ഏതൊരു രാജ്യത്തിന്റെയും സ്ഥിരതയ്ക്കും, സമാധാനത്തിനും വളര്‍ച്ചയ്ക്കും ഭീഷണിയാണ് ഭീകര പ്രവര്‍ത്തനങ്ങള്‍. അത് മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും സമൂഹത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് നിഷ്‌കളങ്കരായ ഒരു കൂട്ടം മനുഷ്യരാണ്. 

നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്കെതിരായി വ്യക്തിയോ പ്രസ്ഥാനങ്ങളോ സ്വന്തം താല്പര്യങ്ങളെയോ ആശയങ്ങളെയോ മറ്റുള്ളവരിലോ സമൂഹത്തിലോ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി സൈനികേതരമായി കലാപമോ അതിക്രമമോ അഴിച്ചുവിടുന്നതിനെ ഭീകര പ്രവര്‍ത്തനങ്ങളെന്നു വിളിക്കാം. ഇത്തരം ആശയങ്ങള്‍ അവലംബിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഭീകരവാദികള്‍ അല്ലെങ്കില്‍ തീവ്രവാദികള്‍. 

ഭീകര പ്രവര്‍ത്തകരുടെ മനസ്സ്

പഴയകാല മന:ശാസ്ത്ര സിദ്ധാന്തങ്ങളൊന്നും തന്നെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നവരുടെ മനസിനെ കാര്യമായി പഠിച്ചിട്ടില്ല. എന്നാല്‍ ആധുനിക മന:ശാസ്ത്ര പഠനങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ മന:ശാസ്ത്ര കാരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും മാനസികാരോഗ്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പെരുമാറ്റ രൂപീകരണം ഇത്തരം പ്രവൃത്തിയില്‍  നിന്ന് വ്യക്തിയെ വ്യതിചലിപ്പിക്കാന്‍ സഹായകരമാവുമെന്നും പറയുന്നു.

ഭീകരവാദികളുടെ മനസിനെ മാനസിക അപഗ്രഥന സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ മനസിലാക്കുമ്പോള്‍ വ്യക്തിയുടെ കുട്ടിക്കാലത്തെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അബോധമനസിന്റെ പ്രവര്‍ത്തനമാണ് പലപ്പോഴും ആളുകളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതെന്നു പറയുന്നു. മാനസിക അപഗ്രഥന  സിദ്ധാന്തത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയ്ഡിന്റെ അഭിപ്രായത്തില്‍ നാശഹേതുകരമായ ഉള്‍പ്രേരണ എല്ലാ മനുഷ്യനിലും അടങ്ങിയിട്ടുണ്ടെന്നും, അതിനെ ശരിയായ രീതിയില്‍ വഴി തിരിച്ചു വിടാന്‍ കഴിയാതെ വരുമ്പോള്‍ അത് സാമൂഹിക സാംസ്‌കാരിക തുലനത്തിന് ഹാനികരമായി മാറുകയാണ് ചെയ്യുന്നതെന്നും വിശദീകരിക്കുന്നു. 

മാനസികാപഗ്രഥന സിദ്ധാന്തങ്ങളുടെ ചുവടു പിടിച്ച് പ്രധാനമായും രണ്ടു രീതിയിലാണ് ഭീകരവാദികളുണ്ടാവുന്നത്. ഒന്നാമതായി ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രേരണ സ്വന്തം മാതാപിതാക്കളോടുള്ള അബോധമനസിന്റെ ശത്രുതയില്‍ നിന്നാണ് പിറവിയെടുക്കുന്നതെന്നും, രണ്ടാമതായി കുട്ടിക്കാലത്തെ മോശം അനുഭവങ്ങളും ശാരീരിക മാനസിക പീഡനങ്ങളും ഇത്തരം പെരുമാറ്റങ്ങളിലേക്ക് വഴിവയ്ക്കുന്നുവെന്നും  പറയുന്നു.

അവനവന്റെ ഗുണഗണങ്ങളില്‍ മതി മറക്കുന്നവര്‍ അല്ലെങ്കില്‍ നാര്‍സിസ്റ്റിക് സ്വഭാവമുള്ളവര്‍ ഭീകരപ്രവര്‍ത്തങ്ങളിലേക്ക് പോവാനുള്ള സാധ്യത കൂടുതലാണെന്നു ജോണ്‍ ക്രെയ്ടന്‍ (John Crayton) എന്ന മനശാസ്ത്രജ്ഞന്‍ തന്റെ നിരീക്ഷണങ്ങളിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രണ്ട് പ്രധാനകാര്യങ്ങള്‍ ഇത്തരം ആളുകളുടെ സ്വഭാവത്തിലുണ്ടായിരിക്കും. ഒന്നാമതായി ഞാനാണ് എല്ലാം..എല്ലാത്തിനും മുകളിലെന്ന ദൃഢമായ വിശ്വാസം.

