35 വര്‍ഷം മുന്‍പാണ് ഞാന്‍ പോലിസില്‍ ചേര്‍ന്നത്. തിരുവനന്തപുരത്തെ പോലിസ് ട്രെയിനിംഗ് കൊളേജിലെ അടിസ്ഥാന പരിശീലനത്തിന് ശേഷം പ്രാക്ടിക്കല്‍ ട്രെയിനിങ്ങിനായി പോസ്റ്റിംഗ് കിട്ടിയത് മലപ്പുറം ജില്ലയിലെ തിരൂര്‍ പോലിസ് സ്റ്റേഷനിലായിരുന്നു. രണ്ടോ മൂന്നോ മാസം നീണ്ട തിരൂര്‍ ജീവിതത്തിനിടയില്‍ ഞാന്‍ പരിചയപ്പെട്ട ഏറ്റവും തികവാര്‍ന്ന പോലിസ് വ്യക്തിത്വം ആയിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ രാജഗോപാലന്റേത്. രാജഗോപാലന്‍ ഡിവൈഎസ്പി ഓഫീസിലെ 'റൈറ്റര്‍' ആയിരുന്നു. സാധാരണയായി ഓഫീസ് ജോലി മാത്രം. എന്നാല്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ ഗാംഭീര്യം അദ്ദേഹത്തിന്റെ യൂണിഫോം ധരിക്കുന്ന രീതിയിലും സഹപ്രവര്‍ത്തകരോടും ജനത്തോടുമുളള പെരുമാറ്റത്തിലും എല്ലാം പ്രകടമായിരുന്നൂ.

കൈക്കൂലി വാങ്ങിക്കാത്ത, ആരോടും ഒരു ഔദാര്യത്തിനും പോകാത്ത ആളെന്നെ പേര് രാജഗോപാല്‍ ആ നാട്ടില്‍ ഉണ്ടാക്കിയിരുന്നു. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാജഗോപാലിനോട് തികഞ്ഞ ബഹുമാനമായിരുന്നു. ആരുടെ മുന്നിലും തലകുനിക്കാത്ത മാന്യമായ വ്യക്തിത്വം. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയില്‍, ഒരു പളളിത്തര്‍ക്കത്തിന്റെ പേരില്‍ രണ്ടു വിഭാഗം മുസ്ലിങ്ങള്‍ തമ്മില്‍ നിരന്തരമായി സംഘര്‍ഷമുണ്ടായപ്പോള്‍ അവിടുത്തെ സബ്ബ് ഇന്‍സ്‌പെക്ടെറെ സ്ഥലം മാറ്റി. എന്നിട്ട് സ്റ്റേഷന്‍ ചാര്‍ജ് നല്‍കി രാജഗോപാലനെ ഉന്നത ഉദ്യോഗസ്ഥര്‍ അങ്ങോട്ട് അയച്ചു. അത്രയ്ക്കായിരുന്നു അദ്ദേഹത്തിന്റെ കാര്യപ്രാപ്തിയില്‍ സീനിയര്‍ ഓഫീസര്‍മാര്‍ക്കുണ്ടായിരുന്ന വിശ്വാസം. ഒരു പോലീസ് ഓഫീസര്‍ എന്ന നിലയില്‍ എന്നില്‍ എറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ പോലീസുദ്യോഗസ്ഥരില്‍ ഒരാളാണ് രാജഗോപാല്‍.  

എന്നെക്കാളും ഒരു പതിനഞ്ചു കൊല്ലമെങ്കിലും മുമ്പ് പോലിസില്‍ ചേര്‍ന്ന ആളാണ് അദ്ദേഹം. എന്നു വച്ചാല്‍ അമ്പത് കൊല്ലം മുമ്പുളള പോലിസ്. ആ കാലത്തുനിന്ന് പോലീസ് ഇപ്പോള്‍ ഒരുപാട് പുരോഗതി നേടിയിട്ടുണ്ട്. ഐ.പി.എസുകാര്‍ നേരിട്ട് കേസ്സന്വേഷണത്തിലൊക്കെ ഇടപെടുന്നത് കൊണ്ട്  കാര്യങ്ങള്‍ നേരെ നടക്കുന്നു എന്നൊക്കെയുളള മട്ടില്‍ പലരും തട്ടിവിടുമ്പോള്‍ എനിക്ക് പുച്ഛമാണ് തോന്നാറ്. രാജഗോപലനെ പോലെ തലയെടുപ്പിലെങ്കിലും സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിയ ഒരു പാട് ഉദ്യോഗസ്ഥരെ അക്കാലത്ത് തന്നെ എനിക്കറിയാം. ആ പരമ്പര ഇപ്പോഴും തുടരുന്നുമുണ്ട്.

