വളരെ തിരക്ക് പിടിച്ച ഈ ലോകത്ത് എന്തൊക്കെയോ വെട്ടിപ്പിടിക്കാനായി പരക്കം പായുകയാണ് നാം ഓരോരുത്തരും. ''സ്വന്തം പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് വേണമല്ലോ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍'', ''നൂറു കൂട്ടം പ്രശ്‌നങ്ങള്‍ എനിക്കുണ്ട്'', ഈ ലോകത്തെ മാറ്റാന്‍ ഞാന്‍ മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ല''. ഇങ്ങനെ ഒക്കെ ചിന്തിച്ച് ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്തിരിയുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. അപകടം സംഭവിച്ചു റോഡില്‍ സഹായം കിട്ടാതെ ചോര വാര്‍ന്നു മരിച്ച ഒരു പാടു പേര്‍. അവരുടെ ചിത്രങ്ങളുടെ ഫോട്ടോയും സെല്‍ഫിയും എടുത്ത് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തവര്‍. ഇങ്ങനെ ഒരുപാടു വാര്‍ത്തകള്‍. ഇതിന്റെ ഒക്കെ ഉത്തരം തേടുമ്പോള്‍ നമ്മള്‍ എത്തിച്ചേരുന്ന സുന്ദരമായ വാക്കാണ് സ്വാര്‍ത്ഥത.

അടുത്ത കാലത്തായി വന്ന ഒരു പത്രവാര്‍ത്തയിലേക്ക്. ബെംഗളൂരുവില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുള്ള കൊപ്പലില്‍ സ്റ്റേറ്റ് ബസ് ഇടിച്ച് രക്തത്തില്‍ കുളിച്ചു കിടന്ന അന്‍വര്‍ അലി എന്ന പതിനെട്ടുകാരനെ ആസ്പത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍ ജീവന്‍ നഷ്ടപ്പെട്ട സംഭവമായിരുന്നു അത്. അരമണിക്കൂറോളം അയാള്‍ റോഡില്‍ക്കിടന്നു. സൈക്കിളില്‍ നിന്ന് സര്‍ക്കാര്‍ ബസ് ഇടിച്ച് തെറിച്ചുവീണപ്പോള്‍ അന്‍വറിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സഹായത്തിന് അഭ്യര്‍ഥിച്ചെങ്കിലും ആരും കേട്ടഭാവം നടിച്ചില്ലെന്നു മാത്രമല്ല മൊബൈല്‍ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതുപോലെ തന്നെ ബസ് ഇടിച്ചതിനെത്തുടര്‍ന്ന് ജീപ്പില്‍ കുടുങ്ങിപ്പോയ പോലീസുകാരന്‍ സഹായത്തിനായി അഭ്യര്‍ഥിച്ചപ്പോള്‍ കൂടി നിന്നവര്‍ ചിത്രങ്ങള്‍ പകര്‍ത്തിയ മറ്റൊരു വാര്‍ത്ത വന്നത് മൈസൂരില്‍ നിന്നായിരുന്നു.

 

എന്താണ് സ്വാര്‍ത്ഥത?

ഒരു വ്യക്തി അയാളുടെ ലക്ഷ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും  അമിതമായി പ്രാധാന്യം കൊടുക്കുകയും മറ്റുള്ളവര്‍ക്ക് അത്യാവശ്യമായി സഹായം ചെയ്യേണ്ട സാഹചര്യങ്ങളില്‍ പോലും  തന്റെ കാര്യങ്ങള്‍ക്കു മാത്രം പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നത് സ്വാര്‍ത്ഥതയാണ്. ചില ആളുകള്‍ സ്വാര്‍ത്ഥന്‍മാരും മറ്റു ചിലര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? സ്വാര്‍ത്ഥത ഒരു നല്ല ഗുണമാണോ? സ്വാര്‍ത്ഥത ഒരു സ്വയം സ്‌നേഹമാണോ? ഒരു ശരാശരി അച്ഛനോ അമ്മയോ മക്കളോട് പറയുന്നത് എവിടെ പോയാലും സ്വന്തം കാര്യം നോക്കി നില്‍ക്കാനാണ്. അതായതു നിന്റെ പഠനം, ജോലി, ജീവിതം-പിന്നെ ചുറ്റുമുള്ള ചതിക്കുഴികളെ പറ്റി ബോധവാനാകുക. അതിനപ്പുറം നന്മയുള്ള ഒരു ലോകവും നമുക്ക് ചുറ്റുമുണ്ടെന്ന ബോധ്യം പലപ്പോഴും നമുക്ക് കിട്ടാറില്ല. 