രണ്ടാമതായി എനിക്ക് പൂര്‍ണനായ ഒരു വ്യക്തി ആകാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ പൂര്‍ണമായ എന്തിനോടെങ്കിലും ചേര്‍ന്ന് നില്‍ക്കണം എന്ന ബോധം വ്യക്തിക്ക് ഉണ്ടാകും. അങ്ങനെ ചില തീവ്ര ചിന്താഗതിയുള്ള സംഘടനകളിലേക്ക് ചെന്ന് ചേരാന്‍ ഇതൊരു പ്രേരക ശക്തിയാവുന്നു. പലപ്പോഴും ഇത്തരം ആളുകള്‍ അസാമാന്യ ഭാഷനൈപുണ്യമുള്ളവരും മറ്റുള്ളവരെ അങ്ങേയറ്റം ഈ കഴിവുകളുപയോഗിച്ച് സ്വാധീനിക്കാന്‍ കഴിവുള്ളവരുമായിരിക്കും. ഇത്തരം നേതൃത്വപാടവത്തെ കരിസ്മാറ്റിക് നേതൃത്വം എന്നാണ് പറയുന്നത്. 

നാര്‍സിസ്റ്റിക് വ്യക്തിത്വമുള്ളവര്‍ എല്ലായിടത്തും  പ്രശ്‌നങ്ങളും, അനീതിയും അന്യായവും  മാത്രം കാണുന്നവരും അതിനെതിരെ ആക്രമണപരമായി പ്രതികരിക്കുന്നവരുമാണ്. തീഷ്ണമായ സ്വയം സ്‌നേഹം മൂലം മറ്റുള്ളവരെ ഏറ്റവും വിലകുറച്ച് കാണുകയും എന്റെ വിശ്വാസങ്ങള്‍ മാത്രമാണ് ശരിയെന്നുമുള്ള വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സ്വഭാവമുള്ളവര്‍  കര്‍ക്കശമായ തീവ്രവാദ നിലപാടുകളെടുക്കുന്നവരാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. കുട്ടിക്കാലത്തെ അനുഭവങ്ങളുമായി ചേര്‍ത്ത് മനസിലാക്കുമ്പോള്‍ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങളും, ദുരിത പൂര്‍ണമായ ജീവിതവും, വൈകാരികമായ തരം താഴ്ത്തലുമൊക്കെ വ്യക്തിയിലുണ്ടാക്കിയ തീവ്രമായ ഭയവും പെട്ടന്ന് തകര്‍ന്നു പോവുന്ന തരത്തിലുള്ള മാനസികാവസ്ഥകളും  വ്യക്തിത്വത്തിന്റെ ഭാഗമായി മാറുന്നു. ഈ ഭയത്തെ മറികടക്കാന്‍ താന്‍ സ്വയം നിര്‍മിച്ച പുറം ചട്ട ധരിച്ച് അത്യന്തം നാടകീയമായും മറ്റുള്ളവരെ അടിച്ചമര്‍ത്തിക്കൊണ്ട് അതില്‍ സന്തോഷം കണ്ടത്താന്‍ ശ്രമിക്കുകയുമാണ് ഇത്തരക്കാര്‍.

എങ്ങനെയാണ് ഭീകരപ്രവര്‍ത്തകര്‍ ഉണ്ടാകുന്നത്?
 
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്ന വ്യക്തികളുടെ പ്രേരക ശക്തിയുടെ പിന്നിലെ കാരണങ്ങളന്വേഷിച്ചുകൊണ്ടുള്ള വിശകലനം ആദ്യമായി തരുന്നത് 1976 ല്‍ ഫ്രെഡറിക് ഹാക്കര്‍ എന്ന മനോരോഗ വിദഗ്ദനാണ്. Crusaders, Criminals and Crazies എന്ന തന്റെ പുസ്തകത്തിലൂടെ അദ്ദേഹം ഇത് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തീവ്രവാദികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതില്‍  ഒന്നാമത്തെ വിഭാഗം ധര്‍മ്മയുദ്ധത്തിന്റെ ആളുകളാണ്. സാമൂഹികമായ മാറ്റം സമൂഹത്തിനു അനിവാര്യമാണെന്നും അത് ജനനന്മയ്ക്ക് ഉപകരിക്കുമെന്ന ഉറച്ച വിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കുകയും മാറ്റത്തിനു വേണ്ടി തീവ്രമായി ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണിവര്‍. ഇത്തരം ആളുകളെ crusaders എന്നാണ് അദ്ദേഹം വിളിച്ചത്.

