നേരിടേണ്ടത് എന്നാണ്. ജാതിയാണ് ഇന്ത്യയുടെ അടിസ്ഥാനപ്രശ്‌നം എന്ന് ഞാന്‍ അംഗീകരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ അതിനെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനുവേണ്ടി നിങ്ങളെ ഉപയോഗിക്കുകയാണെന്നും ഞാന്‍ തിരിച്ചു പറഞ്ഞു. അത് അദ്ദേഹം അംഗീകരിച്ചില്ല. കാലം പിന്നെയും മുന്‍പോട്ട് പോയി ഇന്നും ഞങ്ങളുടെ സൗഹൃദം തുടരുന്നു. മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും വാസുവിനെയും മത തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

അജിതയുടേയും വാസുവിന്റെയും തലത്തിലുള്ള വേറെ ആരെയും കഴിഞ്ഞ നാല്‍പ്പത് കൊല്ലത്തില്‍ കോഴിക്കോട്ട് ഉണ്ടാക്കാന്‍ നക്‌സലേറ്റ് പ്രസ്ഥാനത്തിന് സാധിച്ചിട്ടില്ല. കേരളത്തില്‍ പുതിയ തലമുറയില്‍ നിന്ന് ഒരുപാടുപേര്‍ ഈ പ്രസ്ഥാനത്തില്‍ ആകൃഷ്ടരാകുന്നു എന്നും എനിക്ക് തോന്നുന്നില്ല. അവിടെയും ഇവിടെയും പൊങ്ങിവരുന്ന ചില പേരുകളെ വിശകലനം ചെയ്താല്‍, മതതീവ്രവാദ ശക്തികളുടെ പിണിയാളുകള്‍ മാത്രമാണ് അവരെന്നും, അത്തരം ശക്തികളുടെ അജണ്ടകള്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും മനസ്സിലാകും.

'ഷെഡ്യൂള്‍ഡ് കാസ്റ്റ്' വിഭാഗത്തില്‍പ്പെട്ട ചില ആളുകള്‍ വ്യത്യസ്ത സംഘടനാ പേരുകളില്‍ ചിലപ്പോള്‍ വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതായി കാണാന്‍ പറ്റും. പക്ഷേ ആ വിഭാഗത്തിലെ ബഹുഭൂരിപക്ഷം അത്തരം കാഴ്ചപ്പാടുകളെ തിരസ്‌കരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. വയനാട്ടിലും മറ്റുമുള്ള ഗോത്രവര്‍ഗങ്ങളില്‍ നിന്ന് ഒരാളെ പോലും ആകര്‍ഷിക്കാന്‍ ഇപ്പോള്‍ നക്‌സലേറ്റ് പ്രസ്ഥാനത്തിന് സാധിക്കുന്നില്ല. മുത്തങ്ങ സമരം വെറും പ്രലോഭനങ്ങള്‍ നല്‍കി ആദിവാസികളെ പറ്റിച്ച് ലോറിയില്‍ കയറ്റി മുത്തങ്ങയില്‍ കൊണ്ടിറക്കി നടത്തിയ നാടകമായിരുന്നു. അതില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകള്‍ക്കും അതെന്താണെന്ന് അറിയില്ലായിരുന്നു. പോലീസിന്റെയും ഗവണ്‍മെന്റിന്റെയും പിടിപ്പുകേടുകൊണ്ട് വലുതായ പ്രശ്‌നമാണത്. 

'മാറാട്' കേസ്സ് അന്വേഷണത്തിന് ശേഷം എന്നെ മാറ്റിയത് നേരെ തിരുവനന്തപുരത്ത് മനുഷ്യാവകാശ കമ്മീഷനിലെ മുഖ്യ അന്വേഷണോദ്യോഗസ്ഥന്റെ  പദവിയിലേക്കാണ്. ഐപിഎസ് ഇല്ലാത്തതിനാല്‍ ക്രൈംബ്രാഞ്ച് എസ്പിയായി ഇരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞായിരുന്നു എന്നെ മാറ്റിയത്.  പക്ഷെ എന്നെ ട്രാന്‍സ്ഫര്‍ ചെയ്തത് ഐജി റാങ്കിലുള്ള പോസ്റ്റിലേക്കാണ്. മനുഷ്യാവകാശ കമ്മീഷനില്‍ ജോലി ചെയ്ത ചെറിയ കാലയളവില്‍, ജാനുവിനെയും ഗീതാനന്ദനെയും പോലെയുള്ളവരുമായി എനിക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ആദിവാസികളുടെ പൊതുവികാരം അവര്‍ ചതിക്കപ്പെട്ടു എന്നതാണ്. ആ സമരത്തിന്റെ പിറകിലുണ്ടായിരുന്നത് മതതീവ്രവാദ ശക്തികളായിരുന്നു.

