രുപക്ഷേ രാഷ്ട്രീയ താല്‍പര്യം കൊണ്ടായിരിക്കാം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആ പ്രസ്താവന നടത്തിയത്- കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്ര ചെയ്യുന്നുവെന്നും കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ തന്നെ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി 165 ലേറെ തവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇടക്കിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ആളായിരുന്നു. ശ്രീലങ്കന്‍ തീവ്രവാദ സംഘടനയായ എല്‍.ടി.ടി.ഇ അത് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ മരണത്തിന് കാരണം അതാണ്. ഒരു പക്ഷെ ഈയൊരു ഭീതികൊണ്ടുമായിരിക്കാം രാജ്നാഥ് സിങ് അങ്ങനെയൊരു പ്രസ്താവന നടത്തിയതും.  

രാഷ്ട്രീയക്കാര്‍ പലരും സുരക്ഷാ മാനദണ്ഡങ്ങള്‍ പലപ്പോഴും ലംഘിക്കുന്നുണ്ട്. സുരക്ഷാ  ഉദ്യോഗസ്ഥര്‍ക്ക് അത് വലിയ തലവേദനയാണ്. പലപ്പോഴും സുരക്ഷാമറ ലംഘിച്ച് ജനക്കൂട്ടത്തിലേക്ക് ചെല്ലുന്നത് ജനത്തിന് ആവേശം പകരും പത്രങ്ങളില്‍ വാര്‍ത്തയുമാവും. പക്ഷെ അത് ഒരു സ്ഥിര സ്വഭാവമാകുമ്പോള്‍ അപകടകരമാവുകയും ചെയ്യും. 
 
രാഹുല്‍  ഗാന്ധിയെ ആരെങ്കിലും കൊല്ലാന്‍ ശ്രമിക്കും എന്ന് തോന്നുന്നില്ല. അദ്ദേഹം ഇപ്പോള്‍ ആര്‍ക്കും ഒരു ശത്രുവുമല്ല. പക്ഷെ രാജ്യത്ത് അരാജകത്വം ഉണ്ടാക്കാന്‍ താല്‍പര്യമുള്ള അല്ലെങ്കില്‍ സ്വന്തം പബ്ലിസിറ്റി താല്‍പര്യമുള്ള വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ഇതൊന്നും ഒരു പ്രശ്നമല്ല.

കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള വ്യക്തിയായിരുന്നു. സാധാരണ ഗതിയില്‍ ആര്‍ക്കും വെറുപ്പു തോന്നാത്ത വ്യക്തി. അദ്ദേഹത്തെ ആരെങ്കിലും കൊല്ലാന്‍ ശ്രമിക്കും എന്നു  പറഞ്ഞാല്‍ ആളുകള്‍ തമാശയായി എടുക്കും.

പക്ഷെ ഒരിക്കല്‍ അദ്ദേഹത്തെ ഒരു മത തീവ്രവാദ ഗ്രൂപ്പ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. അബ്ദുള്‍ നാസര്‍ മദനിയെ തമിഴ്നാടിന് കൈമാറി എന്നതായിരുന്നു കാരണം. അതിലേറെ അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അവര്‍  കാര്യമായെടുത്തത്.

ഏതായാലും കേരള പോലീസിലെ ഏറ്റവും കഴിവുള്ള സത്യസന്ധനായ ഉദ്യോഗസ്ഥന്മാരിൽ ഒരാളായ ഉണ്ണികൃഷ്ണന്‍ ആ കേസ് ഏറ്റെടുത്തതിലൂടെ കൂടുതല്‍ പരിഹസിക്കപ്പെടുകയാണുണ്ടായത്.

ഡിപ്പാര്‍ട്മെന്റിലെ കുത്തിയിരുന്ന് ശമ്പളം വാങ്ങിക്കുന്നവര്‍ മാത്രമായ പലരും പറഞ്ഞ് പരത്തിയത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഈ കേസ് ഏറ്റെടുത്തത് എന്നാണ്. 

രാജീവ് ഗാന്ധി ദാരുണമായി കൊല്ലപ്പെട്ട സയത്താണ് രാഹുല്‍ ഗാന്ധിയെ ഞാന്‍ ശ്രദ്ധിക്കുന്നത്. അക്കാലത്ത് ഇരുപത് വയസ്സുള്ള രാഹുല്‍ രാഷ്ട്രീയത്തില്‍ എവിടെയുമുണ്ടായിരുന്നില്ല. രാജീവ് ഗാന്ധിയുടെ മരണം- ആ സംഭവങ്ങളുടെ ആഘാതം  ഇന്ത്യയെ ഞെട്ടിപ്പിച്ചതായിരുന്നു. അന്ന് അദ്ദേഹത്തിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായിരുന്ന ഏതാനും പോലീസ് ഉദ്യോഗസ്ഥരും മരിച്ചിരുന്നു. ആ കൂട്ടത്തില്‍  ഒരാളുടെ പേര് പ്രദീപ് കുമാര്‍ എന്നായിരുന്നു.
 
