മിക്കവാറും മലയാളം ടെലിവിഷന്‍ ചാനലുകളില്‍ രാത്രി പത്തുമണിക്കുശേഷം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഒരു പരിപാടിയുണ്ട്.  ഭയപ്പെടുത്തുന്ന ഗ്രാഫിക്കുകളുടെയും ശബ്ദങ്ങളുടെയും അകമ്പടിയോടെ ആ ദിവസത്തെ കുറ്റകൃത്യങ്ങളെ മൊത്തം അവതരിപ്പിക്കുന്ന പരിപാടികള്‍. ഇത്തരം പരിപാടികളില്‍ കുറ്റകൃത്യവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ പലകോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയരാറുണ്ടെങ്കിലും ധാരാളം പ്രേക്ഷകരുണ്ടെന്നതിനാല്‍ ഇത്തരം ക്രൈം പരിപാടികള്‍ ഒഴിവാവാക്കാന്‍ ചാനലുകള്‍ തയ്യാറാവില്ല. 

കേരളീയ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗീകാസക്തിയും ആക്രമണോത്സുകതയും വ്യാപകമായി അരങ്ങേറുന്ന രതിവൈകൃതങ്ങളുമാണ് ഇത്തരം പരിപാടികളില്‍ കൂടുതലായി അവതരിപ്പിക്കപ്പെടുന്നത്. പഴയകാലത്ത് കോട്ടയം പുഷ്പരാജിന്റേയും കാക്കനാടന്റേയും നോവലുകള്‍ക്ക് കിട്ടിയതിലും എത്രയോ ഇരട്ടി ആരാധകരെയാണ് ഇത്തരം പരിപാടികള്‍ക്ക് ഇന്ന് കിട്ടുന്നത്. കഥകള്‍ക്ക് അപ്പുറത്ത് ആണ് യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ള മൂല്യം. പലര്‍ക്കും ഈ പരിപാടി കാണാതെ ഉറക്കം വരാത്ത അവസ്ഥയാണ്. വളരെ വിദ്യാഭ്യാസമുള്ള, ഉയര്‍ന്ന ഉദ്യോഗത്തിലിരുന്ന് റിട്ടയര്‍ ചെയ്ത ഉയര്‍ന്ന മണ്ഡലങ്ങളില്‍ ജീവിച്ച ഇപ്പോള്‍ വളരെ പ്രായമായ ഒരു സ്ത്രീയുടെ കാര്യം ആരോ എന്നോട് പറഞ്ഞു. അവര്‍ ഈ പരിപാടി കാണാതെ ഉറങ്ങാറില്ലത്രെ.

പത്തുവയസ്സുള്ള കുഞ്ഞ് ആത്മഹത്യ ചെയ്യുന്നു. പണ്ടെങ്ങും കേള്‍ക്കാത്ത കാര്യം. അതിന്റെ കാരണമാവുന്നത് നിരന്തരമായ ലൈംഗിക പീഡനങ്ങള്‍, ഭീഷണികള്‍. ആ കുഞ്ഞുമനസ്സിന്റെ വേദനകളും പീഡനങ്ങളും ആത്മഹത്യ എന്ന പ്രക്രിയയ്ക്ക് മുമ്പുണ്ടാക്കുന്ന പ്രകമ്പനങ്ങളും നമുക്ക് ആസ്വദിക്കാന്‍ പറ്റുമോ. മനുഷ്യത്വമുള്ള ആര്‍ക്കും സാധിക്കുന്ന കാര്യമല്ല.... എന്നാല്‍ ഇത്തരം പരിപാടികളിലൂടെ നമ്മളും കുറ്റകൃത്യങ്ങള്‍ ആഘോഷിക്കുകയല്ലേ...? ഇത്തരം പരിപാടികള്‍ മാത്രമല്ല മറ്റു മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും സമാനമായ അവസ്ഥയല്ലേ ഉണ്ടാക്കുന്നത്....? കേരളീയ സമൂഹം അത് ആസ്വദിക്കുന്നില്ലേ? ആഗ്രഹിക്കുന്നില്ലേ? ഇന്ന് പത്തുവയസ്സുള്ള കുഞ്ഞിനാണ് ആ ഗതികേട് വന്നതെങ്കില്‍ നാളെ എട്ടുവയസ്സുള്ള കുഞ്ഞിന്റെ ദുരന്തം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനസ്സ് ഈ സമൂഹത്തിനില്ലേ?

