2009 ഒക്ടോബര്‍. രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനം. മറക്കാനാവില്ല ആ ദിവസങ്ങള്‍. 

ഫാറൂഖ് കോളേജില്‍ രാഹുലിന്റെ പരിപാടി നടക്കുന്നു. ഏറെ ശ്രദ്ധ വേണ്ട സ്ഥലം. വിഐപി സുരക്ഷയുടെ കാര്യമാണ്, ഒരു വിട്ടുവീഴ്ചയും പറ്റില്ല. പല അജണ്ടകള്‍ ഉള്ളവര്‍ നുഴഞ്ഞുകയറി വന്നേക്കാം. തങ്ങള്‍ക്ക് ശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള എന്തെങ്കിലും കാര്യം അവര്‍ ചെയ്‌തേക്കാം. സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ ഗവര്‍മെന്റിനെ കരിതേച്ചു കാണിക്കാനോ ഉള്ള കാര്യങ്ങള്‍ക്കു ശ്രമിച്ചേക്കാം. അതുകൊണ്ടു തന്നെ കാണികളുടെ ഇടയിലേക്ക് കടന്നുചെല്ലാന്‍ സമ്മതിക്കാതെ രാഹുലിനെ നേരെ സ്റ്റേജിലേക്ക് കൊണ്ടുപോകണം -അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ഞാന്‍ ആദ്യമേ പറഞ്ഞു. 

എന്നാല്‍ അവരുടെ നിയന്ത്രണത്തില്‍ നിന്നും തെറ്റി അദ്ദേഹം സ്റ്റേജിനു താഴെ സദസ്സിലേക്ക് നേരെ ചെന്നു. അതായിരുന്നു ആദ്യത്തെ തലവേദന. എല്ലാം കണ്ടുകൊണ്ട് ഒന്നും ചെയ്യാനാവാതെ നോക്കിനിന്ന എസ്.പി.ജി.യുടെ എസ്.പി.യോട് എനിക്ക് തര്‍ക്കിക്കേണ്ടിയും വന്നു. അതു തുടക്കം മാത്രമായിരുന്നു..

പരിപാടി കഴിഞ്ഞു. വി.ഐ.പി.യുടെ വാഹനവ്യൂഹം കോഴിക്കോട്ടേക്ക് തിരിച്ചു. അല്‍പ്പസമയം കഴിഞ്ഞ് എന്റെ വണ്ടിയില്‍ ഞാനും പുറപ്പെട്ടു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ മുമ്പേ പോയ വാഹനവ്യൂഹം മുഴുവന്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നു! വലിയ ജനക്കൂട്ടവും... എന്റെ ഹൃദയമിടിപ്പ് കൂടി. ഞാന്‍ വണ്ടി നിര്‍ത്തി മുന്നോട്ടു നടന്നു. വ്യൂഹത്തിന്റെ പിറക് ഭാഗത്തുള്ള വണ്ടികളില്‍ ഉള്ള ഉദ്യോഗസ്ഥരോട് ചോദിച്ചു. അവര്‍ക്ക് യാതൊരു പിടിയുമില്ല. മുന്നിലുള്ള വാഹനം നിര്‍ത്തിയതുകൊണ്ട് ഞങ്ങളും നിര്‍ത്തി എന്നു മാത്രം ഉത്തരം. വീണ്ടും നടന്നു. മുന്നില്‍ എത്തിയപ്പോഴാണ് മനസ്സിലായത് രാഹുല്‍ഗാന്ധിയും കൂടെയുള്ള മൂന്നുനാലു പേരും വഴിയോരത്തെ ഒരു ചായക്കടയില്‍ കയറിയിരിക്കുന്നു... 

വലിയ ആള്‍ക്കൂട്ടമാണ് മുന്നില്‍. കെ.സി. അബു, ഡി.സി.സി. പ്രസിഡന്റ് പുറത്തു നില്‍ക്കുന്നുണ്ട്. അബുവിനെ ചായക്കടയിലേക്ക് പോലീസുകാര്‍ കടത്തിയിട്ടില്ല. അബുവിനോട് ഞാന്‍  ചോദിച്ചു, എന്താണ് സംഭവിക്കുന്നത് എന്ന്. അബുവിനും പിടിയില്ല. എസ്.പി.ജി.യുടെ എസ്.പി. വിഷമിച്ച് നില്‍ക്കുന്നു; ജനക്കൂട്ടത്തെ തടയാന്‍ ശ്രമിച്ചുകൊണ്ട്. അയാളോട് ഞാന്‍ ചോദിച്ചു. എന്താണ് കാര്യമെന്ന്. അയാള്‍ക്കും പിടിയില്ല. ഞാന്‍ നേരെ കടയിലേക്ക് ചെന്നു. എസ്.പി.ജി.ക്കാരന്‍ എന്നെ തടയാനൊന്നും വന്നില്ല. വഴിയരികില്‍ കെട്ടിയുണ്ടാക്കിയതാണ് ചായക്കട. അവിടെ ഒരു മേശക്കു ചുറ്റും രാഹുല്‍ഗാന്ധിയും മൂന്നു പേരും ഇരിക്കുന്നു. ഡല്‍ഹിയില്‍ നിന്നും വന്നവര്‍. അവര്‍ ചായകുടിച്ചു കൊണ്ടിരിക്കുകയാണ്. വേറെ മേശകളിലൊന്നും ആരുമില്ല!

