''രെടാ.....''' എന്ന് ചോദിച്ചാല്‍  ''ഞാനാടാ....'' എന്ന് പറയണം. അച്ചമ്മ (മുത്തശ്ശി) പഠിപ്പിച്ചു തന്നതാണത്. ഇക്കാലത്തെ കണ്ണൂരിലെ അമ്മൂമ്മമാര്‍ അത് പേരക്കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ എന്നറിയില്ല. പക്ഷെ ആ ചങ്കൂറ്റം കണ്ണൂരിന്റെ സംസ്‌കാരമായിരുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കപ്പെടേണ്ടതാണ്, നേരിടേണ്ടതാണ് എന്ന ചിന്ത ബാല്യത്തില്‍ തന്നെ മനസ്സില്‍ കുത്തിവയ്ക്കപ്പെടുന്നു.  കായിക സംസ്‌കാരം കണ്ണൂരിന്റെ അടിസ്ഥാന അംശങ്ങളില്‍ ഒന്നായത് ഈ ആക്രമണോത്സുക മനോഭാവത്തിന്റെ ലക്ഷണമാവാം. ഭൂരിപക്ഷം ആണ്‍കുട്ടികളും ഏതെങ്കിലും രീതിയിലുള്ള കായിക ഇനങ്ങളില്‍ പരിശീലനം നേടും. 

കളരിയിലായിരുന്നു എനിക്ക് താല്‍പര്യം  മെയ്പയറ്റിന്റെ ആദ്യ പാഠങ്ങള്‍ കഴിയുമ്പോള്‍ ആയുധ പരിശീലനം ആരംഭിക്കും. ചെറുവടി (മുച്ചാണ്‍)ആണ് ആദ്യം.  ചെറുവടിയില്‍ 'മുന്‍കോല്‍' നില്‍ക്കുന്നത്, പഠിപ്പിക്കുന്നത് സീനിയറായ വിദ്യാര്‍ഥിയാണ്.   ആദ്യപാഠം  ആരംഭിക്കുന്നതിന് മുമ്പ് 'പിന്‍കോല്‍' നില്‍ക്കുന്ന, പഠിപ്പിക്കുന്ന വിദ്യാര്‍ഥിയോട് ഗുരുക്കള്‍  ആജ്ഞാപിക്കുന്നത് 'മുന്‍കോല്‍' നില്‍ക്കുന്നവന്റെ  തല അടിച്ചു പൊട്ടിക്കണം എന്നാണ്, 'അവന്‍ വേണമെങ്കില്‍ തടുത്തോട്ടെ'എന്ന ലൈന്‍.

കളരി പഠനം തമാശയല്ല. എന്നാല്‍, ആവശ്യമില്ലാതെ അക്രമത്തിലേക്ക് പോകരുത്. കളരി അഭ്യാസം അതിന് ഉപയോഗിക്കരുത്  എന്നായിരുന്നു ഉപദേശം.  ആരെങ്കിലും അക്രമത്തിനു വന്നാല്‍ സ്വയരക്ഷക്കു മാത്രമെ ഉപയോഗിക്കാവു. പക്ഷെ, കളരിയില്‍ കുറെ സീനിയര്‍ ആയപ്പോള്‍ ഒരിക്കല്‍ ഗുരുക്കള്‍ പറഞ്ഞു 'ഇത് ശരീര രക്ഷയ്ക്കു മാത്രമല്ല, ചിലപ്പോള്‍ മാനം രക്ഷിക്കാനും ഉപയോഗിക്കേണ്ടി വരും. മാനം, അഭിമാനം ഇതെല്ലാം കണ്ണൂരിന്റെ സംസ്‌കാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്, നാണംകെട്ട് ജീവിക്കാന്‍ കണ്ണൂരുകാരന് അല്‍പ്പം പ്രയാസമാണ്.  

തലകുനിക്കാതെ ജീവിക്കാന്‍ പഠിക്കുന്ന ബാല്യത്തെ വല്ലാതെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് തെയ്യങ്ങളും കാവുകളും അവിടെ കുടിയിരിക്കുന്ന ധീരന്മാരായ ദൈവങ്ങളും. കണ്ണൂരിന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന രണ്ട് തെയ്യം മിത്തുകളുണ്ട്.  ഒന്ന് കതിവന്നൂര്‍ വീരന്‍, രണ്ട് മുത്തപ്പന്‍. കണ്ണൂരില്‍ നിന്നും കുടകിലെ കതിവന്നൂരിലെത്തി കുടക് പെണ്‍കുട്ടിയെ പ്രണയിച്ച് കല്ല്യാണം കഴിച്ച് വീരനായ കാമുകനാണ് കതിവന്നൂര്‍ വീരന്‍. എന്നാല്‍  ഭര്‍ത്താവിന്റെ വീരപരിവേഷം മറ്റു പെണ്ണുങ്ങളെയും ആകര്‍ഷിക്കുന്നു എന്ന ചിന്ത അയാളുടെ ഭാര്യയെ അസ്വസ്ഥയാക്കുന്നു. അവള്‍ അയാളെ മാനസികമായി പീഡിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. സംഘര്‍ഷഭരിതമായ ദാമ്പത്യജീവിതത്തോടും ഭാര്യയുടെ പരിഹാസശരങ്ങളും സഹിച്ച് അയാള്‍ പിടിച്ചു നില്‍ക്കുന്നു. കൂര്‍ഗ്ഗികളുമായി പടയ്ക്ക് പോയ വീരന്‍ യുദ്ധം ജയിച്ചു മടങ്ങി വന്നു. 