സമകാലിക കേരളത്തിലെ നക്‌സല്‍ സാന്നിധ്യം

ഗോത്രവര്‍ഗങ്ങളുടെ പേരുപറഞ്ഞ് കേരളത്തിന്റെ കാടുകളില്‍ തമ്പടിക്കാന്‍ ശ്രമിക്കുന്ന നക്‌സലേറ്റുകള്‍ മറ്റു സംസ്ഥാനങ്ങളിലെ താവളങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ഇവിടുത്തെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതി മുതലെടുത്തു കൊണ്ട് സുരക്ഷിതത്വം നേടുക മാത്രമാണ് ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ മലയാളികളല്ല. പ്രസ്ഥാനത്തിന്റെ ഇത്രയും ഉയര്‍ന്ന നേതാക്കള്‍ ഇവിടെ എത്തുന്നു എന്നത് കേരളം സുരക്ഷിതമാണ് എന്ന് മനസ്സിലാക്കുന്നത് കൊണ്ടാണ്. ലോകമാസകലം 'മനുഷ്യാവകാശ' നിയമങ്ങളും ആശയങ്ങളും തീവ്രവാദ പ്രസ്ഥാനങ്ങള്‍ ആയുധമായി ഉപയോഗിക്കുന്നു. അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. 'കാഠ്മണ്ഡു' മുതല്‍ 'കൊളംബോ' വരെയുള്ള റെഡ് കോറിഡോര്‍ കുറച്ചു മുമ്പേയുള്ള ആശയമായിരുന്നു. 

എല്‍.ടി.ടി.ഇ.യും ഐ.എസ്.ഐ. സ്‌പോണ്‍സര്‍ ചെയ്യുന്ന മതതീവ്രവാദ ശക്തികളും അവരുടേതായ കാരണത്താല്‍ ഈ കാര്യത്തില്‍ പങ്കാളികളായി. ആയുധക്കടത്തും മയക്കുമരുന്നു കടത്തും ഈ രണ്ടു വിഭാഗത്തിന്റെയും സാമ്പത്തിക സ്രോതസ്സിന് ആവശ്യവുമായിരുന്നു. അതിലേറെ ഇന്ത്യയില്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഇന്ത്യയെ ശിഥിലമാക്കുകയും രണ്ട് വിഭാഗത്തിന്റെയും താല്പര്യവുമായിരുന്നു. എല്‍.ടി.ടി.ഇ.യുടെ തകര്‍ച്ചയോടെ ഈ കൂട്ടായ്മയ്ക്ക് ശക്തി കുറഞ്ഞെങ്കിലും ഐ.എസ്.ഐ. അവരുടെ അജണ്ട നടപ്പാക്കാന്‍ നക്‌സലേറ്റുകളെ ഉപയോഗിക്കുന്നത് തുടരുന്നുണ്ട്.

'മാറാട്' കേസന്വേഷണത്തിന്റെ ഫലമായിട്ടാണെന്ന് തോന്നുന്നു സര്‍വീസില്‍ നിന്ന് വിരമിക്കും മുന്‍പുള്ള അവസാന പതിനഞ്ച് മാസങ്ങളില്‍ അഞ്ചോ ആറോ സ്ഥലത്തേക്ക് എനിക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. എന്തായാലും വ്യത്യസ്തമായ ആ അനുഭവങ്ങളെല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. അതില്‍ എടുത്ത് പറയേണ്ടത് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്ന കേരളത്തിലെ ഏക സ്‌പെഷല്‍ ഫോഴ്‌സിന്റെ കമാണ്ടന്റ് എന്ന പോസ്റ്റില്‍ പ്രവര്‍ത്തിച്ചതാണ്. തണ്ടര്‍ ബോള്‍ട്ട് എന്ന പേരില്‍ ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കമാന്‍ഡോ വിഭാഗം ഈ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ഭാഗമാണ്. 

തണ്ടര്‍ബോള്‍ട്ട് പ്രധാനമായും പരിശീലനം നേടുന്നത് ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, ഇന്ത്യയിലെ പ്രധാന പോലീസ് കമാന്‍ഡോ വിഭാഗങ്ങള്‍ എന്നിവരില്‍ നിന്നൊക്കെയാണ്. ആ വിഭാഗത്തെ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നതാണ് നിയമം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ട്രെയിനിംഗ് ആണ് പ്രധാനമായും അവര്‍ക്ക് കിട്ടുന്നത്. അതുകൊണ്ടുതന്നെ തോക്കിന്റെ കാഞ്ചിയിലേക്ക് വിരല്‍ പോകാനുള്ള പ്രവണത അവര്‍ക്ക് കൂടുതലായിരിക്കും. എന്നാലിപ്പോള്‍ ഈ ഉശിരന്‍ കുട്ടികളെ മന്ത്രിമാരുടെ എസ്‌കോര്‍ട്ടിനുപോലും ഉപയോഗിക്കാന്‍ തുടങ്ങി എന്നതാണ് സത്യം. അത് അത്തരമൊരു ഫോഴ്‌സിനെ നശിപ്പിക്കും. 

