കോഴിക്കോട് അന്നൊരു ചെറിയ പട്ടണമായിരുന്നു, ഇന്നത്തേതിന്റെ പത്തിലൊന്ന് പോലും  വലിപ്പമില്ലാത്ത നഗരം. എസ്എം സ്ട്രീറ്റും പാളയവും വലിയങ്ങാടിയും മാനാഞ്ചിറയും അതിനു ചുറ്റുമുളള കുറച്ച് പ്രദേശങ്ങളും ചേര്‍ന്നാല്‍ കോഴിക്കോടായെന്ന് പറയാം. എസ്.കെ പൊറ്റക്കാടിന്റെ തെരുവിന്റെ കഥയിലൂടെയാണ് ഞാന്‍ കോഴിക്കോടിനെ മനസ്സിലാക്കുന്നത്. ഈ നഗരത്തില്‍ ഒരു വലിയ ലിബറല്‍ സമൂഹം നിലനിന്നിരുന്നു. പാട്ടും ഗസലും മദ്യവും തെരുവ്വേശ്യകളും കാബറെയുമൊക്കെ സാഹിത്യത്തിനും സ്വതന്ത്രചിന്താഗതികള്‍ക്കുമൊപ്പം അന്നിവിടെ നിലനിന്നിരുന്നു.
 
അക്കാലത്ത് കോഴിക്കോട്ടെ പന്ത്രണ്ടോളം ഹോട്ടലുകളില്‍ കാബറെ ഉണ്ടായിരുന്നു. പല ലോഡ്ജുകളും പ്രോസ്റ്റിറ്റ്യൂഷൻ പേരു കേട്ടതായിരുന്നു. നഗരത്തിന്റെ മുക്കിലും മൂലയിലും റാക്ക് ഷാപ്പുകള്‍ സജീവമായിരുന്നു.... എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇതിലെല്ലാം മാറ്റം വന്നു.
 
നഗരപ്രവേശനം.......
 
ഞങ്ങള്‍ കണ്ണൂരുകാര്‍ക്ക് കോഴിക്കോടെന്നാല്‍ അത്ഭുതങ്ങള്‍ നിറച്ചു വച്ച വലിയ പട്ടണമാണ്. ആദ്യം കോഴിക്കോട് വന്ന് ഒരു ദിവസം താമസിച്ചത് കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിന് പങ്കെടുക്കാനെത്തിയപ്പോള്‍ ആയിരുന്നു. കണ്ണൂര്‍ എസ്എന്‍വി കോളേജില്‍ നിന്നുള്ള നാലഞ്ച് സുഹൃത്തുകള്‍ക്കൊപ്പം.
 
പിന്നീട് കോഴിക്കോട് വരുന്നത് പോലീസില്‍ ചേരാനുള്ള കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാനാണ്. പുലര്‍ച്ചെ ആറ് മണിക്കോ മറ്റോ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നതിനാല്‍  തലേന്ന് തന്നെ നഗരത്തിലെത്തി എസ്എം സ്ട്രീറ്റിനടുത്തുള്ള ഏതോ ഒരു ലോഡ്ജില്‍ റൂമെടുത്തു.
 
cm pradeep kumar mkt sketchപുലര്‍ച്ചെ നാല് മണിയോടെ എഴുന്നേറ്റ് ചായ കുടിക്കാനായി പുറത്തിറങ്ങി. മാതൃഭൂമി ഓഫീസിനടുത്തെവിടെയോ  ചായ കിട്ടുമെന്നറിഞ്ഞ് അങ്ങോട്ട് നടന്നു. രണ്ടാം ഗേറ്റ് കടന്നപ്പോള്‍ പെട്ടെന്ന് കടവരാന്തയില്‍ നിന്നൊരു സ്ത്രീരൂപം എന്റെ അടുത്തേക്ക് വന്നു. ആധികാരികമായ ശബ്ദത്തില്‍ അവര്‍ ചോദിച്ചു....'' വേണോ....?''
 
ഞാന്‍ പെട്ടെന്ന് ബേജറായി, എങ്കിലും വേണ്ട എന്ന് മറുപടി കൊടുത്തു. വേണ്ടേ....?  ഉത്തരം ഇഷ്ടപ്പെടാത്ത മട്ടില്‍ അവര്‍ ചോദ്യമാവര്‍ത്തിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു... ''വേണ്ട''. അപ്പോള്‍ അവര്‍ തിരികെ പോയി നാലു ചുവട് കൂടി മുന്നോട്ട് വച്ചപ്പോള്‍ മറ്റൊരു രൂപം കൂടി കടവരാന്തയിലെ ഇരുട്ടില്‍ നിന്നിറങ്ങി എന്നെ കടന്നു പോയി.
 
ഒരു ഗുണ്ടയുടെ രൂപവും ഭാവമുള്ള അയാള്‍ ആ സ്ത്രീയുടെ ബ്രോക്കറും സംരക്ഷകനുമാണെന്ന് വിഷയത്തിലെ പരിമിതമായ അറിവ് വച്ച് ഞാനൂഹിച്ചു. (ഇത്തരക്കാര്‍ക്ക് '' കയര്‍'' എന്നാണ് കോഴിക്കോട്ടുകാര്‍ നല്‍കിയിരിക്കുന്ന പേരെന്ന് പിന്നീടാണ് മനസ്സിലായത്). സെക്യൂരിറ്റി ജോലിക്കൊപ്പം പിടിച്ചുപറി നടത്തുന്ന സ്വഭാവവും ഇക്കൂട്ടര്‍ക്കുണ്ട്. അത് കൊണ്ടു തന്നെ ചായ കുടിച്ച് തിരികെ റൂമിലേക്ക് നടക്കുമ്പോഴും മനസ്സില്‍ പേടിയുണ്ടായിരുന്നു.
 
