ത-ജാതി ചിന്തകളില്‍പ്പെടാതെ ജീവിക്കുന്ന ചെറിയൊരു ശതമാനം ജനങ്ങളേ നമ്മുടെ നാട്ടിലുള്ളു. ഒരു ജാതി, ഒരു മതം എന്നതൊക്കെ നമ്മള്‍ക്ക് സ്വപ്‌നം കാണാനും പ്രസംഗിച്ചു നടക്കാനും മാത്രമേ കഴിയുകയുള്ളു. പണക്കാരായ ധാരാളം ആള്‍ക്കാര്‍ നമ്മുടെ കൊച്ചുകേരളത്തിലുണ്ട്. അഴിമതിയുടെ കറയൊന്നും പുരളാതെ ജോലി ചെയ്‌തോ കൃഷിയിലൂടെയോ വ്യവസായത്തിലൂടെയോ പണുമുണ്ടാക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ടായിരുന്നു. അവര്‍ പണം ചിലവാക്കുന്നതില്‍ ഒരു കണക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സമ്പന്നതയില്‍ ജീവിക്കുന്നവര്‍ വഴിവിട്ട മാര്‍ഗ്ഗങ്ങളിലൂടെയാണ് പണം സമ്പാദിച്ചിരിക്കുന്നത്. 

1974 ല്‍ ഒരു പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തിന് ഒരു കോടി രൂപ അനുവദിച്ചാല്‍ 70 ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുമായിരുന്നു. ബാക്കി 30% ലാഭമായോ കൈക്കൂലിയായോ ഒക്കെ മാറ്റിവെക്കുകയായിരുന്നു. നിര്‍മാണപ്രവര്‍ത്തനം ഒരു വിധം നല്ലരീതിയില്‍ നടത്തിവന്നിരുന്നു. ഇന്ന് ആ അവസ്ഥയില്ല. ഇന്ന് 30% തുകയ്ക്കുള്ള ജോലി മാത്രമേ നടക്കുന്നുള്ളു. 70% എല്ലാവര്‍ക്കുമായി ഭാഗിച്ചു നല്‍കുകയാണ്. ജി.സുധാകരനെപ്പോലെയുള്ള അപൂര്‍വം പ്രതിഭകള്‍ മാത്രമേ അതില്‍ നിന്ന് വിഭിന്നമായി നില്‍ക്കുന്നവരായുള്ളു.

ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെയും മറ്റ് ഉദ്യോഗസ്ഥന്‍മാരുടെയും സ്ഥലം മാറ്റത്തിന് ആവശ്യപ്പെടുന്ന സ്ഥലത്തിന്റെ ഗുണമേന്മയനുസരിച്ച് ലക്ഷങ്ങള്‍ ജില്ലാതല നേതാക്കള്‍ മുതല്‍ മുകളറ്റം വരെയുള്ളവര്‍ക്ക് കൊടുക്കണമായിരുന്നു. എന്നാല്‍ ഒരു മന്ത്രി ആ വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു മാനദണ്ഡം ഉണ്ടാക്കി അതിനനുസരിച്ച് സ്ഥലം മാറ്റങ്ങള്‍ നടത്തിത്തുടങ്ങി. ഉത്തരവിറക്കുന്ന ഉദ്യോഗസ്ഥന്റെ മാത്രം ഉത്തരവാദിത്തമാക്കി മാറ്റി. മറ്റ് ഇടപെടലുകള്‍ ഇക്കാര്യത്തില്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. ഒരു ആക്ഷേപവുമില്ലാതെ ഒരു സംഭാവനയും ആര്‍ക്കും കൊടുക്കാതെ സ്ഥലം മാറ്റങ്ങള്‍ നടന്നു. ആക്ഷേപമുണ്ടായാല്‍ അത് ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ഗോപാലകൃഷ്ണന്‍ ഐ.എ.എസ് പരിശോധിച്ച് പോന്നു. ഒരു സംസ്ഥാനത്ത് വര്‍ഷങ്ങളായി നടന്നിരുന്ന അഴിമതി രണ്ടോ മൂന്നോ മാസങ്ങള്‍ കൊണ്ട് ഒരു മന്ത്രിയുടെ കഴിവ് കൊണ്ട് ഇല്ലാതായി. പക്ഷേ, ആ വി.എം സുധീരനെ ആര്‍ക്കും വേണ്ടാതായി. സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പ്രതിപക്ഷത്തിനും ആക്രാന്തമുള്ള ഡോക്ടര്‍മാര്‍ക്കും അദ്ദേഹം കണ്ണിലെ കരടായി മാറി.

