ഡല്‍ഹി പോലീസില്‍ നിന്നും തിരിച്ചു വന്നതിന്റെ പിറ്റേദിവസം തന്നെ ഞാന്‍ സി.ബി.ഐ.യിലേക്ക് ഡപ്യൂട്ടേഷനില്‍ പോയി. കൊച്ചി സി.ബി.ഐ.യിലായിരുന്നു ചേര്‍ന്നത്. മൂന്നു വര്‍ഷത്തിനു ശേഷം സി.ബി.ഐ.യുടെ ബോംബെ യൂണിറ്റിലേക്ക് പോയി. പിന്നെ ഏഴുവര്‍ഷത്തോളം അവിടുത്തെ യൂണിറ്റ് ബ്രാഞ്ചുകളില്‍ ജോലി ചെയ്തു.

അങ്ങിനെ പത്തുവര്‍ഷത്തിനു ശേഷം സി.ബി.ഐ.യിലെ ചില ഉടക്കുകള്‍ക്കുശേഷം ഞാന്‍ നിര്‍ബന്ധപൂര്‍വ്വം തിരിച്ച് കേരള പോലീസിലേക്ക് വന്നു. എന്തോ കാര്യത്തിന് തിരുവനന്തപുരത്ത് ചെന്നപ്പോള്‍ ക്രിസ്റ്റഫറെ കണ്ടു. അന്ന് ക്രിസ്റ്റഫര്‍ ഒരു കഥ പറഞ്ഞു. ഞാന്‍ സി.ബി.ഐ.യിലായിരുന്ന കാലത്ത് ക്രിസ്റ്റഫര്‍ ഒരു ദിവസം കോഴിക്കോട്ടേക്ക് വന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഒരു സിനിമയ്ക്ക് പോയി.  മുറിയിലേക്ക് തിരിച്ചുവരുമ്പോള്‍ ഒരു ഓട്ടോറിക്ഷ പിടിച്ചു. ഓട്ടോഡ്രൈവറുമായി ഒരു ലോഗ്യം കൂടി. ആരാണെന്ന് പറയാതെ കോഴിക്കോട്ടെ പോലീസിനെക്കുറിച്ചൊക്കെ ചോദിച്ചു. സ്വാഭാവികമായും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പോലീസിനെക്കുറിച്ച് ഒരു പാട് പരാതികളുണ്ടായിരിക്കും. ഓട്ടോക്കാരെ വെറുതെ ഉപദ്രവിക്കുന്നു. എന്നാല്‍ പണക്കാരന്റെ വലിയ വണ്ടി കണ്ടാല്‍ പേടിയാണ് എന്നൊക്കെ. ക്രിസ്റ്റഫര്‍ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ എന്നെക്കുറിച്ച് ചോദിച്ചു. പ്രദീപ്കുമാര്‍ എന്നൊരു സബ് ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നല്ലോ  അയാളെങ്ങനെ എന്ന്. ഓട്ടോക്കാരന്‍ എന്നെക്കുറിച്ച് വാചാലനായി. 'പ്രദീപ്കുമാറി'ന്റെ ധീര കഥകളൊക്കെ പറഞ്ഞു.

ക്രിസ്റ്റഫര്‍ നല്ലൊരു കഥപറച്ചിലുകാരനാണ്. അയാള്‍ ഒരു സാധാരണസംഭവത്തെ മനോഹരമായ ഒരു കലയായി അവതരിപ്പിക്കും. തമാശയും കളിയാക്കലുമെല്ലാം കലര്‍ത്തി. കൂടെ പറയുന്ന ഉദാഹരണങ്ങള്‍ ചിരിക്കാന്‍ വകയുള്ളതായിരിക്കും. ആളുകളുടെ സംഭാഷണരീതികള്‍ അനുകരിക്കും. രണ്ടു മൂന്നു മണിക്കൂര്‍ അയാളുടെ കൂടെ ചിലവഴിക്കുന്നത് അറിയില്ല. രസകരമായി സമയം കടന്നുപോകും.

ഓട്ടോറിക്ഷക്കാരന്റെ കഥ തീര്‍ന്നില്ല. അയാള്‍ തുടരുകയാണ്.

ഇറങ്ങാന്‍ ആയപ്പോള്‍ ക്രിസ്റ്റഫര്‍ ഇടയ്ക്കു കയറി അയാളോട് ചോദിച്ചു. ഇപ്പോള്‍ ഈ 'പ്രദീപ്കുമാര്‍' എവിടെയുണ്ട്?

ഓട്ടോഡ്രൈവര്‍ ഒരുചെറിയ ദുഃഖത്തോടെ പറഞ്ഞു. അയാള്‍ മരിച്ചുപോയി.

'ഹേ മരിച്ചുപോയോ?' ക്രിസ്റ്റഫര്‍ ചോദിച്ചു. 'ഏങ്ങനെ?' 

ഓട്ടോഡ്രൈവര്‍ പറഞ്ഞു. പ്രദീപ്കുമാര്‍ ഇവിടെ നിന്നും പോയി രാജീവ്ഗാന്ധിയുടെ സെക്യൂരിറ്റിയില്‍ ചേര്‍ന്നു. രാജീവ് ഗാന്ധി ബോംബ് പൊട്ടി മരിച്ചപ്പോള്‍ കൂട്ടത്തില്‍ അയാളും മരിച്ചു.

ചിരിയടക്കി ക്രിസ്റ്റഫര്‍ പറഞ്ഞു. 'അയ്യോ കഷ്ടമായിപ്പോയി'. ഓട്ടോക്കാരന്‍ ശരിവെച്ചു. 