rape

ഇഷ്ടം പോലെ ചാരായക്കടകളും ബാറുകളും ആണ്‍വേശ്യകളും പെണ്‍വേശ്യകളും ചൂതുകളിയും പാട്ടും നാടകവും ഗസലും സാംസ്‌കാരിക സംവാദങ്ങളുമെല്ലാം നിറഞ്ഞ കോഴിക്കോടിന്റെ ഒരു പഴയകാല ചിത്രമുണ്ട്. കോഴിക്കോട്ടെ 'കാബറെ'കളാണ്  ഇന്ത്യയിലെ ഏറ്റവും 'നല്ല' കാബറെകളെന്ന് 'വീറ്റ്ഹൗസി'ല്‍ സ്ഥിരമായി താമസിക്കുന്ന 'സ്പെയര്‍പാര്‍ട്സ്' കച്ചവടക്കാരായ 'സര്‍ദാര്‍ജി'മാര്‍ അഭിപ്രായപ്പെടാറുണ്ടായിരുന്നു. ക്രമേണ ഈ 'അധാര്‍മികത'കള്‍ക്കെതിരായി സമരങ്ങള്‍ ആരംഭിച്ചു. ഗാന്ധിയന്മാര്‍, നക്സലൈറ്റുകള്‍ ക്രിസ്തീയപുരോഹിതന്മാര്‍, മതമൗലികവാദികള്‍ ഇങ്ങനെ പലരും. സമൂഹത്തെ ശുദ്ധീകരിച്ച് നന്മനിറഞ്ഞ സംസ്‌കൃതിയിലേക്ക് നയിക്കലായിരുന്നു ഉദ്ദേശ്യം.

1986 ലാണ് ഞാന്‍ കോഴിക്കോട് പോലീസില്‍ നിന്നു വിട്ടുപോകുന്നത്. ഒന്നു രണ്ടു വര്‍ഷം എറണാകുളം സിബിഐയില്‍ ജോലി ചെയ്തു. പിന്നെ ബോംബെയിലേക്ക് മാറ്റം കിട്ടി. ബോംബെ കോഴിക്കോടിന്റെ ഒരു വലിയ പതിപ്പായിരുന്നു. സ്വാതന്ത്ര്യങ്ങളുടെ നടുവില്‍ സാംസ്‌കാരികത്തനിമയും സ്വന്തം സംസ്‌കാരവും സൂക്ഷിച്ച ജനം. സ്ത്രീകള്‍ ബഹുമാനിക്കപ്പെട്ടിരുന്നു. സുരക്ഷിതരായിരുന്നു. ഏതു പാതിരാത്രിക്കും ഒരു ടാക്സിപിടിച്ച് പോകാന്‍ ഒരു സ്ത്രീക്ക് സാധിക്കും. ആരെങ്കിലും കോപ്രായം കാട്ടിയിട്ടുണ്ടെങ്കില്‍ മിക്കവാറും അത് ഒരു മലയാളിയായിരിക്കും

തിരക്കുള്ള ബസ്സുകളില്‍ ആരെങ്കിലും ബോധപൂര്‍വ്വമാണെന്ന് തോന്നുന്ന തരത്തില്‍ തങ്ങളുടെ ദേഹത്ത് കൈവെച്ചാല്‍ പെണ്‍കുട്ടികള്‍ തമ്മില്‍ തമാശയായി പറയും. 'കോയി മല്ലു ഹേ അന്തര്‍!' അവിടെ ജനിച്ചുവളര്‍ന്ന മല്ലു അല്ല. പുതുതായി കുടിയേറിയവന്‍.  തിരിച്ച് കോഴിക്കോട്ടേക്ക് എത്തുന്നത് 1996 ലാണ്. പത്തുകൊല്ലം കൊണ്ട് ഉണ്ടായ മാറ്റങ്ങള്‍ എന്നെ അതിശയിപ്പിച്ചു. ചാരായക്കടകള്‍ പൂട്ടിയിരിക്കുന്നു. ബാറുകള്‍ പലതും പൂട്ടിയിരിക്കുന്നു. കാബറെയില്ല. തെരുവുവേശ്യകളും ഇല്ല. എല്ലാം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. 