ഗതാഗത മന്ത്രിയായിരുന്ന മാത്യു.ടി. തോമസ് അദ്ദേഹത്തിന്റെ ഇച്ഛാശക്തി കൊണ്ട് ആ വകുപ്പിലുണ്ടായിരുന്ന അഴിമതി ഒരു പരിധി വരെ അവസാനിപ്പിക്കാന്‍ ശ്രമിച്ചു. കെ.എസ്.ആര്‍.ടി.സിയെ അഴിമതി രഹിതമാക്കാന്‍ അവിടെ എം.ഡിയായിരുന്ന ടി.പി സെന്‍കുമാര്‍ പരിശ്രമിച്ചതുകൊണ്ട് ഒരു പരിധി വരെ വിജയിച്ചു. സര്‍ക്കാര്‍ മാറി മാറി വന്നപ്പോള്‍ ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും സര്‍ക്കാര്‍ വക്കീലന്‍മാരെ എല്ലാ വകുപ്പുകളിലും മാറി മാറി നിയമിക്കും. സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ മാറി മാറി നടത്തി സര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കാണ്. 

ഇന്ന് സര്‍ക്കാര്‍ വക്കീല്‍ നിയമനം നടത്തുന്നതെങ്ങനെയെന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. കഴിവും അറിവുമുള്ളവരെ നിയമിക്കുന്നതിന് പകരം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വാദിച്ച് തോറ്റുകൊടുക്കാന്‍ തയ്യാറാകുന്നവരെ മാത്രം നിയമിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. സര്‍ക്കാരിന്റെ ശമ്പളവും മറുഭാഗത്തിന്റെ സംഭാവനയും കൈപ്പറ്റി അവര്‍ പോകുന്നു.  ഈ അവസ്ഥ വിലയിരുത്താന്‍ വകുപ്പ് തല മേധാവികള്‍ക്ക് കഴിയുന്നില്ല. 

പോലീസുദ്യോഗസ്ഥന്‍മാര്‍ക്ക് സര്‍വീസില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിടിപെടുന്ന ഒരു അസുഖമാണ് ' പബ്ലിസിറ്റി'. ഞാന്‍ സര്‍വീസില്‍ പ്രവേശിച്ച കാലത്ത് ദിനപത്രങ്ങളും സായാഹ്നപത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത്തെപ്പോലെ ചാനലുകള്‍ ഉണ്ടായിരുന്നില്ല. പത്രത്തില്‍ പേര് വന്നാല്‍ വലിയ ഗമയും സന്തോഷവുമായിരുന്നു. സിനിമയില്‍ ജനാര്‍ദനന്‍ പറഞ്ഞതുപോലെ 'ഈ പത്രക്കാരുടെ കാര്യം കണ്ടില്ലേ, ഞാന്‍ എന്തു ചെയ്യുന്നുവെന്ന് നോക്കി നടക്കുകയാണ്. ' 

എല്ലാ ദിവസവും വൈകുന്നേരം എല്ലാ പത്രത്തിന്റെയും ലേഖകര്‍ എല്ലാ പോലീസ് സ്‌റ്റേഷനിലും വിളിച്ച് വാര്‍ത്തകള്‍ വല്ലതുമുണ്ടോയെന്ന് ചോദിക്കാറുണ്ട്. വളരെ പ്രാധാന്യമുള്ള വാര്‍ത്തകള്‍ മാത്രമേ ആ കാലത്ത് പത്രങ്ങളില്‍ വരാറുണ്ടായിരുന്നുള്ളു. ഇന്ന് ദൃശ്യമാധ്യമങ്ങള്‍ ധാരാളം തുടങ്ങിയതില്‍പ്പിന്നെ ചൂടേറിയ വാര്‍ത്തകള്‍ക്കു വേണ്ടി പരക്കം പാച്ചിലായി. ചില ഉദ്യോഗസ്ഥന്‍മാര്‍ക്ക് വാര്‍ത്തകള്‍ പ്രസിദ്ധീകരിപ്പിക്കുക എന്നത് ഒരു രോഗമായി മാറി തുടങ്ങി.

ഫ്യൂസ് മോഷണം തുടര്‍ക്കഥയായപ്പോള്‍

1975-76 ല്‍ ഞാന്‍ തിരുവനന്തപുരം ജില്ലയിലെ പൂന്തുറ പോലീസ് സ്‌റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡ് വഴിനീളെ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നും ഫ്യൂസുകള്‍ ആരോ ഊരിക്കൊണ്ടുപോകുന്നത് പതിവായി.