മലപ്പുറം ജില്ലയിലെ പ്രായോഗിക പരിശീലനത്തിന് ശേഷം എനിക്ക് പോസ്റ്റിങ്ങ് കിട്ടിയത് കോഴിക്കോട് സിറ്റിയിലായിരുന്നു. സിറ്റിയിലെ ഏറ്റവും ശക്തനായ ഓഫീസറായി അറിയപ്പെട്ടിരുന്നത് അസി. കമ്മീഷണര്‍ ശ്രീ മാധവനായിരുന്നു. മിന്നല്‍ മാധവന്‍ എന്ന് അറിയപ്പെട്ടിരുന്ന ആരേയും കൂസാത്ത, അഴിമതിയില്ലാത്ത, മേലുദ്യോഗസ്ഥര്‍ പോലും ബഹുമാനത്തോടെ പെരുമാറിയിരുന്ന ആള്‍. കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. ഗസ്റ്റ് ഹൗസില്‍ കാറില്‍ വന്നിറങ്ങി മുറിയിലേക്ക് പോകുമ്പോള്‍ എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അവിടെ ഉണ്ടായാലും ''എന്താ മാധവന്‍'' അദ്ദേഹത്തോട് കുശലം ചോദിച്ചിട്ടേ മാത്രമേ കരുണാകരന്‍ മുന്നോട്ട് നടക്കാറുള്ളൂ. എന്റെ വ്യക്തിത്വരൂപീകരണത്തില്‍ ഏറെ പങ്കു വഹിച്ച മറ്റൊരാള്‍....

മൂന്നു വര്‍ഷം മാത്രമേ എസ്.ഐ എന്ന നിലയില്‍ ഞാന്‍ ലോക്കല്‍ പോലീസില്‍ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഡല്‍ഹിയില്‍ അഞ്ചോ ആറോ മാസം വിവിഐപി സെക്യൂരിറ്റി വിങ്ങില്‍ ഡെപ്യൂട്ടേഷനിലായിരുന്നു. തിരിച്ചു വന്ന് പിറ്റേന്ന് തന്നെ സിബിഐയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയി. ഡല്‍ഹിയില്‍ പോകുന്നതിന് മുന്‍പ് സിബിഐയില്‍ ചേരുന്നതിനെക്കുറിച്ച് പല ഉദ്യോഗസ്ഥരോടും ഞാന്‍ അഭിപ്രായം ചോദിച്ചിരുന്നു. എല്ലാവരും എതിരഭിപ്രായം പറഞ്ഞു. ലോക്കല്‍ പോലീസിലെ അധികാരങ്ങളും പത്രാസുമൊക്കെ വിട്ട് എന്തിനാണ് അലഞ്ഞു തിരിയാന്‍ പോകുന്നതെന്നാണ് മിക്കവാറും എല്ലാവരും ചോദിച്ചത്. 

എന്നാല്‍ അന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ശ്രീ അബ്ദുള്‍ ഖാദര്‍ (പിന്‍ക്കാലത്ത് അദ്ദേഹം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി) പറഞ്ഞത്  ''നീ പോയ്‌ക്കോ അല്ലെങ്കില്‍ എല്ലാവരും കൂടി നിന്നെ നശിപ്പിക്കും' എന്നാണ്. ഡിപ്പാര്‍ട്ട്‌മെന്റില്‍ എനിക്കെതിരെയുള്ള ശത്രുതയാണ് അദ്ദേഹം സൂചിപ്പിച്ചത്. ദീര്‍ഘകാലം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ച അന്നത്തെ ഡിവൈഎസ്പി ശ്രീ പി.എസ്.സി മേനോനോടും ഞാന്‍ അഭിപ്രായമാരാഞ്ഞു. അദ്ദേഹം പറഞ്ഞു, 'നീ എന്തായാലും പോകണം, അത്തരമൊരു ഏജന്‍സിയിലെ അനുഭവം ഒരു നല്ല പോലിസുദ്യോഗസ്ഥന് അത്യാവശ്യമാണ്.' 

