സ്വയം ഉപദ്രവിച്ച് അതില്‍ സന്തോഷം കണ്ടെത്തുന്നവരുണ്ടോ? കത്തി, ബ്ലെയ്ഡ്,സേഫ്റ്റി പിന്‍  തുടങ്ങിയവ ഉപയോഗിച്ച് ശരീരത്തില്‍ ആവര്‍ത്തിച്ചു  മുറിവേല്പിക്കുകയും തന്റെ കാമുകിയുടെയോ കാമുകന്റെയോ പേര് സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി എഴുതുന്നവരും വിരളമല്ല. സ്വന്തം ശരീരത്തില്‍ ബ്ലേഡോ മറ്റോ ആഴ്ന്നിറങ്ങുമ്പോള്‍ അല്ലെങ്കില്‍ ആവര്‍ത്തിച്ചു മുറിവുകളുണ്ടാക്കുമ്പോള്‍ അതില്‍ നിന്ന് ചോര പൊടിയുമ്പോള്‍ മനസമാധാനം കിട്ടുന്ന മനസിനെ ഒന്ന് സങ്കല്പിച്ചു നോക്കൂ....

ഒരിക്കല്‍ മന:ശാസ്ത്രജ്ഞനെ കാണാന്‍ വന്ന കൗമാരക്കാരനെ ഓര്‍ക്കുന്നു..കൈകളില്‍ ഒരേ രീതിയിലുള്ള, അടുപ്പിച്ചുള്ള അത്ര ആഴത്തിലല്ലാത്ത മുറിവുകളുമായാണ് അധ്യാപകനോപ്പം അവന്‍ വന്നത്. ഈ സ്വഭാവം അവന്‍ കുറെ കാലങ്ങളായി തുടര്‍ന്നു പോവുന്നതാണ്.

''എനിക്ക് അങ്ങനെ തോന്നി ഞാന്‍ ചെയ്തു...അല്ലാതെ വേറെ ഒരു പ്രശ്‌നവും എനിക്കില്ല....ചില സമയങ്ങളില്‍  ഒറ്റയ്ക്കിരിക്കുമ്പോള്‍...ആരുമില്ല എന്ന ഒരു തോന്നല്‍...ഒരു ശൂന്യത തോന്നുമ്പോള്‍ ഒരു ദിവസം കൈത്തണ്ടയില്‍ അത്ര ആഴത്തിലല്ലാത്ത മുറിവുകളുണ്ടാക്കി..ചോര പൊടിയുന്നതും ആ വേദനയുമൊക്കെ അല്‍പസമയത്തേക്ക് ആശ്വാസം തന്നു''... പിന്നീടെപ്പൊഴൊക്കെയോ ഈ പെരുമാറ്റം അവനില്‍ ഒരു ശീലമായി മാറി. അല്പം അത്ഭുതത്തോടെയാവും മറ്റുള്ളവര്‍ ഇത്തരം സ്വഭാവങ്ങളെ കാണുക. എന്നാല്‍ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് പിന്നില്‍ വ്യക്തിയുടെ മാനസികാവസ്ഥകള്‍ക്ക് കാര്യമായ പ്രാധാന്യമുണ്ട്.

എന്താണ് മന:പൂര്‍വമുള്ള സ്വയം മുറിവേല്പിക്കല്‍ ?

മന:പൂര്‍വമായി സ്വന്തം ശരീരത്തെ ഉപദ്രവിക്കുകയോ, മുറിവേല്പിക്കുകയോ,തീ കൊണ്ട് പൊള്ളിക്കുകയോ, ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കുകയോ,  മറ്റേതെങ്കിലും  തരത്തില്‍ ഹാനി ഉണ്ടാക്കുകയോ  ചെയ്യുന്ന പ്രവൃത്തിയാണ്  മനപൂര്‍വമുള്ള മുറിവേല്‍പിക്കല്‍ അല്ലെങ്കില്‍ ഡെലിബറെറ്റ് സെല്‍ഫ് ഹാം (Deliberate Self Harm).

ഇത്തരം മുറിവുകള്‍ കാണുമ്പോള്‍ ആത്മഹത്യാ ശ്രമം ആണെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ മരണം എന്നതിനപ്പുറം ആ വേദനയിലൂടെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വ്യക്തിയുടേതു മാത്രമായ  മാനസികമായ ശാന്തതയാണ് ഇത്തരക്കാര്‍ അനുഭവിക്കുക. പലപ്പോഴും മനസിന്റെ അടിത്തട്ടിലുള്ള സംഘര്‍ഷങ്ങളെ ലഘൂകരിക്കാനും
ആശങ്കകളില്‍ നിന്നും മനസിനെ വ്യതിചലിപ്പിക്കാനുമൊക്കെയാണ് ചിലര്‍ ഇത്തരം പെരുമാറ്റങ്ങള്‍ തുടര്‍ന്ന് പോകുന്നത്.