പക്ഷേ യുദ്ധത്തിനിടയില്‍ കതിവന്നൂര്‍ വീരന് തന്റെ പെരുവിരല്‍ നഷ്ടമായിരുന്നു. തിരിച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ പരിഹസിക്കുന്നത് വികലാംഗന്‍ എന്ന് വിളിച്ചാവും, ആ അപമാനം സഹിക്കാന്‍ പറ്റില്ല.  വീരന്‍ തിരിച്ച് പടനിലങ്ങളിലേക്ക് നടക്കുന്നു. പടയില്‍ തോറ്റ കൂര്‍ഗ്ഗികളുടെ അടുത്തേക്ക്, അറിഞ്ഞുകൊണ്ട് മരണം വരിക്കാന്‍. അതറിഞ്ഞതുപോലെ അവിടെ ഒളിച്ചിരുന്ന കൂര്‍ഗ്ഗികള്‍ വീരനെ  വെട്ടിക്കൊല്ലുന്നു. വീരന്‍ ദൈവത്വത്തിലേക്ക് ഉയരുന്നു. കതിവന്നൂര്‍ വീരനായി മാറുന്നു. മാനത്തിന്റെയും അപമാനത്തിന്റെയും 'മാനങ്ങളില്‍' കണ്ണൂര്‍ക്കാരന്റെ മനസ്സ് ഈ തെയ്യം മിത്ത്  പ്രതിഫലിപ്പിക്കുന്നു.
    
രണ്ടാമത്തെ തെയ്യം മിത്ത് കണ്ണൂരിന്റെ പ്രധാന തെയ്യം എന്നു തന്നെ പറയാവുന്ന മുത്തപ്പന്റേതാണ്.  മുത്തപ്പന്റെ 'വാചാലുകളില്‍'  (തെയ്യം തന്റെ ഉല്‍പ്പത്തിയെക്കുറിച്ചും, അവതാര ഉദ്ദേശങ്ങളെക്കുറിച്ചും ആരാധനക്കെത്തുന്നവരോട് പറയുന്നത്) ഒന്ന് ഇതാണ് 'എനിക്ക് കറുപ്പും വെളുപ്പുമില്ല, വലിയവനും ചെറിയവനുമില്ല, പണക്കാരനും പാവപ്പെട്ടവനുമില്ല, തമ്പുരാനും ചെണ്ട കൊട്ടുന്നവനും എനിക്ക് ഒരുപോലെയാണ്.  എനിക്ക് പണക്കാരന്‍ തരുന്ന സ്വര്‍ണ്ണപവനും പാവപ്പെട്ടവന്‍ തരുന്ന പൂവും ഒരുപോലെയാണ്. എല്ലാവരെയും തുല്യരായി കാണുന്ന ഇഗാലിറ്റോറിയന്‍ സംസ്‌ക്കാരം കണ്ണൂരിന്റെ മനസ്സുകളില്‍ ആഴത്തിലുള്ളതാണ്.......അത് ദൈവകല്‍പ്പനയാണ്. 

മുത്തപ്പന്‍ തന്റെ വാചാലത്തിനിടയില്‍ കഥകള്‍ പറയും.  അതിലൊന്ന് ഇതാണ്.  നാടു വാഴുന്ന രാജാവ് മുത്തപ്പന്റെ പാവപ്പെട്ട ഭക്തനെ കാരണമില്ലാതെ കൊല്ലുന്നു.  രാജാവിനെയും കുടുംബത്തെയും കൊന്നൊടുക്കി രാജാവിന്റെ കോട്ടയും കൊട്ടാരവും തകര്‍ത്തിട്ടേ മുത്തപ്പന്റെ കലി അടങ്ങുന്നുള്ളു. ദൈവങ്ങളിലൂടെയും മുത്തശ്ശിമാരിലൂടെയും രൂപപ്പെട്ട അഭിമാനബോധവും അത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള ചങ്കൂറ്റവും.... കണ്ണൂരുക്കാരുടെ ഈ മനോഭാവത്തെയാണ് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയക്കാര്‍ സമര്‍ഥമായി ഉപയോഗിച്ചത്.  തലമുറകളെ നശിപ്പിച്ച്, കണ്ണൂരിന്റെ സാമൂഹ്യസംസ്‌കൃതിയെയും പുരോഗതിയെയും നശിപ്പിച്ച രാഷ്ട്രീയ കുടിപ്പകയായി അവരതിനെ വളര്‍ത്തിയെടുത്തു. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും തലമുറകളിലേക്ക് ആ കുടിപ്പക തുടരുന്നു.

മിത്തുകളിന്‍ നിന്നും മാറി കണ്ണൂരിന്റെ രാഷ്ട്രീയം അക്രമാസക്തിയുടെ  ചരിത്രത്തിലോട്ടു പോകാം. കണ്ണൂര്‍ രാഷ്ട്രീയത്തെ ശാസ്ത്രീയമായ അക്രമാസക്തതയിലേക്കും ക്രമേണ രാഷ്ട്രീയ പ്രക്രിയയായും വളര്‍ത്തിയെടുത്തത് സോഷ്യലിസ്റ്റ് നേതാവായിരുന്ന പി.ആര്‍ കുറുപ്പാണെന്നു പറയാം. പി.ആര്‍ കുറുപ്പിന്റെ നാടായ പാനൂരിലാണ് അതിന് തുടക്കമിട്ടത്. സാംസ്‌കാരികമായി ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുന്ന സ്ഥലമായിരുന്നു പാനൂര്‍. 'വാഗ്ഭടാനന്ദന്റെ' ആ നാട് പിന്നീട് നിത്യ ചൈതന്യയതിയുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നു. ഈയടുത്ത കാലത്ത് ഐ.എസ്.ഐ.എസ്സുകാരെ പിടിച്ച കനകമലയിലാണ് അക്കാലത്ത് ലോകമത സമ്മേളനങ്ങള്‍ നടന്നത്. 