അവരുടെ ഉപദേശം ഞാന്‍ സ്വീകരിച്ചു. സിബിഐയുടെ കൊച്ചി യൂണിറ്റിലായിരുന്നു എന്റെ ആദ്യ പോസ്റ്റിംഗ്. ശ്രീ രാധാവിനോദ് രാജു(എന്‍.ഐ.എയുടെ ആദ്യ ഡയറക്ടര്‍) ആണ് യൂണിറ്റ് മേധാവി. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിയായ അദ്ദേഹം ജമ്മുകശ്മീര്‍ കേഡറില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ഡെപ്യൂട്ടേഷനിലാണ് അദ്ദേഹം സിബിഐയിലെത്തിയത്. പോലീസ് ജീവിതത്തില്‍ മാത്രമല്ല  വ്യക്തി ജീവിതത്തിലും എന്നെ ഒരുപാട് സ്വാധീനിച്ചയാളാണ് രാധാവിനോദ് രാജു. 

അദ്ദേഹത്തിന്റെ അനുജന്‍ വിപിന്റെ സുഹൃത്ത് കൂടിയായ എന്നോട് ഒരു അനുജനോടെന്ന പോലെയാണ് അദ്ദേഹം പെരുമാറിയത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ  അനുയായിയായ അദ്ദേഹം ഒരു തികഞ്ഞ സ്വാതികനായിരുന്നു. ഒരു പോലീസ് ഓഫിസര്‍ എങ്ങനെയായിരിക്കണം എന്ന് ചോദിച്ചാല്‍ അദ്ദേഹത്തെപ്പോലെയായിരിക്കണം എന്നാണ് ഞാന്‍ പറയുക. ഓഫീസിലെ എല്ലാവരും അദ്ദേഹത്തിന് സഹോദരന്‍മാരായിരുന്നു. 

കൊച്ചിയില്‍നിന്ന് പിന്നീട് ഞാന്‍ ബോംബേയിലേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങിച്ചു. ആന്ധ്രാക്കാരന്‍ സുബ്രഹ്മണ്യന്‍ ആയിരുന്നു ബ്രാഞ്ച് എസ്.പി. സത്യസന്ധനും മാന്യനും. വളരെ ലളിത ജീവിതം നയിക്കുന്നയാളുമായിരുന്നു ആ ഐ.പി.എസ് ഓഫീസര്‍. ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വകാര്യമായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അക്കാലത്തെ ബോംബേ സിബിഐ യൂണിറ്റ് അഴിമതി മുക്തമായിരുന്നു എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ സുബ്രഹ്മണ്യന്റെ നേതൃത്വം കാര്യങ്ങള്‍ പരിധി വിടുന്നതിനെ തടഞ്ഞു. 

അഴിമതിയും അനീതിയുമൊക്കെ ഒരു സ്വാഭാവിക കാര്യമാണെന്നും ഭരിക്കുന്നവനെയും സ്വാധീനമുള്ളവന്റെയും കൂടെ നില്‍ക്കുന്നതാണ് ശരിയെന്നുമുള്ള ഒരു ചിന്താധാര പോലീസില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട് എക്കാലത്തും. പക്ഷേ കാലം കഴിയും തോറും അത് ശക്തിപ്പെടുകയാണെന്ന് തോന്നുന്നു. ഞങ്ങളുടെയൊക്കെ തുടക്കത്തില്‍ ഒരാള്‍ സത്യസന്ധനാണെങ്കില്‍ അയാള്‍ സംരക്ഷിക്കപ്പെട്ടേണ്ടവനാണെന്ന് ഒരു പൊതുധാരണയുണ്ടായിരുന്നു. മേലുദ്യോഗസ്ഥര്‍ പൊതുവെ അങ്ങനെ ചിന്തിക്കും. പക്ഷേ ഇന്ന് കൈക്കൂലി വാങ്ങാത്തവന് വേണമെങ്കില്‍ പൊതുധാരയില്‍നിന്ന് മാറിനില്‍ക്കാം. അല്ലാതെ എതിര്‍ത്ത് നില്‍ക്കാന്‍ പറ്റില്ല.