ശുദ്ധീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കും വസ്ത്രധാരണത്തിലുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു. സ്ത്രീകളെ 'സുരക്ഷ'ക്കായി ചുരിദാറും പര്‍ദ്ദയും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ജീവിച്ചവര്‍ക്ക് ഈ മാറ്റങ്ങള്‍ മനസ്സിലായിട്ടുണ്ടാവില്ല. പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം എത്തിയ എനിക്ക് ഈ മാറ്റങ്ങള്‍ വളരെ വ്യക്തമായിരുന്നു. ഈ മാറ്റങ്ങള്‍ നല്ലതിലേക്കുള്ളതല്ല എന്നും വ്യക്തമായിരുന്നു. ഒരു തരം ഭീതി എനിക്കുണ്ടായി. ഈ മാറ്റങ്ങള്‍ ക്രമേണ മതമൗലികവാദത്തിലേക്കും തീവ്രവാദത്തിലേക്കും അതിനോടുള്ള പ്രതികരണങ്ങള്‍ക്കും വഴിവെക്കും എന്നു തോന്നി.

പോലീസ് അസോസിയേഷനുകളോട് എനിക്ക് താല്പര്യമില്ലായിരുന്നു. 1997 ല്‍ ആണെന്ന് തോന്നുന്നു, ഓഫീസേഴ്സ് അസോസിയേഷന്റെ കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ പ്രസിഡന്റ് പദം ഏറ്റെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡണ്ടെന്ന നിലയില്‍ ചെയ്ത പ്രസംഗത്തില്‍ ഞാന്‍ ഒരു ചോദ്യം ഉന്നയിച്ചു.  ഏതെങ്കിലും ഒരു പോലീസ് ഓഫീസര്‍ രാത്രി എട്ടുമണിക്കുശേഷം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റില്‍ ഇറങ്ങി തന്റെ ഭാര്യയെയോ മുതിര്‍ന്ന മകളെയോ കൂട്ടി ഒരു ബാഗുമായി അരയിടത്തുപാലം വരെ നടന്നുപോകാന്‍ ധൈര്യപ്പെടുമോ എന്ന്. 

നഗരം സ്ത്രീ സുരക്ഷയില്‍ അപകടകരമായ തലത്തില്‍ നില്‍ക്കുന്നു എന്നും പോലീസ് ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ നമുക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ചൂണ്ടിക്കാണിക്കാനായിരുന്നു അത്. ശരിക്കും കാര്യങ്ങള്‍ മനസ്സിലാക്കിത്തന്നെയാണ് പറഞ്ഞതും. അങ്ങനെ നടന്നാല്‍ മോശമായ നോട്ടങ്ങളും പിന്തുടരലുകളും ഉറപ്പാണ്. അന്നും ഇന്ന് അത് മാറ്റമില്ലാതെ തുടരുന്നു. പക്ഷേ വേദിയിലുണ്ടായിരുന്ന കമ്മീഷണര്‍ക്ക് അത് തീരെ പിടിച്ചില്ല. അദ്ദേഹത്തിന്റെ സിറ്റിയില്‍ അങ്ങനെ ഒന്നും ഇല്ല എന്ന് സമര്‍ത്ഥിക്കാന്‍ അദ്ദേഹം ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷം പേര്‍ക്കും അത് ഇഷ്ടപ്പെട്ടില്ല. കമ്മീഷണറുടെ വക എനിക്ക് വലിയ 'മെമ്മോ' കിട്ടി. മറുപടിയും വിശദീകരണങ്ങളുമൊക്കെയായി പ്രശ്നങ്ങള്‍. മറ്റ് സഹപ്രവര്‍ത്തകരുടെ വിമര്‍ശങ്ങള്‍. പക്ഷേ ഇന്നും ആ ചോദ്യം പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