രണ്ടാമത്തെ വിഭാഗമാണ് criminals അഥവാ കുറ്റവാളികള്‍. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി സമൂഹത്തിന്റെ മാറ്റം ആഗ്രഹിക്കുകയും അതിലൂടെ സ്വന്തം നേട്ടത്തിനോ അല്ലെങ്കില്‍ വേണ്ടപ്പെട്ടവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയോ തീവ്രവാദവും അക്രമവും അഴിച്ചു വിടുന്നവരുമാണിവര്‍.

മൂന്നാമത്തെ വിഭാഗം ആളുകളെ crazies എന്നാണ് അദ്ദേഹം വിളിച്ചത്. സ്വന്തം മാനസികവും വ്യക്തിത്വപരവുമായ വൈകല്യങ്ങളുടെ ഉപോത്പന്നമായി കാര്യങ്ങളെ  യുക്തി പൂര്‍വ്വം ചിന്തിക്കാന്‍ പറ്റാത്തവരും അവരവരുടേത് മാത്രമായ അസാധാരണമായ ചിന്തകള്‍ വച്ച് പുലര്‍ത്തുകയും, താന്‍ മാത്രം ശരി എന്ന ചിന്തിച്ച് എടുത്തുചാടി പ്രവര്‍ത്തിക്കുന്നവരുമാണ് ഇവര്‍.

തീവ്രവാദത്തെ മനോരോഗാവസ്ഥയുമായും വ്യക്തിത്വ വൈകല്യവുമായും ബന്ധിപ്പിച്ചുകൊണ്ട് വിശദീകരണം നല്‍കിയ മനോരോഗ വിദഗ്ദ്ധനാണ് ജെരോള്‍ഡ് പോസ്റ്റ് (Jerrold Post). രണ്ടു തരത്തിലുള്ള വ്യക്തിത്വ തകരാറുകള്‍ ഭീകരവാദിയുടെ സ്വഭാവരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒന്നാമത്തെ വിഭാഗം ആളുകളെ അനര്‍കിക് ഐഡിലോഗ്  (Anarchic ideologue) എന്നാണ് അദ്ദേഹം വിളിച്ചത്. മോശം കുടുംബ സാഹചര്യങ്ങളില്‍ ജനിച്ചവരും, തീവ്രമായ പീഡാനുഭവങ്ങളിലൂടെ കടന്നു പോയവരും തന്റെ വൈകാരിക അവസ്ഥകള്‍ക്ക്  യാതൊരു വിധ പരിഗണനയും കിട്ടാത്തവരും തങ്ങളുടെ മാതപിതക്കന്മാരോട് അങ്ങേയറ്റം ശത്രുതയില്‍ വളര്‍ന്നു വന്നവരുമായിരിക്കും ഇത്തരക്കാര്‍. തങ്ങളുടെ രക്ഷിതാക്കളോടുള്ള പകയും വെറുപ്പുമൊക്കെ നിലവിലുള്ള രാഷ്ട്രീയ സാമൂഹിക അവസ്ഥകളോടുള്ള എതിര്‍പ്പുകളിലേക്ക് അബോധ മനസ്സ് വഴിതിരിച്ചു വിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

രണ്ടാമത്തെ വിഭാഗം ആളുകളെ നാഷനലിസ്റ്റ് സെഷനിസ്റ്റുകള്‍ എന്നാണ് അദ്ദേഹം വിളിച്ചത് (Nationalist secessionist.) തന്റെ രക്ഷിതാക്കള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നോ അധികാരികളില്‍ നിന്നോ നിലവിലുള്ള നിയമവ്യവസ്ഥകളില്‍  നിന്നോ ഉണ്ടായ തെറ്റായ അനുഭവങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്കാകും ആളുകള്‍ തീവ്രമായ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ളവരാകുന്നതെന്ന് പറയുന്നു. ജെരോള്‍ഡ് പോസ്ടിന്റെ അഭിപ്രായത്തില്‍ മനുഷ്യ ജീവിത സാഹചര്യങ്ങളും, അനുഭവങ്ങളും അതുമൂലമുള്ള അവന്റെ അബോധ മനസ്സിന്റെ പ്രവര്‍ത്തനങ്ങളുമൊക്കെ വ്യക്തി തീവ്രചിന്തകള്‍ പേറുന്നതിനു കാരണമാവുന്നുവെന്നു പറയുന്നു.