police

എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്  പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്തയാണ്. എഡിജിപി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയും റൂം വാടകയും മറ്റും അടയ്ക്കാതെ പോവുകയും ചെയ്തു എന്നതാണ് വാര്‍ത്ത. റൂം വെക്കേറ്റ് ചെയ്ത് പോകും നേരം അദ്ദേഹം ബില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ചു കൊടുക്കാന്‍ നിര്‍ദേശിച്ചത്രേ. ആ നടപടി എന്നെ അത്ഭുതപ്പെടുത്തിയില്ല. എന്റെ അറിവില്‍ പല ഉന്നത ഉദ്യോഗസ്ഥരുടേയും ഒരു സ്ഥിരം പരിപാടിയാണിത്. ഇവിടെ എന്നെ വിസ്മയിപ്പിച്ചത് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നടപടിയാണ്. അദ്ദേഹം ആ ബില്‍ പോലീസ് ആസ്ഥാനത്തേക്ക് അയച്ചു കൊടുത്തു. ആ ധൈര്യം...... മേലുദ്യോഗസ്ഥനെ നാണം കെടുത്താനുള്ള ധൈര്യം അദ്ദേഹം കാണിച്ചു എന്നതാണ്. സാധാരണയായി ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ അതിന് ധൈര്യപ്പെടില്ല. നടപ്പുരീതി വച്ച് ആ ബില്‍ ഏതെങ്കിലും ഒരു എസിപിയുടേയോ സിഐയുടേയോ തലയില്‍ വച്ചു കൊടുക്കാറാണ് പതിവ്. അവരിത് സ്വന്തം കൈയ്യില്‍ നിന്ന് എടുത്ത് കൊടുക്കില്ല എന്നത് വേറെ കാര്യം. 

കോഴിക്കോട്ടെ ഒരു ജനകീയ പോലീസ് കമ്മീഷണറായി പേരെടുത്തയാള്‍ പിന്നീട് ഏതോ ദേശീയനേതാവിന്റെ  സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഡ്യൂട്ടിക്കായി എത്തി. അപ്പോള്‍ അദ്ദേഹം ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം താമസിച്ചത് നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിലും. പതിവ് രീതിയനുസരിച്ച്  അദ്ദേഹവും ബില്‍ പോലീസ് കമ്മീഷണര്‍ക്ക് അച്ചു കൊടുക്കാന്‍ പറഞ്ഞു.

ഡിജിപിമാര്‍ പോലും സാധാരണയായി വന്നാല്‍ താമസിക്കുന്നത് പോലീസ് ക്ലബിലോ ഗസ്റ്റ് ഹൗസിലോ ഒക്കെയാണ്. പ്രത്യേകിച്ച് കേരള കേഡര്‍ മലയാളി ഉദ്യോഗസ്ഥര്‍. പക്ഷേ ചിലര്‍ക്കെങ്കിലും ലക്ഷ്വറി ആവശ്യവുമുണ്ട്. ചിലപ്പോള്‍ ചില പ്രത്യേക സ്വാതന്ത്ര്യങ്ങളും സ്വകാര്യതകളും. അത്തരക്കാര്‍ ഹോട്ടലില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ സര്‍ക്കാര്‍ കൊടുക്കുന്നത് നക്കാപ്പിച്ചയാണ്. പിന്നെ താഴെയുള്ളവനെ പേടിപ്പിച്ച് കാര്യം നേടും. തങ്ങളുടെ സുഖ സൗകര്യങ്ങള്‍ നോക്കാന്‍ താഴെയുള്ളവര്‍ ബാദ്ധ്യസ്ഥരാണെന്നും തങ്ങള്‍ക്ക് പരിമിതമല്ലാത്ത സൗകര്യങ്ങള്‍ അവകാശമാണെന്നും ഉള്ള ബോധം ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ഉണ്ട്. 

ഉത്തരേന്ത്യന്‍ പോലീസ് സംസ്‌കാരം ഇന്നും അത് നിലനിര്‍ത്തുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഒരു ഉയര്‍ന്ന ഉദ്യോസ്ഥന്‍ സ്ഥിരമായി കഴിക്കുന്നത് 'റമ്മ'ായിരുന്നു. പക്ഷേ അദ്ദേഹത്തിന് വടകര എത്തുമ്പോള്‍ സ്‌കോച്ച് വിസ്‌ക്കിയും കാസര്‍ഗോഡ് എത്തുമ്പോള്‍ ബ്ലൂലേബല്‍ സ്‌കോച്ച് വിസ്‌കിയും തന്നെ വേണമായിരുന്നു. ഇത്രയും പോരാ താമസിക്കാന്‍ ഇഷ്ടമുള്ള സ്ഥലവും കുടിക്കാന്‍ പ്രത്യേക കമ്പനിയുടെ മിനറല്‍ വാട്ടറും തന്നെ കിട്ടണം. ഇതെല്ലാം ഒരുക്കേണ്ട ചുമതല കീഴുദ്യോഗസ്ഥരുടേതാണ്. ഒരിക്കല്‍ ഹര്‍ത്താല്‍ ദിവസം ചിക്കന്‍ കിട്ടാത്തതിന് കീഴുദ്യോഗസ്ഥരെ അദ്ദേഹം പീഡിപ്പിച്ചിട്ടുമുണ്ട്.