kundara rape case

തങ്ങള്‍ ജോലി ചെയ്യുന്ന ഒരു നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഒരു ഓഫീസര്‍ക്കും ഉറപ്പുപറയാന്‍ പറ്റില്ല. അത് പോലീസുകാരുടെ മാത്രം കുറ്റമല്ല. അവരുടെ മാത്രം ഉത്തരവാദിത്വവുമല്ല. ഞാനൊരു വസ്തുതയെ ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. കുഞ്ഞുങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. കേരളം മുഴുവന്‍ പത്രങ്ങളും ചാനലുകളും ആ വാര്‍ത്തകള്‍ കൊണ്ട് നിറയുന്നു. പലപ്പോഴും വാര്‍ത്തകള്‍ ആഘോഷമാവുന്നു. സമൂഹത്തിന്റെ മനസ്സ് മലിനമാക്കപ്പെടുന്നു. എന്റെ സുഹൃത്ത് കെ.പി. രാമനുണ്ണി മുമ്പ് എഴുതിയ ഒരു ലേഖനത്തില്‍ അഭിപ്രായപ്പെട്ടതുപോലെ സ്വന്തം മകളോടുപോലും വാത്സല്യത്തോടെ ഇടപെടാന്‍ പറ്റാത്തവിധത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മലിനമായിരിക്കുന്നു.

എണ്‍പത് വയസ്സുള്ള അമ്മൂമ്മമാര്‍  ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാവുന്ന അവസ്ഥ. പല സംഭവങ്ങളും മൂടിവെക്കപ്പെടുകയാണ്. ഒരിക്കല്‍ എറണാകുളത്ത് ജോലിചെയ്യുന്ന സമയത്ത് ഈ രീതിയില്‍ ആകമിക്കപ്പെട്ട എഴുപത്തഞ്ച് വയസ്സുള്ള ഒരു സ്ത്രീയോട് സംസാരിക്കേണ്ടിവന്നു. കടുത്ത മാനസിക വ്യഥയാണ് എനിക്ക് അനുഭവപ്പെട്ടത്. സ്വയം നിന്ദിക്കപ്പെടുന്ന ഒരു മാനസികാവസ്ഥ...... ഒരു തരം നിസ്സഹായത. ഞാന്‍ പിന്നീട് അറിഞ്ഞു. ആ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ആ കേസ് തെളിയിക്കാനല്ല ശ്രമിച്ചത്. അങ്ങനെ ഒരു സംഭവം ഉണ്ടായില്ല എന്ന് ആ സ്ത്രീയെ പറഞ്ഞു വിശ്വസിപ്പിക്കാനാണ്. അവര്‍ക്ക് അങ്ങനെ തോന്നിയതാണ് എന്നൊക്കെ. സാഹചര്യങ്ങളില്‍ അതും ഒരു ശരിയാവാം.

പതിനാറ് വയസ്സുള്ള ഒരു പയ്യന്‍ മയക്കുമരുന്നിന് അടിമയായി. അവനെക്കൊണ്ടുള്ള ശല്യം കാരണം അവന്റെ അച്ഛന്‍ ആഹത്യക്ക് ശ്രമിക്കുന്ന സ്ഥിതിയായി. താന്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങളെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ ഇത്ര കൂടി വെളിപ്പെടുത്തി. സ്വന്തം അച്ഛന്റെ അമ്മയെ ലൈംഗികമായി ആക്രമിക്കുന്ന തലംവരെ അവനെത്തിയെന്ന്.  കേരളത്തിലെ ഏതെങ്കിലും ഒരു ഗവണ്‍മെന്റ് ഏജന്‍സി, പോലീസ് അടക്കം ഈ വൈകൃതങ്ങളുടെ കാരണങ്ങള്‍ എന്താണ് എന്ന് ശരിയായി പഠിക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. അവര്‍ക്ക് അത്തരം ഒരു വിപുലമായ പഠനത്തിനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളുമില്ല. വ്യക്തികള്‍ നടത്തുന്ന പഠനങ്ങള്‍ ആഴമില്ലാത്തതും വെറും അഭിപ്രായപ്രകടനങ്ങളുമാകുന്നു. പത്രങ്ങളില്‍ ഒരു ലേഖനം എന്നതിനപ്പുറത്തേക്ക് അവര്‍ പോകാറുമില്ല.