ഞാന്‍ ഉള്ളില്‍ അടുക്കളയിലേക്ക് ചെന്നു. ഒരു വൃത്തികെട്ട സ്ഥലം. ഉടമസ്ഥനോട് ചോദിച്ചു, എന്താണ് നടക്കുന്നതെന്ന്. അയാള്‍ പറഞ്ഞു. പെറോട്ട ഉണ്ടോ എന്ന് ചോദിച്ചു, ഇല്ല, തീര്‍ന്നുപോയി എന്നു പറഞ്ഞപ്പോള്‍ ഉണ്ടാക്കാമോ എന്നു ചോദിച്ചു. ഉണ്ടാക്കാം എന്നുപറഞ്ഞു. അങ്ങിനെ അവിടെ തകൃതിയായി പൊറോട്ട ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു വൃത്തികെട്ട ജോലിക്കാരന്‍ മാവു കുഴയ്ക്കുന്നുണ്ട്. ഞാന്‍ അടുക്കളയുടെ പിറകുവശത്ത് ചെന്നു. അവിടെ മുഴുവന്‍ വെള്ളക്കെട്ടാണ്. വൃത്തികെട്ട സ്ഥലം. സെക്യൂരിറ്റിയുടെ കാര്യം പറയാനുമില്ല. ആര്‍ക്കും പിറകിലൂടെ കയറിവരാം.

പൊറോട്ട വന്നു. വീണ്ടും ഓരോ ചായ കൂടി കുടിച്ച് വി.ഐ.പി.കള്‍ പുറപ്പെട്ടു. ജനക്കൂട്ടത്തിന്റെ നടുവില്‍ കൂടി വാഹനത്തിന്റെ അടുത്തെത്തിക്കാന്‍ ഏറെ പാടുപെട്ടു. വാഹനവ്യൂഹം വീണ്ടും നീങ്ങി. ഗസ്റ്റ്ഹൗസിലെത്തി വി.ഐ.പി.യെ മുറിയില്‍ വിട്ട് ആശ്വാസത്തോടെ മടങ്ങി. അന്ന് അദ്ദേഹത്തിന് കോഴിക്കോട്ട് വേറെ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല.

രാത്രി, കുറച്ച് കഴിഞ്ഞപ്പോള്‍ പോലീസ് വയര്‍ലെസ്സില്‍ ഒരു വിളി! രാഹുല്‍ഗാന്ധി ഗസ്റ്റ്ഹൗസില്‍ നിന്നും വെളിയിലേക്ക് പോയിരിക്കുന്നു, പോലീസ് അകമ്പടി ഇല്ലാതെ! എവിടെയാണ് എന്നറിയില്ല ഗസ്റ്റ്്ഹൗസിന്റെ ചാര്‍ജ്ജുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ക്കും, സിറ്റി കമ്മീഷണര്‍ക്കും അറിയില്ല എവിടെ പോയെന്ന്. സ്‌പെഷല്‍ ബ്രാഞ്ചുകാര്‍ക്കും ഡല്‍ഹിയില്‍നിന്ന് വി.ഐ.പിയുടെ സെക്യൂരിറ്റിക്ക് വന്ന എസ്.പി.ജി.ക്കാര്‍ക്കും അറിയില്ല. ആരോടും പറയാതെയാണ് പോയിരിക്കുന്നത്. തമാശയല്ല നടക്കുന്നത്. ഞാന്‍ ശരിക്കും അസ്വസ്ഥനായി. 