എങ്ങനെയാണു ഇത്തരം പെരുമാറ്റങ്ങള്‍ വ്യക്തികളില്‍ രൂപപ്പെടുന്നത്?

സ്വയം മുറിവേല്പിക്കുന്ന സ്വഭാവം വ്യക്തിയുടെ വ്യക്തിത്വ രൂപീകരണവുമായി കാര്യമായി ബന്ധപ്പെട്ടിരിക്കുന്നു. മിക്കവാറും കൗമാരപ്രായത്തിലോ കൗമാര കാലഘട്ടത്തിന്റെ തുടക്കത്തിലോ ഒക്കെയാണ് ഇത്തരം പെരുമാറ്റങ്ങള്‍ വ്യക്തികളില്‍ കണ്ടു തുടങ്ങുന്നത്. ഹെര്‍പെട്‌സ് (Herpertz) എന്ന മനശാസ്ത്രജ്ഞന്റെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍  സാധാരണയായി 18 വയസിനും 24 വയസിനും ഇടയിലുള്ള സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഇത്തരം സ്വഭാവങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നുവെന്നു പറയുന്നു.

അതുപോലെ തന്നെ വ്യക്തി ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ സഹിക്കാനോ അതിനോട് പൊരുത്തപ്പെടാനോ പറ്റാതെ വരുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷം, നിരാശ, മടുപ്പ്, ദേഷ്യം, ഉത്ക്കണ്ഠ തുടങ്ങിയവ മൂലം, സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പെട്ടെന്നുള്ള ഉപാധിയായാണ് സ്വയം മുറിവേല്പിക്കലെന്ന സ്വഭാവം വ്യക്തികള്‍ കാണിക്കുക. 

അതുപോലെ തന്നെ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മാതാപിതാക്കളില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ അനുഭവിക്കേണ്ടി വന്ന ശാരീരിക- മാനസിക-ലൈംഗിക പീഡനങ്ങള്‍, ഒറ്റപ്പെടുത്തുന്നതോ, അവഗണിക്കുന്നതോ ആയ സാഹചര്യങ്ങള്‍ മുതലായവ സ്വയം മുറിവേല്പിക്കലെന്ന സ്വഭാവത്തിലേക്കു വ്യക്തികളെ നയിച്ചേക്കാം. പൊതുവേ ഇത്തരം പെരുമാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് കൗമാര കാലഘട്ടത്തിലാണെങ്കിലും ശരിയായ രീതിയില്‍ ഇത്തരം സ്വഭാവങ്ങളെ  മാനസിക ചികിത്സയിലൂടെ പരിഹരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ജീവിതകാലം മുഴുവന്‍ ഈ പെരുമാറ്റ വൈകല്യം തുടര്‍ന്നു പോവാനുള്ള സാധ്യത കൂടുതലാണ്.

നോക്ക്, പ്രിന്‍സ്‌ടെന്‍ (Nock, Prinstein)  തുടങ്ങിയ ഗവേഷകരുടെ അഭിപ്രായത്തില്‍ മനപൂര്‍വമുള്ള സ്വയം മുറിവേല്പിക്കലിനു പിന്നില്‍ നാല് പ്രധാന കാരണങ്ങളാണുള്ളത്. ഒന്നാമതായി സ്വയം മുറിവേല്പിക്കുന്നതിലൂടെ മാനസികമായ മോശം വൈകാരികാവസ്ഥയ്ക്ക് കുറവ് വരുത്തുന്നതിനും, രണ്ടാമതായി, വ്യക്തി അനുഭവിക്കുന്ന മാനസികമായ ശൂന്യതയ്ക്കും മരവിച്ച അവസ്ഥയ്ക്കും മാറ്റം വരുന്നതിനു വേണ്ടിയും, മൂന്നാമതായി മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും  അതിനെ അഭിമുഖീകരിക്കാതെ രക്ഷപെടാനായും, നാലാമതായി മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നതിനും ഞാന്‍ വേദനിക്കുന്നു എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനും സഹായം ലഭിക്കുന്നതിനും വേണ്ടിയുമാണ് ആളുകള്‍ ഇത്തരം പെരുമാറ്റങ്ങളിലേക്ക് വരുന്നതെന്നാണെന്ന് കണ്ടെത്തല്‍.

