സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കല്‍, സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പ്രദര്‍ശനം നടത്തല്‍ തുടങ്ങിയ ഒട്ടേറെ കുറ്റകൃത്യങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം പോത്തന്‍കോട് അയിരൂപ്പാറയില്‍ വീടുകളില്‍നിന്ന് അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നയാള്‍ കഴിഞ്ഞമാസം സി.സി.ടി.വിയില്‍ കുടുങ്ങിയിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച് അതെല്ലാം ധരിച്ച് രാത്രികാലങ്ങളില്‍ വിലസുന്ന യുവാവാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്. സ്ത്രീകള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നവരുടെ ക്രൂരവിനോദവും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. കോഴിക്കോട് മാവൂര്‍ റോഡിന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ നമ്മുടെ മനസിലുണ്ടാക്കിയ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ലൈംഗികവൈകൃതത്തിന് (പാരഫീലിയ) അടിമപ്പെട്ടവരാണ് ഇങ്ങനെയുള്ള ക്രൂരവിനോദങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നത്. പാരഫീലിയ അഥവാ ലൈംഗികവൈകൃതം പലതരത്തിലുണ്ട്. ഈ ലൈംഗികവൈകൃതങ്ങളില്‍ പലതും ക്രൂരവും നിയമവിരുദ്ധവുമാണ്.
പാരാഫീലിയ അല്ലെങ്കില്‍ ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ടിട്ടുള്ള ഒരു വ്യക്തിക്ക് പ്രത്യേക ഒരു വസ്തുവിനോടോ അല്ലെങ്കില്‍ അതിനെ ചുറ്റിപറ്റി നടക്കുന്ന പ്രവര്‍ത്തനങ്ങളോടോ ആയിരിക്കും താത്പര്യം. പാരാഫീലിയാസ് അഥവാ ലൈംഗികവൈകൃതത്തിന് അടിമപ്പെട്ടിട്ടുള്ളത് സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ്. ലൈംഗികവൈകൃതത്തിന്റെ ഫോക്കസ് വളരെയധികം പ്രത്യേകവും മാറ്റമില്ലാത്തതുമാണ്. ഒരു വ്യക്തിയുടെ ലൈംഗിക സംതൃപ്തിക്ക് ജീവനില്ലാത്ത ഒരുവസ്തുവിനെയോ അല്ലെങ്കില്‍ ആ വസ്തുവിനെ ആശ്രയിച്ചിട്ടുള്ളവയോടോ തോന്നുന്ന ചിന്തകള്‍ പാരാഫിലിയയെ വേര്‍തിരിച്ചു കാണിക്കുന്നു. ലൈംഗികവൈകൃതങ്ങള്‍ പലവിധമുണ്ട്:
എക്സിബിഷനിസം: ഒരു വ്യക്തിയുടെ തീവ്രമായ ലൈംഗിക ഉത്തേജനത്തിനുവേണ്ടി അയാളുടെ ജനനേന്ദ്രിയം അപരിചിതനായ ഒരു വ്യക്തിക്കുമുന്നില്‍ തുറന്ന് കാണിക്കുന്നത്.
ഫെറ്റിഷിസം: ജീവനില്ലാത്ത വസ്തുക്കള്‍ ലൈംഗിക ഉത്തേജനത്തിനോ രതിമൂര്‍ച്ഛയ്‌ക്കോ വേണ്ടി ഉപയോഗിക്കുന്നത്. ഏറ്റവും സാധാരണമായ ഭൗതിക വസ്തുക്കള്‍, സാധാരണ വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, ഷൂസ്, തുടങ്ങിയവയാകും ഇത്തരക്കാര്‍ ലൈംഗിക സംതൃപ്തിക്ക് ഉപയോഗിക്കുന്നത്.
ട്രാന്‍സ്വെസ്റ്റിക് ഫെറ്റിഷിസം: ലൈംഗിക സംതൃപ്തിക്ക് വേണ്ടി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന സമയത്ത് പങ്കാളിയുടെ വസ്ത്രങ്ങള്‍ എടുത്ത് ധരിക്കുന്നത് (cross dressing).