ഞാന്‍ കൊച്ചി സി.ബി.ഐയില്‍ ഉള്ള സമയം. ഒരു സി.ബി.ഐ ഡി.ഐ.ജി അവിടെ പരിശോധനയക്കായി വന്നു. അദ്ദേഹത്തിനും ഭാര്യയ്ക്കും എറണാകുളത്തെ ഒരു പ്രമുഖ ഫര്‍ണിച്ചര്‍ കടയില്‍ പോകണം. പ്രത്യേക രീതിയിലുള്ള ഒരു ഐറ്റം വേണം. എല്ലാം കിട്ടി. ഫര്‍ണിച്ചര്‍ പാര്‍സല്‍ ചെയ്യാനുള്ള ഏര്‍പ്പാടുമായി. എല്ലാം കഴിഞ്ഞ് ഡി.ഐ.ജി. ഒരു മൂവ്വായിരം രൂപ എടുത്ത് കടക്കാരന് കൊടുത്തു. ഡി.ഐ.ജിയേയും ഭാര്യയേയും ഭവ്യതയോടെ കടക്കാരന്‍ യാത്രയയച്ചു. പിറ്റേദിവസം കടക്കാരന്‍ എസ്.പി.യെ വിളിച്ചു പറഞ്ഞു. ''ഡി.ഐ.ജി. കൊണ്ടുപോയ ഫര്‍ണീച്ചറിന് 8000 രൂപയാണ് വില. പക്ഷേ 3000 മാത്രമേ തന്നുള്ളൂ....'' പാവം രാധാവിനോദ് രാജു, തികഞ്ഞ സത്യസന്ധനായ അദ്ദേഹം സ്വന്തം കൈയ്യില്‍ നിന്ന് എടുത്തു കൊടുത്തു എന്ന് തോന്നുന്നു. അല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല...

police

സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കാലത്ത് കോഴിക്കോട്ടുനിന്നു മറ്റൊരു ചെറിയ പട്ടണത്തിലേക്ക് എനിക്ക് സ്ഥലം മാറ്റമായി. അവിടെ കൂടുതല്‍ കാലം ഇരിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് അവിടുത്തെ ഗവണ്‍മെന്റ് റസ്റ്റ് ഹൗസിലായിരുന്നു താമസം. കുറച്ചു ദിവസങ്ങള്‍ മാത്രമേ ഞാന്‍ ആ സ്ഥലത്ത് ഇരുന്നുള്ളൂ. അതിനിടയില്‍ ഒരു ദിവസം ഓഫീസില്‍ അവിടത്തെ സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ എന്നെ കാണാന്‍ വന്നു. ഒരു ചെറിയ ചമ്മലോടെ പറഞ്ഞു. 'സര്‍, ഒരു ചെറിയ ബില്ലുണ്ടായിരുന്നു.' ഞാന്‍ ചോദിച്ചു. 'എന്ത് ബില്‍?' അയാള്‍ തുടര്‍ന്നു, 'അന്നത്തെ എസ്.പി. അവിടെ ചാര്‍ജ്ജെടുത്ത് ഒരു മാസത്തോളമേ ആയുള്ളൂ. അതിനു മുമ്പ് അദ്ദേഹം താമസിച്ചത് ഗവണ്‍മെന്റ് റസ്റ്റ് ഹൗസിലായിരുന്നു. പക്ഷേ അദ്ദേഹം അവിടെത്തെ ബില്‍ കൊടുക്കാതെയാണ് പോയത്.' 