kodi suniഇങ്ങനെയുള്ള പാനൂരിലാണ് അക്രമരാഷ്ട്രീയത്തിന്റെ ആദ്യവിത്തുകള്‍ മുളയ്ക്കുന്നതും, ഇന്ന് കണ്ണൂര്‍ മോഡല്‍ എന്ന് വിളിക്കുന്ന അക്രമ രാഷ്ട്രീയപ്രക്രിയയിലേക്ക്  അത് വളരുന്നതും. സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലഘട്ടത്തില്‍ കണ്ണൂരിലെ പ്രമുഖ രാഷ്ട്രീയ ശക്തിയായിരുന്ന കോണ്‍ഗ്രസ് മറ്റു പ്രസ്ഥാനങ്ങളെ സഹിഷ്ണുതയോടെയല്ല നോക്കിക്കണ്ടത്.  വളര്‍ന്നു വരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കായികമായി നേരിടാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ അതെല്ലാം ചില്ലറ അടിപിടിയും അത്യാവശ്യം സ്വത്ത് നശിപ്പിക്കലും മാത്രമായിരുന്നു. ഇതിനെ പ്രതിരോധിച്ച് കൊണ്ട് പിആര്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ശക്തിപ്പെട്ടപ്പോള്‍ അടി കിട്ടുന്നത് കോണ്‍ഗ്രസ്സിനായി. പതിയെ കോണ്‍ഗ്രസ് ഹിംസയുടെ മാര്‍ഗത്തില്‍ നിന്ന് പിന്മാറി. 

പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പാനൂരില്‍ ശക്തി പ്രാപിച്ചപ്പോള്‍ അക്രമം കൊണ്ടു തന്നെ പിആര്‍ കുറുപ്പ് അവരേയും നേരിട്ടു. അക്രമത്തെ ഒരു രാഷ്ട്രീയ പ്രക്രിയയായി കുറുപ്പ് വളര്‍ത്തിയെടുത്തു. അതിന് നിയമസംവിധാനങ്ങളെയും കൂട്ടുപിടിച്ചു. എതിരാളികളെ അടിച്ചൊതുക്കുന്ന കുറുപ്പിന്റെ ശൈലി സിപിഎമ്മിന് വളമായി മാറി. കുറുപ്പിനേക്കാള്‍ നന്നായി ആ ആശയം അവര്‍ നടപ്പാക്കി. അതോടെ കുറുപ്പ് പതുക്കെ പിന്‍വാങ്ങി, തന്റെ ചെറിയ 'നാട്ടുരാജ്യം' സമര്‍ഥമായി സംരക്ഷിച്ച് അദ്ദേഹം കഴിച്ചു കൂട്ടി.  

അടുത്ത ഊഴം കമ്മൂണിസ്റ്റുകാരുടേതാണ്. തങ്ങള്‍ക്കെതിരായ യാതൊരു വെല്ലുവിളിയും അവര്‍ അനുവദിച്ചില്ല. ജനാധിപത്യപ്രക്രിയയെ തന്നെ അവര്‍ അട്ടിമറിച്ചു. കുറുപ്പില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ വിപുലീകരിച്ച് അക്രമത്തെ  രാഷ്ട്രീയ ചലനശക്തിയാക്കി മാറ്റി. ഈ ഘട്ടത്തിലാണ് ആര്‍എസ്എസിന്റെ രംഗപ്രവേശം. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുമായി രംഗത്തേക്കു വന്ന ആര്‍എസ്എസ് താത്വികമായി തങ്ങളുടെ ഏറ്റവും വലിയ ശത്രുവായി സിപിഎമ്മിനെ  കണക്കാക്കി. ആര്‍എസ്എസിന്റെ വളര്‍ച്ച കമ്മ്യൂണിസത്തിനെതിരായ ഏറ്റവും  വലിയ വെല്ലുവിളിയായിരിക്കും എന്നായിരുന്നു സിപിഎമ്മിന്റെ ചിന്ത.  ആര്‍എസ്എസിനെ താത്വിക വിമര്‍ശനങ്ങളോ ജനാധിപത്യ പ്രക്രിയകളോ കൊണ്ടല്ല കൈകാര്യം ചെയ്യേണ്ടതെന്നും അടിച്ചൊതുക്കുകയാണ് വേണ്ടതെന്നും സിപിഎം ഉറപ്പിച്ചു. ആര്‍എസ്എസ് തിരിച്ചു ചിന്തിച്ചതും അങ്ങനെ തന്നെ. തുടര്‍ന്നുണ്ടായ പ്രക്രിയകള്‍ വര്‍ത്തമാന കാലത്തിന്റേതാണ്, നമുക്കെല്ലാവര്‍ക്കും അറിയുന്നത്.....

ഹിറ്റ്ലിസ്റ്റും ജയകൃഷ്ണനും.....

പിന്‍ക്കാലത്ത് പോലീസില്‍ ചേര്‍ന്നപ്പോള്‍ ജന്മനാടായിട്ടും കണ്ണൂരില്‍ ജോലി ചെയ്യാന്‍ ഞാനിഷ്ടപ്പെട്ടില്ല. കാരണം  സുഹൃത്തുക്കളും സഹപാഠികളും ബന്ധുക്കളും ഉള്ള സ്വന്തം ജില്ല പോലീസ് പോലുള്ള ജോലിക്ക് നല്ലതല്ല.  അതിലേറെ കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംസ്‌കാരവും പോലീസ് സംസ്‌ക്കാരവും എന്റെ ശൈലിക്ക് ചേരുന്നതുമായിരുന്നില്ല. കണ്ണൂരിന്റെ പലയിടത്തും നിലനില്‍ക്കുന്ന അക്രമാസക്തമായ അന്തരീക്ഷം ലോ ആന്റ് ഓര്‍ഡര്‍ പോലീസിംഗ് മാത്രമായി  പ്രവര്‍ത്തനങ്ങളെ ഒതുക്കും.

