''അത്യുത്തര കേരളത്തിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പോലീസിന്റെ പരിമിതികളും അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇനിയെങ്കിലും കണ്ണുതുറന്നു കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാസര്‍ഗോഡ്  ഒരു പോലീസ് ബറ്റാലിയന്‍ രൂപീകരിക്കണമെന്ന റിപ്പോര്‍ട്ട് ഇനിയും അവഗണിച്ചാല്‍ അതിനു കേരളം നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.....''

ണ്ണൂര്‍ക്കാര്‍ക്ക് മംഗലാപുരവുമായി അടുത്ത ബന്ധമുണ്ട്. ബിസിനസ്സിനായും വിദ്യാഭ്യാസകാര്യങ്ങള്‍ക്കായും പ്രത്യേകിച്ച് ആശുപത്രി കാര്യങ്ങള്‍ക്കായും നിരന്തരം ബന്ധപ്പെടുന്ന നഗരമാണത്. പക്ഷേ ഒരു കാലത്ത് കണ്ണൂരിന്റെ ഭാഗമായിരുന്ന 'കാസര്‍ഗോഡ്' ജില്ലയുമായി അവര്‍ക്ക് പരിമിതമായ ബന്ധങ്ങളേയുള്ളു. കണ്ണൂര്‍ ജില്ലക്കാരനായ എനിക്കും റോഡുവഴിയോ റയില്‍ വഴിയോ മംഗലാപുരം ഭാഗത്തേക്ക് പോകുമ്പോള്‍ കാണുന്ന കാര്യങ്ങളല്ലാതെ കൂടുതല്‍ കാര്യങ്ങള്‍ കാസര്‍ഗോഡിനെക്കുറിച്ചില്ലായിരുന്നു. പത്രവാര്‍ത്തകളില്‍ നിന്നും കിട്ടുന്ന അറിവുകളില്‍ കവിഞ്ഞ് അവിടുത്തെ രാഷ്ട്രീയം, സംസ്‌ക്കാരം, സാമൂഹ്യജീവിതം എന്നിവയെക്കുറിച്ച് അധികം മനസ്സിലാക്കിയിരുന്നില്ല. പോലീസില്‍ നിന്നുള്ള വിവരങ്ങള്‍ വച്ചുകൊണ്ട് അവിടെ മത സംഘര്‍ഷങ്ങള്‍ അല്‍പ്പം കൂടുതലാണെന്നറിയാം.

2009- ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ഒരു പ്രത്യേക സ്ഥലത്ത് ജോലിചെയ്ത പോലീസ് ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റി. ആ കൂട്ടത്തില്‍ കോഴിക്കോട്ടു നിന്നും എനിക്ക് പോകേണ്ടി വന്നത് കാസര്‍ഗോഡ് ജില്ലയിലേക്കായിരുന്നു. അതും ക്രമസമാധാന ചുമതലയുള്ള കാസര്‍ഗോഡ് ഡിവൈഎസ്പിയായി. ഒരു പ്രദേശത്തിന്റെ സാമൂഹിക പശ്ചാത്തലവും പ്രശ്‌നങ്ങളും അറിയാതെ ക്രമസമാധാന രംഗം ശരിയായി മാനേജ് ചെയ്യാന്‍ പറ്റില്ല. ക്രമസമാധാനപരിപാലനം വെറും അടിപിടിയുമല്ല.

ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ പോലും പരിഗണിക്കാതെയാണ് സ്ഥലം മാറ്റ പ്രക്രിയകള്‍ നടക്കാറുള്ളത്. ഇലക്ഷന്‍ പോലുള്ള ക്രമസമാധന പ്രശ്‌നങ്ങള്‍ ധാരാളമായി ഉണ്ടാകാനിടയുള്ള സമയത്ത് അത്തരം സ്ഥലം മാറ്റങ്ങള്‍ പലപ്പോഴും ഗുണകരമായിരിക്കില്ല. എനിക്ക് അവിടുത്തെ ആളുകളെയോ നോതക്കന്‍മാരെയോ പോലീസുകാരെയൊ ആരും അറിഞ്ഞുകൂടായിരുന്നു. അതുകൊണ്ടു തന്നെ  അല്പം പേടിയും കൂടുതല്‍ കരുതലുമായാണ് അവിടെ സ്ഥാനം ഏറ്റെടുത്തത്. 

കേരളത്തിനെക്കുറിച്ച് എല്ലാവര്‍ക്കുമുള്ള പോലെ ചില പൊതുസങ്കല്പങ്ങള്‍ ഞാനും പങ്കുവച്ചിരുന്നു. ഒന്ന് കേരളം മറ്റു സംസ്ഥനങ്ങളില്‍ നിന്നും ഉയര്‍ന്ന മലനിരകളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. രണ്ട് കേരളം മലയാളികളുടെ മാതൃഭൂമിയാണ്. മൂന്ന് കേരളം മതസൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടേയും നാടാണ്. 

kasargod

ഒരു സ്ഥലത്ത് സ്ഥാനമേറ്റാല്‍ ഞാന്‍ സാധാരണ ചെയ്യുന്നത് ആ പ്രദേശത്തിന്റെ മുക്കും മൂലയും കണ്ട് മനസ്സിലാക്കലാണ്.  ഇലക്ഷന്റെ മുന്നോടിയായി പ്രത്യേകിച്ച് അത് ആവശ്യമായിരുന്നു. കര്‍ണ്ണാടക അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന ഇരുപതോളം റോഡുകള്‍ ഉണ്ട് കാസര്‍ഗോഡ് പോലീസ് സബ് ഡിവിഷനില്‍ മാത്രം. നടപ്പാതകളും ഊടുവഴികളും  വേറെയും.