ഞാന്‍ കോഴിക്കോട് സിറ്റിയില്‍ സൗത്ത് അസി. കമ്മീഷണറായിരിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി കോഴിക്കോട് സന്ദര്‍ശിക്കാന്‍ എത്തിയത്. വി.വി.ഐ.പി. സെക്യൂരിറ്റി തലവേദന പിടിച്ച പണിയാണ്. എവിടെയെങ്കിലും ചെറിയ കുഴപ്പമോ കുറവോ ഉണ്ടായാല്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ആ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി ആദ്യം എത്തിയത് എറണാകുളത്താണ്. 

രാഷ്ട്രീയത്തിന്റെ കപടതകള്‍ അധികം അറിയാത്ത, അധികം പരിചയമില്ലാത്ത അദ്ദേഹം പലപ്പോഴും അപക്വമായി ചെറുപ്പത്തിന്റെ ആവേശം കാട്ടാറുണ്ട് എന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്. കോഴിക്കോട്ടെ പ്രധാന പരിപാടി ഫാറൂഖ് കോളേജിലായിരുന്നു. വി.വി.ഐ.പി. സെക്യൂരിറ്റിക്ക് പ്രത്യേക 'സ്‌കീം' തയ്യാറാക്കും. ആരൊക്കെ എവിടെ നില്‍ക്കണം, ഓരോ ആളുടേയും ജോലി എന്താണ് എന്നൊക്കെ പ്രത്യേകിച്ച് പറഞ്ഞിരിക്കും. 

എന്നാല്‍, എന്തെങ്കിലും അസാധാരണ സംഭവമുണ്ടായാല്‍ ഇതൊക്കെ പൊളിയും. ആ സമയത്ത് നേതൃത്വമേറ്റെടുക്കാന്‍ കഴിയുന്നവരായിരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അത്തരക്കാര്‍ കുടുങ്ങുകയും ചെയ്യും.

എനിക്ക് രാഹുല്‍ഗാന്ധി വരുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ചുമതലകളൊന്നും 'സ്‌കീമില്‍'ല്‍ ഉണ്ടായിരുന്നില്ല. പക്ഷേ സൗത്ത് അസിസ്റ്റന്റ് കമ്മീഷണറെന്ന നിലയില്‍ എന്റെ അധികാരപരിധിയില്‍ മൊത്തം ഉത്തരവാദിത്തം എനിക്കു തന്നെയായിരുന്നു. രാഹുല്‍ എറണാകുളത്തു നിന്നും പുറപ്പെട്ടു എന്നു വിവരം കിട്ടി. പ്രോഗ്രാം അനുസരിച്ചുള്ള സമ്മേളന സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ ഏതോ കോളേജില്‍ എന്തോ പ്രോഗ്രാം നടക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹം വണ്ടിനിര്‍ത്തി നേരെ കുട്ടികളുടെ ഇടയിലേക്ക് കയറിച്ചെന്നുവെന്നും കൈയടിയും ആരാധനയും കൈപ്പറ്റിയെന്നും വിവരം കിട്ടി. 

അത്തരം കാര്യങ്ങള്‍ സെക്യൂരിറ്റി പ്രോട്ടോകോളിന് എതിരാണ്. അവ ഇവിടെയും ആവര്‍ത്തിക്കാമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ വാഹനം നേരെ പരിപാടി നടക്കുന്ന ഹാളിന്റെ അടുത്തേക്ക് വിടണ്ട എന്ന് ഗേറ്റിലും വഴിയിലും നില്‍ക്കുന്ന ഉദ്യോഗസ്ഥരോട് ഞാന്‍ പറഞ്ഞു. പക്ഷേ അവരൊക്കെ പറഞ്ഞത് അനുസരിക്കാതെ ഗെയിറ്റില്‍ വണ്ടി നിര്‍ത്തി അവിടെ മുതല്‍ ഹാള്‍ വരെ നടക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.

വരുന്ന വഴിയില്‍ ഒക്കെ ആളുകളോട് ലോഗ്യം പറഞ്ഞ് ചിരിച്ചു കൈവീശിയും നടന്നു നീങ്ങിയ അദ്ദേഹത്തിന്റെ രീതിയില്‍ ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ 'തരികിട' അല്ല ഞാന്‍ കണ്ടത്, ആത്മാര്‍ത്ഥത ആയിരുന്നു. ഹാളിന്റെ അടുത്തായി വഴിയില്‍ നിന്നും കുറച്ച് അകലെയായിരുന്നു ഞാന്‍ നിന്നത്. വഴിയരികില്‍ എനിക്ക് മുമ്പിലായി ഉണ്ടായിരുന്ന ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക് കൈകൊടുത്തു. എന്റെ അടുത്തേക്ക് മുന്നോട്ട് ആണെങ്കിലും എന്നോട് കൈവീശി കാണിച്ചു മുന്നോട്ടു തന്നെ നടന്നു. ഞാനും കൈവീശി കാണിച്ചു. അത് കോഴിക്കോട് എസ്.എസ്.ബി.യില്‍ ജോലി ചെയ്തിരുന്ന ഒരു മൂന്നാംകിട ഉദ്യോഗസ്ഥനായ ഒരു ഡിവൈഎസ്പി, രാഹുല്‍ഗാന്ധി കൈനീട്ടിയിട്ടും ഞാന്‍ കൈകൊടുത്തില്ല എന്ന് എഴുതി കൊടുത്തു.

Content Highlights: Delhi police, Assassination of Rajiv Gandhi, Crime news, CBI, Security protocol, Rahul Gandhi