asna kannur
അസ്‌ന

ഒരു പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ മറ്റു പല സ്ഥലത്തു നിന്നും പോലീസ് പാര്‍ട്ടികളെ വിളിക്കും.  ഉണ്ടായ പ്രശ്നങ്ങള്‍ കൂടുതലാവാതെ സൂക്ഷിക്കുക എന്നതാണ് അവരുടെ ജോലി.  കുറച്ചു ദിവസങ്ങള്‍ അങ്ങനെ ആ പ്രദേശത്ത്  ചിലവഴിക്കേണ്ടി വരും.  പോലീസുകാര്‍ക്ക് അത് ഒരുതരം വിനോദയാത്രയാണ്.  പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല.  നിയമപരമായ ഉത്തരവാദിത്വങ്ങളൊക്കെ സ്ഥലത്തെ പോലീസ് സ്റ്റേഷനിലുള്ളവര്‍ ചെയ്തുകൊള്ളും.  വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഓടുക, തമാശ പറയുക വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഭക്ഷണം കഴിക്കുക, പുതിയ ആളുകളെയും, പ്രശ്നങ്ങളെയും അറിയുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ താമസിക്കാനും മറ്റും വലിയ സൗകര്യങ്ങളൊന്നും ഉണ്ടാവുകയില്ല.  പീടികക്കോലായിലോ, വണ്ടിയിലോ ആയിരിക്കും ഉറക്കം.  ഒരു തരം ബാക്ക് പാക്കിങ് ടൂര്‍'.  ചിലപ്പോഴൊക്കെ അപകടകരമായ സാഹചര്യങ്ങളും ഉണ്ടാകാം. മലബാര്‍ പ്രദേശത്ത് എവിടെയെങ്കിലും വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്ഥിരം വിളിക്കപ്പെടുന്ന ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തില്‍ പെട്ട ആളാണ് ഞാന്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ഞാന്‍ കോഴിക്കോട് സിഐ ആയി പ്രവര്‍ത്തിച്ചു വരുന്ന കാലം. ആയിടയ്ക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടുകയും ഇകെ നായനാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെയായിരുന്നു നായനാര്‍ മുഖ്യമന്ത്രിയായത്. സ്വാഭാവികമായും അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് ആറു മാസത്തിനകം  തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കേണ്ടതായി വന്നു.

ഈ ഘട്ടത്തിലാണ് അന്നത്തെ പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ശ്രീ രാഘവന് അസുഖബാധിതനായി അവധിയില്‍ പോകേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരം ഇലക്ഷന്‍ കമ്മീഷണറുടെ പ്രത്യേകാനുമതി നേടി എന്നെ പാനൂര്‍ സിഐയായി നിയമിച്ചു. സംഘര്‍ഷം നിറഞ്ഞു നില്‍ക്കുന്ന പാനൂരില്‍ നിഷ്പക്ഷവും സമാധാനപരവുമായ വോട്ടെടുപ്പിന് അവസരമൊരുക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്തം.  അതെനിക്ക് ഇഷ്ടപ്പെട്ടു എന്നാല്‍ കൂടുതല്‍ കാലം കണ്ണൂരില്‍  ജോലി ചെയ്യാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇക്കാര്യം മേലുദ്യോഗസ്ഥരേയും ഞാന്‍ ധരിപ്പിച്ചു, ഒരു മാസത്തേക്ക് പാനൂരില്‍ നിന്നാല്‍ മതിയെന്നും ഉപതിരഞ്ഞെടുപ്പിന് ശേഷം തിരിച്ചുവരാമെന്നും അവരെനിക്ക് ഉറപ്പ് നല്‍കി.  അങ്ങനെ കഷ്ടിച്ച് ഒരു മാസം കാലം ഞാന്‍ പാനൂരില്‍ സിഐ ആയി പ്രവര്‍ത്തിച്ചു. പക്ഷെ ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ പാനൂരിലെ രാഷ്ട്രീയരംഗത്തെ പലരുമായും അടുത്ത ബന്ധമുണ്ടാക്കാന്‍ എനിക്ക് സാധിച്ചു. 

കോണ്‍ഗ്രസ്സുകാരനായി പിടിച്ചു നില്‍ക്കുന്ന ശ്രീധരന്‍, സി.പി.എമ്മുകാരനും പ്രശസ്ത ചിത്രകാരനുമായ ചന്ദ്രന്‍ മാസ്റ്റര്‍, കൊല്ലാന്‍ പോകുന്നവര്‍ എന്ന് പ്രഖ്യാപിച്ച് ബിജെപി സ്ഥാപിച്ച ബോര്‍ഡിലെ ആദ്യത്തെ പേരുകാരനായ സിപിഎം പ്രാദേശിക നേതാവ് വി.ബാലന്‍, യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍ മാസ്റ്റര്‍, സിപിഎം ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്ന രാഘവന്‍ എന്ന ആര്‍എസ്സ്എസ്സുകാരന്‍ എന്നിങ്ങനെ കുറേപേരെ ഇക്കാലയളവില്‍ ഞാന്‍ അടുത്തറിഞ്ഞു. ഇവരില്‍ എന്നോട് കൂടുതല്‍ അടുപ്പം കാണിച്ചത് ജയകൃഷ്ണനായിരുന്നു. 

ഞാന്‍ പരിചയപ്പെടുമ്പോള്‍ ഊര്‍ജ്ജസ്വലനായ ഒരു പയ്യനായിരുന്നു ജയകൃഷ്ണന്‍. കണ്ണൂരിലെ ചോരത്തിളപ്പുള്ള ചെറുപ്പക്കാരുടെ ഒരു സിംബല്‍''. ശരാശരി കണ്ണൂരുകാരന്റെ നന്മയും, കാപട്യമില്ലാത്ത സ്നേഹവും, എന്തും നേരിടാനുള്ള തന്റേടവും ആത്മവിശ്വാസവും ജയകൃഷ്ണനുണ്ടായിരുന്നു ഒപ്പം  അന്ധമായ രാഷ്ട്രീയവിശ്വാസങ്ങളും, മുന്‍പും പിന്‍പും നോക്കാതെയുള്ള എടുത്തുചാട്ടവും. കണ്ണൂരിന് പുറത്തുള്ള ജീവിതാനുഭവങ്ങളിലൂടെ ആ സംസ്‌കാരത്തിന്റെ പാളിച്ചകള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. അത് കൊണ്ട് തന്നെ കണ്ണൂരിലെ യുവാക്കളോട് ഈ പ്രതികാര രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഞാന്‍ ഉപദേശിക്കും.... അത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല എങ്കില്‍ പോലും. ഒന്നോ രണ്ടോ തവണ എന്തോ ചര്‍ച്ചകള്‍ക്കായി എന്നെ കാണാനെത്തിയ ജയകൃഷ്ണനുമായി ഞാന്‍ പെട്ടെന്ന് അടുപ്പത്തിലായി. തലശ്ശേരിയിലും പരിസരത്തും നിലനില്‍ക്കുന്ന പലതരം പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്തു. 