സ്വാര്‍ത്ഥതയുടെ കാരണങ്ങള്‍

സ്വാര്‍ത്ഥത എന്നത് ഒരു സ്വഭാവമോ അല്ലെങ്കില്‍ വ്യക്തിത്വ സവിശേഷതയോ ഒക്കെ ആണെങ്കിലും അതിനു പലതരത്തിലുള്ള മന:ശാസ്ത്രപരമായ കാരണങ്ങളുണ്ട്. സ്വാര്‍ത്ഥത എന്ന സ്വഭാവം പലപ്പോഴും കഴിവില്ലായ്മയുടെ ലക്ഷണമാണ്. വ്യക്തിക്ക് ജീവിത സാഹചര്യങ്ങളെ നല്ല രീതിയില്‍ അഭിമുഖീകരിക്കാനും പ്രയാസങ്ങളെ നേരിടാനുമുള്ള കഴിവില്ലയ്മ, മറ്റ് ആളുകളുമായി ഇടപഴകാനും  വ്യക്തി ബന്ധങ്ങള്‍ നിലനിര്‍ത്താനുമുള്ള കഴിവില്ലായ്മ സ്വാര്‍ത്ഥതയിലേക്ക് നയിക്കാം.  

മറ്റുള്ളവര്‍ തന്നെ ദുരുപയോഗം ചെയ്യുമോ?, അവര്‍ തന്റെ കഴിവുകളോ, പണമോ, പദവിയോ ഒക്കെ തട്ടിയെടുക്കുമോ? തുടങ്ങിയ ആശങ്കകള്‍ പലപ്പോഴും സ്വാര്‍ത്ഥതക്ക് കാരണമാവാറുണ്ട്. ''ഈ ലോകത്തില്‍ ഒരു മനുഷ്യനെയും വിശ്വസിക്കാന്‍ കൊള്ളില്ല'' , ''എല്ലാവരും  ചതിയന്‍മാരും സ്വാര്‍ത്ഥരുമാണ്'' എന്ന ഉറച്ച വിശ്വാസമുള്ളവര്‍. എല്ലാത്തിനോടും വളരെ നെഗറ്റീവ് ആയി മാത്രം ചിന്തിക്കുന്നവര്‍. എല്ലാ കാര്യങ്ങളിലും സ്വയം സംശയവും മറ്റുള്ളവരെ സംശയിക്കുന്നവരും സ്വാര്‍ത്ഥരായി പെരുമാറാം.

സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്ത, ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍ കഴിവില്ലാത്ത ആളുകള്‍, ശുഭാപ്തി വിശ്വാസമില്ലാതെ ലക്ഷ്യത്തിലെത്താന്‍  ഭയക്കുന്നവര്‍-ഇവരെല്ലാം പലപ്പോഴും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാനാഗ്രഹിക്കുന്നവരായിരിക്കും. 

ചില ആളുകള്‍ കാര്യങ്ങള്‍ എന്റെ നിയന്ത്രണത്തില്‍ നിന്ന് പോകുമോ എന്ന ഭയം കാരണം സ്വാര്‍ത്ഥരാകാറുണ്ട്. തന്നെ സംബന്ധിക്കുന്ന  എല്ലാ കാര്യങ്ങളും  തന്റെ നിയന്ത്രണത്തിലാകണമെന്നു വാശി പിടിക്കുന്നവര്‍. ഞാന്‍ മറ്റൊരാളെ സഹായിച്ചാല്‍ ഭാവിയില്‍ അവര്‍ അത് മറന്നു എനിക്കെതിരെ പ്രവര്‍ത്തിക്കുമോ എന്ന ഭയവും മറ്റും മനുഷ്യനെ  സ്വാര്‍ത്ഥനാക്കാറുണ്ട്.
അവനവന്റെ ഗുണങ്ങളെ കൂടുതല്‍ സ്‌നേഹിക്കുകയും മറ്റുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവര്‍. യാതൊരു കുറ്റ ബോധവുമില്ലാതെ, സമൂഹത്തോടും വ്യക്തികളോടും ഒരു കടപ്പാടുമില്ലാതെ ജീവിക്കുന്നവര്‍. തന്നെ പോലെ തന്നെ മോശപ്പെട്ടവരാണ്  മറ്റുള്ളവരെന്നും അല്പം മോശമായാലെ ഈ ലോകത്തില്‍ ജീവിക്കാന്‍ പറ്റുകയുള്ളു എന്നും തീവ്രമായി വിശ്വസിക്കുന്നവരില്‍ നിന്നും സ്വാര്‍ത്ഥത നിറഞ്ഞ പെരുമാറ്റം പ്രതീക്ഷിക്കാം.

 ഏതു വളഞ്ഞവഴിയിലൂടെയും കാര്യം നേടണമെന്ന് വിശ്വസിക്കുന്നവര്‍  മറ്റുള്ളവരുടെ വികാരങ്ങളെ മനസിലാക്കണമെന്നില്ല. പലപ്പോഴും കുടുംബ സാഹചര്യവും നിരന്തരമായ മറ്റുള്ളവരില്‍ നിന്നുള്ള മോശം ജീവിതാനുഭവങ്ങളും ഒക്കെ ഒരു വ്യക്തിയെ  സ്വാര്‍ത്ഥനാക്കാന്‍ കാരണമാണ്.