വ്യക്തി മന:പൂര്‍വം മുറിവേല്പിക്കുന്നു എന്ന തെറ്റിദ്ധാരണ നില നില്‍ക്കുമ്പോള്‍ തന്നെ ഇത്തരം മുറിവേല്പിക്കലിനു ശേഷം അമിതമായി എന്തിനിങ്ങനെ ചെയ്തു എന്ന് ആശങ്കപ്പെടുന്നവരാണ് മിക്കവാറും ഇത്തരം സ്വഭാവമുള്ള നല്ലൊരു ശതമാനം ആളുകള്‍.

രണ്ടായിരത്തി ആറില്‍ അലക്‌സാണ്ടര്‍ ചാപ്മാനും (Alexander Chapman) സഹ ഗവേഷകരും നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ സ്വയം മുറിവേല്പിക്കുന്ന പെരുമാറ്റത്തെ ശാരീരിക മാറ്റങ്ങളുമായി ബന്ധിപ്പിച്ചുള്ള വിശദീകരണമാണ് തരുന്നത്. എക്‌സ്‌പെരെന്ഷല്‍ അവോയിഡന്‍സ് മോഡല്‍ (Experiential Avoidance Model) എന്നാണ് ഈ വിശദീകരണത്തെ അവര്‍ വിളിച്ചത്. ശരീരവും മനസും തമ്മിലുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കി കൊണ്ടുള്ള ഒരു സിദ്ധാന്തമാണിത്. 

മനുഷ്യ ശരീരത്തിലെ സ്വാഭാവികമായ വേദന സംഹാരിയാണ് എന്‍ഡോര്‍ഫിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍. ശരീരത്തില്‍ ഏതെങ്കിലും മുറിവോ ക്ഷതമോ എല്ക്കുമ്പോള്‍ എന്‍ഡോര്‍ഫിനുകള്‍ സ്രവിക്കുകയും വേദനയ്ക്ക് ശമനം ഉണ്ടാക്കുകയും സുഖകരമായ അനുഭവം നല്‍കുകയും ചെയ്യും.

പലപ്പോഴും മാനസിക വൈകാരിക വിഷമങ്ങള്‍  അനുഭവിക്കുന്നവര്‍ സ്വയം മുറിവേല്പിക്കലിലേക്ക് യാദൃച്ഛികമായി വരികയും മുറിവുണ്ടാകുമ്പോള്‍ ശരീരത്തില്‍ ധാരാളം എന്‍ഡോര്‍ഫിനുകള്‍ സ്രവിക്കപ്പെടുകയും ഒരു വേദന സംഹാരി പോലുള്ള    താല്‍ക്കാലിക ആശ്വാസം ലഭിക്കുകയും ചെയ്യും. 

മാനസിക സംഘര്‍ഷങ്ങളുടെ കാരണങ്ങള്‍ മനസിലാക്കി യാഥാര്‍ത്ഥ്യ ബോധത്തോടെ പരിഹരിക്കാനുള്ള വ്യക്തിയുടെ പോരായ്മകള്‍ ഇത്തരം പെരുമാറ്റങ്ങളിലേക്ക് എത്തിക്കുകയും  പിന്നീട് സ്വയം മുറിവേല്‍പിക്കല്‍  ശീലമായി മാറുകയും ചെയ്യുന്നുവെന്ന് ചാപ്മാന്‍ തന്റെ നിരീക്ഷണങ്ങളിലൂടെ വ്യക്തമാക്കുന്നു.

സ്വയം മുറിവേല്പിക്കലും  മാനസിക രോഗങ്ങളും

മാനസിക രോഗാവസ്ഥകളുമായി ബന്ധപ്പെടുത്തി മനസിലാക്കുമ്പോള്‍ സ്വയം മുറിവേല്‍പ്പിക്കലുകള്‍ പലതരത്തിലുള്ള മാനസിക രോഗാവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഇത്തരം സ്വഭാവങ്ങളുമായി വളരെ അധികം ബന്ധപ്പെട്ടു കിടക്കുന്ന ഒരു വ്യക്തിത്വ വൈകല്യമാണ് ഇമോഷണലി അണ്‍സ്റ്റേബിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ (Emotionally Unstable Personality Disorder). വ്യക്തിത്വത്തിന്റെ ഭാഗമായി വ്യക്തിയുടെ സ്വഭാവത്തിലുള്ള പ്രത്യേകതകള്‍ അവരുടെ ജീവിതത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. 

വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ, മോശം അനുഭവങ്ങളെ സഹിക്കുവനുള്ള പോരായ്മ, പെട്ടന്നുണ്ടാകുന്ന വൈകാരിക മാറ്റങ്ങള്‍. വ്യക്തി ബന്ധങ്ങളില്‍ ഉണ്ടാകുന്ന തകരാറുകള്‍, ആളുകളുമായി പെട്ടന്ന് അടുക്കുകയും എന്നാല്‍ കാലക്രമേണ വ്യക്തി ബന്ധങ്ങളില്‍ കാര്യമായ തകരാറുകള്‍ ഉണ്ടാവുക, പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവ രീതികള്‍ മുതലായവയൊക്കെ ഇമോഷണലി അണ്‍സ്‌റ്റേബിള്‍ പേഴ്‌സണാലിറ്റി ഡിസോഡറിന്റെ ലക്ഷണങ്ങളാണ്.

മറ്റൊരു മാനസിക രോഗാവസ്ഥയാണ് പോസ്റ്റ് ട്രോമാറ്റിക്ക് സ്‌ട്രെസ്സ് ഡിസോഡര്‍ (Post-Traumatic Stress Disorder). ജീവിതത്തില്‍ എപ്പോഴെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള മറക്കാനാവാത്ത അനുഭവങ്ങളെപ്പറ്റിയുള്ള ആവര്‍ത്തിച്ചു വരുന്ന ചിന്തകളും, അതുപോലെയുള്ള അനുഭവങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മയില്‍ വരികയും, വ്യക്തിയുടെ എല്ലാ ജീവിത തലങ്ങളിലും മോശമായി ബാധിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് ഇത്. ഇത്തരം രോഗാവസ്ഥയില്‍ സ്വയം മുറിവേല്‍പ്പിക്കുന്ന സ്വഭാവം രോഗി കാണിക്കാനുള്ള സാധ്യത ഉണ്ട്.

അതുപോലെ തന്നെ വിഷാദ രോഗാവസ്ഥകളില്‍ (Depression) അവനവനോട് തന്നെ തോന്നുന്ന വെറുപ്പും, മദ്യത്തിനും  മയക്കുമരുന്നിനും അടിമപ്പെടുന്ന അവസ്ഥകളിലും തീവ്ര മനോരോഗാവസ്ഥകളിലും മനപൂര്‍വമുള്ള മുറിവേല്‍പ്പിക്കലുകള്‍ സര്‍വ സാധാരണമാണ്. കുട്ടികളില്‍ കണ്ടു വരുന്ന ഓട്ടിസം (Autism Spectrum Disorder) പോലുള്ള വൈകല്യങ്ങളില്‍ സ്വയം ഉപദ്രവിക്കുന്ന സ്വഭാവം കാണാറുണ്ട്. എന്നാല്‍ ഇത് വ്യക്തിയുടെ മനപൂര്‍വമുള്ള പെരുമാറ്റത്തെക്കാളുപരി നാഡീവ്യൂഹത്തിന്റെ തകരാറും സംവേദനങ്ങളെ ക്രമീകരിക്കുന്നതിനുള്ള തലച്ചോറിന്റെ പ്രവര്‍ത്തനവുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു.

സ്വയം മുറിവേല്പിക്കലും ആത്മഹത്യയും  

മന:പൂര്‍വമുള്ള സ്വയം മുറിവേല്‍പിക്കലുകള്‍ സാധാരണ  മരണകാരണമാവാറില്ല. എന്നാല്‍ ഇത്തരം പെരുമാറ്റങ്ങള്‍ ആത്മഹത്യകളായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത്, മുറിവേല്പിക്കുമ്പോഴോ  മറ്റോ പ്രധാന ഞരമ്പുകള്‍ മുറിയാനും, സഹായം പോലും ലഭിക്കാതെ മരണം വരെ സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ഇത്തരം ആളുകളുടെ കാര്യങ്ങള്‍ ചിന്തിക്കാതെയുള്ള എടുത്തുചാട്ടങ്ങള്‍ പലപ്പോഴും ആത്മഹത്യകളിലേക്ക് എത്തിച്ചേരാറുണ്ട്. വ്യക്തിയുടെ ഈ പെരുമാറ്റങ്ങളുടെ കാരണം മനസിലാക്കുകയും കൃത്യമായ രീതിയില്‍ മരുന്നുപയോഗിച്ചും സൈക്കോതെറാപ്പി ഉപയോഗിച്ചുമുള്ള ചികത്സ രീതികള്‍  തുടക്കത്തില്‍ തന്നെ നല്‍കുകയുമാണ് ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗം.
(മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍. പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. Contact number: 85472 81985)