രാഹുല്‍ ഗാന്ധി വ്യക്തിപരമായ തന്റെ നഷ്ടത്തിലും ആഘാതത്തിലും ദു:ഖത്തിനുമിടയില്‍ രാജീവിന്റെ കൂടെ മരിച്ച സുരക്ഷാ  ഉദ്യോഗസ്ഥരുടെ വീടുകളില്‍ പോവുകയും കുടുംബങ്ങളെ തന്റെ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഒരു പബ്ലിസിറ്റിയുടെ ഭാഗമായാണ് ആ സംഭവത്തെ ഞാന്‍  കണ്ടിരുന്നത്. പബ്ലിസ്റ്റി കൂടുന്നിടത്ത് ശത്രുക്കളുടെ എണ്ണവും വര്‍ധിക്കും. അതുകൊണ്ട് തന്നെയാണ് പൊതുപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കുള്ള പ്രാധാന്യം ഞാന്‍ ഇവിടെ ചൂണ്ടിക്കാട്ടിയത്.  
 
സുരക്ഷ എന്നത് മിഥ്യയാണ് എന്ന് ഞാന്‍ മനസ്സിലാക്കിയത് കേരള പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍  ഡല്‍ഹി പോലീസില്‍ എത്തിയപ്പോഴാണ്. ഡല്‍ഹി പോലീസിലെ സുരക്ഷാ വിഭാഗത്തിലെ വി.വി.ഐ.പി സുരക്ഷാ വിഭാഗത്തിലേക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ എത്തുമായിരുന്നു. ഏതാനും മാസങ്ങള്‍ അവിടെ ജോലി  ചെയ്യും. 

പലപ്പോഴും പ്രധാനമന്ത്രിയും മറ്റ് വി.വി.ഐ.പികളും കടന്നുപോവുന്നത് അയാളുടെ വളരെ അടുത്ത് കൂടിയായിരിക്കും. സുരക്ഷാ  പരിശോധന, പലപ്പോഴും എന്നല്ല വെറുമൊരു ആചാരം മാത്രമായിരിക്കും. 

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരുടെ  കൈകൊണ്ടാണ്. എന്നിട്ടും സുരക്ഷാ ചുമതലയിലുള്ള ഈ പാളിച്ച എന്നെ അതിശയപ്പെടുത്തി. 

ഇപ്പോള്‍ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എസ്.പിയായി ജോലി ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്റെ കൂടെ അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ക്രിസ്റ്റഫര്‍ തമാശക്കാരനായത് കൊണ്ട് സാധാരണ സംഭവങ്ങള്‍ പോലും അദ്ദേഹത്തിന്റെ പ്രത്യേക രീതിയില്‍ ചിത്രീകരിക്കപ്പെടുമ്പോള്‍ രസകരമായി മാറും. ക്രിസ്റ്റഫര്‍ പ്രായോഗികതയുടെ വക്താവും എന്റെ ഉപദേശകനുമായിരുന്നു. 

ഞാന്‍ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സമയം. അവിടെ വെസ്റ്റ്ഹില്ലിലെ എന്‍.സി.സി ഉദ്യോഗസ്ഥരുമായി വളരെ അടുപ്പത്തിലായിരുന്നു. ഞാന്‍ ഡല്‍ഹിയിലേക്ക് പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവിടത്തെ നേവല്‍ ഓഫീസറായ സര്‍ദാര്‍ജി എന്നോട് പറഞ്ഞു. ഇവിടത്തെ പരാക്രമമൊന്നും ഡല്‍ഹിയിലെ തണുപ്പിനോട്  കാണിക്കരുതെന്ന്. 

ഡിസംബറിലാണ് ഞാന്‍ പോവുന്നത്. ആ സമയത്ത് കഠിനമായ തണുപ്പാണ് അവിടെ. തണുപ്പില്‍ എന്തൊക്കെ ചെയ്യണമെന്നും ചെയ്യാതിരിക്കണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. പച്ചവെള്ളത്തില്‍ കുളിച്ചേക്കരുതെന്ന് പ്രത്യേകം പറഞ്ഞു.

