പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ ഉത്തരവാദിത്തം പാവപ്പെട്ട എ.എസ്.ഐമാരുടെയും അഡീഷല്‍ എസ്.ഐമാരുടെയും തലയില്‍ കെട്ടി വെച്ചിട്ട് മറ്റുള്ളവര്‍ സുഖിപ്പിക്കാന്‍ നടപടിയുമായി പോകുന്നതിന്റെ ദോഷമാണിവിടെ കാണുന്നത്. പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ എ.എസ്.ഐ മുതല്‍ ഡി.വൈ.എസ്.പിമാര്‍ വരെയുള്ളവര്‍ക്ക് ജില്ലാതലങ്ങളിലും സംസ്ഥാനതലങ്ങളിലും സംഘടിപ്പിക്കുന്ന Inservice course കളില്‍ ക്ലാസ് എടുക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിട്ടുണ്ട്. 

ആ ക്ലാസുകളില്‍ ഞാന്‍ ഈ പോരായ്മകളെപ്പറ്റി പറയാറുണ്ട്. അപ്പോള്‍ എ.എസ്.ഐ, അഡീഷണല്‍ എസ്.ഐമാര്‍ എന്നിവരുടെ മറുപടി വേദനയുണ്ടാക്കുന്നതാണ്. 'ഏതു കേസ് വന്നാലും എ.എസ്.ഐ, അഡീഷണല്‍ എസ്.ഐ എന്നിവരുടെ തലയില്‍ കെട്ടിവെയ്ക്കാം. ഒരു സംശയം ചോദിക്കാന്‍ പോലും ആരുമില്ല.' എന്നതായിരുന്നു അവരുടെ മറുപടി. 

അതേസമയം സി.ഐ മുതല്‍ ഡി.വൈ.എസ്.പിമാര്‍ വരെ ഈ വിഷയത്തെപ്പറ്റി പറഞ്ഞത്‌ ,'വലിയ പ്രശ്നമില്ലാതെ പോലീസ് സ്റ്റേഷനിലെ കാര്യങ്ങള്‍ അങ്ങനെയങ്ങു പോകട്ടെ. ആക്ഷേപങ്ങള്‍ വന്നാല്‍ ഇടപെടുന്നതാണ് ഞങ്ങളെ സംബന്ധിച്ച് സുരക്ഷിതം. ഓരോ പരാതിയും കേസും ക്രമസമാധാന പ്രശ്നങ്ങളും നടത്തി വഷളാക്കാതെ ശരിയായ രീതിയില്‍ അത് കൈകാര്യം ചെയ്യുന്നത് കൂട്ടായ്മ മൂലമേ സാധ്യമാകൂ. 'Team work' എന്ന ശൈലി ഇല്ലാതായി. സഹപ്രവര്‍ത്തകരെ നേര്‍വഴിക്ക് നയിക്കാന്‍ ഞാനൊരുത്തന്‍ മിനക്കെടണം. Team work ഉണ്ടാക്കേണ്ടത് എസ്.പി മുതല്‍ മുകളിലോട്ടുള്ളവരുടെ ഉത്തരവാദിത്തമാണ്.  മേലുദ്യോഗസ്ഥര്‍ ധൈര്യത്തോടെ അവരുടെ കൂടെ നിന്നാല്‍ എല്ലാം ശരിയാകും. കേരള പോലീസിലെ നല്ല ശതമാനം ഉദ്യോഗസ്ഥരും മിടുക്കന്‍മാരാണ്. അവരെ സംരക്ഷിക്കാന്‍ ആരുമില്ലെന്ന തോന്നലാണ് അവരെ ശരിയായ തീരുമാനമെടുക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത്. നല്ല പോലീസ് മേധാവികള്‍ വരും..എല്ലാം ശരിയാകും.'

ഇ.കെ നായനാര്‍ 1996 ലെ ഭരണകാലത്ത് ജില്ലകളില്‍പ്പോയി എസ്.ഐമാരെ അഭിസംബോധന ചെയ്തിട്ടില്ല. അന്ന് ഭരണം വടക്കന്‍ കേരളത്തിലെ ഒരു ജില്ലയിലെ ചിലരുടെ താത്പര്യത്തിന് വിധേയമായി. വളരെ മോശപ്പെട്ട ഒരു രാഷ്ട്രീയ കാര്യ സെക്രട്ടറി അദ്ദേഹത്തെ വഴിതെറ്റിച്ചുവെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

ഞാന്‍ എഴുതിയത് എന്റെ ശരികളല്ല. സാമൂഹികമായ യാഥാര്‍ഥ്യങ്ങളാണ്. ഇതില്‍ നിന്ന് വിഭിന്നമായ നിലപാട് പലര്‍ക്കുമുണ്ടാകും. അത് അവരുടെ ശരികളാണ്. എല്ലാ നിലപാടുകളും മുന്‍വിധിയില്ലാതെ ചര്‍ച്ച ചെയ്യപ്പെടണം. അതില്‍ നിന്നും ഏതാണ് ശരിയെന്നും സത്യമെന്നും മനസിലാക്കണം. അതാണ് ഒരു നല്ല നേതൃത്വത്തിന്റെ കടമയും ഉത്തരവാദിത്തവും. സ്വന്തമായ വ്യക്തിത്വമുള്ളവര്‍ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും എല്ലാ വിഷയങ്ങളിലും പറയും. അത് ശരിയാണോ തെറ്റാണോ എന്ന് വിശകലനം ചെയ്യാതെ ഇഷ്ടമില്ലാത്തവര്‍ പറഞ്ഞത് നിരാകരിക്കുക മാത്രമല്ല, അവരെ ശത്രുക്കളായി  മുന്‍വിധിയോടെ പ്രഖ്യാപിച്ച് അപമാനിക്കുകയും ആക്ഷേപിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ വിശ്വാസം.

