എം.പി ബാലകൃഷ്ണന്‍, ടി.പി സെന്‍കുമാര്‍,മനോജ് അബ്രഹാം, എം.ജി.എ രാമന്‍, വി.ആര്‍ രാജീവന്‍, കെ.ജെ ജോസഫ്, ഋഷിരാജ് സിങ്ങ്, കെ.എന്‍ ബാല്‍ തുടങ്ങിയവര്‍ നല്ല പ്രവര്‍ത്തനശൈലി അനുവര്‍ത്തിച്ചവരായിരുന്നു. അന്ന് ഡി.ജി.പിയായി ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ചിരുന്നവര്‍ വളരെ കഴിവുറ്റവരും സത്യസന്ധരുമായിരുന്നു. 1996 ല്‍ ഭരണം മാറിയപ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി. മോശപ്പെട്ട പ്രതിച്ഛായയുള്ളവരായി ഡി.ജി.പിമാര്‍. വിജിലന്‍സില്‍ ഡയറക്ടറായി കഴിവുള്ള ഒരാളെ നിയമിക്കാന്‍ ഇല്ലാഞ്ഞിട്ടല്ല. തങ്ങള്‍ക്ക് വഴങ്ങുന്ന ഒരാളെ കണ്ടുപിടിക്കാനായി ശ്രമം. കേരളീയനല്ലാത്തവര്‍ അതിന് തയ്യാറുമാണ്. വിജിലന്‍സില്‍ താല്‍പ്പര്യമുള്ള കേസുകള്‍ എഴുതി കുറവ് ചെയ്തശേഷം മാത്രം ഇപ്പോഴത്തെ ഡയറക്ടറെ മാറ്റിയാല്‍ മതിയെന്നതാണ് ചിന്ത.

പോലീസിലെ ഡി.ജി.പിമാര്‍ക്ക് ഒരു സന്ദേശം - നിങ്ങള്‍ സത്യസന്ധരോ കഴിവുള്ളവരോ എന്നതല്ല ഡി.ജി.പിയാകാനുള്ള യോഗ്യത. ഞങ്ങള്‍ക്ക് വഴങ്ങുന്നവരാണോ എന്നതാണ് പ്രശ്‌നം. വഴങ്ങിയില്ലെങ്കില്‍ ടി.പി സെന്‍കുമാറിന്റെ അവസ്ഥയാകും. ഓര്‍ക്കുക. 

അടിസ്ഥാനപരമായി പോലീസ് ചെയ്യേണ്ട കാര്യങ്ങളില്‍ ഇന്ന് അവര്‍ക്ക് താത്പര്യമില്ല. അതിന്റെ അനന്തരഫലം പാവം ജനങ്ങള്‍ അനുഭവിച്ചുകൊള്ളും. പോലീസ് സേനയെ ജനമൈത്രി എന്ന് ഉയര്‍ത്തിക്കാട്ടി ആളുകളുടെ വീട്ടില്‍പ്പോയി കാര്യങ്ങള്‍ അന്വേഷിച്ച് പോലീസിനെ ജനകീയമാക്കിയെന്ന് പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആ സമയം കൂടി ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ സ്‌റ്റേഷനില്‍ എത്തുന്ന പരാതികളില്‍ താമസമില്ലാതെ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയുന്നതാണ്. അതാണ് ശരിയായ പോലീസ് ജോലി. ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി ചെയ്യുന്നത് യഥാര്‍ഥ പോലീസുകാരുടെ ധര്‍മമല്ല. 

നാട്ടുകാരുടെ പണം കീഴുദ്യോഗസ്ഥരെക്കൊണ്ടു പിരിപ്പിച്ച് പല പരിപാടികളും നടത്തി ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാര്‍ത്തയുണ്ടാക്കി പേരെടുക്കാന്‍ ശ്രമിക്കുന്ന ഉയര്‍ന്ന 'publictiy' ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ജനനായകന്മാര്‍ക്ക് കഴിയാത്തത് ഉപദേശകരുടെ കുറവ് കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഇ.കെ നായനാര്‍ വിഭാവനം ചെയ്തതുപോലെയുള്ള പ്രവര്‍ത്തനശൈലി പോലീസ് സ്‌റ്റേഷനുകളില്‍ നിര്‍ബന്ധമായി നടപ്പാക്കിയാല്‍ വര്‍ക്കല സ്റ്റേഷനില്‍  പരാതി കൊടുത്ത് അവഗണിക്കപ്പെട്ട പാവപ്പെട്ട ദമ്പതികള്‍ക്ക് ഈ ഗതി വരികയില്ലായിരുന്നു.