കണ്‍ട്രോള്‍ റൂം വയര്‍ലെസ്സ് കൈകാര്യം ചെയ്യുന്ന പോലീസുകാരനോട് രാഹുലിന് താല്പര്യമുണ്ടാകാവുന്ന സ്ഥലങ്ങള്‍ പരിശോധിക്കാന്‍ ഞാന്‍ നിര്‍ദ്ദേശം കൊടുത്തു. പ്രത്യേകിച്ച് ബീച്ചിന്റെ ഭാഗങ്ങള്‍. അയാള്‍ അത് പോലീസ് പട്രോള്‍ വാഹനങ്ങള്‍ക്കായി നിര്‍ദ്ദേശം നല്‍കി. കുറച്ചു കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ല. തികച്ചും 'ഇറിറ്റേറ്റഡ്' ആയ ഞാന്‍ വയര്‍ലെസ്സിലൂടെ പറഞ്ഞു. ''ഈ ചങ്ങാതി എവിടെയാണ്...'' 

പോലീസില്‍ എനിക്ക് ചില 'നല്ല' സുഹൃത്തുക്കളുണ്ട്. പ്രത്യേകിച്ചും പോലീസ് അസോസിയേഷന്‍ നേതാക്കന്മാര്‍. ഒരുവിധം ഉദ്യോഗസ്ഥരെയൊക്കെ അസോസിയേഷന്‍ ഭാരവാഹികള്‍ പേടിപ്പിച്ച് നിയന്ത്രിക്കും. എന്റെ അടുത്ത് രാഷ്ട്രീയ സ്വാധീനമൊന്നും വിലപ്പോവാത്തതുകൊണ്ടോ ഞാന്‍ എന്താണ് തിരിച്ചു പറയുക എന്ന് ഭയമുള്ളതുകൊണ്ടോ എന്തോ, എന്റെ അടുത്ത് അവര്‍ അധികം വരാറില്ല. പക്ഷേ എന്നോടുള്ള ദേഷ്യമാണ് അവരുടെ സ്ഥായിയായ ഭാവം. ആ 'സുഹൃത്തുക്കള്‍'ക്ക് കിട്ടിയ ചാന്‍സ് ആയിരുന്നു അത്. ഞാന്‍ പറഞ്ഞ കാര്യം പൊടിപ്പും തൊങ്ങലും വെച്ച് അപ്പോള്‍ത്തന്നെ അവര്‍ പത്രക്കാര്‍ക്ക് കൊടുത്തു. പത്രക്കാര്‍ക്ക് അതിലേറെ സന്തോഷം! 

കുറച്ചു കഴിഞ്ഞപ്പോള്‍ കണ്‍ട്രോള്‍ വയര്‍ലെസ്സില്‍ വീണ്ടും വിളിവന്നു. രാഹുല്‍ഗാന്ധി 'പാരഗണ്‍' റസ്റ്റോറന്റില്‍ എത്തിയിരിക്കുന്നു! ഇട്ട ജീന്‍സും ടീഷര്‍ട്ടുമായി ഞാനുടനെ തന്നെ അങ്ങോട്ടു പുറപ്പെട്ടു. പിസ്റ്റല്‍ എടുത്ത് അരയില്‍ തിരുകി... ആ ജംഗ്ഷന്‍ അപകടം പിടിച്ച സ്ഥലമാണ്. തിരക്കുപിടിച്ചതും ഇടുങ്ങിയതുമായ റോഡ്. ഓവര്‍ ബ്രിഡ്ജിന് താഴെയായി റസ്റ്റോറന്റ്. ഓവര്‍ ബ്രിഡ്ജില്‍ നിന്നും ഒരു കല്ലെറിഞ്ഞാല്‍ മതി, ജനലിന്റെ ചില്ലുപൊട്ടി ഉള്ളില്‍ ചെല്ലും.  

അവിടെയെത്തുമ്പോള്‍ വലിയൊരാള്‍ക്കൂട്ടം! രാഹുല്‍ ഗാന്ധിയും നേരത്തെ പറഞ്ഞ മൂന്നു നാലു ശിങ്കിടികളും അവിടെ ഉണ്ടെന്നും മേലത്തെ നിലയില്‍ റസ്റ്റോറന്റില്‍ അവര്‍ ഇരിക്കുന്നുണ്ടെന്നും പറഞ്ഞു. അപ്പോഴേക്കും പാവം എസ്.പി.ജി എസ്.പിയും എത്തി. ഒന്നും ചെയ്യാന്‍ പറ്റാതെ അയാള്‍ പുറത്തു നിന്നു. വൈകാതെ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീജിത്തും വന്നു. ഞങ്ങള്‍ രണ്ടു പേരും കൂടി നേരെ മുകളിലത്തെ റസ്റ്റോറന്റിലേക്ക് ചെന്നു. നേരത്തെ ഭക്ഷണം കഴിക്കാനെത്തിയവരൊക്കെ അവിടെത്തന്നെ ഇരിക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയും കൂട്ടാളികളും മറ്റൊരു മേശയില്‍ ഇരിക്കുന്നു. ഒരു 'റിയല്‍ ടൈം' എക്‌സ്പീരിയന്‍സിന് വേണ്ടിയായിരിക്കാം അദ്ദേഹം അവിടെ ചെന്നത്. കോണ്‍ഗ്രസ്സുകാരെ മാത്രം എങ്ങും കാണാനില്ല. 