കേരളത്തില്‍ വ്യാപകമാവുന്ന മയക്കുമരുന്നിന്റെ ഉപയോഗം മനസ്സുകളെ വികലവും വൈകൃതവുമാക്കുന്നു. അത്തരം മനസ്സുകള്‍ക്ക് വരുംവരായ്കകളെക്കുറിച്ച് വലിയ പേടിയൊന്നുമില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ സമൂഹത്തിന്റെ ധാര്‍മ്മികതകളെയും ബന്ധങ്ങളെയും മാനിക്കുന്നില്ല. അവര്‍ അതിന് അപ്പുറത്തുള്ള മറ്റേതോ ലോകത്തിലാണ്. മയക്കുമരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരെ പഠിച്ചതില്‍ നിന്ന് എനിക്ക് മനസ്സിലായിട്ടുള്ളത് അതാണ്. 

'പാട്ന' റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ വകയായി ഫ്രീ 'വൈഫൈ' കൊടുത്തപ്പോള്‍ ആദ്യത്തെ ദിവസങ്ങളില്‍ ഒരു കണക്ക് പുറത്തുവന്നു. 97 ശതമാനം ഫ്രീ വൈഫൈയും ഉപയോഗിച്ചത് ലൈംഗിക സൈറ്റുകള്‍ കാണാനാണത്രെ. കേരളത്തിലെ സ്ഥിതി വ്യത്യാസമാണെന്ന് ആരും കരുതരുത്. കോഴിക്കോട് കടപ്പുറത്ത് നടപ്പാതയിലുള്ള സിമന്റ് തറയില്‍ രാവിലെ ഏഴുമണിക്ക് ഞാന്‍ യോഗ ചെയ്യുകയായിരുന്നു. എനിക്ക് പരിചയമുള്ള അമ്പത് വയസ്സിലേറെയുള്ള വ്യക്തി അതിന്റെ മറുവശത്ത് ഇരുന്ന് വളരെ താല്പര്യത്തോടെ തന്റെ മൊബൈല്‍ഫോണില്‍ എന്തോ നോക്കുന്നു. കുറെ സമയമായപ്പോള്‍ എനിക്ക് സംശയം തോന്നി. ഞാന്‍ പതുക്കെ എഴുന്നേറ്റ് ഒന്നു നോക്കി. അതെ അത് അശ്ലീല വീഡിയോ ആയിരുന്നു. ബീച്ച് 'വാക്ക്വേ'യില്‍ ധാരാളം പെണ്ണുങ്ങളും ആ സമയത്ത് നടക്കാന്‍ ഉണ്ടാവും. ആ പെണ്ണുങ്ങളോട് അയാളുടെ മനോഭാവം എന്തായിരിക്കും? രാത്രിയാവുമ്പോള്‍ അയാളുടെ പെരുമാറ്റം എങ്ങനെ മാറും. മയക്കുമരുന്നും അശ്ലീലസൈറ്റുകളും സുലഭമായി ലഭിക്കുന്ന ഒരു നാട്ടില്‍ ലൈംഗിക അരാജകത്വവും വൈകൃതങ്ങളും അതുമായി ബന്ധമുള്ള അക്രമങ്ങളും സ്വാഭാവികം മാത്രമാണ്.

കേരളീയ സമൂഹത്തെ താങ്ങിനിര്‍ത്തിയ നാല് തൂണുകള്‍ ഇന്ന് തകര്‍ന്നിരിക്കുന്നു. വീട്, വിദ്യാലയം,മതം, രാഷ്ട്രീയം...... കൂട്ടുകുടംബത്തിന്റെ സുരക്ഷിതത്തില്‍ ജീവിച്ച സമൂഹമായിരുന്നു കേരളം. ഒരു വലിയ കുടുംബം സുരക്ഷിതത്ത്വവും സ്വാന്തനവും സാംസ്‌കാരവും എല്ലാം നല്‍കി. കൂട്ടുകുടുംബം തകരുമ്പോള്‍ സംസ്‌കാരമാണ് തകര്‍ന്നത്. കസിന്‍സ് അടക്കം ഒരുപാട് പെങ്ങന്‍മാരുണ്ടായിരുന്നു ഓരോരുത്തര്‍ക്കും അതില്‍ നിന്നും അണുകുടുംബത്തിലെ ഒരു കുട്ടി സംസ്‌കാരത്തിലൊതുങ്ങിയപ്പോള്‍ പെങ്ങള്‍ ഇല്ലാത്ത, ആങ്ങളയില്ലാത്ത സംസ്‌കാരമായി അതുമാറി. 