പിന്നീട് പോലീസില്‍ ജോലികിട്ടി കോഴിക്കോട് സിറ്റിയില്‍ തന്നെ പോസ്റ്റിങ് കിട്ടിയപ്പോഴും ബേജാറായിരുന്നു. പട്ടണങ്ങളുമായി കാര്യമായ പരിചയമില്ലാതിരുന്ന എനിക്ക് കോഴിക്കോട് ഒരു വലിയ പട്ടണവും വ്യത്യസ്ത സംസ്‌കാരവുമായിരുന്നു.
 
ഒടുവില്‍ പോസ്റ്റിങ് കിട്ടി രണ്ടാം കൊല്ലം നാലാമത്തെ ട്രാന്‍സ്ഫര്‍ ഓര്‍ഡറും വാങ്ങി ഞാന്‍ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ ചാര്‍ജെടുത്തു. അപ്പോഴേക്കും കോഴിക്കോടിനെക്കുറിച്ച് ഞാന്‍ ഏതാണ്ട് പഠിച്ചിട്ടുണ്ടായിരുന്നു. ആത്മവിശ്വാസവും അധികമായിരുന്നു.
 
അടിയന്തരാവസ്ഥയ്ക്കുശേഷം നഗരത്തിന്റെ വര്‍ണപ്പകിട്ട് കുറഞ്ഞിട്ടുണ്ടെങ്കിലും കാര്യങ്ങളൊക്കെ വല്ല്യ കുഴപ്പമില്ലാതെ നടന്നു പോകുന്നുണ്ട്. നാലഞ്ച് കാബറെ ഡാന്‍സ് കേന്ദ്രങ്ങള്‍ അപ്പോഴും നഗരത്തിലുണ്ടായിരുന്നു. മുഴുവന്‍സമയ വേശ്യാലയങ്ങളായി  പ്രവര്‍ത്തിക്കുന്ന നാല് ഹോട്ടലുകള്‍ വേറെ. അത്രയുമില്ലെങ്കിലും മോശമല്ലാത്ത രീതിയില്‍ മറ്റു പല ഹോട്ടലുകളിലും പരിപാടികള്‍ തകൃതിയായി നടന്നു പോന്നു. അവയില്‍ തന്നെ ഒന്നുരണ്ട് ലോഡ്ജുകള്‍ അറിയപ്പെടുന്ന ആണ്‍വേശ്യാലയങ്ങളായിരുന്നു. മദ്യശാലകളും റാക്ക് ഷോപ്പുകളും സജീവമായിരുന്നു.
 
തെരുവുകളിലും ഇടവഴികളിലും സുന്ദരികള്‍ വിലസി. അവരുടെ സംരക്ഷകരായും അത്യാവശ്യം ഗുണ്ടായിസവുമായും കയറുകളും നഗരവീഥികളെ വിറപ്പിച്ചു. ലഹരിമരുന്ന് വില്‍പനയും നന്നായി നടന്നു. അതിനും ഗുണ്ടകളുടെ പ്രൊട്ടക്ഷനുണ്ടായിരുന്നു. ഈ വക ഇടപാടുകളുടെയെല്ലാം കേന്ദ്രം അന്നത്തെ ടൗണ്‍ പോലീസ് സ്റ്റേഷന്‍ ലിമിറ്റ് തന്നെയായിരുന്നു. ഇങ്ങനെയുള്ള ടൗണ്‍ സ്റ്റേഷനില്‍ ഞാന്‍ ചാര്‍ജെടുത്ത് രണ്ട് മൂന്ന് ദിവസമായി കാണും. നാട്ടില്‍ പോയ ഞാന്‍ രാത്രി അല്‍പം വൈകിയാണ് അന്ന് തിരിച്ചെത്തിയത്. പ്രദേശവാസികള്‍ക്ക് പ്രത്യേകിച്ച് മേല്‍പ്പറഞ്ഞ വിഭാഗക്കാര്‍ക്ക്‌ എന്നെ മുഖപരിചയമായിട്ടില്ല.
 
കിഡ്സണ്‍ കോര്‍ണറിലെ താമസസ്ഥലമായ  കിഡ്‌സണ് ടൂറിസ്റ്റ് ഹോമിൽ ബാഗ് വച്ചശേഷം സ്വന്തം തട്ടകത്തിലെ രാത്രികാല പരിപാടികള്‍ കാണാനും അവലോകനം ചെയ്യുവാനുമായി സ്ഥലം സബ് ഇന്‍സ്പെക്ടര്‍ ഏകനായി നൈറ്റ് വാക്കിനിറങ്ങി. അമിത ആത്മവിശ്വാസവും അല്‍പം വിഡ്ഢിത്തവുമൊക്കെയാണ് ഇങ്ങനെ ഏകാന്തപഥികനായി രാത്രി ഇറങ്ങി നടക്കാന്‍ പ്രേരിപ്പിച്ചത്. 
 
നടന്ന് നടന്ന് രാധാ തിയേറ്ററിനടുത്തെത്തിയപ്പോള്‍ സെക്കന്റ് ഷോ കഴിഞ്ഞ് ആളുകള്‍ പോയിത്തുടങ്ങിയിരുന്നു. അപ്പോഴാണ് ഒരു ബഹളം ശ്രദ്ധിച്ചത്, ചെന്ന് നോക്കിയപ്പോള്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. ഒന്ന് ലോക്കല്‍ ഗ്രൂപ്പും മറ്റേത് അവരുമായി ഉടക്കിയ പുറത്തു നിന്നുള്ള ഗ്രൂപ്പുമാണെന്ന് പിന്നീടാണ് മനസ്സിലായത്. അടി കൊഴുത്തതോടെ കാഴ്ച്ചക്കാരുടെ എണ്ണവും കൂടി വരികയാണ്.
 
