ഫ്യൂസ് മോഷ്ടിച്ച കളളനായ നസീറിന്റെ ജീവിതം പിന്നീട് എന്തായി?

ബീമാപ്പള്ളിയിലെ സെക്രട്ടറിയും അവിടുത്തെ കൗണ്‍സിലറും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയറുമായ സത്താര്‍ ആ സമയം പോലീസ് സ്‌റ്റേഷനില്‍ എന്തോ കാര്യത്തിനായി വന്നിരുന്നു. സത്താറിനോട് ഞാന്‍ നസീറിന്റെ കാര്യം പറഞ്ഞു. ആ കുട്ടിയെ വീണ്ടും കുറ്റവാളിയാക്കാതെ നല്ല ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നസീറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജയിലില്‍ പോകാതെ ജാമ്യത്തിലിറക്കി. നസീറിന്റെ ഉമ്മയെയും സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാരെയും വിളിച്ച് അവരെ ഏല്‍പ്പിച്ചു. കൂടാതെ നല്ലൊരു കൗണ്‍സലിങ്ങിനും വിധേയമാക്കി. 

സ്‌നേഹവും സംരക്ഷണവും കൊടുത്താല്‍ നസീറിന്റെ സ്വഭാവം മാറും. ഒരു ട്യൂട്ടോറിയല്‍ ക്ലാസില്‍ ചേര്‍ത്ത് എസ്.എസ്.എല്‍.സി പഠിപ്പിച്ചു. ഫസ്റ്റ് ക്ലാസില്‍ തന്നെ അവന്‍ പരീക്ഷ വിജയിച്ചു. ഗവ.കോളേജില്‍ പ്രീഡിഗ്രി പഠിപ്പിച്ചു. തുടര്‍ പഠനം നടത്തി വരുമ്പോള്‍ പി.എസ്.സിയുടെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന്റെ പരീക്ഷയെഴുതി ഉയര്‍ന്ന റാങ്കോടുകൂടി വിജയിച്ചു. അങ്ങനെ നസീറിന് റവന്യു വകുപ്പില്‍ എല്‍.ഡി ക്ലാര്‍ക്ക് ആയി ജോലി കിട്ടി. ആ ഉമ്മയും സഹോദരിമാരും നഷ്ടപ്പെട്ടുപോയ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷവും സ്‌നേഹവും എന്നോട് പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. 

നസീറിന്റെ വിവാഹത്തിന് ഞാനും സത്താറും പോയിരുന്നു. നസീര്‍ ഡെപ്യൂട്ടി തഹസില്‍ദാറായി സര്‍വീസില്‍ നിന്ന് വിരമിച്ചു. എന്റെ സഹപ്രവര്‍ത്തകരായ നല്ല മനസുള്ളവരുടെയും സത്താറിന്റെയും കൂട്ടായ്മകൊണ്ട് ഒരു നല്ല കാര്യം ജീവിതത്തില്‍ ചെയ്യാന്‍ കഴിഞ്ഞതിലെ അഭിമാനവും സന്തോഷവും ഇവിടെ പങ്കുവെച്ചെന്നേയുള്ളു. അന്ന് കമ്മീഷണര്‍ ആയിരുന്ന കൃഷ്ണന്‍ നായര്‍ സാര്‍ എനിക്ക് ഒരു അവാര്‍ഡ്‌ തന്നു. എന്റെ സര്‍വീസിലെ ആദ്യത്തെ ഗുഡ് സര്‍വീസ് എന്‍ട്രി.

ഈ രോഗം ആ ഒരാളില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു

പബ്ലിസിറ്റിക്ക് വേണ്ടി ഓടിനടക്കുന്ന ഒരു ജില്ലാപോലീസ് മേധാവിയോടൊപ്പം ഞാന്‍ ജോലി ചെയ്തിരുന്നു. മുപ്പതോളം എസ്.പിമാരുടെ കീഴില്‍ വിവിധ റാങ്കുകളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ ഈ രോഗം ആ ഒരാളില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു.

പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ജോലികള്‍ കുറച്ച് റിസ്‌ക് എടുത്തും ഭംഗിയായും ജനങ്ങള്‍ക്കും സേനയ്ക്കും ഉപകാരപ്രദമായി ചെയ്യുന്നതിലാണ് സാധാരണ എല്ലാവരും മിടുക്കും തിടുക്കവും കാണിക്കുന്നത്. അതില്‍ നിന്നും വിഭിന്നമായി പോലീസ് ജോലിയല്ലാത്ത പലതും ചെയ്ത് തന്റെ തൊപ്പിയില്‍ ഒരു തൂവല്‍കൂടി ചേര്‍ക്കുന്നതാണ് ഈ മനുഷ്യന്റെ ലക്ഷ്യം എന്നത് വളരെ വൈകിയാണ് കീഴുദ്യോഗസ്ഥരായ ഞങ്ങള്‍ മനസ്സിലാക്കിയത്. 

സംസ്ഥാന തല വിജിലന്‍സ് സെല്‍, കൃഷിത്തോട്ടങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ തുടങ്ങുക എന്നിങ്ങനെ പലതും ചെയ്തത് ഇന്ത്യയില്‍ ആദ്യമായി ചെയ്തുവെന്ന പേര് കേള്‍പ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതില്‍ പലതും തുടക്കത്തിലേ കൊഴിഞ്ഞുപോയി. 

