'' 2014-ല്‍  ഡല്‍ഹിയിലെ ഒരു മ്യൂസിയത്തില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഓള്‍ഡുഹുവായ് ഹാന്‍ഡ് ആക്‌സ് മോഷണം പോയി. കേസ് അനേഷിച്ച പോലീസ് ഒടുവില്‍ എത്തി ചേര്‍ന്നത് പരിസരത്തെ ഏറ്റവും വലിയ കോടീശ്വരന്റെ വീട്ടിലാണ്. ഇത്തരത്തിലുള്ള വസ്തുക്കള്‍ ഒരുപാട് വിലകൊടുത്തു വാങ്ങിക്കുവാന്‍ സാധിക്കുന്ന ഇയാള്‍ എന്തിനാണ് ഇത് മോഷ്ടിച്ചതെന്ന് ആലോചിച്ച് മ്യൂസിയം അധികൃതരും പോലീസും ഒരുപോലെ അമ്പരന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൂടുതല്‍ അസാധാരണമായ ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. എന്നാല്‍ പ്രതിക്ക് ക്ലെപ്റ്റോമാനിയ ഉണ്ടെന്ന് അവര്‍ കണ്ടെത്തി'' . ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ഭാഗമാണിത്.
 
ക്ലെപ്റ്റോമാനിയ മൂലമാണ് അയാള്‍ ഇത് ചെയ്തതെങ്കില്‍ ഈ രോഗം എന്താണ് ? സ്വഭാവ വൈകല്യമോ അതോ പ്രശ്‌നമോ​?
 
പൊതുവെ ആര്‍ക്കുംതന്നെ ഉപകാരമില്ലാത്തതും മൂല്യമില്ലാത്തതുമായ വസ്തുക്കള്‍ മോഷ്ടിക്കാനുള്ള പ്രേരണയെ ചെറുത്തു നില്‍ക്കാന്‍ സാധിക്കാതെ ഇരിക്കുന്ന അവസ്ഥയാണ് ക്ലെപ്റ്റോമാനിയ. ഇത് എന്നത് ഒരുതരം ഇംപള്‍സ് കണ്‍ട്രോള്‍ ഡിസോര്‍ഡറാണ്(വികാരങ്ങളെയും പെരുമാറ്റത്തെയും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ). ഒരു വ്യക്തിക്ക് അയാളുടെ പ്രേരണയെ അല്ലെങ്കില്‍ കാണുന്ന വസ്തു മോഷ്ടിക്കണമെന്നുള്ള ത്വരയെ ചെറുക്കാന്‍ സാധികുന്നില്ലായെങ്കില്‍ അത് ആ വ്യക്തിക്കും കൂടെ ഉള്ളവര്‍ക്കും ദോഷകരമായിരിക്കും. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.  
 
ഇത്തരക്കാര്‍ക്ക് മോഷ്ടിക്കുന്ന വസ്തുവിന്റെ വിലയോ മൂല്യമോ ഒന്നും തന്നെയല്ല പ്രശ്‌നം, അത് എങ്ങനെയെങ്കിലും എടുക്കുക എന്നത് മാത്രമാണ്. പെട്ടെന്നുണ്ടാകുന്ന ഒരു പ്രേരണയുടെ പുറത്ത് ചെയ്യുന്നതാണെങ്കിലും അവര്‍ക്കു ഉപകരമില്ലാത്ത വസ്തുക്കളുമാകാം ഇതെല്ലാം. ചിലരാകട്ടെ എടുത്ത സാധനങ്ങള്‍ തിരികെവെയ്ക്കാറുണ്ടെന്നും മനഃശാസ്ത്രജ്ഞര്‍ പറയുന്നു. 
 
ക്ലെപ്റ്റോമാനിയയ്ക്ക് പൂര്‍ണമായ ഒരു ചികിത്സയില്ലെങ്കിലും മരുന്നുകളും സൈക്കോതെറാപ്പിയും ഉപയോഗിച്ചുള്ള ചികിത്സ നിര്‍ബന്ധിത മോഷണത്തിന്റെ തീവ്രതയും അതിന്റെ ചക്രവും ഒരു പരിധിവരെ കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്നു. എല്ലാ മോഷണങ്ങളും ക്ലെപ്റ്റോമാനിയ ആണെന്ന് തീര്‍ച്ചയായും പറയാന്‍ പറ്റില്ല. ഒരു വസ്തു എടുക്കുവാന്‍ അനിയന്ത്രിതമായ ഉള്‍പ്രേരണ ഉണ്ടാവുന്നതാണ് ക്ലെപ്റ്റോമാനിയ. ചില വ്യക്തിത്വ വൈകല്യങ്ങള്‍ പോലുള്ള രോഗാവസ്ഥയിലും മോഷണം കാണപ്പെടാറുണ്ട്. 
 
ക്ലെപ്റ്റോമാനിയയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?
 
ഉപയോഗശൂന്യമായ വസ്തുക്കള്‍ മോഷ്ടിക്കാനുള്ള ശക്തമായ പ്രേരണയെ പ്രതിരോധിക്കാന്‍ സാധിക്കാതിരിക്കുന്നത്.
 
മോഷണത്തിലേക്ക് നയിക്കുന്ന വര്‍ദ്ധിച്ച പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം  തുടങ്ങിയവ അനുഭവപ്പെടുന്നത്.
 
മോഷ്ടിക്കുമ്പോള്‍ ഒരുതരം ആനന്ദം, സന്തോഷം അല്ലെങ്കില്‍ സംതൃപ്തി അനുഭവപ്പെടുന്നു.
 
മോഷണ ശേഷം അകാരണമായ കുറ്റബോധം, പശ്ചാത്താപം, നാണക്കേട്, സ്വയംവെറുപ്പ് എന്നിവ അനുഭവപ്പെടുന്നു.
 
പ്രേരണങ്ങളുടെ (compulsion) മടങ്ങി വരവും ക്ലെപ്റ്റോമാനിയ സൈക്കിളിന്റെ തുടര്‍ച്ചയും.
 
കാരണങ്ങള്‍
 
തലച്ചോറില്‍ ഉണ്ടാകുന്ന ചില രാസവസ്തുക്കളുടെ വ്യതിചലനമാണ് ക്ലെപ്റ്റോമാനിയയുടെ കാരണമെന്ന് ചില ഗവേഷണപ്രബന്ധങ്ങളില്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും ഇതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല
 
തലച്ചോറില്‍ സെറോടോണിന്‍  എന്നറിയപ്പെടുന്ന രാസവസ്തുവില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍  
 
ഈ രാസവസ്തു മനസികാവസ്ഥകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ആവേശ ശീലമുള്ള ആളുകളില്‍ ഇതിന്റെ അളവ് കുറഞ്ഞാണ് കാണപ്പെടുന്നത് .
 
ആസക്തി- ഡോപാമിനിന്റെ വ്യതിചലനം , ഈ രാസവസ്തു ആനന്ദകരമായ വികാരങ്ങള്‍ക് കാരണമാകുന്നു.
 
തലച്ചോറിന്റെ ഒപിയോയിഡ് സിസ്റ്റം- ഈ സിസ്റ്റത്തിലെ അസന്തുലിതാവസ്ഥ കാരണം പ്രേരണങ്ങളെ ചെറുക്കാന്‍ സാധിക്കാതിരിക്കുന്നതും ക്ലെപ്‌റ്റോമാനിയയുടെ കാരണമാകാം. 
 
ചികിത്സ
 
ഭയം, അപമാനം, നാണക്കേട് എന്നിവ ക്ലെപ്റ്റോമാനിയക്കാരെ ചികിത്സ തേടുന്നതില്‍ നിന്നും പിന്‍വലിപ്പിക്കുന്നു. ക്ലെപ്റ്റോമാനിയ സ്വന്തമായി ചികിത്സിച്ച് മാറ്റാമെന്ന് കരുതുന്നത് സാധ്യമായ ഒന്നല്ല. ഇത്തരക്കാര്‍ക്ക് തീര്‍ച്ചയായും സഹായം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ചികിത്സയില്ലാതെ ക്ലെപ്റ്റോമാനിയ എന്നത് ഒരു ദീര്‍ഘകാല അവസ്ഥയായിരിക്കും. ക്ലെപ്റ്റോമാനിയ  ചികിത്സയില്‍ പ്രധാനമായും മരുന്നിന്റെയും സൈക്കോ തെറാപ്പിയുടെയും സമയോചിപ്പിച്ചുള്ള  രീതിയാണ് ഉപയോഗിക്കുന്നത്.
 
മരുന്നുകള്‍ :- ക്ലെപ്റ്റോമാനിയ  ചികിത്സിക്കാന്‍ സൈക്ക്യാട്രിക് മെഡിസിന്‍സ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയ ഗവേഷണങ്ങള്‍ കുറവാണ്. എന്നിരിന്നാലും വിഷാദരോഗം, ലഹരിവസ്തുക്കളുടെ ദുരുപയോഗം പോലുള്ള മറ്റു മാനസിക രോഗങ്ങള്‍ ഇതിന്റെഭാഗമായി ഉണ്ടോ എന്ന് നോക്കിയതിതു ശേഷം ചില സൈക്ക്യാട്രിക് മരുന്നുകള്‍ ഉപയോഗിക്കാം. ഒപ്പിയോയിഡിന്റെ എതിരാളികളായ നാല്‍ട്രെക്സോണ്‍, എസ് എസ് ആര്‍ ഐ എസ്        ( ആന്റിഡിപ്രെസന്റ് ) മുതലായവ മോഷ്ടിക്കുന്നതിനുള്ള ആസക്തിയും ആനന്ദവും ഉത്സാഹവും കുറക്കാന്‍  സഹായിക്കുന്നു.
 
സൈക്കോ തെറാപ്പി :- കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി പ്രധാനമായും സൈക്കോ തെറാപ്പി ചികിത്സയില്‍ ഉപയോഗിക്കുന്നത്. അനാരോഗ്യകരവും നിഷേധാത്മകമായ വിശ്വാസങ്ങളും പെരുമാറ്റങ്ങളും തിരിച്ചറിയാനും അത് മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നു.
 
ക്ലെപ്റ്റോമാനിയ ഉള്ള ആളുകളില്‍ ഭൂരിപക്ഷവും ചികിത്സ തേടാന്‍ ആഗ്രഹിക്കാത്തവരാണ്. ഇത് പുറത്തറിഞ്ഞാല്‍ താന്‍ ഒരു മോഷ്ടാവാണെന്ന് മുദ്രകുത്തപ്പെടുമോ എന്നുള്ള ഭയം ഇക്കൂട്ടരെ അതില്‍ നിന്നും പിന്‍വലിപ്പിക്കുന്നു. ക്ലെപ്റ്റോമാനിയ കൗമാര പ്രായത്തിലോ, പ്രായപൂര്‍ത്തി ആയതിനു ശേഷമോ ഉണ്ടാവാം. 
 
ക്ലെപ്റ്റോമാനിയ ഉള്ളവര്‍ക്ക് പലപ്പോഴും മറ്റൊരു മാനസിക രോഗം കൂടി ഇതിനോനുബന്ധിച്ച് ഉണ്ടാവാം - ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദരോഗം , ഒബ്സെസ്സിവ് കോംപ്ളസിവേ ഡിസോര്‍ഡര്‍, ഈറ്റിംഗ് ഡിസോര്‍ഡര്‍, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയാകാം ഈ മാനസികപ്രശ്‌നങ്ങള്‍. ചികിത്സ തേടാതിരുന്നാല്‍ കടുത്ത വൈകാരിക പ്രശ്‌നങ്ങള്‍ക്കും കുടുംബ,ജോലി, സാമ്പത്തികപരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാവാം. മോഷ്ടിക്കുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും ആസക്തി മൂലം അല്ലെങ്കില്‍ ആ പ്രേരണയെ ചെറുത്തുനില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന കുറ്റബോധം,വെറുപ്പ്, അപമാനം എന്നിവ ഇവരെ ബാധിക്കും. 
 
(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് ലേഖിക)
 
 
Content Highlights: what is kleptomania and the reasons behind kleptomania