സ്ഥലം സബ് ഇന്‍സ്പെക്ടര്‍ കര്‍മനിരതനായി, ഉടന്‍ പ്രശ്‌നത്തിലിടപെട്ടു. ഇടപെടല്‍ എന്നുവച്ചാല്‍ നേരെ കേറി അടി തന്നെ. അതോടെ രണ്ട് ഗ്രൂപ്പും ലയിച്ച് എന്റെ നേര്‍ക്ക് തിരിഞ്ഞു.... അടിയോട് അടി. കൂട്ടത്തില്‍ വീര്യമുള്ള ഒരുത്തനിട്ട് ഒന്ന് കൊടുത്തു അവന്‍ അവിടെ തലയും കുത്തി വീണു. പിന്നീടാണ് മനസ്സിലായത് അത് ആലി ആയിരുന്നുവെന്ന്. അരയുടെ മുന്നിലും പിന്നിലും കത്തി കൊണ്ടു നടക്കുന്ന എസ്എം സ്ട്രീറ്റ് ആലി.

street fight sketch cm pradeep kumar mkt


 പെട്ടെന്നാണ് കറുത്ത് തടിച്ച് ബോഡി ബില്‍ഡറെ പോലുള്ള ഒരുത്തന്‍ എന്റെ നേരെ ഓടിവരുന്നത് കണ്ടത്. എന്റെ കഥ കഴിഞ്ഞെന്ന് എനിക്ക് തോന്നി. അവന്റെ ചെകിട്ടത്ത് നോക്കി ഒന്ന് പൊട്ടിച്ചു. അടി കൊണ്ട ഉടന്‍ അവന്‍ നിലവിളിച്ചു കൊണ്ട് പറഞ്ഞു.... അയ്യോ സാര്‍ ഞാന്‍ പോലീസാണ്.....
 
പാവം സിനിമയും കണ്ടു വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് കൂട്ടയടി കണ്ടത്. അക്രമിസംഘത്തിന്റെ കൈയില്‍ നിന്നെന്നെ രക്ഷിക്കാന്‍ ഓടിവന്നതായിരുന്നു. എന്തായാലും ഞങ്ങള്‍ പോലീസാണെന്ന് മനസ്സിലായതോടെ എല്ലാം ഓടി രക്ഷപ്പെട്ടു. കളിയില്‍ തോറ്റ ആലിയേയും തൂക്കിയെടുത്ത് ഞങ്ങള്‍ ടൗണ്‍ സ്റ്റേഷനിലേക്ക് വിട്ടു.
 
ആലി എന്ന അവതാരത്തെ ഞാന്‍ പരിചയപ്പെടുന്നത് അങ്ങനെയാണ്. പേരൊക്കെ വലുതാണെങ്കിലും ആലി പാവമായിരുന്നു. എന്തുകൊണ്ടോ ആലിയെ എനിക്കും പെരുത്ത് ഇഷ്ടപ്പെട്ടു. ആലിയെ പകല് കണ്ടാല് ഒരു ഗുണ്ടയാണെന്ന് ആരും പറയില്ല. നീണ്ട കൂര്‍ത്തയും മുണ്ടുമായി വൃത്തിയായി ഷേവ് ചെയ്ത് ഊശാന് താടി വെച്ച ആലിയെ കണ്ടാല്‍ ഒരു 'ആധുനിക' മലയാള സാഹിത്യകാരനാണെന്നേ തോന്നു. തോളില്  സഞ്ചി ഇല്ല എന്നു മാത്രം. കൊടുങ്ങല്ലൂരിലെ ഏതോ നല്ല തറവാട്ടില്‍ ജനിച്ച ആലി പക്ഷേ തിരഞ്ഞെടുത്തത് അരാജകത്വം നിറഞ്ഞ ഈ കോഴിക്കോടന്‍ ജീവിതമായിരുന്നു. മദ്യം, വേശ്യകള്‍, ഗുണ്ടായിസം.... ആലിയായിരുന്നു കോഴിക്കോടന്‍ അധോലോകത്തെ അന്നത്തെ താരം.
 
താനുമായി ഉടക്കാന്‍ വരുന്നവരെ ആലി കത്തിവീശി വിരട്ടും. ആലിയ്ക്ക് സ്വന്തമായി ഒരു ഗ്യാങ്ങുണ്ടായിരുന്നു. ഒരു കൂട്ടം പെണ്ണുങ്ങളുണ്ടായിരുന്നു. നഗരത്തിലെ സാദാ വേശ്യകളും കൂടാതെ പട്ടണത്തിന്റെ വെളിയിൽ നിന്നും വരുന്ന നിലവാരമുള്ളവരും  അതില്‍ ഉള്‍പ്പെടും. നഗരത്തിലെ പല മാന്യന്മാരുമായും അതുകൊണ്ടു തന്നെ ആലിക്ക് അടുപ്പമുണ്ടായിരുന്നു.. എന്നാല്‍ സ്വന്തം ഗ്യാങ്ങിൽ ആലിക്ക് വ്യക്തിപരമായ അടുപ്പം ബേബിയോടായിരുന്നു.
 