എല്ലാ തിരഞ്ഞെടുപ്പുകളിലും സംഘര്‍ഷങ്ങളിലും കര്‍ണ്ണാടകത്തില്‍ നിന്ന് ഗുണ്ടകളെയും ആയുധങ്ങളേയും ഇറക്കുമതി ചെയ്യുമെന്ന് ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ നിരന്തരം ആരോപിച്ചുകൊണ്ടിരിക്കും. അങ്ങിനെ ഒരു വൈകുന്നേരം പല വഴികളിലൂടെയും കടന്നുപോയ്ക്കൊണ്ടിരിക്കെ, ഒരു ചെറിയ ചായക്കടയുടെ മുന്നില്‍ ഡ്രൈവര്‍ ബാബു വണ്ടിനിര്‍ത്തി ''സര്‍ നമ്മളിപ്പോള്‍ കര്‍ണ്ണാടകത്തിലാണ്' എന്ന് പ്രഖ്യാപിച്ചു. കേരളത്തിനെ വേര്‍തിരിക്കുന്ന മലനിരകളൊന്നും അതിനിടയില്‍ ഞാന്‍ കണ്ടില്ല. അങ്ങിനെ എന്റെ കേരള സങ്കല്പത്തില്‍ ഒന്ന് തകര്‍ന്നു. 

ഇലക്ഷന് മുന്നോടിയായി ക്രമസമാധന പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കുന്ന സ്ഥലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ  യോഗങ്ങള്‍ വിളിക്കും. കാസര്‍ഗോഡിന്റെ കിഴക്കന്‍ മേഖലകളില്‍ വിളിച്ച പല യോഗങ്ങളിലും ചര്‍ച്ചക്കുള്ള ഭാഷ മലയാളമല്ലായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടിന് മലയാളം അറിയില്ല; ഭൂരിപക്ഷം മെമ്പര്‍മാര്‍ക്കും. കേരളം മലയാളികളുടെ മാതൃഭൂമിയല്ലേ...? ചുരുങ്ങിയ പക്ഷം വടക്കന്‍ കാസര്‍ക്കോട്ടെങ്കിലും അല്ല... എന്റെ കേരള സങ്കല്‍പ്പങ്ങളില്‍ രണ്ടാമത്തേതും തകര്‍ന്നു. കാസര്‍ഗോഡ് താലൂക്കില്‍ മാത്രം ഏഴുഭാഷകള്‍ ഉണ്ട്. വ്യത്യസ്ഥമായ മാതൃഭാഷയുള്ള ഏഴ് ജനവിഭാഗങ്ങളും

കാസര്‍ഗോട്ടെ മതസംഘര്‍ഷങ്ങളെക്കുറിച്ച് പക്ഷേ മുന്‍പേ അറിവുണ്ടായിരുന്നു. ആ അറിവുകള്‍ മനസ്സിനെ ശല്ല്യപ്പെടുത്തുമായിരുന്നു. പോലീസിന്റെ കണ്ണില്‍ കാസര്‍ഗോഡ് പണ്ടുമുതലേ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് പോലെയായിരുന്നു. കേരളാ പോലീസിന് കാസര്‍ഗോഡിനെക്കുറിച്ച് വലിയ താല്പര്യമൊന്നും എക്കാലത്തും ഉണ്ടായിരുന്നില്ല. അങ്ങകലെ ഏതോ ദേശം പോലെ അത് നില നിന്നും.സിനിമയിലൊക്കെയുള്ള ഡയലോഗ് ഉണ്ടല്ലോ. അല്പം ഇടഞ്ഞു നില്‍ക്കുന്ന പോലീസുകരോട് പറയുന്നത്, ''തന്നെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റും'' എന്നൊക്കെ. ഏതാണ്ട് അതുപോലെ തന്നെയാണ് യാഥാര്‍ത്ഥ്യവും. 

ഇതിനിടയില്‍ ഒരു പ്രത്യേക വിഭാഗം പോലീസില്‍ രൂപം കൊണ്ടു. കാസര്‍ഗോഡ് പോസ്റ്റിങ്ങ് കിട്ടാന്‍ ഇഷ്ടമുള്ള ഒരു വിഭാഗം. കാസര്‍ഗോഡ് അവര്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു. അതിര്‍ത്തി ജില്ലകളിലെ സമ്പന്നവിഭാഗക്കാര്‍ക്ക് പോലീസിന്റെ കയ്യില്‍പ്പെട്ടുള്ള ഗുലുമാലിലൊന്നും താല്പര്യമുണ്ടായിരുന്നില്ല. അത്തരം സാഹചര്യങ്ങള്‍ മുതലാക്കി സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ചില പോലീസുകാര്‍ക്ക് സാധിച്ചു. എല്ലാവരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എന്തായാലും അതുകൊണ്ട് രണ്ടുകാര്യങ്ങള്‍ സംഭവിച്ചു. പോലീസിനെ വിലക്കെടുക്കാന്‍  പറ്റും എന്ന ആത്മവിശ്വാസവും പോലീസിനോട് പൊതുവെയുള്ള വിശ്വാസക്കുറവും. എന്തായാലും കാസര്‍ഗോട്ടെ വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ പോലീസിനും വലിയ പങ്കുണ്ട്.