ഇന്ന് അണു കുടുംബവും ഇല്ലാത്ത അവസ്ഥയാണുള്ളത്. പതിനേഴ് വയസ്സോടെ കുട്ടികള്‍ പഠിക്കാനായി വീട്ടില്‍ നിന്ന് മാറുന്നു. പിന്നെ അവര്‍ എപ്പോഴൊക്കെയോ വീട്ടിലെത്തുന്ന അതിഥികള്‍ മാത്രമാവുന്നു. വീട്ടില്‍ നാല്‍പതുകളിലെത്തി നില്‍ക്കുന്ന മാതാപിതാക്കള്‍ മാത്രം. കേരളത്തില്‍ അണുകുടുംബം പോലും തകര്‍ന്നിരിക്കുന്നു. കുടുംബം എന്ന സ്ഥാപനം ഇല്ലാതെയിരിക്കുന്നു. 

രണ്ടാമത്തേത് വിദ്യാലയമാണ്. തങ്ങള്‍ക്ക് ഇല്ലാത്ത എന്തു സംസ്‌കാരമാണ് അധ്യാപകര്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത് രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും  പഠിക്കുന്ന കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന അധ്യാപകരെക്കുറിച്ചുള്ള കഥകള്‍ പത്രങ്ങളില്‍ കൂടുന്നു. മൂന്നാമത്തേത് മതമാണ്. മതം മനുഷ്യനെ തമ്മില്‍ അടുപ്പിക്കുന്നതിന് പകരമായി തമ്മിലടിപ്പിക്കുന്ന ഇടമായി മാറിയിരിക്കുകയാണ്. നാലാമത് രാഷ്ട്രീയമാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ നിന്നും അധികാരരാഷ്ട്രീയത്തില്‍ പുഴുത്തു കിടക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആയി നമ്മുടെ പാര്‍ട്ടികള്‍ അധംപതിച്ചിരിക്കുന്നു. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കേരളസമൂഹത്തിന് നല്‍കിയ സംസ്‌കാരം നഷ്ടടപ്പെട്ടു കഴിഞ്ഞു. കേരളീയ സമൂഹത്തിന് ഈ നാല് സ്‌ത്രോസ്സുകളില്‍ നിന്നുമാണ് സംസ്‌കാരവും അച്ചടക്കവും കിട്ടിയത്, അവ നാലും നശിച്ചിരിക്കുന്നു. 

റഷ്യന്‍ ടിവിയില്‍ അടുത്തിടെ ഇന്ത്യയെക്കുറിച്ചുള്ള ഒരു പരിപാടി കാണാനിടയായി. ഇന്ത്യന്‍ ഗ്രാമങ്ങളും ചേരികളും അവിടങ്ങളിലെ ജീവിതവുമാണ് അതില്‍ കാണിക്കുന്നത്. കുടിലിനുള്ളില്‍ കുട്ടികള്‍ മൊബൈല്‍ ലാപ്പ്‌ടോപ്പുകളും കൊണ്ട് കളിക്കുന്നു. പുറത്തിറങ്ങി വഴിയരികിലിരുന്ന് മലമൂത്രവിസര്‍ജ്ജനം നടത്തുന്നു. വികസനത്തിന്റെ ബാലന്‍സ് ഇല്ലായ്മ. സാംസ്‌കാരിക തലങ്ങളിലും ഇത് സംഭവിക്കുന്നു. സിനിമ മുതല്‍ ഇന്റര്‍നെറ്റ് വരെയുള്ള അനേകം മാധ്യമങ്ങളിലൂടേയും മറ്റും തുറന്നു വിടപ്പെടുന്ന സാംസ്‌കാരികമാറ്റങ്ങള്‍, സ്വാതന്ത്രചിന്തകള്‍, അവയിലൂടെ ഉണര്‍ത്തപ്പെടുന്ന ലൈംഗീകചോദനകള്‍. 