മാങ്ങ കണ്ടിട്ട് ചക്കയെന്ന് പറയുമ്പോള്‍ 'നല്ല തേന്‍വരിക്ക'യെന്ന് പറയുന്നവരെയല്ല വേണ്ടത്. 'അത് ചക്കയല്ല സാര്‍, മാങ്ങയാണ്' എന്നുപറയുന്നവരെ വേണം കൂടെ കൂട്ടാന്‍. പുകഴ്ത്തലുകള്‍ കേള്‍ക്കാന്‍ സുഖമാണ്. അത് സ്വേച്ഛാധിപത്യമാണ്. എല്ലാത്തരം സ്വേച്ഛാധിപതികളും ജനാധിപത്യത്തിലൂടെയാണ് കടന്നുവന്നിട്ടുള്ളത്. 

കേരളത്തിലെ സാധാരണക്കാരും പോലീസ് സേനയിലെ നല്ലവരായ ബഹുഭൂരിപക്ഷം സേനാംഗങ്ങളും പോലീസ് സേനയില്‍ ഒരു മാറ്റമുണ്ടാകുമെന്ന് സ്വപ്നം കണ്ടിരുന്നു. കര്‍ക്കശക്കാരനായ, കള്ളമില്ലാത്ത, ഇച്ഛാശക്തിയുള്ള നേതൃത്വത്തിന് പോലീസ് സേനയിലെ പുഴുക്കുത്തുകളെ അകറ്റി നിര്‍ത്താന്‍ കഴിയും. കര്‍മശേഷിയുള്ളവനും കഴിവും അറിവും സാധാരണ ജനങ്ങളുടെ മോഹങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവനുമായ പോലീസ് മേധാവിമാരെ കൂടെ നിറുത്തിയാല്‍ സത്യസന്ധമായി ശരിയായ തീരുമാനങ്ങള്‍ ശരിയായ നേരത്തുതന്നെ തന്റേടത്തോടുകൂടിയെടുത്ത്  നീതി നടപ്പിലാക്കാന്‍  താഴെ തട്ടിലുള്ളവര്‍ തയ്യാറാകും. പക്ഷേ ആരോ ആ കൈകളില്‍ വിലങ്ങിട്ടു. വളരെ ഗംഭീരമായിരുന്നു തുടക്കം. വിലങ്ങു വീണപ്പോള്‍ മുതല്‍ തീരുമാനങ്ങളിലും കാഴ്ചപ്പാടുകളിലും മാറ്റം കണ്ടുതുടങ്ങി. ഇടുങ്ങിയ ചിന്താഗതിയുള്ളവരിട്ട വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് പോലീസ് സേനയെ സാധാരണ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റാന്‍ കഴിയുമെന്ന വിശ്വാസം ഇപ്പോഴും താഴേത്തട്ടിലുള്ള സേനാംഗങ്ങള്‍ക്കുണ്ട്. 

ജനമൈത്രി പോലീസ് സ്റ്റേഷന്‍ എന്നത് ബോര്‍ഡില്‍ എഴുതിവെക്കാന്‍ മാത്രമുള്ളതല്ല. സേനയിലെ ഉദ്യോഗസ്ഥരുടെ മനസില്‍ എഴുതിവെക്കേണ്ടതാണ്. ബോര്‍ഡില്‍ എഴുതിവെക്കാതെ മനസില്‍ എഴുതിവെക്കാന്‍ കഴിയുന്നവരെ കൂടെ കൂട്ടണം. നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന നേതൃത്വത്തെ ജനങ്ങള്‍ വിശ്വാസത്തോടെ കാത്തിരിക്കുന്നു. സുഖിപ്പിക്കുന്നവരല്ല, വിമര്‍ശിക്കുന്നവരാണ് നല്ല സുഹൃത്തുക്കള്‍. (തുടരും)

(ലേഖകന്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളില്‍ ലോ ആന്റ് ഓര്‍ഡര്‍, ക്രൈംബ്രാഞ്ച്, സ്‌പെഷല്‍ ബ്രാഞ്ച് , വിജിലന്‍സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്)

Read more:  'സത്യസന്ധതയും കഴിവുമല്ല ഡി.ജി.പിയാകാനുള്ള യോഗ്യത; ഭരിക്കുന്നവര്‍ക്ക് വഴങ്ങിയാല്‍ മതി'

'സാറേ, വല്ല ഗതിയുമുണ്ടെങ്കില്‍ ആരും പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി വരില്ല'