kt jayakrishnan master
കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍

പാനൂര്‍ പോലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെയായി ഒരു ക്ഷേത്രമുണ്ട്. 'വൈരീഘാതക' ക്ഷേത്രം എന്നാണ് അതിന്റെ പേര്.....''ശത്രുവിനെ കൊല്ലുന്നവന്‍ എന്നാണ് ആ വാക്കിനര്‍ത്ഥം. ഒരു ദിവസം ഞാന്‍ ജയകൃഷ്ണനോട് പറഞ്ഞു..... 'നീയൊന്നും നന്നാവില്ല, നിന്റെയൊക്കെ  ദൈവത്തിന് പോലും അങ്ങനെയുള്ള സ്വാഭവമല്ലെ''.   അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു: 'സാര്‍ ഇതിനിടയില്‍ അതും മനസ്സിലാക്കിയോ....'. മറ്റൊരിക്കല്‍ ഞാനയാളെ ഉപദേശിച്ചു.... താന്‍ എന്തായാലും മുഴുവന്‍ സമയ രാഷ്ട്രീയത്തിലാണ്. സ്റ്റേറ്റ്‌ ലെവൽ നേതാവാണ്, പിന്നെ എന്തിനാണ് ഈ തലശ്ശേരിയില്‍ കേന്ദ്രീകരിക്കുന്നത്.  നീ ആ 'കൃഷ്ണദാസിനെ' കണ്ടു പഠിക്കു.  അയാള്‍ ലീവെടുത്ത് രാഷ്ട്രീയം നടത്തുന്നു.  അതു പോലെ താനും ഒരു അഞ്ചു വര്‍ഷം ലീവെടുത്ത് മാറി നില്‍ക്കൂ.  അപ്പോള്‍ തനിക്ക് തലശ്ശേരി പാനൂര്‍ ഏരിയയില്‍ നിന്നും മാറാന്‍ പറ്റും.  ഇവിടെയുള്ള ഒരോ നിമിഷവും മരണത്തെ മുന്നില്‍ കണ്ടുകൊണ്ടല്ലേ നീ ജീവിക്കുന്നത്.....? അതിനുള്ള ജയകൃഷ്ണന്റെ മറുപടി ഇങ്ങനെയായിരുന്നു. 'സര്‍ ഞങ്ങളൊക്കെ അറക്കാന്‍ വെച്ച കോഴിയല്ലേ'. ജയകൃഷ്ണന്‍ അധ്യാപകനായിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നത് അയാള്‍ ഇഷ്ടപ്പെട്ടു. കുട്ടികള്‍ അയാളേയും. സ്വന്തം കുടുംബത്തോടും വലിയ അടുപ്പമായിരുന്നു ജയകൃഷ്ണന്. എന്നാല്‍ പാനൂരെന്ന യുദ്ധഭൂമിയും അതിനുള്ളിലെ കൊണ്ടും കൊടുത്തുമുള്ള ജീവിതവും അയാളെ ഹരം പിടിപ്പിച്ചരുന്നു. അത്തരം മാനസികാവസ്ഥയുള്ളയാളെ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തും.

 സ്വന്തം ജീവിതത്തിലെ ഒരേട് ജയകൃഷ്ണന്‍ എന്നോട് പങ്കുവച്ചു....അയാളുടെ വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് സ്‌കൂള്‍.  പോകേണ്ട വഴിയില്‍ ആദ്യത്തെ ഒരു കിലോമീറ്റര്‍ ദൂരം ആര്‍.എസ്സ്.എസ്സിന്റെ ശക്തികേന്ദ്രമാണ്. അടുത്ത ഒരു കിലോമീറ്ററില്‍ ആര്‍.എസ്.എസിനും സിപിഎമ്മും തുല്യശക്തി. അവസാനത്തെ ഒരു കിലോമീറ്റര്‍ ദൂരം സിപിഎം കോട്ടയെന്ന് വിശേഷിപ്പിക്കാം. അക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് ബസ്സിലോ  കാറിലോ  പോകാതെ  നടന്നാണ് ജയകൃഷ്ണന്‍ സ്‌കൂളില്‍ പോകാറുള്ളത്. 

സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ വഴിയില്‍ മാഷിനൊപ്പം ചേരും. പതിയെ കുട്ടികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.  ജയകൃഷ്ണന്‍ മാസ്റ്ററുടെ കൂടെ പോകാന്‍ കുട്ടികള്‍ക്ക് ഇഷ്ടമാണ്.  ജയകൃഷ്ണന്‍ മാഷെ വഴിയില്‍ വെച്ച് കൊല്ലണമെങ്കില്‍ കുട്ടികളുടെ മുന്നില്‍ വെച്ചായിരിക്കണം.  ചിലപ്പോള്‍ കുട്ടികള്‍ക്ക് പരിക്കു പറ്റിയെന്നും വരും. ഈ സാധ്യത  ജയകൃഷ്ണന്‍ ഉപയോഗിച്ചു.  രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍  പ്രാതല്‍ കാര്യമായി കഴിച്ചാണ് പോകുന്നത്.  വൈകുന്നേരം തിരിച്ചു വരുമ്പോഴേക്കും കുട്ടികളുടെ കൂടെ തന്നെ നടന്നു വരും.  

വീട്ടില്‍ വന്ന ശേഷം ആഹാരം കഴിക്കും.  ഇതിനിടയില്‍ ഭക്ഷണമില്ല. ഉച്ചഭക്ഷണം കൊണ്ടുപോകാന്‍ മടിയാണ്. സ്‌കൂളിനടുത്തുള്ള കടകളില്‍ നിന്ന് അയാള്‍ ഒന്നും കഴിക്കാറില്ല. ചായയില്‍ വിഷം ചേര്‍ത്ത് കൊടുത്താലോ എന്ന പേടി.  ഉച്ചയ്ക്ക് കഞ്ഞിപ്പുരയില്‍ ചെല്ലും, ചുറ്റുമുള്ള കുട്ടികളുടെ കൈയില്‍ നിന്നും രണ്ട് പാത്രങ്ങള്‍ വാങ്ങും. അതിലൊരു പാത്രം കൊണ്ട് അയാള്‍ നേരിട്ട് ചോറുണ്ടാക്കുന്ന പാത്രത്തില്‍  നിന്നും തിളച്ചു കൊണ്ടിരിക്കുന്ന കഞ്ഞിവെള്ളം കോരും. രണ്ട് പാത്രവും ഉപയോഗിച്ച് ആ വെള്ളം ആറ്റിക്കുടിക്കും. അതില്‍ വറ്റുകള്‍ ഉണ്ടാവരുത്. ഉണ്ടായാല്‍ മാഷ് കുട്ടികളുടെ ഉച്ചഭക്ഷണം കഴിക്കുന്നു എന്ന ആരോപണം ഉണ്ടാക്കും....  ഇതെല്ലാം കേട്ട് ഞാന്‍ തരിച്ചിരുന്നു.  

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഞാന്‍ പാനൂരില്‍ നിന്ന് മടങ്ങി. പിന്നീട് കുറച്ച് മാസങ്ങള്‍ക്ക് കഴിഞ്ഞപ്പോള്‍ കൂത്തുപറമ്പില്‍ മറ്റൊരു വലിയ സംഘര്‍ഷമുണ്ടായി. സ്പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നുള്ള ഒരു സംഘം പോലീസുകാരുമായി ഞാന്‍ കൂത്തുപറമ്പിലെത്തി. പിന്നീട് കുറച്ചു ദിവസങ്ങള്‍ ഞാനവിടെ ഉണ്ടായിരുന്നു. കൊല ചെയ്യപ്പെട്ട  ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാന്‍ ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസുകാരുമായി ഞാന്‍ അവിടെയെത്തി. 

സ്ഥലത്തെത്തിയ കൃഷ്ണദാസ് അവിടെ വന്നിറങ്ങി എന്നോട് പരിചയം പുതുക്കി ആ വീട്ടിലേക്ക് കയറിപ്പോയി.  പിറകെ  വന്ന വണ്ടിയില്‍ ജയകൃഷ്ണനുണ്ടായിരുന്നു. അയാള്‍ എന്റെ അടുത്തേക്ക് വന്നു കുറേ നേരം സംസാരിച്ചു. എന്തു കൊണ്ടോ അയാളുടെ സ്പിരിറ്റ് അല്‍പം മങ്ങിയതായി എനിക്ക് തോന്നി. അയാള്‍ പോയപ്പോള്‍ ഞാന്‍ കോഴിക്കോട്ടുകാരായ പോലീസുകാരോട് ഞങ്ങളുടെ നേരത്തെയുള്ള പരിചയത്തെക്കുറിച്ച് പറഞ്ഞു. ഏത് സമയത്തും അയാള്‍ കൊല്ലപ്പെട്ടേക്കാം എന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തു. കൂത്തുപറമ്പിലെ സംഘര്‍ഷമൊതുങ്ങിയതോടെ ഞാന്‍ കോഴിക്കോട്ടേക്ക്  മടങ്ങി. ആ കൂടിക്കാഴ്ച്ച കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ സ്‌കൂള്‍ ക്ലാസ്സ്മുറിയില്‍, തന്റെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വച്ച് ജയകൃഷ്ണന്‍ കൊല്ലപ്പെട്ടു. 

ആവര്‍ത്തിക്കുന്ന നാടകങ്ങള്‍

kannurരാഷ്ട്രീയസംഘര്‍ഷങ്ങളും കലാപങ്ങളും തുടര്‍ന്ന് സമാധാനം പുന:സ്ഥാപിക്കാന്‍ എന്ന പേരില്‍ നടക്കുന്ന പൊറാട്ടു നാടകങ്ങളും കണ്ണൂരില്‍ ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. ഒരിക്കല്‍ തലശ്ശേരി-പാനൂര്‍ മേഖലയില്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നു ഞാന്‍. ആ പ്രദേശത്തെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലായിരുന്നു. ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്ന അവസ്ഥ. അപ്പോഴാണ് കുറച്ചുപേര്‍ ഒരു ജാഥപോലെ വരുന്നത് കണ്ടത്. പോലീസുകാര്‍ അവരെ തടഞ്ഞു. ഞാന്‍ അങ്ങോട്ട് ചെന്നു, അവര്‍ ഗാന്ധിയന്‍മാരാണ്. ഒരു സമാധാനശ്രമത്തിനു  വേണ്ടിയുള്ള പദയാത്രയാണ് നടത്തുന്നത്്. കണ്ണൂരില്‍ വലിയ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്നും നടക്കുന്ന ഒരു സാധാരണ പ്രക്രിയ.  