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇവയെ ആഗിരണം ചെയ്യാനുള്ള സംസ്‌കാരം സമൂഹം നേരത്തെ തന്നെ ആര്‍ജ്ജിച്ചിട്ടുണ്ട്. അതിനുള്ള സ്വാതന്ത്ര്യവും സംസ്‌കാരവും അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോഴും അത്തരം സ്വാതന്ത്ര്യവും സംസ്‌കാരവും സമൂഹം ആര്‍ജ്ജിച്ചിട്ടില്ല. അപ്പോള്‍ അത്തരം ലൈംഗീക തൃഷ്ണകളും ചോദനകളും ആഗിരണം ചെയ്യപ്പെടാതെ ആശാസ്യമല്ലാത്ത വൈകൃതങ്ങളിലേക്കും അക്രമങ്ങളിലേക്കും നീങ്ങുന്നു.

മാവേലിക്കരയ്ക്ക് അടുത്ത് 90 വയസ്സുള്ള സ്ത്രീ ലൈംഗീകാതിക്രമത്തിന് ഇരയായതായി വാര്‍ത്ത വന്നു. രാത്രി ഓടിളകി ഇറങ്ങിയാണ് ഇത് ചെയ്തിരിക്കുന്നത്. ഒരു പക്ഷേ കേരള ചരിത്രത്തില്‍ ലൈംഗീകാതിക്രമത്തിന് ഇരയാവുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ ഇവരായിരിക്കും. ചിലപ്പോള്‍ ഇന്ത്യയില്‍ തന്നെ ഇതൊരു റെക്കോര്‍ഡായിരിക്കാം. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നത് കേരളത്തിലാണെന്നൊരു ചീത്തപ്പേര് നമ്മുക്ക് നേരത്തെയുണ്ട്. ഇത്ര കാലം ഞാനും കരുതിയത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസ്സുകളെല്ലാം രജിസ്റ്റാര്‍ ചെയ്യപ്പെടുന്നതിനാലാവാം കണക്കുകളില്‍ നമ്മള്‍ മുന്നിലായത് എന്നായിരുന്നു. അതല്ല സത്യം എന്ന് ഇപ്പോള്‍ തോന്നുന്നു.

ഇത്തരം ഒരോ കേസ്സിനും ഒപ്പം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പത്ത് സംഭവങ്ങളെങ്കിലും ഉണ്ടായിരിക്കണം. കാല്‍നൂറ്റാണ്ട് മുന്‍പ് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ചെന്നാല്‍ കേരളക്കരയെന്ന പറയുമ്പോള്‍ ഒരു ബഹുമാനം കിട്ടുമായിരുന്നു. പഠിപ്പുള്ളവരുടെ നാട്, ബുദ്ധിജീവികളുടെ നാട് എന്നൊക്കെയുള്ള ഒരു ബഹുമാനം. ഇന്നത് മാറിയിരിക്കുന്നു.

രണ്ട് മൂന്ന് വര്‍ഷങ്ങള്‍ മുന്‍പ് ബോംബൈ ഹൈക്കോടതിയുടെ ബാര്‍ അസോസിയേഷന്‍ ഹാളില്‍ ഒരു ഗ്രൂപ്പിനൊപ്പം സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ഞാന്‍. കര്‍ണാടകാരനായ എന്റെ സുഹൃത്ത് എന്നെ ആ സദസ്സിന് പരിചയപ്പെടുത്തിയത് ബോംബൈയില്‍ ഞങ്ങള്‍ ഒരുമിച്ച് എല്‍എല്‍ബിക്ക് പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു അതിനാല്‍ ഞാന്‍ മലയാളിയാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലായിരുന്നില്ല. ചര്‍ച്ചകള്‍ക്കിടയില്‍ മലയാളിയായ ഒരു സുപ്രീകോടതി ജഡ്ജിയുടെ കാര്യം അവിടെ പരാമര്‍ശിക്കപ്പെട്ടു. അപ്പോള്‍ ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെ കമന്റ് ഇങ്ങനെയായിരുന്നു വോ മല്ലുഹെ സബ്ബ്,ചാലൂഹെ.... മലയാളിയാണെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചിരിക്കും എന്ന ചുരുക്കം.....