ഞാനും കമ്മീഷണറും ഒരു മേശയില്‍ ചെന്നിരുന്നു. കമ്മീഷണര്‍ എന്നോടു ചോദിച്ചു. ''അല്ലാ, വയര്‍ലെസ്സില്‍ എന്താണ് പറഞ്ഞത്, കുഴപ്പമാകുമോ?'' ഞാന്‍ ചിരിച്ചു. പറയേണ്ടത് പറഞ്ഞു. എന്തെങ്കിലും വന്നാല്‍ അപ്പോള്‍ നോക്കാം. കമ്മീഷണറും അതത്ര സീരിയസ്സായി എടുത്തില്ല. പക്ഷേ എനിക്കറിയാമായിരുന്നു കുഴപ്പം വരാനിരിക്കുന്നു എന്ന്.

റസ്റ്റോറന്റില്‍ ഉള്ള പലര്‍ക്കും രാഹുല്‍ഗാന്ധിയുടെ അടുത്തുചെന്ന് ലോഹ്യം പറയണമെന്നുണ്ട്. എല്ലാവരും അന്തംവിട്ട് നില്‍ക്കുകയാണ്. സാധാരണ പോലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഇങ്ങനെയൊരു അസുലഭ ഭാഗ്യം കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാനും കമ്മീഷണറും അടുത്ത മേശയില്‍ തന്നെയുള്ളതു കൊണ്ടോ പലര്‍ക്കും എന്നെ പരിചയമുള്ളതുകൊണ്ടോ ആരും അടുത്തേക്കു ചെന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരുത്തന്‍ വാഷ്‌റൂമില്‍ നിന്ന് ഇറങ്ങി ആടിയാടി രാഹുലിന്റെ മേശക്കടുത്തേക്ക് നീങ്ങി. പുള്ളി നല്ല ഫിറ്റ് ആണെന്ന് എനിക്ക് മനസ്സിലായി. എഴുന്നേല്‍ക്കണോ വേണ്ടയോ എന്നു ആലോചിക്കുമ്പോള്‍ അയാള്‍ എന്നെ കണ്ടു. രാഹുല്‍ഗാന്ധിയുടെ മേശക്കടുത്തേക്കുള്ള പോക്ക് മതിയാക്കി നേരെ നടന്നു. എന്നോട് ലോഗ്യം പറഞ്ഞു. ''നേരെ വിട്ടോ'' എന്നുള്ള എന്റെ നിര്‍ദേശം അനുസരിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും പാരഗണിന്റെ മുതലാളി സുമേഷ് എത്തി. ഒരു ഫോട്ടോസെഷന്‍.

ഭക്ഷണം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ രാഹുലിനെ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ വണ്ടിയില്‍ കയറ്റുക ഒരു പ്രയാസമുള്ള ജോലിയായിരുന്നു. എസ്.പി.ജി.ക്കാര്‍ നിസ്സഹായരായി നോക്കിനിന്നു. പിന്നെ ഇത്തിരി പരുക്കത്തരത്തിലൂടെ ഞാന്‍ തന്നെ കാര്യം കൈകാര്യം ചെയ്തു.

രാഹുല്‍ഗാന്ധിയെ ഏതാണ്ട് പച്ചത്തെറി വിളിച്ച മട്ടാണ്, പിറ്റെ ദിവസം പത്രങ്ങളില്‍ വാര്‍ത്ത വന്നത്. ചെറിയ വാര്‍ത്തകളൊന്നുമല്ല. ടിവി ചാനലുകളില്‍ ചര്‍ച്ചകള്‍. നമ്മുടെ സ്ഥിരം ചര്‍ച്ചാപണ്ഡിതന്മാര്‍ പ്രശ്‌നത്തിന് നിറം പകര്‍ന്നു. 'ചങ്ങാതി' എന്നാണ് വിളിച്ചതെങ്കില്‍ വലിയ കുഴപ്പമില്ലെന്നും 'ചങ്ങായി' എന്നാണ് വിളിച്ചതെങ്കില്‍ എന്നെ വെറുതെ വിടരുന്നുമൊക്കെ ചര്‍ച്ചകള്‍ പുരോഗമിച്ചു... 