പത്രമാധ്യമം മാത്രമുണ്ടായിരുന്ന കാലത്ത് ഈ ഉദ്ഘാടനച്ചടങ്ങിന്റെ ഫോട്ടോ പിറ്റേന്നത്തെ എല്ലാ പത്രങ്ങളിലും വരണം. അത് തിരുവനന്തപുരം എഡിഷനില്‍ വരണം. പ്രത്യേകിച്ച് മേലുദ്യോഗസ്ഥര്‍ വായിക്കാത്ത ഇംഗ്ലീഷ് പത്രങ്ങളില്‍. ദൃശ്യമാധ്യമങ്ങള്‍ വന്നപ്പോള്‍ അതിലും വലിയ വാര്‍ത്തയായി വരണം. അന്ന് ദൃശ്യമാധ്യമങ്ങള്‍ വളരെ കുറവായിരുന്നപ്പോള്‍ വാര്‍ത്തയ്ക്കു വേണ്ടിയുള്ള പരക്കംപാച്ചില്‍ ഇല്ലായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിച്ച് പത്രത്തിലും ടി.വിയിലും വരുത്തുകയെന്നുള്ളത് സ്വന്തക്കാരായ കുറച്ച് കീഴുദ്യോഗസ്ഥന്‍മാരുടെ ജോലിയായിരുന്നു. 

അത് കണ്ട് നിര്‍വൃതിയോടെയുള്ള ഒരു ചിരിയുണ്ട് അദ്ദേഹത്തിന്. ഈ പരിപാടികളെല്ലാം നടത്തുന്നതിന് ധാരാളം പണവും വേണം. സ്വന്തമെന്ന് അവകാശപ്പെടുന്ന ഈ കീഴുദ്യോഗസ്ഥര്‍, മണിച്ചന്‍മാരില്‍ നിന്നും അതിനുള്ള പണം സ്വരൂപിച്ചു. ഉദ്ഘാടനങ്ങള്‍ അടിപൊളിയായി നടത്തി. പിറ്റേന്ന് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വാര്‍ത്തകള്‍ നല്‍കുക പതിവായിരുന്നു. മണിച്ചന്‍മാരെ നിയന്ത്രിക്കാന്‍ പിന്നെ പോലീസിന് എങ്ങനെ കഴിയും?

മുടക്കുമുതലില്ലാതെ മണിച്ചന്റെ ചാരായക്കച്ചവടത്തില്‍ നിശബ്ദനായ പങ്കാളിയായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ല. ലാഭത്തിന്റെ ഒരു വിഹിതം എല്ലാ മാസവും അദ്ദേഹം കൈപ്പറ്റിയിരുന്നു. മണിച്ചന്‍ അഷ്ടമുടിക്കായലിനോടൊപ്പം വലിപ്പമുള്ള ടെന്റുകള്‍ കെട്ടി ചാരായം സംഭരിച്ചു വിറ്റുവന്നതിന്റെ രഹസ്യമതായിരുന്നു. വിഷമദ്യം കഴിച്ച് 118 ആളുകള്‍ മരിച്ചപ്പോള്‍ മാത്രമാണ് ഈ ചാരായ ഗോഡൗണുകള്‍ പരിശോധിച്ചു കേസ് എടുക്കേണ്ടി വന്നത്. വിഷമദ്യദുരന്തക്കേസ് അന്വേഷണത്തിന് നേതൃത്വം വഹിച്ച രണ്ടു ഡി.വൈ.എസ്.പി മാരും ഒരു എസ്.പിയും ആറുമാസത്തോളം കഷ്ടപ്പെട്ടാണ് ആ കേസ് അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാന്‍ കഴിഞ്ഞത്. ആ എസ്.പിയും ഡി.വൈ.എസ്.പിമാരും അന്വേഷണസംഘത്തിലുണ്ടായിരുന്ന മറ്റാരും തന്നെ ഈ പരസ്യം ആഗ്രഹിക്കാത്തവരായിരുന്നു.

ഈ 'പബ്ലിസിറ്റി മാനിയ' എന്ന രോഗം ചികിത്സിച്ചു മാറ്റാന്‍ കഴിയുമോ? 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രോഗം മാറിയിട്ടില്ലെന്നാണ് പത്രമാധ്യമങ്ങളില്‍ക്കൂടി മനസിലാക്കാന്‍ കഴിയുന്നത്.

Read more: കളളന്‍മാര്‍ ഊരിയത് നാല്‍പ്പതോളം ഫ്യൂസുകള്‍; 'പണി' കിട്ടിയത് മന്ത്രിമാര്‍ക്ക്

ഫ്യൂസ് മോഷ്ടിച്ച് ആക്രിക്കാരന് വിറ്റ കള്ളന്‍

(ലേഖകന്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളില്‍ ലോ ആന്റ് ഓര്‍ഡര്‍, ക്രൈംബ്രാഞ്ച്, സ്‌പെഷല്‍ ബ്രാഞ്ച് , വിജിലന്‍സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്)