ഭ്യന്തര മന്ത്രിയുടെ വീട്ടിലെ ഫ്യൂസ് ഊരിയ കള്ളന്‍ ആര്?

രാത്രി കമ്മീഷണറെ ആഭ്യന്തര മന്ത്രി ഉറക്കിയില്ല. അപ്പോള്‍ താഴോട്ടുള്ളവന്റെ കാര്യം പറയേണ്ടല്ലോ. പണി പാളുന്ന മട്ടായി. കെ.എസ്.ഇ.ബിയിലെ എന്‍ജിനീയര്‍മാര്‍ക്കും ഫ്യൂസിനകത്ത് വിലപിടിപ്പുള്ള ഒന്നുമുള്ളതായി അറിയില്ല. കെ.എസ്.ഇ.ബിക്ക് ഫ്യൂസ് വിതരണം ചെയ്യുന്ന ആലുവയിലെ കമ്പനിയില്‍ പോയി അന്വേഷിച്ചപ്പോള്‍ ഇത് പൊടിച്ചെടുത്താല്‍ അതിനകത്ത് 50 രൂപയോളം വില കിട്ടുന്ന കോപ്പര്‍ ഉണ്ടെന്ന് മനസിലായി. ഒരു ഫ്യൂസിന് നല്‍കേണ്ടി വന്ന വില 270 രൂപയാണ്. ഓരോ ട്രാന്‍സ്‌ഫോര്‍മറിലും ആറോ എട്ടോ ഫ്യൂസുകളാണ് സാധാരണ കാണുന്നത്. 

രാത്രികാലങ്ങളില്‍ ട്രാന്‍സ്‌ഫോറിന്റെ പരിസരത്ത് പോലീസുകാര്‍ ഒളിച്ചിരുന്ന് കള്ളനെ പിടിക്കാന്‍ ശ്രമം തുടങ്ങി. ആ കെണിയിലൊന്നും പുലി വീണില്ല. ആക്രിക്കടകള്‍ നിരീക്ഷണത്തിലാക്കി. ചാലയിലും പരിസരത്തും പതിനാലോളം ആക്രിക്കടകളുണ്ട്. പല ദിവസങ്ങളിലെ കാത്തിരിപ്പിന്റെ ഫലമായി കഥാനായകനെ കെണിയിലാക്കി. നേമത്തുകാരനമായ നസീറായിരുന്നു എല്ലാവരുടെയും ഉറക്കം കെടുത്തിയ മിടുക്കന്‍. 

നസീറിന് ഉദ്ദേശം പതിനെട്ട് വയസാണ് പ്രായം. വീട്ടില്‍ ഉമ്മയും രണ്ടു സഹോദരിമാരും മാത്രം. പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സാധാരണ ആ പ്രായത്തില്‍ ആണ്‍കുട്ടികള്‍ കാണിക്കുന്ന വികൃതി കാണിച്ചതിനെത്തുടര്‍ന്ന് നാട്ടില്‍ നില്‍ക്കാന്‍ വയ്യാതായി. അങ്ങനെ കിഴക്കേ കോട്ടയിലെ തെരുവില്‍ വന്നുചേര്‍ന്നു. അവന്‍ ഒരുകൂട്ടം മുതിര്‍ന്ന കുട്ടികളുടെ കൂടെ കൂട്ടുകൂടി. എല്ലാ തെറ്റുകളിലേക്കും ചെന്നുചാടി.

തെരുവിലെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഒരു വഴക്കിനിടയിലാണ് നസീര്‍ അടുത്തുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഒരു ഫ്യൂസ് ഊരി എതിര്‍പക്ഷത്തേക്ക് എറിഞ്ഞത്. അത് പോസ്റ്റില്‍ തട്ടിപ്പൊട്ടി. വഴക്കും സംഘട്ടനങ്ങളും കഴിഞ്ഞപ്പോള്‍ ആ ഫ്യൂസ് എടുത്ത് തിരിച്ചിടാനായി ചെന്നു. അപ്പോളാണ് അത് പൊട്ടിപ്പോയതായി കണ്ടത്.  അതിനകത്തുണ്ടായിരുന്ന മെറ്റല്‍ക്കഷണമെടുത്ത് ചാലയിലെ ഒരു ആക്രിക്കടയില്‍ കൊടുത്തപ്പോള്‍ 10 രൂപ കിട്ടി. അങ്ങനെയാണ് അത് വില്‍ക്കാന്‍ പറ്റുന്ന ചരക്കാണെന്ന് നസീറിന് മനസിലായത്.