ഒരിക്കല്‍ കണ്ണൂരിലെ ആറളം എന്ന സ്ഥലത്ത് നക്‌സലേറ്റുകളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അവരെ അങ്ങോട്ടയച്ചു. 'കമാണ്ടന്റിനെ' അറിയിക്കാതെയാണ് അത് ചെയ്തത്. നേരിട്ട് ഡി.ജി.പി.യുടെ കീഴിലുള്ള ഫോഴ്‌സ് എന്ന നിലയില്‍ ഡി.ജി.പി. അറിയാതെ അവരെ അയക്കാന്‍ പാടില്ല. എന്നാല്‍ ഡി.ജി.പി. പോലും അറിയാതെയാണ് അവരെ അയച്ചത്. കാര്യങ്ങള്‍ നേരിട്ടറിയാന്‍ ഞാന്‍ ആറളത്ത് ചെന്നു. ഏറ്റവും മോശമായ താമസ സൗകര്യവും ഭക്ഷണവുമൊക്കെയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. നക്‌സലേറ്റ് വേട്ട എന്നൊക്കെ പറഞ്ഞ് വൈകുന്നേരം ആവുമ്പോള്‍ ഏതെങ്കിലും എ.എസ്.ഐ.യുടെ കൂടെ എസ്.ഐ. ഇവരെ പറഞ്ഞുവിടും. പട്രോളിംഗ് എന്നു പറഞ്ഞ് റോഡ് സൈഡിലൂടെ നടക്കും. നക്‌സലേറ്റുകളെ കണ്ടു എന്നു പറയുന്ന കാടിന്റെ അടുത്തെങ്ങും പോകാറില്ല.  അത്തരം ഒരു ഫോഴ്‌സിനെ ദുരുപയോഗം ചെയ്യുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു. ആ കുട്ടികളെയെല്ലാം വിളിപ്പിച്ച് ഞാന്‍ അവരോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങള്‍ നക്‌സലേറ്റുകളെ കണ്ടാല്‍ എന്തു ചെയ്യും?  ഞാന്‍ പ്രതീക്ഷിച്ച ഉത്തരം തന്നെ ഒരേ ശബ്ദത്തില്‍ അവര്‍ പറഞ്ഞു. ''വെടിവെയ്ക്കും സാര്‍'.

ഞാന്‍ അപകടം മണത്തു. തിരിച്ച് ക്യാമ്പിലെത്തിയ ശേഷം കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് ഞാന്‍ ഡി.ജി.പി.ക്ക് നേരിട്ട് കത്തെഴുതി. ഇവരെ ഇങ്ങനെ കൃത്യമായ നേതൃത്വവും പോളിസിയും ഇല്ലാതെ ഇത്തരം കാര്യങ്ങള്‍ക്കയക്കുന്നത് പ്രശ്‌നമാവും. അവരെ ട്രെയിന്‍ ചെയ്തിരിക്കുന്നത് സിആര്‍പിഎഫിന്റെയും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെയും മറ്റും കമാന്‍ഡോകളെ ട്രെയിന്‍ ചെയ്യുന്ന രീതിയിലാണെന്നും, വെടിവെയ്ക്കുക എന്നത് അവരുടെ സ്വാഭാവിക റിയാക്ഷന്‍ ആണെന്നും കത്തില്‍ ഞാന്‍ ചൂണ്ടിക്കാട്ടി. കത്ത് വായിച്ച അന്നത്തെ ഡി.ജി.പി. ബാലസുബ്രഹ്മണ്യം എന്നോട് അദേഹത്തെ നേരില്‍ കാണാന്‍ ആവശ്യപ്പെട്ടു. 