കറുത്ത് തടിച്ച് ചപ്രിച്ച് മുടിയുള്ള ബേബി മുഴുവന്‍ സമയവും മദ്യലഹരിയിലുള്ള തെരുവ് വേശ്യയായിരുന്നു. ഉടക്കിയാല്‍ ആളും തരവും നോക്കാതെ ബേബി എന്തും പറയും. നടുറോഡില്‍ നിന്ന് പച്ചത്തെറി വിളിക്കും. ബേബി സ്വതന്ത്രയായ അരാജകത്വവാദിയാണ്. സ്വന്തം ജീവിതം തോന്നും പോലെ ജീവിച്ചു തീര്‍ക്കുന്നവള്‍. അവള്‍ക്ക് പ്രത്യേകിച്ച് കയറൊന്നുമില്ല. ആലിയെയാണ് ബേബിയുടെ സംരക്ഷകനായി എല്ലാവരും കണ്ടത്.
 
രാത്രിയിലെ ഇടപാടുകള്‍ കഴിഞ്ഞാല്‍ ബേബിയുടെ താവളം പീടിക വരാന്തയാണ്. തന്റെ സ്ഥിരം കലാപരിപാടികള്‍ കഴിഞ്ഞാല്‍ ആലിയും അവിടെയെത്തും. പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കുമെല്ലാം രണ്ടാളും കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ടാവും.
 
സമൂഹം അകറ്റി നിര്‍ത്തുകയും പോലീസ് അടിച്ചോടിക്കുകയും ചെയ്യുന്ന ഇത്തരം കഥാപാത്രങ്ങളോട് ഞാനെപ്പോഴും അല്‍പം സഹതാപം പ്രകടിപ്പിക്കാറുണ്ട്. ആലിയോട് ഞാനെപ്പോഴും സൗഹര്‍ദ്ദപരമായാണ് പെരുമാറിയത്. അതിനുള്ള സ്നേഹവും ബഹുമാനവും അയാളെനിക്കെപ്പോഴും തന്നു. നിര്‍ണായകമായ പലവിവരങ്ങളും അയാളെനിക്ക് കൈമാറി. എന്ത് പരാതി കിട്ടിയാലും ഞാന്‍ വിടില്ലെന്ന് ആലിക്കറിയാം. വിടാറുമില്ല...
 
ആലി ഇടയ്ക്കെന്നെ തേടി സ്റ്റേഷനിലെത്തും. രസകരമായ കഥകള്‍ പറയും. ചിലപ്പോള്‍ ഞാന്‍ പറയും....'' ആലി നീ പോയ്ക്കോ എനിക്ക് പണിയുണ്ട്...'' അപ്പോള്‍ ആലി നിന്ന് തല ചൊറിയും...ആലിക്ക് ഒരു ഇരുപത് രൂപ വേണം. (ഒരു സ്മോള്‍ അടിക്കാനുളള അന്നത്തെ കണക്കാണത്).
 
എടാ, ആലി നീ എന്നോട് പൈസ ചോദിക്കാന്‍ മാത്രമായോ....സ്ഥലം വിട്ടോ എന്ന് പറഞ്ഞാലും ആലി പോവില്ല. ആലിക്ക് കാശില്ലാഞ്ഞിട്ടല്ല. എന്റെ കൈയില്‍ നിന്ന് എന്തെങ്കിലും വാങ്ങിയിട്ട് '' പ്രദീപ് സാര്‍ തന്ന പൈസയ്ക്കാടാ ഞാന്‍ അടിക്കുന്നതെന്ന് ചുറ്റുപാടുമുള്ളവരോട് പറയാനാണ് ഈ നമ്പര്‍.
 
ആലിയേക്കാളും വലിയ അരാജകവാദിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഡല്‍ഹിയിലിരുന്ന് സ്‌കോച്ച് വിസ്‌കി അടിച്ച് നാട്ടിലെ അരാജക ജീവിതത്തെ മഹത്വവത്കരിച്ച് എഴുതി തലമുറകളെ വഴി തെറ്റിച്ച ആധുനിക സാഹിത്യകാരന്‍മാരെ പോലെയായിരുന്നില്ല ആലി. സ്വന്തം ജീവിതം പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടാണ് ഇത്തരം സാഹിത്യകാരന്മാന്‍ ഇതെല്ലാം എഴുതിയുണ്ടാക്കിയത്‌. ആലി പച്ചയായ മനുഷ്യനായിരുന്നു. അവന്റെ ജീവിതം അവന്‍ ആഘോഷിച്ചു. വിജയത്തിലും പരാജയത്തിലും ആലിക്ക് ആധിപത്യമുണ്ടായിരുന്നു.
 
കോലം മാറിയ കോഴിക്കോട്

 
1986-ല്‍ മറ്റൊരു ട്രാന്‍സ്ഫറും വാങ്ങി ഞാന്‍ കോഴിക്കോട് നഗരം വിട്ടു. പിന്നീട് പല ഉത്തരേന്ത്യന്‍ നഗരങ്ങളിലായി ഒരു പതിറ്റാണ്ട് നീണ്ട ജീവിതത്തിന് ശേഷമാണ് ഞാന്‍ സാമൂതിരി നാട്ടിലേക്ക് മടങ്ങിയെത്തിയത്. അപ്പോഴേക്കും ഈ നഗരം മാറിയിരുന്നു. കോഴിക്കോട് നഗരത്തിലെ അധോലോകം ക്രമേണ ഇല്ലാതായി. റാക്ക് ഷോപ്പുകളും കാബറെകളും തെരുവ് ഭരിച്ച പെണ്ണുങ്ങളും അവരുടെ കയറുകളുമെല്ലാം എവിടെയോ പോയി മറഞ്ഞു.
 
പക്ഷേ ഈ മാറ്റങ്ങളൊന്നും എന്നെ വല്ലാതെ സന്തോഷിപ്പിച്ചില്ല. മാറ്റങ്ങളുടെ കൂട്ടത്തില്‍ കോഴിക്കോടിന്റെ ലിബറല്‍ മുഖവും നഷ്ടമായതായി എനിക്ക് തോന്നി. ഞാന്‍ കോഴിക്കോടേക്ക് തിരിച്ചെത്തിയെന്നറിഞ്ഞപ്പോള്‍ എന്നെ കാണാനായി ആലിയെത്തി. അവന്‍ ആകെ മാറിയിരുന്നു. പഴയ ഹോചിമിന്‍ താടിയും നീണ്ട കുര്‍ത്തയും അവന്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ തമാശ പറയാനുള്ള അവന്റെ കഴിവ് അപ്പോഴും നഷ്ടപ്പെട്ടിരുന്നില്ല. പണ്ടത്തെ ജോലിയൊക്കെ ആലി ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ കൂലി പണിയൊക്കെ ചെയ്താണ് ജീവിക്കുന്നത്. ആലിയെ അറിയുന്നവര്‍ അയാളെ കാണുമ്പോള്‍ എന്തെങ്കിലും കൊടുക്കുകയും ചെയ്യും.
 
ഒരു ദിവസം ഞാന്‍ തിരക്കിട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ ആലി എന്നെ പിടികൂടി. '' സര്‍, ഒരു അമ്പതുറുപ്പിക വേണം....'' അവന്‍ എന്നോട് പറഞ്ഞു. അതെന്താടാ നീ റേറ്റ് കൂടിയോ എന്ന് ഞാന്‍  ചോദിച്ചു. ആലി അപ്പോള്‍ ചിരിച്ചു ''കുടിക്കാനല്ല സാറേ വക്കീലിന് കൊടുക്കാനാ....

ചിരിച്ചു കൊണ്ട് തന്നെ ആലി തന്റെ കേസ് വിശദീകരിച്ചു. പണ്ടത്തെ പോലെ രണ്ട് കത്തിയുമായി നടക്കുന്ന പരിപാടി ആലി അതിനോടകം ഉപേക്ഷിച്ചിരുന്നു. പകരം ഒരു ചെറിയ കൊടുവാള്‍ അരയുടെ പിന്‍വശത്ത് കരുതും. എന്തെങ്കിലും പ്രശ്നമുണ്ടാക്കുമ്പോള്‍ അതെടുത്ത് വീശി ഓടി രക്ഷപ്പെടും. പുതിയ ചെറുപ്പക്കാര്‍ വന്നതോടെ ആലിയുടെ വമ്പത്തരമൊന്നും നടക്കാതെയായിരുന്നു. എങ്കിലും പഴയ പേരൊക്കെ വച്ച് അല്‍പം ബില്‍ഡപ്പൊക്കെ കാണിച്ചാണ് ആലി പിടിച്ചുനില്‍ക്കുന്നത്.
 
കോഴിക്കോടന്‍ അധോലോകത്തിന്റെ വജ്രായുധമാണ് 'ബ്ലേഡ് വെപ്പ്'. രക്ഷയില്ലെന്ന് കണ്ടാല്‍ പോലീസുകാര്‍ക്കെതിരെയും അത് പ്രയോഗിക്കും. വേശ്യകളില്‍ എയ്ഡസ് ബാധിച്ചു തുടങ്ങിയ കാലത്ത് സ്വന്തം ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം ''സാറേ എനിക്ക് എയ്ഡ്സുള്ളതാ ഇതു വച്ച് ഞാന്‍ വരയ്ക്കും'' എന്ന് ഭീഷണിപ്പെടുത്തുന്നത് ഒരു സ്ഥിരം നമ്പറായിരുന്നു. ഒരു ബ്ലേഡിന്റെ പകുതി കഷ്ണം വച്ചാണ് ഈ കളി.
 
ഒരിക്കല്‍ ഒരു പുതിയ ചെറുപ്പക്കാരനുമായി ആലിയൊന്ന് കോര്‍ത്തു. പതിവ് വാള്‍ വീശലൊന്നും അക്കുറി ചിലവായില്ല. അവന്‍ ആലിയെ നന്നായി കൈകാര്യം ചെയ്തു. ആലിക്കത് വല്ലാത്ത ക്ഷീണമായി. പിറ്റേ ദിവസം ആലി അവനെ ബോധപൂര്‍വ്വം പോയി പ്രകോപിപ്പിച്ചു, അതില്‍ അവന്‍ കൊത്തി. കൈയ്യാങ്കളിക്കിടെ ആലി അവന് ബ്ലേഡ് വച്ചു.  തനിക്കേറ്റ അപമാനവും കോപവും എല്ലാം ചേര്‍ത്ത് ആഴത്തില്‍ ഒരു ബ്ലേഡ് വെപ്പ്. അതും മറ്റവന്റെ ചന്തിക്ക്....ആസനം നിറയെ സ്റ്റിച്ചുമായി ആ ചെറുപ്പക്കാരന്‍ ആസ്പത്രിയില്‍ അഡ്മിറ്റായി. ആലിയുടെ പേരില്‍ കേസും ചാര്‍ത്തപ്പെട്ടു. കേസ് നടത്താനാണ് ആലിയിപ്പോള്‍ പണം ചോദിക്കുന്നത്. ''സാറേ ഓനിപ്പോ നാല് ചന്തിയാ...''  കഥയൊക്കെ പറഞ്ഞ് ആലി ഒരുപാട് ചിരിച്ചു. പിന്നെ ദുഖത്തോടെ ഇത്രയും കൂടെ പറഞ്ഞു- 'സാറെ അവനെങ്ങനെയാ തൂറുക? അതോര്‍ക്കുമ്പോള്‍ ആണെനിക്ക് സങ്കടം...'
 
കേരളത്തിലെ സാംസ്‌കാരിക നായകന്മാരായി നടക്കുന്ന ഒരുപാട് അരാജകത്വവാദികളുണ്ടല്ലോ.... ചിലരൊക്കെ ഇപ്പോള്‍ കുളിയും പല്ലുതേപ്പുമൊക്കെ തുടങ്ങി, സിനിമയില്‍ അഭിനയം തുടങ്ങി. എന്നാല്‍ നാറുന്ന സഞ്ചി വലിച്ചെറിഞ്ഞതോടെ അവര്‍ക്കിപ്പോള്‍ കവിത വരാതായി. പഴയ കുറച്ച് 'അരാജകത്വ' കവിതകളുടെ ബലത്തില്‍ കള്ളടിച്ച്, കൊണ്ടുനടക്കുന്നവര്‍ക്കുപോലും ശല്യമുണ്ടാക്കുന്ന 'അയ്യപ്പന്‍' കവിയെപ്പോലുള്ളവര്‍ ബാക്കിയായി.
 
അങ്ങനെയിരിക്കെ നീണ്ട ചില യാത്രകള്‍ക്ക് ശേഷം ഞാന്‍ കോഴിക്കോട് സിറ്റിയില്‍ 'നോര്‍ത്ത്്' അസിസ്റ്റന്റ് കമ്മീഷണറായി തിരിച്ചെത്തി. ഒരു ദിവസം സിറ്റി പോലീസ് കമ്മീഷണറെ കാണാനായി ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. അന്നത്തെ സാംസ്‌കാരിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ.ബേബി കവി അയ്യപ്പനെ കാണാനായി മെഡിക്കല്‍ കോളേജിലെത്തുന്നുണ്ട്. രോഗബാധിതനായ അയ്യപ്പന്‍ ഗുരുതരാവസ്ഥയില്‍ അവിടെ ഐ.സി.യുവില്‍ കിടക്കുകയാണ്. അയ്യപ്പന്‍ മരിച്ചുപോയി എന്നുപറഞ്ഞ് പത്രങ്ങളില്‍ തെറ്റായി വാര്‍ത്തകള്‍ വന്നത് അക്കാലത്ത് വലിയ ബഹളമുണ്ടാക്കിയിരുന്നു. അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ കോളേജില്‍ അയ്യപ്പനെ കാണാനെത്തിയപ്പോള്‍ വലിയ എതിര്‍പ്പും പ്രതിഷേധവുമൊക്കൊയുണ്ടായതാണ്.
 
ഈ സാഹചര്യത്തില്‍ മന്ത്രിക്ക് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായിട്ടാണ് ഞാന്‍ കമ്മീഷണറെ കാണാന്‍ പോയത്. കമ്മീഷണര്‍ ഓഫീസര്‍ എത്തിയപ്പോള്‍ സിറ്റി പോലീസ് മേധാവിയായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ വിഷണ്ണനായി ഇരിക്കുന്നതാണ് കാണുന്നത്. എന്താണ് പ്രശ്‌നമെന്ന് ഞാന്‍ ചോദിച്ചു. മന്ത്രി ബേബി കുറച്ചുസമയം മുമ്പേ സിറ്റിയിലുള്ള ഏതോ സ്‌കൂളിന്റെ വാര്‍ഷികത്തിനായി പോയി. വേദിക്ക് കുറച്ചു മുമ്പേവെച്ച് മന്ത്രിയെ താലപ്പൊലിയും മറ്റുമായി ആനയിച്ച് കൊണ്ടുപോകുകയായിരുന്നു. പൊടുന്നനെ ഒരു 10-12 കുട്ടികള്‍ മുന്നിലേക്ക് ചാടിവീണ് മന്ത്രിയുടെ വഴിതടഞ്ഞു. 

എസ്.എഫ്.ഐ.ക്കാരും എ.ബി.വി.പി.ക്കാരും കെ.എസ്.യു.ക്കാരുമൊന്നുമല്ല. എണ്ണത്തിനും ഒരുപാട് ഇരട്ടി ബഹളമുണ്ടാക്കുന്ന എ.ഐ.എസ്.എഫുകാരുമല്ല. എംഎസ്എഫിനേക്കാളും ഛോട്ടയായ ഏതോ കുഞ്ഞന്‍ മുസ്ലിം വിദ്യാര്‍ഥി സംഘടനയാണ്. സാധാരണയായി യാതൊരു കുഴപ്പത്തിനും പോകാത്തവര്‍. പെട്ടെന്ന് ഒരു ആവേശത്തിന് എസ്.എഫ്.ഐ, കെ.എസ്.യു. ചേട്ടന്‍മാരെപ്പോലെ ശ്രമിച്ചു നോക്കിയതാണ്. പ്രത്യേകിച്ച് കുഴപ്പമൊന്നും കാട്ടിയതുമില്ല. ഏതാനും മിനുട്ട് മന്ത്രിയുടെ വഴിതടഞ്ഞു എന്നു മാത്രം. സ്ഥലത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും എസ്.ഐ.യുമൊക്കെ ഉണ്ടായിരുന്നു. പത്ത് പന്ത്രണ്ട് പോലീസുകാരും. അവര്‍ ഉടനെ കുട്ടികളെ പിടിച്ചുമാറ്റി. മന്ത്രി വേദിയിലേക്കും പോയി. പക്ഷേ മന്ത്രി വളരെ ക്ഷുഭിതനായി. മന്ത്രിയെ വഴിതടയുന്നത് അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും പറ്റിയില്ല.
 
ചാനലുകള്‍ അപ്പോള്‍ തന്നെ വാര്‍ത്ത കൊടുത്തു. മന്ത്രിയെ ബന്ധപ്പെട്ട പോലീസ് ആസ്ഥാന മേധാവികള്‍ക്ക് മന്ത്രി കണക്കിന് കൊടുത്തു. ആസ്ഥാന മേധാവികള്‍ കമ്മീഷണറെ വിളിച്ച് ആ മെഡലുകള്‍ അദ്ദേഹത്തിന് കൈമാറി.  തുടര്‍ന്ന് അദ്ദേഹം മന്ത്രിയെ കാണാന്‍ പുറപ്പെടുമ്പോഴാണ് ഞാന്‍ എത്തുന്നത്. എന്നോട് കൂടെ ചെല്ലാന്‍ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കാറിലാണ് പോയത്. ഒരുപാട് അങ്ങട്ട് താഴ്ന്നുകൊടുക്കണ്ട എന്നു ഞാന്‍ കമ്മീഷണറോട് പറഞ്ഞു. കാര്യങ്ങളെ സമര്‍ഥമായി അവതരിപ്പിക്കാന്‍ കഴിവുള്ളയാളാണ് ഉപാദ്ധ്യായ.
 
കോഴിക്കോട് ബീച്ച് ജനറല്‍ ആസ്പത്രിയുടെ അടുത്തുള്ള 'കല'യുടെ കെട്ടിട നിര്‍മാണം കാണാനും കാലതാമസം ചര്‍ച്ചചെയ്യാനുമൊക്കെയായിട്ട് മന്ത്രി പരിവാരസമേതം അവിടെയുണ്ട്. ഞങ്ങള്‍ കയറിച്ചെന്നു. രണ്ടുപേരും സല്യൂട്ട് ചെയ്തു. മന്ത്രി കണ്ടഭാവം കാണിച്ചില്ല. കുറച്ചു സമയം കഴിഞ്ഞു മന്ത്രി കമ്മീഷണറുടെ നേരെ തിരിഞ്ഞ് വഴിതടയലിനെ കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചു. അദ്ദേഹം ക്ഷുഭിതനായിരുന്നു. മന്ത്രിയെ തടഞ്ഞത് ഒരു വലിയ കുറ്റകൃത്യമായി അദ്ദേഹം അവതരിപ്പിച്ചു. തടയല്‍ തടയാനായി ആവശ്യത്തിന് പോലീസ് ഉണ്ടായിരുന്നില്ല എന്ന് മന്ത്രി പറഞ്ഞു. പന്ത്രണ്ട് പോലീസുകാരും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഉണ്ടായിരുന്നു എന്ന് കമ്മീഷണര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുപറഞ്ഞു. എന്താണ് മന്ത്രി വരുമ്പോഴുള്ള പ്രോട്ടോകോള്‍? ഒരു 'പ്ലാറ്റൂണ്‍' പോലീസ് വേണ്ടേ? അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്ത് ഉണ്ടായിരിക്കേണ്ടേ? ഒരു പ്ലാറ്റൂണ്‍ എന്നു പറഞ്ഞാല്‍ 35 പോലീസുകാരും ഓഫീസുകാരും ആണ്. അരാജകവാദിയെ കാണാന്‍ പോകുന്ന സാംസ്‌കാരിക മന്ത്രിയുടെ 'പ്രോട്ടോകോള്‍' പ്രേമം.
 
പലപ്പോഴും എട്ടും പത്തും മന്ത്രിമാരുടെ പരിപാടികള്‍ ഉണ്ടായിരിക്കും കോഴിക്കോട് സിറ്റിയില്‍. ഓരോ മന്ത്രിക്കും പ്രോട്ടോകോള്‍ അനുസരിച്ച് പോലീസുകാരെ അകമ്പടിക്ക് കൊടുക്കണമെങ്കില്‍ പോലീസുകാര്‍ക്ക് വേറെ പണിയൊന്നും എടുക്കാന്‍ സമയമുണ്ടാകില്ല. മന്ത്രി കത്തിക്കയറുകയാണ്. എന്നാല്‍ ഭാഷ വളരെ നല്ലത്. മന്ത്രിയെ തടഞ്ഞതും അത് തടയാന്‍ പോലീസിന് ആവാത്തതും മഹാപാതകമെന്ന നിലയില്‍ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ എനിക്ക് തമാശ തോന്നി. പഴയ ഡി.വൈ.എഫ്.ഐ. നേതാവാണിതൊക്കെ പറയുന്നത്. ഞാന്‍ ആ ചര്‍ച്ചയില്‍ നിന്ന് പിന്‍വലിഞ്ഞു മന്ത്രിക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് നോര്‍ത്ത് എംഎല്‍എ പ്രദീപ്കുമാറുമായി സംസാരിച്ചു നിന്നു. മന്ത്രിക്കത് ഇഷ്ടപ്പെട്ടില്ല എന്നത് വ്യക്തമായിരുന്നു. വൈകുന്നേരം ഞാന്‍ ചില ഡി.വൈ.എഫ്.ഐ. സുഹൃത്തുക്കളെ വിളിച്ച് ചോദിച്ചു...... ''മന്ത്രിയെ വഴിതടയുന്നത് വലിയ പാതകമാണ് അല്ലേ എന്ന്''.
 