സ്വന്തം ജീവന്‍ പോലും ബലികഴിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വരുന്നവരുടെ മാനസികാരോഗ്യത്തെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. തീവ്രമായ മാനസിക രോഗങ്ങളോ മാനസികാവസ്ഥകളോ വളരെ ചെറിയ അളവില്‍ മാത്രമേ ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരില്‍ കാണുന്നുള്ളൂവെന്ന് ചില പഠനങ്ങള്‍ പറയുമ്പോള്‍ വ്യക്തികളില്‍ അന്തര്‍ലീനമായിരിക്കുന്ന അടിയുറച്ച വിശ്വാസങ്ങള്‍ക്ക് ചില തീവ്ര മനോരോഗങ്ങളില്‍ കാണുന്നതു പോലുള്ള മിഥ്യാ ധാരണകളുമായി (Delusions) ബന്ധമുണ്ടെന്ന് ചില മന:ശാസ്ത്രജ്ഞന്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്.

ഒരു പ്രത്യേക കാരണമാണ് വ്യക്തികള്‍ തീവ്രവാദികളാവുന്നതിനു പിന്നിലെന്ന് പറയുന്നതിന് പകരം  പലതരം ഘടകങ്ങള്‍ പ്രത്യേകിച്ച് വ്യക്തിയുടെ മാനസികാരോഗ്യം, വൈകാരിക അവസ്ഥകള്‍, ജീവിത സാഹചര്യങ്ങള്‍, വ്യക്തിത്വ വൈകല്യങ്ങള്‍, നിലവിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥകള്‍ ഇവയൊക്കെ ഒരുമിച്ചു ചേരുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ സമൂഹത്തിനുണ്ടാവുക. 

മനുഷ്യനെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കുപ്പായമിട്ടവരായി കാണുന്നതിനു പകരം മനുഷ്യനായി കാണണം. ജോസഫെന്നു കേള്‍ക്കുമ്പോള്‍ ക്രിസ്ത്യാനിയായും ഗോപാലന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഹിന്ദുവായും, ഹംസ എന്ന് കേട്ടാല്‍ മുസല്‍മാനായും കാണുന്നതിനു പകരം മനുഷ്യനായി  കാണാന്‍ നാം മറന്നു പോകുന്നു. തന്റേതു മാത്രമായ ലോകം വെട്ടിപ്പിടിക്കാന്‍ പുറപ്പെടുമ്പോള്‍ അടിസ്ഥാനപരമായി നാമൊക്കെ വെറും മനുഷ്യരാണെന്നും നമ്മുടെ ചിന്തകളും മനോഭാവവുമൊക്കെ എന്റേതു മാത്രമായ അനുഭവങ്ങളിലൂടെ നിര്‍മിക്കപ്പെട്ടതാണെന്നും അത് ദീര്‍ഘകാലം നിലനില്‍ക്കുന്നതല്ലെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

മനുഷ്യനെന്ന നിലയിലുള്ള പരസ്പര വ്യത്യാസം പരസ്പര ബഹുമാനത്തിലേക്ക് നയിക്കുമ്പോള്‍ മാത്രമേ പരസ്പര സ്‌നേഹമുണ്ടാകുകയുള്ളൂ.  ഞാന്‍, എന്റേത്, എന്റേത് മാത്രം എന്ന ചിന്ത പലപ്പോഴും മറ്റുള്ളവരെ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍  അതിരുകള്‍ തിരിച്ച് എന്റെ ലോകം മതി എന്ന മിഥ്യ ധാരണയിലേക്ക് നയിക്കും. നമ്മള്‍ പോലും അറിയാതെ മാറ്റാന്‍ പറ്റാത്ത വിധം ഉറച്ചു പോയ ചില വിശ്വാസങ്ങള്‍ അതിക്രമങ്ങളിലേക്കും ഭീകര പ്രവര്‍ത്തനങ്ങളിലേക്കും നയിക്കാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു.