ഞാന്‍ സബ് ഇന്‍സ്‌പെക്ടറായി കേരളാ പോലീസില്‍ ജോലിയില്‍ പ്രവേശിച്ചത് 1974 ജനുവരി 1ാം  തിയതിയാണ്. 2006 മെയ് 31ാം തിയതി പോലീസ് സൂപ്രണ്ട് ആയി സേനയില്‍ നിന്നും വിരമിച്ചു. ഒരു ഡോക്ടര്‍ ആകണമെന്ന ആഗ്രഹമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പോലീസുകാരന്‍ ആകണമെന്ന് സ്വപ്‌നത്തില്‍ പോലും ആഗ്രഹിച്ചതല്ല.

കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ വര്‍ക്കലയില്‍ മിശ്ര വിവാഹിതരായ ദമ്പതികള്‍ മര്‍ദനമേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ക്കഴിയവേ ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചതിനുശേഷം മൊബൈല്‍ ഫോണുമായി ആസ്പത്രിയില്‍ നിന്ന് സ്ഥലം വിട്ടതായുള്ള ഒരു വാര്‍ത്ത കണ്ടു. 

'എവിടെയാണ് നമുക്ക് നീതി കിട്ടുക? മരണം മാത്രമേ നമ്മുടെ മുമ്പിലുള്ളു. അന്യന്റെ കൈ കൊണ്ടു മരിക്കുന്നതിനേക്കാള്‍ നല്ലത് നമ്മള്‍ സ്വയം മരിക്കുന്നതാണ്. ഇത് പണത്തിന്റെ ലോകമാണ്. പണമില്ലാത്തവന് ഒരു വിലയുമില്ല. രാഷ്ട്രീയ സ്വാധീനമില്ലാത്തവനും പണമില്ലാത്തവും ഇവിടെ സ്ഥാനമില്ല. പണമുള്ളവനും രാഷ്ട്രീയ സ്വാധീനമുള്ളവനും ഇവിടെ എന്തുമാകാം. ' ഈ കത്ത് എഴുതിവെച്ച് ഗര്‍ഭിണിയായ ഭാര്യയുമായി പോയ ആ ദമ്പതികളുടെ നിസ്സഹായാവസ്ഥ ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്ന ദു:ഖസത്യം  ഈ സമൂഹം ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

43 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ സബ് ഇന്‍സ്‌പെക്ടറായി തിരുവനന്തപുരത്തുള്ള കടലോര പ്രദേശം ഉള്‍പ്പെട്ട പൂന്തുറ പോലീസ് സ്‌റ്റേഷനില്‍ ചാര്‍ജെടുക്കുന്നത്. 1975 എപ്രില്‍ ഒന്നാം തിയതിയായിരുന്നു അത്. ഒരു എ.എസ്.ഐയും അഞ്ച് ഹെഡ് കോണ്‍സ്റ്റബിള്‍മാരും 19 സബ് ഇന്‍സ്‌പെക്ടര്‍മാരും എന്റെ സഹപ്രവര്‍ത്തകരായി ഉണ്ടായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ വരുന്ന പരാതികളില്‍ ഉചിതവും നിയമാനുസൃതവുമായ തീരുമാനങ്ങള്‍ എടുക്കേണ്ടതിന്റെ ഉത്തരവാദിത്തം എന്നിലായിരുന്നതിനാല്‍ വലിയ ആശങ്കയായിരുന്നു. അന്ന് മേലുദ്യോഗസ്ഥനോട് സംസാരിക്കുന്നത് അപകടമാണെന്നായിരുന്നു ധാരണ. 

മാങ്ങ കണ്ടിട്ട് ചക്ക ആണെന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞാല്‍ 'നല്ല തേന്‍ വരിക്കയാണ് സാറെ' എന്ന് പറഞ്ഞ് സുഖിപ്പിക്കുന്ന ഒരു കാലമായിരുന്നു അത്. എന്നാല്‍ അതിന് വിപരീതമായി എന്റെ സഹപ്രവര്‍ത്തകരായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ കൃഷ്ണനും അശോകനും എന്നോട് തുറന്ന് സംസാരിച്ചു. കൃഷ്ണനും അശോകനും നേരിട്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായി ജോലിയില്‍ പ്രവേശിച്ചവരായിരുന്നു. അവരുടെ കൂടെയുള്ളവര്‍ക്കെല്ലാം അന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി വരെ പ്രമോഷന്‍ കിട്ടിയിരുന്നു. ഈ രണ്ടുപേരും 'നേരെ വാ...നേരെ പോ' എന്ന ചിന്താഗതിയുള്ള ആള്‍ക്കാരായിരുന്നു. ഉള്ളത് ഉള്ളതുപോലെ പറയുന്നതായിരുന്നു ഇവരുടെ സ്വഭാവം. അവര്‍ രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെ ഈ നല്ല സ്വഭാവം കാരണമായിരുന്നു 20 വര്‍ഷത്തെ സര്‍വീസിനു ശേഷവും പ്രവേശിച്ച അതേ റാങ്കില്‍ത്തന്നെ പ്രമോഷന്‍ കിട്ടാതിരിക്കാന്‍ കാരണം. 