പ്രമോട്ടഡ് എസ്.പി.യൊന്നുമല്ല, സാക്ഷാല്‍ ഐ.പി.എസുക്കാരന്‍. ആ റസ്റ്റ് ഹൗസില്‍ ഒരു മുറി മാത്രമേ എയര്‍ കണ്ടീഷന്‍ഡ് ആയുള്ളൂ. ബാക്കിയുള്ള രണ്ടോ മൂന്നോ മുറികള്‍ എ.സിയല്ല. പക്ഷേ എ.സി. മുറിക്കും നോണ്‍ എ.സി. മുറിക്കും ഒരേ ചാര്‍ജാണ്. 50 രൂപ. എസ്.പി ദിവസങ്ങളോളം താമസിച്ചത് എ.സി. റൂമിലാണ്. ആ ബില്ലാണ് എന്നോട് കൊടുക്കാന്‍ എസ്.ഐ. ആവശ്യപ്പെട്ടത്. ഒരുപക്ഷേ എന്നെക്കുറിച്ച് ശരിയായി അറിയാത്തതു കൊണ്ടായിരിക്കാം. എസ്.പി. ബില്ലടച്ചില്ലെങ്കില്‍ ഡി.ജി.പിയോട് വാങ്ങിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞു. അതും കേട്ട് എസ്.ഐ.പോയി. അന്ന് വൈകുന്നേരം റസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ഞാന്‍ അവിടുത്തെ 'കെയര്‍ ടേക്കറി'നോട് ആ കാര്യത്തെക്കുറിച്ച് ചോദിച്ചു. 'കെയര്‍ടേക്കര്‍' ഒരു പുച്ഛത്തോടെ പറഞ്ഞു. 'സര്‍ ഇവിടുത്തെ ബില്‍ മാത്രമല്ല ഭക്ഷണം വാങ്ങിച്ചു കഴിച്ച റസ്റ്റോറന്റിലെ ബില്ലും കൊടുക്കാതെയാണ് പോയത്'. അതും കെയര്‍ടേക്കറുടെ തലയിലായി. അതുകൊണ്ടാണ് അയാള്‍ ചെന്ന് എസ്.ഐ.യോട് പറഞ്ഞത്. എസ്.ഐ. അതെല്ലാം കൂടി ഏതെങ്കിലും ലോക്കല്‍ 'മുതലാളി'യുടെ തലയില്‍ വെച്ചു കൊടുത്തു കാണും. 

ആഡംബര ജീവിതവും അധികാരത്തിന്റെ പൊങ്ങച്ചസംസ്‌കാരവും തങ്ങള്‍ക്ക് ദൈവദത്തമാണെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരു പൊതുധാരണയുണ്ട്. പ്രത്യേകിച്ച് വടക്കന്‍ മേഖലയില്‍നിന്നു വരുന്നവര്‍ക്ക്. കേരള ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ പലരും അത്തരം കാര്യങ്ങളില്‍നിന്ന് മാറി നില്‍ക്കുന്നവരാണ്. ഞാന്‍ ബഹുമാനത്തോടെ കാണുന്നവരാണ് അവരില്‍ പലരും. പഴയ ഡി.ജി.പി ശ്രീ. കെ.ജെ. ജോസഫ് ഔദ്യോഗിക ആവശ്യത്തിനല്ലാതെ വരുമ്പോള്‍ ട്രെയിനില്‍ കയറിയാണ് വരാറുള്ളത്. ജേക്കബ് പുന്നൂസ്, സിബി മാത്യൂസ്, വില്‍സന്‍ എം. പോള്‍, ഹോര്‍മിസ് തരകന്‍ (എല്ലാവരും പഴയ ഡി.ജി.പി.മാര്‍) എന്നിവരൊക്കെ മാന്യമായ വ്യക്തിത്വം പുലര്‍ത്തിയവരായിരുന്നു. അധികാരത്തെ  വ്യക്തിപരമായ ധാരാളിത്തങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യാത്തവര്‍. എന്നാല്‍ ഇവര്‍ക്ക് നാണക്കേടാണ് ഇവരുടെ സഹപ്രവര്‍ത്തകര്‍ പലരും.

Police


മലപ്പുറത്ത് എസ്.പിയായിരുന്ന ഒരാള്‍ അവിടെനിന്ന് നിത്യേനയെന്നോണം ബാംഗ്ലൂരിലേക്ക് ബസ്സ് മുഖാന്തരം ഓരോ വലിയ പാര്‍സല്‍ അയച്ചിരിക്കും. സുഗന്ധദ്രവ്യങ്ങള്‍, പട്ടുസാരികള്‍, ചെമ്മീന്‍ എന്നിവയൊക്കെ ആയിരുന്നു അത്. മറ്റൊരു ഓഫീസര്‍, ഒരു ബോംബെ നായര്‍, അതിലേറെ കാര്യങ്ങള്‍ ചെയ്തു. അദ്ദേഹം മലപ്പുറം എസ്.പിയായിരുന്നു. മലപ്പുറത്ത് ഇത്തരം കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ആളുകള്‍ അതൊന്നും ഫ്രീയായല്ല ചെയ്തത്. ഇവരുടെയൊക്കെ ഔദ്യോഗിക കാലഘട്ടം മുഴുവന്‍ ഇത്തരക്കാരെ അവര്‍ ഉപയോഗിക്കും. 