ഇത്തരത്തിലുള്ള മാനസിക കാരണങ്ങള്‍ക്കൊപ്പം തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ അതായതു തലച്ചോറിനുള്ളിലെ വികാരങ്ങളുടെ കേന്ദ്രമായ അമിഗ്ദലയിലെ ഒരു ഭാഗം (Baso  lateral amygdala) തകരാറിലായവര്‍ക്ക് സ്വാര്‍ത്ഥത കുറവുള്ളതായി കാണുന്നുവെന്നും അതുപോലെ തന്നെ സ്വാര്‍ത്ഥത നിറഞ്ഞ പെരുമാറ്റത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആന്റിരിയല്‍ സിന്ഗുലെറ്റ് ഗൈറസില്‍ കൂടുതല്‍ നേര്‍വ് ഫൈറിംഗ് നടക്കുന്നതായും പഠനങ്ങള്‍ ഉണ്ട്. അതായതു ഒരു വ്യക്തിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ അയാളുടെ സ്വഭാവത്തെ കാര്യമായി ബാധിക്കുന്നു.

സ്വാര്‍ത്ഥത ഒരു മനോരോഗമാണോ?

സ്വാര്‍ത്ഥതയെ ഒരു മനോരോഗമായി കണക്കാക്കാനാവില്ലെങ്കിലും അമിത സ്വാര്‍ത്ഥത പല വ്യക്തിത്വ വൈകല്യങ്ങളുടെയും ലക്ഷണമാണ്. ഒരാളുടെ സാമൂഹിക ഇടപെടലുകളില്‍ സ്വാര്‍ത്ഥത ഒരു പ്രധാന സ്വഭാവമായി വരുകയും അത് വ്യക്തിയുടെ ജീവിതത്തെ ബാധിക്കുകയും അതിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍  അത് മന:ശാസ്ത്രപരമായി ചികിത്സിക്കേണ്ടതുണ്ട്.

സ്വാര്‍ത്ഥതയെ തരണം ചെയ്യാം

സ്വാര്‍ത്ഥത ഒരു  കഴിവല്ല എന്നും അത് ഒരു ദൗര്‍ബല്യമാണെന്നുമുള്ള തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്. ആത്മവിശ്വാസമുണ്ടായിരിക്കുകയും ഞാന്‍ കഴിവുള്ളവനാണെന്നും ഞാന്‍ പ്രാപ്തനാണെന്നും വിശ്വസിക്കുകയും എനിക്ക് പ്രതിസന്ധികളെ തരണം ചെയാന്‍ കഴിയുമെന്നും വിശ്വസിക്കുക.

ലക്ഷ്യങ്ങളെ കൃത്യമായി ക്രമീകരിക്കുകയും മാനവിക മുല്യങ്ങളെ മുറുകെ പിടിച്ചു ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഒന്നുകില്‍ ഏറ്റവും നല്ലത് അല്ലെങ്കില്‍ ഏറ്റവും ചീത്ത എന്ന് ചിന്തിക്കുന്നതിനു പകരം ഇതിനിടയില്‍ ഒരു പാട് നല്ല കാര്യങ്ങള്‍ ഉണ്ട് എന്ന് മനസിലാക്കുക. ഓരോ മനുഷ്യനും അവന്റെ ചിന്താരീതികള്‍ കൊണ്ടും, പ്രവൃത്തി കൊണ്ടുമൊക്കെ വത്യസ്തരാണെന്ന് തിരിച്ചറിയുകയും എല്ലാവരിലും  നല്ലതും ചീത്തയും ഉണ്ടെന്നു വിശ്വസിച്ചു നല്ലതിനെ കാണാന്‍ ശ്രമിക്കുകയും ചെയ്യുക.

സ്വാര്‍ത്ഥത ഒരു  വ്യക്തിയുടെ മാത്രമല്ല സാമൂഹിക തകര്‍ച്ചയാണെന്ന് തിരിച്ചറിയുക.

മാതാപിതാക്കള്‍ നല്ല മാതൃകകള്‍

സഹകരണത്തിന്റെയും കൂട്ടായ  പ്രവര്‍ത്തനത്തിന്റെയും, ദാനത്തിന്റെയും, ക്ഷമയുടെയും പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും മാതാപിതാക്കള്‍ക്ക് നല്ല മാതൃകകള്‍ ആകാനും കഴിയണം.
 
മാതാപിതാക്കള്‍ നല്ല സാമൂഹിക ബന്ധവും വിനയവും കടപ്പാടുമുള്ളവരാകുകയും കുട്ടികളുടെ സഹായമനസ്‌കതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 

സാമൂഹിക പ്രവര്‍ത്തനങ്ങള്‍, ക്ലബ്ബുകള്‍, കല-കായിക പാഠ്യേതര പ്രവൃത്തികള്‍ എന്നിവയില്‍ പങ്കെടുക്കുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും അതിലൂടെ സാമൂഹിക സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനും നല്ല വ്യക്തി ബന്ധങ്ങള്‍ തിരഞ്ഞെടുക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

വീട്ടില്‍ പത്രവാര്‍ത്തകളെപ്പറ്റി സംസാരിക്കുകയും അതിനെപ്പറ്റിയുള്ള  വ്യക്തിപരമായ അഭിപ്രായങ്ങള്‍  ചര്‍ച്ച ചെയ്യുകയുമാകാം.