ദേശീയ പത്രങ്ങളില്‍, പ്രത്യേകിച്ച് ഇംഗ്ലീഷ് പത്രങ്ങളില്‍, വളരെ പ്രാധാന്യത്തോടെയാണ് വാര്‍ത്ത വന്നത്. ടൈംസ് ഓഫ് ഇന്ത്യയില്‍ നാലുകോളം വാര്‍ത്ത. 'രാഹുല്‍ഗാന്ധിയെ സുഹൃത്ത് എന്ന് വിളിച്ചതിന് എ.സി.പി. ഗുലുമാലില്‍' എന്നാണ് തമാശയിലൂടെ വാര്‍ത്ത മുന്നേറിയത്. 'വാര്‍ത്ത' ഇങ്ങനെ പൊലിപ്പിച്ചതും ഇംഗ്ലീഷ് ചാനലുകളില്‍ പോലും വാര്‍ത്ത വന്നതും വെറുതെയല്ല. എന്റെ ചില 'സുഹൃത്തുക്കള്‍' അതിന്റെ പിറകിലുണ്ട്. അവര്‍ പ്രതീക്ഷിച്ചതൊന്നും നടന്നില്ല. എനിക്കെതിരായി വലിയ നടപടിയൊന്നും വന്നില്ല. ഒരുപക്ഷേ ഭരണം സി.പി.എമ്മിന്റെ നേതൃത്വത്തിലായതു കൊണ്ടായിരിക്കാം എനിക്ക് ഫ്രീയായി നല്ല പബ്ലിസിറ്റിയും കിട്ടി.

അടുത്ത തവണ ഡല്‍ഹിയില്‍ പോയപ്പോള്‍ നേരത്തെ പരിചയമുണ്ടായിരുന്ന ഒരു ഗവണ്‍മെന്റ് സെക്രട്ടറിയെ വിളിച്ചു. അദ്ദേഹം, രാത്രി ഒരു 'ക്ലബ്ബില്‍' വെച്ച് കാണാമെന്ന് പറഞ്ഞു. ഞാനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചിരിച്ചുകൊണ്ട് എന്നെ ഭാര്യയ്ക്ക് പരിചയപ്പെടുത്തി. ''ഇതാണ് നമ്മുടെ രാഹുല്‍ഗാന്ധിയുടെ സുഹൃത്ത്്''.. അവരും ചിരിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞു. തളര്‍ന്നും തെളിഞ്ഞുമൊക്കെ രാഹുല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന് പറ്റിയ വ്യക്തിത്വമാണ് രാഹുല്‍ എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ ഇന്ത്യന്‍ ജനത ഒരു സ്വപ്നസമാനമായ തലത്തില്‍ പുലര്‍ന്നു കൊണ്ടിരുന്നപ്പോള്‍ നെഹ്‌റുവിന് തന്റെ സ്വപ്നങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നു. ഒരു പക്ഷേ രാഹുല്‍ തന്റെ പിതാമഹന്റെ സ്വഭാവവും വ്യക്തിത്വവുമാണ് കൂടുതല്‍ ഉള്‍ക്കൊള്ളുന്നത് എന്ന് എനിക്ക് തോന്നുന്നു. ഇന്ദിരാഗാന്ധിയുടെ കരുത്തോ ദര്‍ശനമോ രാഹുലിന് കിട്ടിയിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല. 

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ അസ്തിത്വം തന്നെ കുഴപ്പത്തിലായിരിക്കുന്ന ഈ കാലഘട്ടത്തില്‍ രാഹുല്‍ ചെയ്യാന്‍ പോകുന്നത് എന്ത്, എത്രമാത്രം, എന്നത് ചോദ്യമായി നില്‍ക്കുന്നു. മണിശങ്കര്‍ അയ്യര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ മുമ്പും പിമ്പും നോക്കാതെ അയ്യര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയാണ് കാട്ടുന്നത്. അത്തരം ഒരു മനസ്സ് രാഷ്ട്രീയക്കാര്‍ക്ക് വേണം എന്ന് ആഗ്രഹിക്കുമ്പോഴും അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് പറ്റിയതാണോ എന്ന് എനിക്ക് സംശയമുണ്ട്. എന്തായാലും കോണ്‍ഗ്രസ്സ് പ്രസിഡന്റായ രാഹുലിന്, എന്റെ 'സുഹൃത്തിന്', എല്ലാ ആശംസകളും...

Content highlights: Crime triangle, Rahul Gandhi, Farook college, Kozhikode, Rahul Gandhi's Kozhikode visit