നസീറിന്റെ വാപ്പ നാലു വര്‍ഷം മുമ്പ് മരിച്ചുപോയിരുന്നു. തെരുവില്‍ കൂട്ടുകൂടാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമായി. ഉമ്മയെയും സഹോദരിമാരെയും കാണാന്‍ പോകാറുണ്ടായിരുന്നു. അവരുടെ സ്‌നേഹമസൃണമായ പെരുമാറ്റം കാണുമ്പോള്‍ അവര്‍ക്കൊപ്പം ഒരു ദിവസം താമസിച്ചെന്നും വരും. ആരും നിയന്ത്രിക്കാനില്ലാത്തതുകൊണ്ട് കിഴക്കേകോട്ടയിലെ ജീവിതമായിരുന്നു അവന് താത്പര്യം. 50 രൂപ കിട്ടുന്ന ഒരു ഫ്യൂസിലെ മെറ്റലിന് ആക്രിക്കാരന്‍ കൊടുത്തത് 10 രൂപയായിരുന്നു. അത് മോഷ്ടിച്ചുകൊണ്ടുവരുന്നതാണെന്ന് ആക്രിക്കാരന് അറിയാം. 'നക്കാപ്പിച്ചാ' കൊടുത്ത് മോഷണമുതല്‍ കൈക്കലാക്കാനുള്ള ആക്രിക്കച്ചവടക്കാരന്റെ ആക്രാന്തം കാരണം നസീറിനെയും കടക്കാരനെയും അറസ്റ്റ് ചെയ്തു. പത്രത്തില്‍ വലിയ വാര്‍ത്ത വന്നു. വാര്‍ത്തയില്‍ എന്റെ പരിശ്രമത്തെപ്പറ്റിയും പ്രതിപാദിച്ചിരുന്നു. നസീറിന്റെ പടം പത്രത്തില്‍ കൊടുത്തില്ല. ആദ്യമായി എന്റെ പേര് പത്രത്തില്‍ വന്നപ്പോള്‍ ഒരു ഗമയും സന്തോഷവും ഉണ്ടായി. 

1964 ല്‍ ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പുതിയതായി തുടങ്ങിയ പ്രീഡിഗ്രി കോഴ്‌സിന്റെ ആദ്യത്തെ ബാച്ചില്‍ ചേരാന്‍ എനിക്ക് കഴിഞ്ഞില്ല. പ്രീ ഡിഗ്രി കോഴ്‌സ് ആദ്യമായി ആരംഭിച്ചത് 1964 ല്‍ ആയിരുന്നു. 14 വയസ് തികയാത്തതുകൊണ്ട് യൂണിവേഴ്‌സിറ്റി പ്രവേശനം നിഷേധിക്കുകയായിരുന്നു. എന്നെപ്പോലെ ഒരുപാട് വിദ്യാര്‍ഥികള്‍ ഈ പ്രശ്‌നത്തില്‍ കുടുങ്ങി. ഞങ്ങള്‍ക്കൊക്കെ പതിമൂന്ന് വയസുമാത്രമേ ഉണ്ടായിരുന്നുള്ളു. അതു ഞങ്ങളുടെ കുറ്റം കൊണ്ടായിരുന്നില്ല. അന്ന് പ്രീഡിഗ്രി പ്രവേശനം കിട്ടുന്നതിന് വേണ്ടി ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ 'Letters to Editor' എന്ന കോളത്തിലേക്ക് ഞാന്‍ ഒരു കത്തയച്ചിരുന്നു. അതായിരുന്നു.അതായിരുന്നു ആദ്യമായി പത്രത്തില്‍ പേര് വന്ന ദിവസം. നസീറിന്റെ അറസ്‌റ്റോടുകൂടി രണ്ടാമതും പേര് പത്രത്തില്‍ അച്ചടിച്ചു വന്നു. തിരുവനന്തപുരം സിറ്റിയിലുള്ള നാല്‍പ്പതോളം കേസുകളില്‍ നസീറും കടക്കാരനും പ്രതിയായിരുന്നു. അവരെ കോടതിയില്‍ ഹാജരാക്കി. നസീറിന്റെ ജീവിതം ഈ വിധത്തില്‍ നശിപ്പിച്ചതില്‍ നമ്മുടെ സമൂഹത്തിനും പങ്കുണ്ട്.

15 വയസില്‍ പാവപ്പെട്ട വീട്ടിലെ ഈ കുട്ടി വഴിതെറ്റിയപ്പോള്‍ അവനെ നേര്‍വഴിക്കു നയിക്കാനും തെറ്റുതിരുത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ആരും ഉണ്ടായിരുന്നില്ല. അതിനാലാണ് ആ കുട്ടി ചീത്ത കൂട്ടുകെട്ടില്‍ ഉള്‍പ്പെട്ട് ഈ വിധം ആയിത്തീര്‍ന്നത്. തെറ്റുകള്‍ മനുഷ്യസഹജമാണ്. അത് തിരുത്തി മുന്നോട്ട് പോകാന്‍ വലിയ ആള്‍ക്കാര്‍ക്ക് പോലും സഹായം വേണ്ടിവരും. നസീറിനെ നല്ല വഴിയിലേക്ക് കൊണ്ടുവരാന്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും തീരുമാനിച്ചു. പോലീസില്‍ അന്ന് അത്തരത്തിലുള്ള സംവിധാനങ്ങളൊന്നുമില്ല. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കാനൊന്നും അന്ന് അറിയില്ലായിരുന്നു. (തുടരും)

Read more: കളളന്‍മാര്‍ ഊരിയത് നാല്‍പ്പതോളം ഫ്യൂസുകള്‍; 'പണി' കിട്ടിയത് മന്ത്രിമാര്‍ക്ക്
(ലേഖകന്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളില്‍ ലോ ആന്റ് ഓര്‍ഡര്‍, ക്രൈംബ്രാഞ്ച്, സ്‌പെഷല്‍ ബ്രാഞ്ച് , വിജിലന്‍സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്)