തിരുവനന്തപുരം സിറ്റിയിലെ പതിനൊന്ന് പോലീസ് സ്‌റ്റേഷനുകളുടെ പ്രദേശങ്ങളിലും ഈ മോഷണം തുടര്‍ക്കഥയായി. ഈ ഫ്യൂസുകള്‍ വില്‍ക്കാന്‍ കഴിയാത്ത വസ്തുവാണ്. അതു വാങ്ങാന്‍ കെ.എസ്.ഇ.ബി മാത്രമേ ഉണ്ടാകുകയുള്ളു. അവര്‍ക്ക് കോണ്‍ട്രാക്റ്റ് കൊടുത്തിരിക്കുന്ന കമ്പനിയില്‍ നിന്നു മാത്രമേ ഫ്യൂസ് കിട്ടുകയുള്ളു. സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ പ്രതിപക്ഷക്കാര്‍ ബോധപൂര്‍വം നടത്തുന്ന പരിപാടിയാണ് മോഷണമെന്ന് വിമര്‍ശനം ഉയര്‍ന്നു. 

തലസ്ഥാനത്ത് താമസിക്കുന്ന മന്ത്രിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെയും വീടുകളില്‍ വൈദ്യുതി ഇല്ലാതാകുമ്പോള്‍ അവരുടെ ഉറക്കം ഇല്ലാതാകും. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കൂടി നാല്‍പ്പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാത്രി കാലങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ്ങും ഏര്‍പ്പെടുത്തി.  പിന്നെയും മോഷണ പരമ്പര തുടര്‍ന്നു. നിക്കക്കള്ളിയില്ലാതായി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പോലീസിനോട് കയര്‍ത്തു. അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന ബാലകൃഷ്ണന്‍ എല്ലാ സി.ഐ മാരുടെയും എസ്.ഐമാരുടെയും യോഗം വിളിച്ചുചേര്‍ത്തു. ഞങ്ങളൊക്കെ രാത്രി സുഖമായിക്കിടന്നുറങ്ങുകയാണെന്നും നാല്‍പ്പതോളം കേസുകളുണ്ടായിട്ടും ഒന്നും ചെയ്തില്ലെന്നും ആക്ഷേപമുണ്ടായി. ഈ സംഭവം തെളിയിച്ചില്ലെങ്കില്‍ കാസര്‍കോട്ടേയ്ക്ക് സ്ഥലം മാറ്റം തരും.

തിരുവനന്തപുരത്ത്‌ പോലീസിന്റെ ജോലി വലിയ തമാശയാണ്. രാവിലെ ഏതെങ്കിലും സംഘടകള്‍ സെക്രട്ടേറിയേറ്റിലേക്ക് പിക്കറ്റിംഗ് കാണും. അത് കഴിയുമ്പോള്‍ ഉച്ചയ്ക്ക് രണ്ടു മണിയാകും.  വൈകുന്നേരം ഏതെങ്കിലും സംഘടയുടെ ജില്ലാ റാലിയോ മറ്റോ കാണും. ഈ രണ്ടു സംഗതികള്‍ക്കും എല്ലാ എസ്.ഐമാര്‍ക്കും ഡ്യൂട്ടി കാണും. അതു കഴിയുമ്പോള്‍ രാത്രി 9.00 മണി ആകും. അതു കഴിഞ്ഞാല്‍ രാത്രി മുഴുവന്‍ പട്രോളിംഗാണ്. എന്തു ചെയ്താലും ആര്‍ക്കും തൃപ്തിയില്ലാത്ത മട്ടാണ്. വലിയവരുടെ ഉറക്കം കെടുത്തുന്ന ഇവനെ പിടിച്ചിട്ടു തന്നെ ബാക്കി കാര്യം എന്ന വാശിയിലായിരുന്നു ഞങ്ങള്‍. ഒന്നും നടന്നില്ലെന്ന് മാത്രമല്ല, അടുത്ത ദിവസം ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരന്റെ വീട്ടിലേയ്ക്കുള്ള ട്രാന്‍സ്‌ഫോര്‍മറിലെ ഫീസ് രാത്രി അവന്‍ ഊരി. 

തലസ്ഥാനത്തെ മന്ത്രിമാരുടെയും പോലീസുകാരുടെയും ഉറക്കം കെടുത്തിയ വില്ലന്‍ ആര്?

(തുടരും)

Read more: 'നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വരട്ടെ; എല്ലാം ശരിയാകും'

'സത്യസന്ധതയും കഴിവുമല്ല ഡി.ജി.പിയാകാനുള്ള യോഗ്യത; ഭരിക്കുന്നവര്‍ക്ക് വഴങ്ങിയാല്‍ മതി'

'സാറേ, വല്ല ഗതിയുമുണ്ടെങ്കില്‍ ആരും പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി വരില്ല'

(ലേഖകന്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളില്‍ ലോ ആന്റ് ഓര്‍ഡര്‍, ക്രൈംബ്രാഞ്ച്, സ്‌പെഷല്‍ ബ്രാഞ്ച് , വിജിലന്‍സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്)