അവര്‍ എന്നോട് തുറന്നു പറഞ്ഞ  ചില കാര്യങ്ങളിലേക്ക് , ' സാറേ, ഒരു ഗതിയുണ്ടെങ്കില്‍ ആരും പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി വരില്ല. പാവപ്പെട്ടവന്‍ പരാതിയുമായി വന്നാല്‍ത്തന്നെ പോലീസ് സ്‌റ്റേഷന്‍ കാണുമ്പോള്‍ ധൈര്യമില്ലാതെ പുറത്ത് എവിടെയെങ്കിലും മാറി പേടിച്ചു നില്‍ക്കും. പാവപ്പെട്ടവര്‍ പരാതിയുമായി വന്നാല്‍ സഹായിക്കാന്‍ ആരും കാണുകയില്ല. പണമുള്ളവനും രാഷ്ട്രീയ സ്വാധീനമുള്ളവനും വന്നാല്‍ അവരെ സഹായിക്കാന്‍ ആളുകളുണ്ടാകും. അവര്‍ക്ക് അന്വേഷിക്കാന്‍ സ്ഥലത്തേക്ക് പോകാന്‍ കാര്‍ പിടിച്ചുകൊടുക്കും. കൂടാതെ സ്വാധീനിക്കാനായി എല്ലാവിധ കാര്യങ്ങളും ചെയ്യും. അവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ ചെയ്യാന്‍ മേലുദ്യോഗസ്ഥനും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാരനും സന്തുഷ്ടരാണ്.'

അന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സാധാരണക്കാരനും പാവപ്പെട്ടവനും വേണ്ടി നില്‍ക്കുന്ന കാലമായിരുന്നു. അവര്‍ മാത്രമായിരുന്നു പാവങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടാല്‍ ഇടപെടുന്നത്. സത്യസന്ധമായും മനുഷ്യത്വപരമായും തീരുമാനങ്ങള്‍ എടുക്കാനുള്ള ആര്‍ജവമുണ്ടാകണം. അങ്ങനെ തീരുമാനമെടുക്കുമ്പോള്‍ സമ്പന്നരുടെയും സ്വാധീനമുള്ളവരുടെയും ഇഷ്ടക്കേടിന് വിധേയമാകും. അതുപോലെ ഒരു പരാതി കിട്ടിയാല്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തണം. ഇതായിരുന്നു അശോകനും കൃഷ്ണനും എന്നെ ഓര്‍മിപ്പിച്ചത്.

ഞാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കുമ്പോള്‍ 1988 ല്‍ ഇ.കെ നായനാരായിരുന്നു കേരള മുഖ്യമന്ത്രി. അദ്ദേഹമായിരുന്നു ആഭ്യന്തര മന്ത്രിയും. അദ്ദേഹം എല്ലാ ജില്ലയിലുമെത്തി സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ള പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ മീറ്റിങ്ങ് എല്ലാ വര്‍ഷവും നടത്തിയിരുന്നു. മീറ്റിങ്ങ് നടത്തണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. പോലീസ് സ്‌റ്റേഷന്റെ ചാര്‍ജുള്ള എസ്.ഐ മാരെല്ലാം ഈ മീറ്റിങ്ങില്‍ ഉണ്ടായിരിക്കണമെന്നുള്ളതും അദ്ദേഹത്തിന് നിര്‍ബന്ധമാണ്. 