ഇത്തരം ഒരു സംസ്‌കാരത്തിന്റെ ഉറവിടം ട്രെയിനിങ്ങ് കാലഘട്ടം മുതല്‍ തുടങ്ങുന്നു. കൊല്ലത്ത് മദ്യദുരന്തമുണ്ടായപ്പോള്‍ അവിടെയുള്ള ഉദ്യോഗസ്ഥരെയെല്ലാം മാറ്റി പുറത്തു നിന്ന് കുറേ ഉദ്യോസ്ഥരെ അവിടെ നിയമിച്ചിരുന്നു. അക്കൂട്ടത്തില്‍ എന്നെ കൊല്ലത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി നിയമിച്ചു. എന്റെ ഡിവൈ.എസ്.പി. ആയിരുന്ന കൃഷ്ണകുമാര്‍ പറഞ്ഞ കഥയുണ്ട്. ഞാനിവിടെ എത്തുന്നതിന് കുറച്ച് മുമ്പാണ് സംഭവം. ഒരു ദിവസം ഡി.ഐ.ജി. വിളിച്ച് കൃഷ്ണകുമാറിനോട് പറയുന്നു. ''ട്രെയിനിങ്ങ് കഴിഞ്ഞ് ഭാരത പര്യടനത്തിന് പുറപ്പെട്ട കുറച്ച് ഐ.പി.എസുകാര്‍ കൊല്ലത്ത് വരുന്നുണ്ട്. അവര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കികൊടുക്കണം.'' പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. താമസമെന്നാല്‍ ഏറ്റവും മുന്തിയത്. കൂടെ ഭക്ഷണവും പിന്നെ കായല്‍  യാത്രകളും ടൂറുമൊക്കെ. കൂട്ടത്തില്‍ ഒന്നു കൂടി ഡി.ഐ.ജി. പറഞ്ഞു. അവരില്‍ ചിലരൊക്കെ അല്‍പം 'ഡ്രിങ്ക്സ്' കഴിച്ചെന്നു വരും. 

ഉത്തരേന്ത്യക്കാര്‍ ഓഫീസര്‍മാരില്‍ ചിലര്‍ വന്നത് ഭാര്യയും കുട്ടികളുമൊക്കെയായാണ്. എല്ലാം സ്വാഭാവികം. ഡി.ഐ.ജി. പറഞ്ഞതുപോലെ ഡ്രിങ്ക്സും ഏര്‍പ്പാടാക്കി. സ്വകാര്യമായി. അക്കാലത്ത് കിട്ടിയിരുന്ന ഏറ്റവും നല്ലതാണെന്ന് പറയാവുന്ന 'ഗ്രീന്‍ ലേബല്‍' എന്ന ഇന്ത്യന്‍ വിസ്‌കിയാണ് ഏര്‍പ്പെടുത്തിയത്. ഐ.പി.എസ്. ട്രെയിനീസ് എല്ലാം പോയ ശേഷം കൃഷ്ണകുമാര്‍ ഡി.ഐ.ജിയെ കാണാന്‍ ചെന്നു. തന്റെ ആതിഥ്യ മര്യാദയൊക്കെ നന്നായെന്ന് അഭിപ്രായം കിട്ടനാണ് ചെന്നത്. ഡി.ഐ.ജിക്ക് വലിയ സന്തോഷമൊന്നും കണ്ടില്ല. മറ്റു ഔദ്യോഗിക കാര്യങ്ങള്‍ക്ക് ശേഷം ഡിവൈ.എസ്.പി. അങ്ങോട്ട് ചോദിച്ചു. സര്‍, ഐ.പി.എസ്. ട്രെയിനീസിനെല്ലാം സന്തോഷമായില്ലേ എന്ന്. ഡി.ഐ.ജി. വലിയ താല്‍പര്യമില്ലാതെ പറഞ്ഞു. ഹാ വലിയ കുഴപ്പമില്ല. ഒരല്‍പം മൗനത്തിന് ശേഷം അദ്ദേഹം ഇംഗ്ലീഷില്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ പ്രതീക്ഷിച്ചത് 'സ്‌കോച്ച് വിസ്‌ക്കി' ആണെന്ന്. 'ഭാരത പര്യടന' കാലഘട്ടത്തില്‍ ഇന്ത്യയില്‍ ചെല്ലുന്നിടത്തൊക്കെ അവര്‍ ഇത്തരം സൗകര്യങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാം ഫ്രീയായി. (ഈ കൃഷ്ണകുമാറിന്റെ മകന്‍ ഇപ്പോള്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. മറ്റൊരു സംസ്ഥാനത്ത്)