ഞാന്‍ അവിടെയെത്തുന്നത് ഇലക്ഷന്‍ സമയമായതുകൊണ്ട് സ്ഥിരമായ വാഹന പരിശോധന ഉണ്ടാവും. ഒരിക്കല്‍ ഇത്തരമൊരു വാഹനപരിശോധനയ്ക്കിടയില്‍ ഒരു കാറിലുള്ള ആളുകളോട് അവരുടെ പേര് ചോദിച്ചു, എല്ലാം ഒരു മത വിഭാഗത്തില്‍പ്പെട്ടവര്‍. അങ്ങനെ ഓരോ കാറിലുള്ളവരോടും പേര് ചോദിക്കാന്‍ തുടങ്ങി.

വൈകാതെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു, രണ്ടു മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ഒരു കാറിലും യാത്രചെയ്യുന്നില്ല. താലൂക്കിന്റെ വിവിധ സ്ഥലങ്ങളില്‍ പിന്നീടുള്ള മിക്കവാറും  ദിവസങ്ങളില്‍ ഒരു പരീക്ഷണം എന്ന നിലയില്‍ ഞാന്‍ വാഹന പരിശോധന നടത്തി. പേരുകള്‍ ചോദിച്ചു കൊണ്ടിരുന്നു ഫലം നേരത്തെ പറഞ്ഞതു തന്നെ. ഒരു ദുഖത്തോടെ ഞാന്‍ മനസ്സിലാക്കി. കേരളം പറഞ്ഞുനടക്കുന്ന മതസൗഹാര്‍ദ്ദവും മതസഹിഷ്ണുതയുമൊന്നും ഇവിടെ ഇല്ലെന്ന്. കേരളത്തിന്റെ വടക്കന്‍ തീരങ്ങളില്‍ തുടങ്ങിയ ആ പ്രവണത ഇന്നു പടര്‍ന്നു കൊണ്ടിരിക്കുന്നു, തെക്കോട്ട്...

kasargod

കാസര്‍ഗോഡ് ഫുട്‌ബോളിന്റേയും കമ്പവലിയുടെയുമെല്ലാം നാടാണ്. കുട്ടികളും ചെറുപ്പക്കാരും ചെറിയ മൈതാനങ്ങളില്‍ കളിക്കുന്നത് കാണാന്‍ പറ്റും. പലസ്ഥലങ്ങളും ഞാന്‍ പരിശോധിച്ചു. ഒരു സ്ഥലത്തും രണ്ട് മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഒന്നായി കളിക്കുന്നത് കണ്ടില്ല. ഇവിടെ ഓരോ മുക്കിലും മൂലയിലും 'ക്ലബ്ബു'കള്‍ ഉണ്ട്. മിക്കവാറും  വെറും 'കാരംസ്' കളിയാണ് അവിടെ നടക്കുന്നത്. പക്ഷേ ഇവയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഒന്നുകില്‍ പച്ച അല്ലെങ്കില്‍ കാവി പെയിന്റ് അടിച്ചിരിക്കും. യുവജനങ്ങളുടേതായ ഈ 'ക്ലബ്ബു'കള്‍ നിറം കൊണ്ടു തന്നെ ആരുടേതാണെന്നു തിരിച്ചറിയാം. അവിടെയും ഇതര വിഭാഗത്തില്‍ പെട്ടവരെ ഞാന്‍ കണ്ടിട്ടില്ല. 

ഇവിടത്തെ ഒരു ഗവണ്‍മെന്റ് കോളേജില്‍ എന്തോ പരിശോധനക്കായി ഞാന്‍ പോയിരുന്നു. അവിടെ മുന്നിലെ ഹാളില്‍ ഒരു വലിയ 'തൂക്കുവിളക്ക്' ഉണ്ട്. ആഘോഷവേളകളില്‍ അത് കത്തിക്കാറുണ്ടായിരുന്നു. ആരോ എന്നോട് പറഞ്ഞു കുറേ വര്‍ഷങ്ങളായി  ആ വിളക്ക് കത്തിക്കാറില്ല എന്ന്. അത് കത്തിക്കാന്‍ പാടില്ല എന്ന് ഒരു 'വിലക്ക്' നില നില്‍ക്കുന്നുണ്ടത്രെ. അത് ലംഘിക്കാന്‍ ആരും ധൈര്യപ്പെടാറില്ല. കോളേജിലെ എന്തോ പ്രശ്‌നവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും കോളേജ് യൂണിറ്റ് പ്രസിഡന്റും എന്റെ അടുത്തെത്തിയ അവസരത്തില്‍ വിളക്കിന്റെ കാര്യം ഞാന്‍ അവരോട് ചോദിച്ചു. അവരും സമ്മതിച്ചു അത് സത്യമാണെന്ന്. മറ്റൊരു  കാര്യം കൂടി അവര്‍ പറഞ്ഞു. അവിടെ ഓണാഘോഷം പോലുള്ള കാര്യങ്ങള്‍ നടത്താന്‍ പറ്റില്ല എന്ന്. അത്തരം കാര്യങ്ങളെ എതിര്‍ക്കാന്‍ എസ്.എഫ്.ഐക്ക് പോലും സാധിച്ചിട്ടില്ലെന്നും അവര്‍ തുറന്നു സമ്മതിച്ചു.