നിയമവും സമൂഹവും സാധാരണ ജനങ്ങളും ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ പോലീസ് ജോലികള്‍ നടപ്പിലാക്കുന്നതിന് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍മാരെ പ്രാപ്തരാക്കുകയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ശൈലി മേലുദ്യോഗസ്ഥന്‍മാരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഉണ്ടായാല്‍ മാത്രമേ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് പോലുള്ള ആക്ഷേപങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുകയുള്ളു.

കഴിഞ്ഞ 45 വര്‍ഷത്തോളമുള്ള എന്റെ അനുഭവത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിശോധിച്ചു നോക്കിയാല്‍ മനസ്സിലാകുന്ന ഒരു സത്യമുണ്ട്. കഴിവും കാര്യപ്രാപ്തിയും സത്യസന്ധതയും പോലീസ് സ്‌റ്റേഷനിലെ ജോലിയെപ്പറ്റിയുള്ള അറിവുമുള്ള ഡി.ജി.പിമാര്‍ പോലീസ് സേനയുടെ മേധാവിയായിയിരുന്ന കാലത്ത് മികവുറ്റ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നുവെച്ച് എല്ലാം കേമമായി എന്നല്ല അതിന്റെ സാരാംശം. ആക്ഷേപങ്ങളും വീഴ്ചകളും വളരെക്കുറവായിരുന്നുവെന്നു മാത്രം.

തലപ്പത്തിരിക്കുന്ന ഡി.ജി.പി കര്‍ക്കശക്കാരനായിരുന്നാല്‍ മാത്രമേ ജില്ലാ പോലീസ് മേധാവി അദ്ദേഹത്തിന്റെ ജോലി കൃത്യമായി നിര്‍വഹിക്കുകയുള്ളു. അപ്പോള്‍ അവര്‍ തന്റെ താഴെ ജോലി ചെയ്യുന്ന ഡി.വൈ.എസ്.പി മാരെയും സി.ഐമാരെയും വെറുതെയിരിക്കാന്‍ അനുവദിക്കാതെ എപ്പോഴും ഓര്‍മപ്പെടുത്തല്‍ നടത്തിക്കൊണ്ടിരിക്കും. അങ്ങനെയൊരു സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ കൃത്യസമയത്ത് പഠിച്ച് ഉദ്യോഗസ്ഥര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകും. 

പാലക്കാട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പുറമ്പോക്കില്‍ ഒരു കുടിലില്‍ താമസിച്ചിരുന്ന 10 വയസ്സുള്ള പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവമുണ്ടായി. പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് ശവശരീരം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് വിധേയമാക്കി. ആറാമത്തെ ദിവസം പരിശോധനയുടെ ഫലം ലഭിച്ചു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന പരാതി രക്ഷിതാക്കള്‍ ആദ്യമേ തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫയലില്‍ വെച്ചതല്ലാതെ അതൊന്ന് വായിച്ചുനോക്കി കേസന്വേഷണം നടത്താന്‍ ആരും തയ്യാറല്ലായിരുന്നു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയുടെ അനുജത്തിയും ഇതുപോലെ ആത്മഹത്യ ചെയ്തു. എന്നിട്ടും സാധാരണ പോലെ കേസന്വേഷണം നടത്തിയതല്ലാതെ ആ സംഭവം ആരുടെയും മനസ്സില്‍ ഒരു പ്രാധാന്യവുമുണ്ടാക്കിയില്ല. ചാനലുകളിലെ രാത്രികാല ചര്‍ച്ചകളില്‍ സംഭവം അവതരിപ്പിക്കപ്പെട്ടപ്പോളാണ് പോലീസ് ഉണര്‍ന്നത്. സേനയുടെ നേതൃത്വമാണ് ഈ വീഴ്ചയ്ക്ക് ഉത്തരവാദി. പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ഭരിക്കുന്ന കക്ഷിയുടെ കൊച്ചുനേതാക്കന്‍മാരെപ്പോലും സുഖിപ്പിക്കുന്ന തിരക്കിലാണ് എല്ലാവരും. (തുടരും)

(ലേഖകന്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളില്‍ ലോ ആന്റ് ഓര്‍ഡര്‍, ക്രൈംബ്രാഞ്ച്, സ്‌പെഷല്‍ ബ്രാഞ്ച് , വിജിലന്‍സ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്)

 

Read more :  'സാറേ, വല്ല ഗതിയുമുണ്ടെങ്കില്‍ ആരും പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി വരില്ല'