ജവഹര്‍ലാല്‍ നെഹറുവിന്റെ 'ഡിസ്‌ക്കവറി ഓഫ് ഇന്ത്യ'യില്‍ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ഒരു കൊളോണിയല്‍ സംസ്‌കാരത്തിന്റെ ആവശ്യവും സംസ്‌കാരവുമാണെന്നും സ്വാതന്ത്ര്യത്തിന് ശേഷവും അത് മാറ്റപ്പെടുമെന്നും പറയുന്നുണ്ട്. പക്ഷേ അദ്ദേഹത്തിനോ അതിനുശേഷം വന്ന ഭരണാധികാരികള്‍ക്കോ അത്തരം ഒരു മാറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. മറിച്ച് തങ്ങളുടെ ഇംഗിതത്തിന് നില്‍ക്കുന്ന ഒരു വര്‍ഗമായി അവരുമായി പെട്ടെന്ന് താരതമ്യപ്പെടുവാന്‍ ഇന്ത്യന്‍ ഭരണ വര്‍ഗത്തിന് സാധിച്ചു. പരസ്പര പൂരകമായ ഒരു ബന്ധം. നാം കാണുന്ന എല്ലാ അഴിമതികളുടെയും പിന്നില്‍ ഈ ബന്ധം വളരെ വ്യക്തമായി കാണാവുന്നതാണ്. 

ഇന്ത്യന്‍ പോലീസ് സര്‍വീസ് അടക്കമുള്ള ഈ വര്‍ഗം സാധാരണ ജനങ്ങളില്‍നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന ഒരു വരേണ്യ വര്‍ഗമായി നിലനില്‍ക്കുകയും അവരുടെ ശക്തി കൂടുതല്‍ വ്യാപിക്കുകയും ചെയ്യുന്നു. ഭരണത്തിലെത്തുന്ന രാഷ്ട്രീയക്കാരോട് മാത്രം 'താല്‍ക്കാലിക' വിനയം കാട്ടിക്കൊണ്ട.് അതും ശക്തരായ നേതാക്കളോട് മാത്രം. പഴയ ഡി.ജി.പി സെന്‍കുമാര്‍, താഴേക്കിടെയിലുള്ള പോലീസുകാരിലുള്ളതിനേക്കാള്‍ അഴിമതി മുകളിലുള്ള ഐ.പി.എസുകാരിലാണെന്ന് പറയുമ്പോള്‍ അദ്ദേഹത്തോട് യോജിക്കാനേ എനിക്ക് പറ്റൂ. 'മോന്തായം വളഞ്ഞതാണ്' എന്നത് ഒരു സ്വാഭാവിക പ്രക്രിയയും പരിണാമവും മാത്രം. പോലീസ് നന്നാവണമെങ്കില്‍ ബ്രിട്ടീഷ് കൊളോണിയല്‍ സംസ്‌കാരം വടക്കേ ഇന്ത്യന്‍ ഫ്യൂഡലിസ്റ്റിക്ക് സംസ്‌കാരവുമായി ചേര്‍ന്നുണ്ടായ ഈ സങ്കര സംസ്‌കാരത്തിന്റെ പിടിയില്‍നിന്ന് അതിനെ മോചിപ്പിക്കേണ്ടത് അനിവാര്യമാണ്.

ലേഖനത്തിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്

(ക്രമസമാധാനപാലന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള പോലീസ് ഓഫീസറാണ്  സിഎം പ്രദീപ് കുമാര്‍. ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കേ മാറാട് കൂട്ടക്കൊലക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച അദ്ദേഹം വിജിലന്‍സിലും സിബിഐയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ത്തിയാക്കും മുന്‍പേ ജോലിയില്‍ നിന്ന്  സ്വയംവിരമിച്ച പ്രദീപ് കുമാര്‍ ഗ്ലോബല്‍ ലോ ലീഗല്‍ സര്‍വീസ് സ്ഥാപനത്തിന്റെ ഭാഗമായി ഹൈക്കോടതി അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരികയാണ്)

പ്രദീപ് കുമാര്‍ എഴുതിയ മുന്‍ ലേഖനങ്ങള്‍ വായിക്കാം

മതഭ്രാന്തിനെതിരായ പോരാട്ടം: പോലീസും നമ്മളും ചെയ്യേണ്ടത്‌......

മയക്കുമരുന്ന് പെരുകുന്ന നാട്ടില്‍ മദ്യനയത്തിനെന്ത് പ്രസക്തി......

വഴി പിഴച്ച നക്‌സലുകളും വെടി പിഴച്ച പോലീസും......

ശവത്തെ മന്ത്രിയുടെ കൂടെ കിടത്തുമോ? അതോ കുത്തനെ നിർത്തുമോ?

ചോര കൊണ്ട് തീരില്ല, കണ്ണൂരിന്റെ കണക്കുകൾ......