വിദ്യാലയ പരിസരത്തോ മറ്റ് പൊതു സ്ഥലങ്ങളിലോ ഇരു വിഭാഗത്തില്‍ പെട്ട പുതിയ തലമുറ കൂട്ട് കൂടി നടക്കുന്നത് ഞാന്‍ അധികം കണ്ടിട്ടില്ല. പുതിയ തലമുറയുടെ വേഷവിധാനങ്ങളില്‍ ഒരാളുടെ മതം കൃത്യമായി മനസ്സിലാക്കാന്‍ പറ്റും ആണ്‍കുട്ടികള്‍ ആരെങ്കിലും അങ്ങനെ 'മിക്‌സ്' ചെയ്ത് നടക്കുന്നത് തീരെ കുറവാണ്. ചുരുക്കം അവസരങ്ങില്‍ പെണ്‍കുട്ടികള്‍ നടക്കുന്നത് കണ്ടിട്ടുണ്ട.് 

ഇലക്ഷന് മുന്നോടിയായി പ്രധാന പാര്‍ട്ടികളുടെ പ്രധാന നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടുന്ന ഒരു യോഗം ഗസ്റ്റ്ഹൗസില്‍ വച്ചു ചേര്‍ന്നു. പുതിയ കാലത്തെ സംഘര്‍ഷങ്ങളെക്കുറിച്ചും പ്രശ്‌നളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെ എന്‍.എ നെല്ലിക്കുന്നിനേയും (മുസ്ലിംലീഗ്) രവീന്ദ്രനെയും (ബി.ജെ.പി) പോലുള്ളവര്‍ പഴയ കാല സാമുദായിക സൗഹാര്‍ദ്ദത്തേയും പരസ്പര ബന്ധങ്ങളേയും കുറിച്ചുള്ള കഥകള്‍ നഷ്ട ബോധത്തോടെ പറയുന്നത് ഞാന്‍ കേട്ടു. 

കാസര്‍ഗോട്ടെ പരസ്പര ബന്ധങ്ങള്‍ വെറും കഥകളല്ല. അവയുടെ അംശങ്ങള്‍ ഇന്നും തുടരുന്നുണ്ട്. മംഗലാപുരത്തിന്റെ അതിര്‍ത്തിയിലുള്ള കുഞ്ചത്തൂര്‍ മാട എന്ന തെയ്യക്കാവ് ഒരുദാഹരണമാണ്. ഈ കാവ് സാമൂഹ്യശാസ്ത്രപരമായി വളരെ  പ്രധാനപ്പെട്ടതാണ് എന്ന് എനിക്ക് തോന്നുന്നു. അവിടത്തെ രണ്ട് പ്രധാന ജാതികളായ 'പൂജാരി'കളും 'ഷെട്ടി'കളും ഒന്നായിട്ടാണ് അവിടെ തെയ്യം നടത്തുന്നത്. രണ്ട് ജാതിക്കും അവകാശങ്ങളുണ്ട് അവിടുത്തെ പ്രധാനപ്പെട്ട രണ്ട് തെയ്യങ്ങള്‍ സഹോദരന്മാരായിട്ടാണ് സങ്കല്‍പ്പം. മൂത്തയാള്‍'പൂജാരി' ജാതിയേയും ഇളയആള്‍ 'ഷെട്ടി' ജാതിയേയും പ്രതിനിധീകരിക്കുന്നു. ലക്ഷകണക്കിന് ആളുകളാണ് ഉത്സവ സമയത്ത് അവിടെ എത്തുന്നത്. അവരില്‍ കൂടുതലും മംഗലാപുരം ഭാഗത്തു നിന്നാണ് വരുന്നത്. 

കാവിന്റെ മുന്നിലുള്ള വിശാലമായ മൈതാനത്ത് രണ്ട് വലിയ 'തറ'കളുണ്ട്. രണ്ട് സ്ഥാനങ്ങളെയാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഒന്ന് ആ സ്ഥലത്തെ 'തന്ത്രി'യുടേത്, രണ്ടാമത്തെത് 'മുസ്ലിംകളുടെതാണ്. ഉത്സവ സമയത്ത് ഈ രണ്ടു ്വിഭാഗക്കാരും അവരവരുടെ സ്ഥാനങ്ങളില്‍ കൂട്ടമായി ഇരിക്കും. തന്ത്രി (ബ്രാഹ്മണ)ക്കും മുസ്ലീംകള്‍ക്കും ഉള്ള അവകാശമാണത്. രണ്ടുകൂട്ടര്‍ക്കും കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട ചില കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്. 

ബ്രാഹ്മണരുടേത് വളരെ രസകരമാണ്. പ്രധാന തെയ്യം വാദ്യാഘോഷങ്ങളോടുകൂടി ഈ മൈതാനം കടന്ന് അടുത്തുള്ള മറ്റൊരു ചെറിയ മൈതാനത്തേക്ക് ചില കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ പോകുമ്പോള്‍ രണ്ടു തറകളിലും ഉള്ളവര്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കും. ഏതോ പഴയ 'മിത്തു'കളുടെ അടിസ്ഥാനത്തില്‍ തെയ്യം രണ്ടാമത്തെ തറയിലെ ബ്രാഹ്മണരിലെ പ്രധാന തന്ത്രിയോട് ചില ചോദ്യങ്ങള്‍ ചോദിക്കും. 