ആ മീറ്റിങ്ങുകളിലൊക്കെ ഇ.കെ നായനാര്‍ പോലീസുദ്യോഗസ്ഥരോട,് പ്രത്യേകിച്ച് സ്‌റ്റേഷന്‍ ചാര്‍ജുള്ള എസ്.ഐ മാരോട് കര്‍ക്കശമായ കുറച്ച് നിര്‍ദ്ദേശങ്ങള്‍ പറയുമായിരുന്നു. ' നിങ്ങളുടെ മുന്നില്‍ പരാതിയുമായി പാവപ്പെട്ടവര്‍ വന്നാല്‍ അവര്‍ പോലീസ് സ്‌റ്റേഷന്റെ 100 മീറ്റര്‍ അകലെയായിരിക്കും നില്‍ക്കുക. അവര്‍ക്ക് പോലീസ് സ്‌റ്റേഷനിലേക്ക് കയറി വന്ന് പരാതി കൊടുക്കാനുള്ള ധൈര്യം കാണില്ല. പണമുള്ളവന്റെ കൂടെ കൂട്ടുവരാന്‍ ധാരാളം ആള്‍ക്കാര്‍ ഉണ്ടാകും. സ്റ്റേഷന് അകത്തിരിക്കുന്ന നിങ്ങള്‍ പുറത്തിറങ്ങി കടകളുടെ അരികിലും മാറി മറിഞ്ഞും നില്‍ക്കുന്നവരോട് ഒന്ന് ചോദിച്ചാല്‍ അവര്‍ പറയുന്നതിലെ വാസ്തവം മനസിലാകും. വല്ല ഗതിയുമുണ്ടെങ്കില്‍ സാധാരണക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി വരില്ല. 

ഇ.കെ നായനാര്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ഇനിയുമുണ്ട്, 'എല്ലാ പരാതികളിലും എത്രയും പെട്ടെന്ന് സ്ഥലത്ത് പോയി അന്വേഷണം നടത്താന്‍ കഴിയണം. സത്യസന്ധമായി നിയമാനുസരണമുള്ള തീരുമാനങ്ങളേ നിങ്ങള്‍ എടുക്കാവൂ.പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനം നിങ്ങളെ പിടികൂടാന്‍ പാടില്ല. ആരുമില്ലാത്ത പാവപ്പെട്ടവനാണെങ്കില്‍ അവനെ സഹായിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കിലും അവനോട് നിങ്ങള്‍ക്ക് സഹതാപം ഉണ്ടാകണം.നിങ്ങള്‍ക്കു ശമ്പളം തരുന്നത് പാര്‍ട്ടി ഓഫീസില്‍ നിന്നല്ല. കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും സാധാരണക്കാരന്റെ കരംപിരിച്ചതില്‍ നിന്നുമാണ്.

'പാര്‍ട്ടിക്കാര്‍ പല കാര്യങ്ങള്‍ക്കും നിങ്ങളെ സമീപിക്കും.ഓരോ പ്രശ്‌നവും അതിന്റെ ശരിയും തെറ്റും നോക്കി മാത്രമേ തീരുമാനമെടുക്കാവൂ. നീതിയും സത്യവും ഒരിക്കലും ഹനിക്കപ്പെടരുത്. ഞങ്ങളുടെ പാര്‍ട്ടി വളര്‍ന്നത് നിങ്ങളുടെ ഔദാര്യം കൊണ്ടല്ല എന്ന് ഞാന്‍ ഓര്‍മിപ്പിക്കുന്നു.സേനയെ മൊത്തം ഞാന്‍ അടച്ച് ആക്ഷേപിക്കുകയല്ല. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ പഠിക്കണം. അല്ലാതെ അഴിമതിയിലൂടെ പണം സമ്പാദിക്കാന്‍ ശ്രമിക്കരുത്. പോലീസ് ഉദ്യോഗസ്ഥര്‍ കഴിവുള്ളവരാണ്. തക്കം കിട്ടിയാല്‍ എന്തിനും തയ്യാറാകുന്ന മനോഭാവം ഉപേക്ഷിക്കണം. താഴേക്കിടയില്‍ മാത്രമല്ല, ഉന്നതങ്ങളിലും താഴേത്തട്ടിലേതിനേക്കാള്‍ അഴിമതി നടക്കുന്നുണ്ട്. ഇതിനൊക്കെ മാറ്റം ഉണ്ടാകണം. എനിക്ക് സ്‌റ്റേഷന്റെ ചാര്‍ജുള്ള എസ്.ഐമാരോട് പറയാനുള്ളത് ഇതൊക്കെയാണ്.'

ഇതുപോലെയുള്ള പ്രവര്‍ത്തനശൈലി മുറുകെപ്പിടിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തന്ന എന്റെ മേലധികാരികളെയും ഇവിടെ സ്മരിക്കാതിരിക്കുന്നത് ഉചിതമല്ല. (തുടരും)

(ലേഖകന്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളില്‍ ലോ ആന്റ് ഓര്‍ഡര്‍, ക്രൈംബ്രാഞ്ച്, സ്‌പെഷല്‍ ബ്രാഞ്ച് , വിജിലന്‍സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്)

Read more: 'സത്യസന്ധതയും കഴിവുമല്ല ഡി.ജി.പിയാകാനുള്ള യോഗ്യത; ഭരിക്കുന്നവര്‍ക്ക് വഴങ്ങിയാല്‍ മതി'