ഫ്രോട്ടെറിസം: ലൈംഗികസംതൃപ്തിക്കായി ഒരു വ്യക്തിയുടെ ശരീരഭാഗങ്ങളില്‍ അവരുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുന്നതുള്‍പ്പെടെയുള്ള സ്വഭാവരീതികള്‍.
പീഡോഫിലിയ: കുട്ടികളോടുള്ള ലൈംഗിക വൈകൃതവും ലൈംഗിക സംതൃപ്തിക്കായി അവരെ ഉപയോഗപ്പെടുത്തുന്നതും.
സെക്ഷ്വല്‍ മസോക്കിസം, സെക്ഷ്വല്‍ സാഡിസം: ലൈംഗികബന്ധത്തിനിടെ പങ്കാളിയെ അപമാനിക്കല്‍, അവരെ ശാരീരകമായി വേദനിപ്പിക്കല്‍ തുടങ്ങിയ സ്വഭാവരീതികള്‍. ഇത്തരക്കാര്‍ക്ക് വേദനാപൂര്‍ണമായ രതിവേഴ്ചയോടായിരിക്കും താത്പര്യം.
വോയറിസം: ഇത്തരം വ്യക്തികള്‍ ലൈംഗിക ഉത്തേജനം നേടുന്നത് നഗ്‌നത കാണുന്നതിലൂടെയോ നഗ്നചിത്രങ്ങള്‍ ആസ്വദിച്ചോ മറ്റുദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിരീക്ഷിച്ചോ ആയിരിക്കും.
ലൈംഗിക വൈകൃതം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നത് ഇപ്പോഴും വ്യക്തമല്ലാത്ത ഒരു വസ്തുതയാണ്. ലൈംഗികവൈകൃതത്തിനുള്ള ചികിത്സാരീതികള്‍ ഹൈപ്നോസിസും, ബിഹേവിയര്‍ തെറാപ്പി ടെക്‌നിക്കുകളും ഉള്‍പ്പെടുന്നതാണ്. അടുത്തകാലത്തായി Antiandrogens എന്ന ഒരു തരം മരുന്ന് ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തിന്റെ അളവ് കുറയ്ക്കാന്‍ ഉപയോഗിക്കുന്നു. മരുന്നുകള്‍ ലൈംഗിക സമ്മര്‍ദം കുറയ്ക്കുകയും ലൈംഗികമായി ഉത്തേജിപ്പിക്കുന്ന ദൃശ്യങ്ങളുടെ മാനസിക ഭാവനയുടെ ആവൃത്തി കുറയ്ക്കുകയും ചെയ്യുന്നു. ഇത് ലൈംഗിക വൈകൃതത്തില്‍നിന്നുള്ള അകല്‍ച്ച ഒഴിവാക്കാന്‍ സാധിക്കുന്നു. കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും മെഡിസിന്‍സും സംയോജിപ്പിച്ചുള്ള ചികിത്സാരീതി ഫലപ്രദമാണെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇത്തരം മാനസികാവസ്ഥകളെക്കുറിച്ച് വ്യക്തമായ അവബോധമില്ലാത്തതും ചില മുന്‍ധാരണകളുമാണ് ഇങ്ങനെയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ചികിത്സതേടാന്‍ മടിക്കുന്നതിന് കാരണം. കുട്ടികളിലോ മറ്റോ ഇത്തരം പ്രവര്‍ത്തികള്‍ കണ്ടാല്‍ മാനഹാനി ഭയന്ന് പലരും മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ മടിക്കുകയും ചെയ്യുന്നു. തുറന്ന ഇടപെടലുകള്‍ കൊണ്ടും സാമൂഹികവും വ്യക്തി കേന്ദ്രിതവുമായ ബോധവത്കരണത്തിലൂടെയും മതിയായ ചികിത്സയിലൂടെയും മാത്രമേ ഇത്തരം മാനസികാവസ്ഥകള്‍ക്ക് ഫലപ്രദമായ പരിഹാരം നേടാന്‍ സാധിക്കുകയുള്ളു.
(സൈക്കോളജിസ്റ്റും ചെന്നൈ എന്‍.ഐ.ഇ.പി.എം.ഡിയില്‍ ക്ലിനിക്കല്‍ സൈക്കോളജി ഗവേഷകയുമാണ് ലേഖിക)
Content Highlights: paraphilia behind the underwear theft and nude exbhitionism