അനിഷ്ടകരമായിട്ടാണ് തെയ്യം ചോദിക്കുന്നത്. ബ്രാഹ്മണര്‍ എന്തോ തെറ്റുകള്‍ ചെയ്തെന്നും അഹംഭവാവം കാട്ടിയെന്നും മറ്റുമുള്ള മിത്തുകളാണ് അവ. അവസാനം തെയ്യം 'തന്ത്രിയോട് പറയും പുറം തിരിഞ്ഞ് ഇരിക്കാന്‍. ശിക്ഷയാണ്. തെയ്യം തിരിച്ച് വരുന്നതു വരെ തന്ത്രി അങ്ങിനെ ഇരിക്കണം. തിരിച്ച് വരുമ്പോള്‍ തെയ്യം അവിടെ വന്ന് തന്ത്രിയോട് നേരെ ഇരുന്നുകൊള്ളാന്‍ പറയും. കൂട്ടത്തില്‍ ഒരു കാര്യം പറയും, നിനക്ക് 'തന്ത്രം ഉണ്ടാകാം, പക്ഷേ 'മന്ത്രം' എന്റെതാണ് എന്ന.് തന്ത്രിയല്ല തെയ്യമാണ് അധിപതി എന്ന് ഓര്‍മിപ്പിക്കാനാണ് അത്. 

തുടര്‍ന്ന് തെയ്യം അടുത്ത 'തറക്ക്' അടുത്തെത്തും. അവിടെ മുസ്ലിംകളുടെ അധികാര പരിധിയാണ്. കെട്ടുകണക്കിന് 'മുല്ലപ്പൂ' മാലകള്‍ അവിടെ ഉണ്ടാകും. തെയ്യം എല്ലാവര്‍ക്കും മുല്ലപ്പൂമാലകള്‍ നല്‍കും. അവിടെയിരിക്കുന്ന മുസ്ലീംകളാണ് ആചാരപരമായി മാല തെയ്യത്തിന് കൊടുക്കുന്നത്. അത് തെയ്യം അടുത്തുള്ളവര്‍ക്കെല്ലാമായി കൊടുക്കും. ഓരോരുത്തരെയായി വിളിച്ചാണ് കൊടുക്കുന്നത്. പോലീസ് അധികാരികള്‍ക്കും പ്രത്യേകം സ്ഥാനമുണ്ട്്. എനിക്കും കിട്ടി മുല്ലപ്പൂമാല. ഈ ആചാരം ഇനി എത്രകാലം തുടരും എന്ന് പറയാന്‍ വയ്യ. ഒരു വിഭാഗം ഈ ആചാരത്തെ എതിര്‍ത്തു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 

ഈ ആചാരത്തില്‍ പങ്കെടുക്കാന്‍ ധാരാളമായി മുസ്ലിംകള്‍ എത്തിയിരുന്നത്രെ. ഇന്ന് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ എത്തുന്നുള്ളു. ഒന്നോ രണ്ടോ കുടുംബങ്ങളില്‍ ഉള്ളവര്‍. ഒരു ജൈനമത കേന്ദ്രമായിരുന്നു ഈ പ്രദേശമെന്നും ജൈനന്മാരായിരുന്നു ഈ ആചാരത്തിന്റെ നേരത്തെയുള്ള അവകാശികള്‍ എന്നും ജൈനന്മാര്‍ക്കു പകരമായാണ് മുസ്ലിംങ്ങള്‍ ഇത് തുടങ്ങിയതെന്നും ഒരു കഥ എന്നോട് ആരോ സൂചിപ്പിച്ചു. എന്തായാലും ഹിന്ദുക്കളും മുസ്ലിംകളുമായുള്ള തലമുറകളായുള്ള ബന്ധത്തിന്റെ തെളിവായി ഈ ആചാരം ഇന്നും നിലനില്‍ക്കുന്നു. 

കാസര്‍ഗോഡ് പോലുള്ള ഒരു സ്ഥലത്ത് ഒരു വര്‍ഗ്ഗീയ ലഹള ഏതു സമയത്തും പൊട്ടിപ്പുറപ്പെടാം. ഒരു പരിധിയില്‍ കൂടുതല്‍ അത് പടര്‍ന്നാല്‍ കാസര്‍ഗോഡ് പോലീസിന് നോക്കി നില്‍ക്കയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടാകില്ല. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പോലീസ് എത്താന്‍ സമയം ഏറെ എടുക്കും. കാസര്‍ഗോഡ്  പൊട്ടി പടരുന്ന ഒരു ലഹള മംഗലാപുരം ഭാഗത്തേക്ക് പടരുന്നത് വളരെ സ്വാഭാവികമാണ്. അങ്ങിനെ വന്നാല്‍ കര്‍ണ്ണാടകയില്‍ നിന്നും പോലീസ് സഹായം കിട്ടില്ല. 