maoist
വനത്തില്‍ പട്രോളിംഗ് നടത്തുന്ന തണ്ടര്‍ ബോള്‍ട്ട് സേനാഗംങ്ങള്‍

ഞാന്‍ തിരുവനന്തപുരത്ത് പോയി ഡി.ജി.പിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ഒരു വെടിവെപ്പ് ഉണ്ടായാല്‍, അതില്‍ ആദിവാസികളോ മറ്റോ മരിച്ചാല്‍, കേരളത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഊഹിക്കാവുന്നതല്ലേയെന്ന് ഡിജിപിയെ ഞാന്‍ ഓര്‍മിപ്പിച്ചു.  ഇത്തരം സ്‌പെഷല്‍ ഫോഴ്‌സ് പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രത്യേക നിയമങ്ങളും വ്യക്തമായ ഗവണ്‍മെന്റ് പോളിസികളും ഉണ്ട്. ഒരു ഏറ്റുമുട്ടലോ തിരച്ചിലോ നടത്തുമ്പോള്‍ എന്തുചെയ്യണമെന്ന് വ്യക്തമായ നിര്‍ദേശം കൊടുക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ അത്തരം ഒരു സംരക്ഷണം കിട്ടില്ല. അതുകൊണ്ടു തന്നെ തണ്ടര്‍ബോള്‍ട്ടിനെയോ ഐആര്‍ബി (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍) ഗ്രൂപ്പിനെയോ ഓപ്പറേഷന്‍സിന് ഉപയോഗിക്കുന്നതിന് വ്യക്തമായ ഗൈഡ്‌ലൈന്‍സ് ഉണ്ടാവണം എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം അത് ഉള്‍ക്കൊണ്ടു. ഉടന്‍ തന്നെ എ.ഡി.ജി.പിയായ ചന്ദ്രശേഖരനെ വിളിച്ച് അവിടെ വെച്ചുതന്നെ ഒരു സര്‍ക്കുലര്‍ ഉണ്ടാക്കി. 

പക്ഷേ അതും പോരായിരുന്നു. വ്യക്തമായ പോളിസികള്‍, നിയമപരമായ സംരക്ഷണത്തോടെ ഉണ്ടാക്കേണ്ടതായിരുന്നു. അക്കാര്യം ഞാന്‍ പറയുകയും ചെയ്തു. പക്ഷെ പോലീസിന് എല്ലാം താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമായിരിക്കും. കേരളത്തിലെ പോലീസ് വിശ്വസിക്കുന്നത് ഇത്തരം  കാര്യങ്ങളൊന്നും ഇവിടെ സംഭവിക്കില്ല എന്നാണ്. അന്ന് ഈ പ്രശ്‌നം കൂടാതെ മറ്റൊരു കാര്യം കൂടി ഞാന്‍ അവതരിപ്പിച്ചു. ഐആര്‍ബിയിലെ പോലീസുകാരെ ഒരു സ്‌പെഷല്‍  ഫോഴ്‌സായി പത്തു കൊല്ലത്തേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. പ്രായം കൂടുമ്പോള്‍ അവര്‍ക്ക് 'കമാന്‍ഡൊ' ആയി ജോലി ചെയ്യാനും പറ്റില്ല.  ഈ പത്തു വര്‍ഷത്തിനു ശേഷം അവരെ എന്തു ചെയ്യും?  എന്ന എന്റെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. അവരെ KAP (കേരള ആംഡ് പോലീസ്)യിലേക്ക് ലയിപ്പിക്കാം എന്നായിരുന്നു ഡിജിപിയുടെ അഭിപ്രായം. എന്നാല്‍ അങ്ങനെ ചെയ്യുന്നത് അവരെ അപമാനിക്കലാണെന്നും, അതുമൂലം ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും ഞാന്‍ പറഞ്ഞു.

2013 ലാണ് ഡി.ജി.പി.യുമായി ഇക്കാര്യം ചര്‍ച്ചചെയ്തത്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും അത്തരം ഒരു പോളിസി ഉണ്ടാക്കിയിട്ടില്ല എന്നത് പാളിച്ചയാണ്. അതുകൊണ്ടുതന്നെയാണ് വെടിവെപ്പ് സംഭവിച്ചപ്പോള്‍ ബാലിശമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ഉണ്ടാവുന്നതും. പോലീസുകാര്‍ക്ക് പരിക്ക് പറ്റിയിട്ടില്ല എന്നൊക്കെ അസംബന്ധം പറയാന്‍ ചാനല്‍ ചര്‍ച്ചക്കാര്‍ക്ക് യാതൊരു മടിയുമില്ല. ഇത് ഏതെങ്കിലും ഒരു യൂത്ത് സംഘടനയുടെ കലക്ടറേറ്റ് മാര്‍ച്ച് നേരിടുന്നതല്ല. ആദ്യം അവര്‍ തെറി പറയും. പിന്നെ കല്ലെറിയും. അപ്പോള്‍ കുറച്ച് പോലീസുകാര്‍ക്ക് പരിക്കുപറ്റും. അപ്പോള്‍ ചെറിയ ലാത്തിച്ചാര്‍ജ്ജ് നടത്തും എന്ന് പ്രവചിക്കാന്‍. 

ആയിരക്കണക്കിന് പോലീസുകാരാണ് ഈ രാജ്യത്ത് നക്‌സ