മന്ത്രി നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു. അവിടെ അയ്യപ്പന്‍ കിടക്കുന്ന ഐ.സി.യുവിലെത്തി. പത്രക്കാരുടെയും ചാനലുകളുടെയും ഒരു വലിയ സംഘം കൂടെ. മന്ത്രി ഐ.സി.യുവിലേക്ക് കടന്നപ്പോള്‍ കുറെ ഫോട്ടോഗ്രാഫേഴ്‌സും വീഡിയോക്കാരും കൂടെ കടക്കാന്‍ ശ്രമിച്ചു. ഏതാനും ഡോക്ടര്‍മാര്‍ അവരെ തടഞ്ഞു. കുറച്ചു എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്‍വാങ്ങി. അയ്യപ്പന്‍ അവശനായി കിടക്കുന്നു. സംസാരിക്കാന്‍ പോലും കഴിയുന്നില്ല.
 
മന്ത്രി സന്ദര്‍ശനം കഴിഞ്ഞ് പുറത്തുവന്ന് പത്രക്കാരോട് സംസാരിച്ചുനില്‍ക്കുകയായിരുന്നു. അപ്പോള്‍ കുറച്ചു പത്രക്കാര്‍ ഐ.സി.യുവിന്റെ ഉള്ളില്‍ കയറി അയ്യപ്പനെ എടുത്തു പുറത്തേക്ക് കൊണ്ടുവന്നു. അയ്യപ്പനെ താങ്ങ് കൊടുത്ത് കുത്തനെ നിര്‍ത്തി. മന്ത്രി എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞില്ല. അബോധാവസ്ഥക്കടുത്തുള്ള അയ്യപ്പന് എന്തെങ്കിലും മനസ്സിലായിട്ടുണ്ടാവില്ല. പത്രക്കാരുടെ കൂട്ടത്തിലെ പരിചയമുള്ള ചില ഫോട്ടോഗ്രാഫേഴ്‌സിനോട് ഞാന്‍ ചോദിച്ചു. 'ഇനി മന്ത്രിമാര്‍ മരിച്ചവീടുകളില്‍ എത്തുമ്പോള്‍ നിങ്ങള്‍ മന്ത്രിയെ ശവത്തിന്റെ കൂടെ കിടത്തിയാണോ അതോ ശവത്തെ കുത്തനെ നിര്‍ത്തിയാണോ ഫോട്ടോ എടുക്കാന് പോകുന്നത്?  എന്തായാലും ആ അവസ്ഥയില്‍ കുറച്ചു കാലം കൂടി കിടന്ന ശേഷം അയ്യപ്പന്‍ അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആചാരബഹുമതികളേറ്റു വാങ്ങി കൊണ്ടാണ് ആ അരാജകവാദി യാത്രയായത്.

ma baby sketch cm pradeep kumar

ആലിയെ കണ്ടിട്ട് കുറേയായി.... കോഴിക്കോട് ഉണ്ടെങ്കില്‍ അറിയേണ്ടതാണ്. മുപ്പത് വര്‍ഷം മുമ്പ് ആലിയോട് ഡോക്ടര്‍ പറഞ്ഞതാണ് നിന്റെ കരളൊന്നും ബാക്കിയില്ല, ഇനി കുടിച്ചാല്‍ ചത്തുപോകുമെന്ന്. എന്നാല്‍ ആലി വെള്ളം ചേര്‍ക്കാതെ കുപ്പി പൊട്ടിച്ച് നേരെ അങ്ങ് കുടിക്കും. 'വൈക്കം മുഹമ്മദ് ബഷീര്‍' റോഡിലിരുന്ന് കുടിക്കുന്ന ആലിയെ ടൗണ്‍ പോലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഉപദേശിച്ചു..... ''എടാ ആലീ കരള് കത്തിപ്പോകും. കുറച്ച് വെള്ളം ചേര്‍ത്ത് കുടിക്ക്''. ആലി തിരിച്ചുപറഞ്ഞു. 'സാറെ കൂട്ടാനിലൊക്കെ (കറിയില്‍) ആരെങ്കിലും  വെള്ളം ചേര്‍ക്കുമോ....? ആലിയുടെ കരളിന്റെ സ്ഥിതിവെച്ച് അയാളിപ്പോള്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല. 

ആലിയെ ഞാന്‍ അവസാനമായി കാണുന്നത് അഞ്ചാറ് വര്‍ഷം മുമ്പ് ക്രൈംബ്രാഞ്ച് എസ്.പി.യായിരിക്കുമ്പോള്‍ ആണ്. അന്നും അവന്‍ സാധാരണപോലെ ഒരുപാട് കഥകള്‍ പറഞ്ഞു, പതിവ് പടി കൈപ്പറ്റി മടങ്ങി. ആലി ഇപ്പോള്‍ കോഴിക്കോട്ടുണ്ടെങ്കില്‍ ഞാന്‍ അറിയുമായിരുന്നു. അവന്‍ എന്നെ തേടി വരുമായിരുന്നു.... പക്ഷേ ഈ നഗരത്തിന്റെ തിരക്കുകളിലെവിടെയോ ആലി അപ്രത്യക്ഷനായിരിക്കുന്നു.....ഔദ്യോഗിക ബഹുമതികളും ആചാരവെടിയുമില്ലാതെ.... ഒരു യഥാര്‍ഥ അരാജകത്വവാദിയെപ്പോലെ.

(റിട്ട.ക്രൈം ബ്രാഞ്ച് എസ്.പിയാണ് ലേഖകൻ- )

ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്

പ്രദീപ് കുമാറിന്റെ മുന്‍ലേഖനങ്ങള്‍ വായിക്കാം

ചോര കൊണ്ട് തീരില്ല, കണ്ണൂരിന്റെ കണക്കുകൾ......

വഴി പിഴച്ച നക്‌സലുകളും വെടി പിഴച്ച പോലീസും......