മഹാഭാരതത്തില്‍ ദ്വാരകയുടെ അന്ത്യം പറയുന്ന ഒരു ഭാഗമുണ്ട്. സമ്പത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ആധിക്യം യാദവന്‍മാരെ ധൂര്‍ത്തന്‍മാരും സുഖലോലിതരും അഴിഞ്ഞാട്ടക്കാരും അരജാകത്വവാദികളുമാക്കി മാറ്റി. ഒടുവില്‍ ദൈവഹിതമായ പ്രളയത്തില്‍ ദ്വാരക നശിക്കുന്നു. നഗരത്തിന്റെ വെളിയില്‍ നിന്നുമെത്തിയ കാട്ടുവര്‍ഗ്ഗക്കാര്‍ ദ്വാരക കൊള്ളയടിച്ചു യാദവ സ്ത്രീകളെ പിടിച്ചു കൊണ്ടു പോയി. എല്ലാം പ്രശ്നങ്ങളും ശ്രീകൃഷ്ണന്‍ നേരിടുമെന്ന വിശ്വാസത്തില്‍ സുഖിച്ച് ജീവിച്ച യാദവര്‍ ഈ ദുരന്തത്തിന് മുന്നില്‍ നിസഹായരായി നിന്നു. ശ്രീകൃഷ്ണന്‍ അപ്പോള്‍ വേടന്റെ അമ്പേറ്റ് മോക്ഷപ്രാപ്തി തേടി കിടപ്പായിരുന്നു. അങ്ങനെ മഹത്തായ ഒരു നാടും അതിന്റെ സംസ്‌കാരവും നശിച്ചില്ലാതായി. ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന സൊഡോം നഗരത്തിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. സുഖലോലുപതയുടെ പാരമ്യത്തില്‍ ദൈവത്തെപ്പേടിയില്ലാതെ ലൈംഗീക അരാജകത്വത്തില്‍ ആഴ്ന്നു ജീവിച്ച നഗരത്തെ ആകമാനം ദൈവം നശിപ്പിച്ചു കളഞ്ഞതായാണ് കഥ. ദൈവനഗരങ്ങളായ ദ്വാരകയും സൊഡോമും സഞ്ചരിച്ച വഴികളിലൂടെയാണ് ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളവും സഞ്ചരിക്കുന്നത്. ദൈവം എന്തെങ്കിലും ചെയ്യുമായിരിക്കും നമ്മുക്ക് വേണ്ടിയും.....

ലേഖനത്തിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്

(ക്രമസമാധാനപാലന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള പോലീസ് ഓഫീസറാണ്  സിഎം പ്രദീപ് കുമാര്‍. ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കേ മാറാട് കൂട്ടക്കൊലക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച അദ്ദേഹം വിജിലന്‍സിലും സിബിഐയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ത്തിയാക്കും മുന്‍പേ ജോലിയില്‍ നിന്ന്  സ്വയംവിരമിച്ച പ്രദീപ് കുമാര്‍ ഗ്ലോബല്‍ ലോ ലീഗല്‍ സര്‍വീസ് സ്ഥാപനത്തിന്റെ ഭാഗമായി ഹൈക്കോടതി അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരികയാണ്)

പ്രദീപ് കുമാര്‍ എഴുതിയ മുന്‍ ലേഖനങ്ങള്‍ വായിക്കാം

മയക്കുമരുന്ന് പെരുകുന്ന നാട്ടില്‍ മദ്യനയത്തിനെന്ത് പ്രസക്തി......

വഴി പിഴച്ച നക്‌സലുകളും വെടി പിഴച്ച പോലീസും......

ശവത്തെ മന്ത്രിയുടെ കൂടെ കിടത്തുമോ? അതോ കുത്തനെ നിർത്തുമോ?'......

ചോര കൊണ്ട് തീരില്ല, കണ്ണൂരിന്റെ കണക്കുകൾ......