ഡല്‍ഹിയില്‍ എത്തി ഒരു മാസം കഴിഞ്ഞ് ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും എനിക്ക് മാറേണ്ടി വരും. അന്ന് ബി.എസ്.എഫിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സിലല്‍ ജോലി ചെയ്തിരുന്ന എന്റെ സുഹൃത്തായ രാമചന്ദ്രേട്ടന്‍ അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ബി.എസ്.എഫ് ഓഫീസര്‍ക്ക് കിട്ടിയ ക്വാര്‍ട്ടേഴ്സ് എനിക്ക് ശരിയാക്കിത്തന്നു.

അദ്ദേഹം സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു. പക്ഷെ അതില്‍ എനിക്ക് കറന്റ് കണക്ഷന്‍ കിട്ടിയിരുന്നില്ല. തൊട്ടടുത്ത്  തന്നെയുള്ള ഇലക്ട്രിസിറ്റി ഓഫീസില്‍ പലവട്ടം പോയെങ്കിലും തരാം തരാം എന്ന് പറയുകയല്ലാതെ കണക്ഷനില്ല. പെട്ടെന്ന് മാറേണ്ടി വന്നതോടെ കണക്ഷന്‍ കിട്ടുന്നത് മുന്നെ ഞാന്‍ മാറി. ക്രിസ്റ്റഫറിനോട് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. കാശുകൊടുക്കാതെ അവന്‍ കണക്ഷന്‍ തരില്ല എന്ന്.

കൈക്കൂലി കൊടുക്കാന്‍  ഞാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ കിട്ടിയത് തന്നെ എന്ന് ക്രിസ്റ്റഫറും പറഞ്ഞു. ജനുവരി മാസത്തിലെ തണുപ്പ്. മുറിയില്‍  ഹീറ്റര്‍ വെക്കാന്‍ പറ്റുന്നില്ല. വെളിച്ചമില്ല. വെള്ളത്തില്‍ കൈകുത്താന്‍ പോലും പറ്റുന്നില്ല. അത്രയ്ക്ക് തണുപ്പ്. മൂന്ന്  ദിവസം ഞാന്‍ പിടിച്ച് നിന്നു കുളിക്കാതെ. മേലൊക്കെയൊന്ന് വെള്ളം തൊട്ട് നനയ്ക്കും. നാലാം ദിവസം രണ്ടും കല്‍പിച്ച് ഷവര്‍ തുറന്ന് ഞാന്‍ കുളിച്ചു. ദേഹം മുഴുവന്‍ തൊട്ടാല്‍ അറിയുന്നില്ല.

പനി അപ്പോള്‍ തന്നെ പിടിക്കുന്നതായി തോന്നി. ന്യൂമോണിയ ബാധിച്ച് മരിച്ചുപോവുമെന്ന് ഉറപ്പായി. ഞാന്‍ എങ്ങനെയോ ക്രിസ്റ്റഫര്‍ താമസിക്കുന്ന കേരള ഹൗസിലെത്തി വിവരം പറഞ്ഞു. ക്രിസ്റ്റഫര്‍ എന്നെയും കൂട്ടി നേരെ ഇലക്ട്രിക്ക് ഓഫീസിലേക്ക് പോയി. കണക്ഷന്‍ തരേണ്ട ലൈന്‍മാന്‍ അവിടെ തന്നെയുണ്ടായിരുന്നു. ക്രിസ്റ്റഫര്‍ എന്റെ കീശയില്‍ കൈയിട്ട് ഒരു ഇരുപത്തിയഞ്ച് രൂപ എടുത്ത് അയാള്‍ക്ക് കൊടുത്തു. ഉടന്‍ കണക്ഷന്‍ കൊടുക്കണം എന്ന് പറഞ്ഞു.

അയാള്‍ അപ്പോള്‍ തന്നെ വന്ന് കണക്ഷനും തന്നു. ക്രിസ്റ്റഫര്‍ ഈ കഥ ഒരായിരം പേരോട് പറഞ്ഞു നടന്നു എന്നെ കളിയാക്കാനായി. ഇപ്പോഴും ഞാന്‍ അയാളെ കാണാനായി ചെല്ലുമ്പോള്‍ മുന്നിലിരിക്കുന്ന ആളുകളോടൊക്കെ എന്നെ പരിചയപ്പെടുത്തി ഈ കഥ പറയും. ഞാന്‍ കൈക്കൂലി കൊടുത്ത കഥ.
(തുടരും) 

Content highlights: Crime triangle, Rajiv Gandhi's death, Rahul Gandhi