എന്റെ രണ്ടോ മൂന്നോ മാസത്തെ ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് 'മഞ്ചേശ്വരം' പോലീസ് സ്റ്റേഷനിലെ 'വിസിറ്റിംഗ്' റിമാര്‍ക്ക്സ് ബുക്കില്‍ (ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുമ്പോള്‍ സ്റ്റേഷന്റെ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുന്ന പുസ്തകം) ഞാന്‍ എന്റെ ആശങ്കകള്‍ ചുരുക്കി എഴുതിവച്ചത്. അതിന്റെ കോപ്പി എ.ഡി.ജി.പി വരെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പോകും. പക്ഷേ ആരും ഇതുവരെ എന്നോട് ഒന്നും അന്വേഷിച്ചിട്ടില്ല.  ഒട്ടകപക്ഷിയുടെ നയം. ഞാന്‍ അങ്ങിനെ എഴുതിയത് തെറ്റാണെന്നോ ഇല്ലാത്ത കാര്യങ്ങളാണെന്നോ അവര്‍ക്ക്  തോന്നുകയാണെങ്കില്‍ എനിക്ക് അവര്‍ മെമ്മോ തന്ന് എന്റെ വിശദീകരണം വാങ്ങിക്കണമായിരുന്നു. അങ്ങനെ ഉണ്ടായില്ല. 

രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീജിത്ത് കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി ആയി സ്ഥാനമേറ്റു. കാസര്‍ഗോഡ് ജില്ലയില്‍ നേരത്തെ എസ്.പി. യായി ജോലിചെയ്തിരുന്ന അദ്ദേഹം ഒരു വിശദമായ  ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. ആയിടക്ക് ഒരു ദിവസം വെറുതെ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ ആ റിപ്പോര്‍ട്ട് എന്നെ അദ്ദേഹം കാണിച്ചു. 

കാസര്‍ഗോട്ടെ സാമുദായിക സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പോലീസിന്റെ പരിമിതികളും അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ആണ് പ്രധാനമായും റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അതിലൊന്ന് കാസര്‍ഗോഡ്  ഒരു പോലീസ് ബറ്റാലിയന്‍ രൂപീകരിക്കലാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിരുന്നു. വലിയ സ്വീകാര്യതയാണ് ആ റിപ്പോര്‍ട്ടിന് കിട്ടിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നെ അതിനെക്കുറിച്ച് പ്രതികരിച്ചു. പക്ഷേ ഒന്നും നടന്നില്ല. കാസര്‍ഗോഡ്  പഴയ പോലെ തുടരുന്നു. 

തിരിച്ച് കോഴിക്കോട് എ.സി.പി ആയി എത്തിയിട്ടും എന്റെ മനസ്സില്‍ നിന്നും കാസര്‍ഗോഡിന്റെ ചിത്രം മാഞ്ഞില്ല എന്നല്ല അത് കൂടുതല്‍ കൂടുതല്‍ ശക്തമായി എന്റെ മനസ്സിലേക്ക് വന്നു കൊണ്ടെയിരുന്നു. മത നിരപേക്ഷതയുടേയും സഹിഷ്ണുതയുടേയും, സാഹോദര്യത്തിന്റെയുമൊക്കെ സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും കാസര്‍ഗോഡ്് ദുര്‍ബലമാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇന്ന് അത് കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ പോന്ന പ്രവര്‍ത്തനം നടക്കുന്നു എന്ന അറിവും എന്നെ അലട്ടി.

കേരള രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കുന്ന, സാമൂഹിക പ്രശ്നങ്ങളെ നേരിടേണ്ട പല രാഷ്ട്രീയ നേതക്കളോടും ഇക്കാര്യം ഞാന്‍ സംസാരിച്ചെങ്കിലും അത് വ്യക്തമായി മനസ്സിലാക്കാനുള്ള മാനസികാവസ്ഥയോ ബുദ്ധിശക്തിയോ സന്നദ്ധതയോ അവര്‍ക്കില്ല എന്നും വ്യത്യസ്തമായ എന്തെങ്കിലും  ചെയ്തേ പറ്റൂ എന്ന് തോന്നി. കോഴിക്കോട്ടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'കര്‍മ്മ'. 'കര്‍മ്മ'യുടെ പ്രധാന ഭാരവാഹിയായ  ജനാര്‍ദ്ദനന്‍ എന്റെ സുഹൃത്താണ്. അദ്ദേഹം ഒരു ദിവസം എന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ ഈ വിഷയം  എടുത്തിട്ടു. എന്റെ ഒരു ആശയവും പറഞ്ഞു. ജനങ്ങള്‍ ഈ പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകണം. 

സമൂഹത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മതമൗലീകവാദം, തീവ്രവാദം വര്‍ഗ്ഗീയത എന്ന വിഷയങ്ങളെക്കുറിച്ച് ശക്തമായ ഒരു സംവാദം നടക്കേണ്ടതുണ്ട്. ഇന്ത്യയിലെ മികച്ച ചിന്തകരെ കൊണ്ടുവന്ന് ഈ വിഷയങ്ങളില്‍ സംസാരിപ്പിക്കണം. സ്വതന്ത്ര ചിന്തക്ക് ഇപ്പോഴും കാര്യമായ  വിലക്കില്ലാത്ത കേരളത്തില്‍ ഒരു സ്ഥിര സംവാദവേദി ഉണ്ടാവണം. നഷ്ടപ്പെട്ടുപോയ മലബാര്‍ മഹോത്സവത്തിന് പകരമായി (മലബാര്‍ മഹോത്സവം ഇതേ ഉദ്ദേശം വച്ചാണ് തുടങ്ങിയത്) എല്ലാ കൊല്ലവും നടക്കുന്ന ഒരു സംവാദ ഉത്സവം ഉണ്ടാവണം. ജനാര്‍ദ്ദനന് അന്നത്തെ കലക്ടറായ പി.ബി.സലീമിനോടുള്ള അടുപ്പം വച്ചുകൊണ്ട് അത്ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ പറഞ്ഞു. 

അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. ജനാര്‍ദ്ദനന്‍ കളക്ടര്‍ സലീമുമായി ചര്‍ച്ചചെയ്തു. കലക്ടര്‍ക്കും ആശയം ഇഷ്ടപ്പെട്ടു. ഈ ആശയം ചര്‍ച്ചചെയ്യാനായി കലക്ടറുടെ ചേംബറില്‍ യോഗം വിളിച്ചു. ഒന്ന് രണ്ട് മീറ്റിങ് കഴിഞ്ഞപ്പോള്‍ പരിപാടി നടത്താന്‍ തീരുമാനിച്ചു. തിയ്യതി നിശ്ചയിച്ചു. പരിപാടിയെക്കുറിച്ച് അവസാനവട്ട ചര്‍ച്ചക്കായി വിപുലമായ യോഗം  കലക്ടറുടെ ചേംബറില്‍ തന്നെ നടന്നു. അതുവരെ ഉണ്ടായിരുന്ന ആശയമെല്ലാം അതോടെ തകിടം മറിഞ്ഞു. 

മതനിരപേക്ഷത പോലുള്ള ആശയങ്ങളെക്കുറിച്ച് ഗഹനമായ സെമിനാറുകളാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. പകരം കോഴിക്കോട്ടുകാരുടെ സ്ഥിരം 'മാമാങ്ക'ങ്ങളുടെ തലത്തിലേക്ക് ഈ പരിപാടിയും താഴ്ന്നു. മാനാഞ്ചിറ മൈതാനത്ത് മതമൈത്രിയെക്കുറിച്ച് ഒരു പ്രദര്‍ശനം, സമ്മേളന വേദിയിലേക്ക് രണ്ട് സ്ഥലങ്ങളില്‍ നിന്ന് രണ്ട് ഘോഷയാത്രയും. ഒന്ന് തളിയില്‍ നിന്നും ആനകളുടെ അകമ്പടിയോടെ സാമൂതിരി നയിക്കുന്നത്. രണ്ട് കുറ്റിച്ചിറയില്‍ നിന്നും 'ഖാസി'യുടെ നേതൃത്വത്തില്‍ ഒട്ടകങ്ങളുടെ അകമ്പടിയോടെ. രണ്ടും പാളയത്തുവച്ച് കൂടിച്ചേര്‍ന്ന് താളമേളങ്ങളോടെ മാനാഞ്ചിറയിലേക്ക് എത്തും . 

ഇതൊക്കെ കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ''ആനയും ഒട്ടകവുമായി... ഇനി മയിലില്ലേ'' എന്ന് (ആന മയില്‍ ഒട്ടകം എന്നാണല്ലോ  പ്രയോഗം). കലക്ടര്‍ സലീം പതുക്കെ ചിരിച്ചു. കാര്യങ്ങളുടെ നടത്തിപ്പില്‍ അദ്ദേഹത്തിനും നിയന്ത്രണം ഇല്ലാതായിരുന്നു. വേദിയില്‍ രണ്ടു ദിവസം വൈകുന്നേരങ്ങളില്‍ ചര്‍ച്ചകള്‍, അതുകഴിഞ്ഞ് കലാപരിപാടികള്‍, അതും ഹിന്ദുവിന്റെയും മുസ്ലിമിന്റെതുമായി അറിയപ്പെടുന്ന കലാപരിപാടികള്‍. മൊത്തത്തില്‍ ഞങ്ങളുദ്ദേശിച്ചതുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍.. മതനിരപേക്ഷതയെക്കുറിച്ച്  രാഷ്ട്രീയക്കാര്‍ സമൂഹത്തില്‍ പരത്തുന്ന അബദ്ധധാരണകളുടെ കഴമ്പില്ലാത്ത ചിന്തകളുടെ പ്രതിഫലനമായി ഇതും.

ചര്‍ച്ചക്കിടയില്‍ അവസരം വന്നപ്പോള്‍ ഞാന്‍ ചോദിച്ചു, എന്തിനാണീ സാമൂതിരിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നത് എന്ന്. ടിപ്പുവന്നപ്പോള്‍ ജനങ്ങളെ ഇട്ട് ഓടിപ്പോയ, ഹൈദരാലി വന്നപ്പോള്‍  ആത്മഹത്യ ചെയ്ത പാരമ്പര്യമുള്ള രാജാവാണ് സാമൂതിരിയെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ഇവര്‍ക്കാര്‍ക്കും സാധിച്ചില്ല എന്നും ഞാന്‍ പറഞ്ഞു. യോഗത്തിനെത്തിയ സാമൂതിരിയുടെ ചരിത്രമെഴുത്തു കര്‍മ്മവുമായി കോവിലകത്ത് കഴിയുന്ന ചരിത്രകാരനെന്ന് പറയുന്ന ഒരു നമ്പൂതിരിക്ക് ഞാന്‍ പറഞ്ഞത് സഹിച്ചില്ല.  