എനിക്ക് പരിചയമുള്ള രണ്ടു പേര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.  ഞാനവരോട് ഇത്തിരി പരിഹാസത്തില്‍ ചോദിച്ചു നിങ്ങള്‍ ഇങ്ങനെ ജാഥ നടത്തിയിട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ...?   ഇല്ല എന്നു തന്നെയായിരുന്നു അവരുടെ ഉത്തരം.  ഞങ്ങള്‍ ഞങ്ങളുടെ കര്‍മം ചെയ്യുന്നു എന്നതാണ് അവരുടെ സ്ഥായിയായ ഭാവം.  നിങ്ങളുടെ  പ്രവര്‍ത്തനം കൊണ്ട് ഒരു മാറ്റവും ഇക്കാര്യത്തില്‍ ഉണ്ടാവുന്നില്ലെങ്കില്‍ എന്തിനാണ്  ഇതൊരു മുറജപം പോലെ നടത്തുന്നത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. ഞാന്‍ പറഞ്ഞത് ശരിയായില്ല അവരെ നോവിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് തോന്നി. സത്യത്തില്‍ ഞങ്ങള്‍ പോലീസുകാര്‍ അവിടെ പോയി ചെയ്യുന്നതിനു യാതൊരു പ്രസക്തിയും ഇല്ല എന്നതല്ലേ വാസ്തവം...? 

കണ്ണൂരില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വേറൊരു ഗ്രൂപ്പാണ് 'സാംസ്‌കാരിക നായകന്‍മാര്‍'.  തങ്ങള്‍ പറയുന്നത് ലോകത്തെല്ലാവരും അംഗീകരിക്കണം എന്ന വാശിയുള്ള വര്‍ഗം.  തങ്ങളുടെ പേര്‍ പത്രത്തില്‍ ഇടക്കിടെ അച്ചടിച്ചു വരണം എന്ന് നിര്‍ബ്ബന്ധമുള്ള ഇവര്‍ക്ക് കണ്ണൂരിലെ അക്രമങ്ങള്‍ അതിന് അനുയോജ്യമായ വേദിയായിരുന്നു.  ഈ വര്‍ഗത്തിന്റെ കൂടെ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്  സിനിമാതാരങ്ങളും അണി നിരന്നു.  വളരെയേറെ പ്രസ്താവനകളും നാടകീയ പ്രഖ്യാപനങ്ങളും കൊണ്ട് പത്രങ്ങള്‍ നിറഞ്ഞു.  സിനിമാ താരങ്ങളുടെ മനുഷ്യ സ്‌നേഹം വീര്‍പ്പു മുട്ടി.  അതു കണ്ട് സമൂഹം നെടുവീര്‍പ്പിട്ടു.  സിനിമാ താരങ്ങളും, സാസ്‌കാരിക നായകന്‍മാരും ചേര്‍ന്ന് ഇനിയൊരിക്കലും കണ്ണൂരില്‍  അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു ജനം അതെല്ലാം വിശ്വസിച്ചു. 

അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ആദ്യ പടിയായി തലശ്ശേരിയില്‍ താരങ്ങളുടെ ഉപവാസം അരങ്ങേറി.  തലേ ദിവസം തന്നെ കോഴിക്കോട്ടെത്തി തമ്പടിച്ച സിനിമാ താരങ്ങളും സംവിധായകരും  സാസ്‌കാരിക നായകരും എല്ലാം കൂടി രാവിലെ മഹാറാണി ഹോട്ടലില്‍ ഒത്തുചേര്‍ന്നു.  പ്രാതലിനു ശേഷം സിനിമാ താരങ്ങള്‍ മുഖം മിനുക്കി ലിപ്സ്റ്റിക്കൊക്കെ ശരിയാക്കി നിരന്നു നിന്ന ലക്ഷ്വറി ബസ്സുകളില്‍ കയറി യാത്രയായി. പത്രക്കാരും ഫോട്ടോഗ്രാഫര്‍മാരും ഓടിനടന്ന് ചിത്രങ്ങള്‍ പകര്‍ത്തി.  ഉച്ചയോടെ ഉപവാസ സാംസ്‌കാരികസംഘം ഉപവാസവേദിയിലെത്തി. ഉച്ചഭക്ഷണം ത്യജിച്ച് ഉപവാസം നടത്തി. ഇടവേളകളില്‍ ചില നാടകീയ പ്രസ്താവനകളുമുണ്ടായിരുന്നു.   ഇനിയൊരിക്കലും കണ്ണൂരില്‍ അക്രമം അരങ്ങേറാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന ദൃഢപ്രതിജ്ഞ ചെയ്തു കൊണ്ട് വൈകുന്നേരം താരങ്ങളും സാംസ്‌കാരികനായകന്‍മാരും അവിടെ നിന്നും മടങ്ങി. സുരേഷ് ഗോപിയെ പോലുള്ള ആക്ഷന്‍ ഹീറോകളാണ് ഇതെല്ലാം പറയുന്നത്. ജനം എല്ലാം വിശ്വസിച്ചു. കണ്ണൂരില്‍ ബോംബുകള്‍ പലതും പൊട്ടി. തലകള്‍ ഒരുപാട് വെട്ടി. പക്ഷേ താരങ്ങളാരും ആ വഴി വരുന്നത് കണ്ണൂരുകാർ കണ്ടില്ല. 

കണ്ണൂരില്‍ ഓരോ പ്രാവശ്യം അക്രമം ഉണ്ടാകുമ്പോഴും നടക്കുന്ന തികച്ചും പരിഹാസ്യമായ മറ്റൊരു പ്രക്രിയയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ചേര്‍ത്ത് നടത്തുന്ന സമാധാന ചര്‍ച്ചകള്‍. കലക്ടറും പോലീസ് ഓഫീസര്‍മാരും സര്‍ക്കാര്‍ പ്രതിനിധിയായി ഏതെങ്കിലും അപ്രസക്തനായ മന്ത്രിയും പിന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളും. എല്ലാ ഈര്‍ക്കിലി പാര്‍ട്ടി പ്രതിനിധികള്‍ക്കും ആളാകാനുള്ള അവസരമാണ് ഇത്തരം യോഗങ്ങള്‍.  പോലീസിനെയും സര്‍ക്കാരിനേയുമെല്ലാം കാര്യമായി വിമര്‍ശിക്കാം. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്‍മാരോട് നേരത്തെയുള്ള വിരോധം അയാള്‍ക്കെതിരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച് തീര്‍ക്കാം. പോലീസ് ഡിഫന്‍സിലായതു കൊണ്ട് മറുപടിയൊന്നും പറയില്ല. 

അക്രമത്തിന് ഉത്തരവാദിയായ  പാര്‍ട്ടിയും കാര്യമായി ഒന്നും തന്നെ 'കമ്മിറ്റ്' ചെയ്യില്ല.  അവസാനം പ്രായോഗികമല്ലാത്ത കുറേ തീരുമാനങ്ങള്‍ എടുത്തതായി പ്രഖ്യാപിച്ച ചായയും കുടിച്ച് യോഗം പിരിയും. ഈയടുത്ത കാലത്ത് നടന്ന കൊലപാതകങ്ങള്‍ക്ക് ശേഷം സമാധാന സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ആരും തയ്യാറായില്ല. അതിന്റെ നിരര്‍ഥകത എല്ലാവര്‍ക്കും ബോധ്യപ്പെട്ടു എന്നതു തന്നെ കാരണം.  കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങളുടെ വിമര്‍ശനം കുറയ്ക്കാന്‍ വേണ്ടി കണ്ണൂര്‍ക്കാരനായ മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റേയും ശ്രീ എകെ ബാലന്റേയും നേതൃത്വത്തില്‍  പേരിനു വേണ്ടി ഒരു യോഗം ചേര്‍ന്നു.  ഇവര്‍ രണ്ടു പേരും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ളവരല്ല. പതിവ് നാടകങ്ങള്‍ക്കുശേഷം സമാധാനയോഗം അവസാനിച്ചു.  ഇനി അടുത്ത കൊലപാതകങ്ങള്‍ക്കും കലാപങ്ങള്‍ക്കും ശേഷം കാണാം എന്ന ഉത്തമ വിശ്വാസത്തോടെ.

കണ്ണൂരിലെ അക്രമങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച ആളൊന്നുമല്ല ഇപ്പോഴത്തെ അവിടുത്തെ ഐജി. ഏത് പോലീസുദ്യോഗസ്ഥനും കുറച്ചു കാലം ഒരു പ്രദേശത്ത് ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന ഉപരിപ്ലവമായ ചില അറിവുകള്‍ മാത്രമാണ് അദ്ദേഹത്തിനുമുള്ളത്. പക്ഷേ അത്രയും വച്ചു തന്നെ അദ്ദേഹം ഒരു സത്യം പറഞ്ഞു. പോലീസ് മാത്രം വിചാരിച്ചാല്‍ നിര്‍ത്താന്‍ പറ്റുന്നതല്ല കണ്ണൂരിലെ സംഘര്‍ഷങ്ങളെന്ന്. മുന്‍കാലങ്ങളിലെ ചില പോലീസുകാരെ പോലെ അമിതമായ ആത്മവിശ്വാസം കാണിക്കാന്‍ അദ്ദേഹം തയ്യാറാവത്തത് തന്നെ നല്ല കാര്യം. ഐജിയെ ന്യായീകരിച്ചു കൊണ്ടാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സംസാരിച്ചതെന്നതും ശ്രദ്ധേയമാണ്. പോലീസ് നടപടികള്‍ക്ക് അപ്പുറത്തുള്ള പരിഹാരശ്രമങ്ങളാണ് ഉണ്ടാവേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.  

ശരിക്കും എന്താണ് പരിഹാരം.....? രണ്ട് വലിയ ശക്തികളാണ് പരസ്പരം പോരടിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. ഒന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി, ഒന്ന് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി. ഇവര്‍ അക്രമം ഒഴിവാക്കിയാലും കണ്ണൂര്‍ സമാധാനത്തിലേക്ക് പോകുമെന്ന അഭിപ്രായം എനിക്കില്ല. മതതീവ്രവാദശക്തികള്‍ ഇതിനോടകം കണ്ണൂരില്‍ വേരുറപ്പിച്ചു കഴിഞ്ഞു. ഇന്നത്തെ നിലയില്‍ സമാധാനം കണ്ണൂരില്‍ നിന്നും അകലെയാണ്. കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനെക്കുറിച്ച് ഐജി എന്ത് പറഞ്ഞാലും ശരിയായ പോലീസ് പ്രവര്‍ത്തനം കൊണ്ട് കണ്ണൂരിലെ സംഘര്‍ഷങ്ങളെ ഒതുക്കാന്‍ മാത്രമല്ല ദീര്‍ഘകാലത്തേക്ക് ഒഴിവാക്കാനും സാധിക്കും. ശരിയായ പോലീസിംഗ് ലാത്തിചാര്‍ജും വെടിവെപ്പും മാത്രമല്ല. പോലീസുകാരന്‍ ഒരു സോഷ്യല്‍ സൈക്കോളജിസ്റ്റ് കൂടിയാവണം. നിയമപരമായ പ്രവര്‍ത്തനങ്ങള്‍ പരിഹാര പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗം മാത്രമാണ് എന്ന് നാം തിരിച്ചറിയണം.

(കോഴിക്കോട്ടെ ലഹരിമാഫിയയെ അടിച്ചൊതുക്കുക വഴി ജനശ്രദ്ധ നേടിയ പ്രദീപ് കുമാര്‍ ക്രമസമാധാനപാലന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള പോലീസ് ഓഫീസറാണ്. ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കേ മാറാട് കൂട്ടക്കൊലക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച അദ്ദേഹം വിജിലന്‍സിലും സിബിഐയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സര്‍വീസ് പൂര്‍ത്തിയാക്കും മുന്‍പേ ജോലിയില്‍ നിന്ന്  സ്വയംവിരമിച്ച പ്രദീപ് കുമാര്‍ പിന്നീട് ഗ്ലോബല്‍ ലോ എന്ന പേരില്‍ ലീഗല്‍ സര്‍വീസ് സ്ഥാപനം ആരംഭിച്ചു. ഇപ്പോള്‍ ഹൈക്കോടതി അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരികയാണ്)

 

ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്.