അദ്ദേഹം എന്നെ എതിര്‍ക്കാന്‍ നോക്കി. കാലഘട്ടങ്ങളുടെ ചെറിയ വ്യത്യാസങ്ങള്‍ എടുത്തു കാട്ടിക്കൊണ്ട്. ഹൈദരാലിയുടെ കാലത്തല്ലെങ്കില്‍ ടിപ്പുവിന്റെ വരവില്‍ ആയിരിക്കും, പക്ഷേ സംഭവങ്ങള്‍ ശരിയാണ് എന്ന് ഞാന്‍ മറുപടി കൊടുത്തു.  യോഗത്തില്‍ പങ്കെടുക്കുന്ന പ്രൊഫസര്‍ എം.ജി.എസ്. നാരായണന്‍ അഭിപ്രായം പറയാതെ ചിരിച്ചു. എന്തായാലും പതിവുപോലെ സാമൂതിരിയെയും കുറ്റിച്ചിറ ഖാസിയെയുമൊക്കെ പൊക്കിക്കാട്ടുന്ന സ്ഥിരം പരിപാടിയായി അതും തീര്‍ന്നു. 

kasargod

രണ്ടാമത്തെ ദിവസത്തെ പൊതുയോഗത്തില്‍ ആശംസ പറഞ്ഞത് ഞാനായിരുന്നു. ഞാന്‍ എന്റെ കാസര്‍ഗോട്ടെ അനുഭവങ്ങള്‍ പറഞ്ഞു. കേരള സമൂഹം എങ്ങോട്ട് പോകുന്നു, എങ്ങനെ മാറും എന്ന എന്റെ ആശങ്ക പങ്കിട്ടു. ഇപ്പോള്‍ എക്‌സൈസ് മന്ത്രിയായ ടി.പി.രാമകൃഷ്ണന്‍ സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അന്ന് ആ വേദിയിലുണ്ടായിരുന്നു. കൂടാതെ കോഴിക്കോട്ടെ മറ്റു പ്രമുഖ നേതാക്കളും കളക്ടറും. പ്രസംഗത്തിനൊടുവില്‍ ഒരു കാര്യം കൂടി ഞാന്‍ പറഞ്ഞു ''ഞാന്‍ പറഞ്ഞത് ശരിയല്ലെങ്കില്‍, ഈ കാര്യങ്ങള്‍ പരസ്യമായി പറഞ്ഞ എന്റെ പേരില്‍ നടപടി എടുക്കണം. ജില്ലാ മജിസ്ട്രേറ്റായ കലക്ടറുടെ മുന്നില്‍ വച്ചാണ് ഞാന്‍ ഇതെല്ലാം പറയുന്നത്''.

പക്ഷേ ഒന്നും സംഭവിച്ചില്ല കാസര്‍ഗോട്ടെ കാര്യങ്ങള്‍ മുറപോലെ തുടര്‍ന്നു, വളര്‍ന്നു. കോഴിക്കോട്ട് നിന്നും സ്ഥിരമായി ഒരു നേതാവ് അവിടെയെത്തി അവിടുത്തെ വര്‍ഗ്ഗീയ സാഹചര്യങ്ങളെ, വികാരങ്ങളെ മുതലെടുത്തുകൊണ്ട് കൂടുതല്‍ കൂടുതല്‍ വിഷം ചീറ്റുന്നു. എന്നെങ്കിലും തനിക്ക് എംപിയോ എംഎല്‍എയോ ആകാന്‍ പറ്റിയെങ്കിലോ... 

(ലേഖനത്തിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്)

(ക്രമസമാധാനപാലന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള പോലീസ് ഓഫീസറാണ്  സിഎം പ്രദീപ് കുമാര്‍. ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കേ മാറാട് കൂട്ടക്കൊലക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച അദ്ദേഹം വിജിലന്‍സിലും സിബിഐയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ത്തിയാക്കും മുന്‍പേ ജോലിയില്‍ നിന്ന്  സ്വയംവിരമിച്ച പ്രദീപ് കുമാര്‍ ഗ്ലോബല്‍ ലോ ലീഗല്‍ സര്‍വീസ് സ്ഥാപനത്തിന്റെ ഭാഗമായി ഹൈക്കോടതി അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരികയാണ്)

സി.എം.പ്രദീപ് കുമാറിന്റെ മുന്‍ലേഖനങ്ങള്‍....

പീഡനങ്ങള്‍ ആഘോഷിക്കുന്ന മലയാളി......

'ശവത്തെ മന്ത്രിയുടെ കൂടെ കിടത്തുമോ? അതോ കുത്തനെ നിർത്തുമോ?'......

വഴി പിഴച്ച നക്‌സലുകളും വെടി പിഴച്ച പോലീസും......

ചോര കൊണ്ട് തീരില്ല, കണ്ണൂരിന്റെ കണക്കുകൾ ......

മയക്കുമരുന്ന് പെരുകുന്ന നാട്ടില്‍ മദ്യനയത്തിനെന്ത് പ്രസക്തി......

മഴയെ പ്രണയിച്ച പോലീസുകാരന്റെ കഥ......