ലൈംഗികത എല്ലാ കാലത്തും അല്പം ചൂടുള്ള വിഷയമാണ്. അത് അശ്ലീല സാഹിത്യവും, അശ്ലീല ചിത്രങ്ങളും ചലച്ചിത്രങ്ങളുമൊക്കെയാകുമ്പോള്‍  ചൂട് ഇത്തിരി കൂടുമെന്നു മാത്രം. ലൈംഗികത നിറച്ച ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വരാറുണ്ട്. ഉദാഹരണത്തിനു ഇത്തരം ദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് വ്യക്തിയുടെ സ്വഭാവ വൈകല്യങ്ങളിലേക്കും അമിതമായ ലൈംഗിക താല്പര്യത്തിലേക്കും ലൈംഗിക അതിക്രമങ്ങളിലേക്കും വഴിവയ്ക്കുമെന്ന് ഒരു കൂട്ടം പഠനങ്ങള്‍ പറയുമ്പോള്‍, ചില കണക്കുകള്‍ സൂചിപ്പിക്കുന്നത് അശ്ലീലസാഹിത്യം ഡെന്മാര്‍ക് പോലുള്ള രാജ്യങ്ങളില്‍ നിയമ നിയമവിധേയമാക്കിയതിനെത്തുടര്‍ന്ന്‌ ലൈംഗിക അതിക്രമങ്ങള്‍ കുറഞ്ഞുവെന്നാണ്.

അനുകൂലിച്ചും പ്രതികൂലിച്ചും സദാചാര പോലീസുകാരുമൊക്കെ രംഗത്തു വരുമ്പോഴും നല്ലൊരു ശതമാനം ആളുകള്‍ അശ്ലീല ചിത്രങ്ങള്‍ ആസ്വദിക്കുന്നുവെന്നാണ് പല നിരീക്ഷണങ്ങളും പറയുന്നത്. അമേരിക്കന്‍ സൈക്കൊളജിക്കല്‍ അസ്സോസിയേഷന്റെ 'ദി ഹാന്‍ഡ് ബുക്ക് ഓഫ് സെക്ഷ്വാലിറ്റി ആന്‍ഡ് സൈക്കോളജിയില്‍' ഗെര്റ്റ് മാര്‍ട്ടിന്‍ ഹെല്‍ഡ് വിവരിക്കുന്നത് അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏതാണ്ട് 50 മുതല്‍ 99 ശതമാനം പുരുഷന്മാരും, 30 മുതല്‍ 86 ശതമാനം സ്ത്രീകളും അശ്ലീല ചിത്രങ്ങളും മറ്റും കാണുന്നവരാണെന്നാണ്.

രണ്ടായിരത്തി രണ്ടില്‍ ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പഠനത്തില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നവരുടെ ഇടയില്‍ 86 ശതമാനം ആളുകളും ഇത്തരം പെരുമാറ്റങ്ങളെ അനുകൂലിക്കുന്നവരാണെന്നും  അതുപോലെ തന്നെ നല്ലൊരു ശതമാനം ആളുകള്‍ ഇത് ലൈംഗികതയെപ്പറ്റി കൂടുതല്‍ അറിവ് നല്‍കുമെന്ന് വിശ്വസിക്കുന്നവരും, നിരുപദ്രവകരമായി തങ്ങളുടെ വിചിത്ര കല്‍പനകളെ പുറം തള്ളാനുള്ള എളുപ്പമാര്‍ഗമായി കാണുന്നവരുമാണ്.

പല തരത്തിലുള്ള വ്യാഖ്യാനങ്ങളും, വാഗ്വാദങ്ങളും ഈ വിഷയത്തില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പല ശ്രദ്ധേയമായ വാര്‍ത്തകളിലും ഇത്തരം കാര്യങ്ങള്‍ ഇടം പിടിക്കാറുണ്ട്. ഉദാഹരണത്തിനു പോണ്‍സൈറ്റുകള്‍ നിരോധിച്ചുകൊണ്ടുള്ള നടപടിയും പിന്നീട്  ഭേദഗതി വരുത്തിയതും ഒരു പാടു നാളുകള്‍ക്കു മുന്‍പ് നടന്ന സംഭവമല്ല.

അടുത്ത കാലത്തു വന്ന ഒരു വാര്‍ത്ത നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. അശ്ലീല ദൃശ്യങ്ങളോടുള്ള ഭര്‍ത്താവിന്റെ ആസക്തി ജീവിതം തകര്‍ക്കുന്നുവെന്നു പറഞ്ഞ് ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇനിയെന്താണെന്നു നമുക്ക് കാത്തിരുന്നു കാണാം.

ഇതൊരു സ്വഭാവ വൈകല്യമാണോ..?

വ്യക്തി സ്വാതന്ത്ര്യത്തിലേക്കും ഇതിന്റെയൊക്കെ പിന്നിലുള്ള ആഗോള രാഷ്ട്രീയത്തിലേക്കും ഒന്നും കടക്കാതെ ശാസ്ത്രീയമായി ഈ വിഷയം പരിശോധിച്ചാല്‍ ഏതെങ്കിലുമൊരു വസ്തുവിനോടോ പദാര്‍ത്ഥത്തോടോ സാഹചര്യങ്ങളോടോ അമിതമായ ആസക്തി തോന്നുകയും അതില്ലാതെ പറ്റാതെ വരികയും ദൈനംദിന ജീവിതത്തിലെ ഈ പെരുമാറ്റങ്ങള്‍ മൂലം  തന്റെ ജീവിതത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെങ്കില്‍ പ്രത്യേകം ശ്രദ്ധയോടെ പരിഹരിക്കേണ്ടതാണ്.

ലഹരിയോട് ഒരു വ്യക്തി എങ്ങനെ അടിമപ്പെടുന്നോ, ഏതാണ്ട് അതേ രീതിയില്‍ തന്നെ ആളുകള്‍ക്ക് ആസക്തിയും വിധേയത്വവും അശ്ലീല ചിത്രങ്ങളാസ്വദിക്കുന്നതിലും ഉണ്ടാവാം. പ്രത്യേകിച്ച് ഈ ഗണത്തില്‍ വരുന്ന ഫേസ്ബുക്ക് അഡിക്ഷന്‍, ഇന്റര്‍നെറ്റ് അഡിക്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ടു വരുന്ന മറ്റു ആസക്തികളെ പ്രത്യേകം പഠനവിധേയമാക്കി ചികിത്സ തുടങ്ങേണ്ടതിന്റെ ആവശ്യകത കൂടി വരികയാണ്.

ചൈന പോലുള്ള രാജ്യങ്ങളില്‍ തുടങ്ങിയിരുന്ന ഓണ്‍ലൈന്‍ അഡിക്ഷന്‍ സെന്റററുകള്‍ ഭാരതത്തിലേക്ക് വ്യാപിച്ചു തുടങ്ങിയിരിക്കുന്നതേയുള്ളൂ.  ബാംഗ്ലൂരില്‍ ഉള്ള നിംഹാന്‍സ് , ഡല്‍ഹിയിലുള്ള ഐംസ് തുടങ്ങിയ സ്ഥാപനങ്ങളില്‍  ഇത്തരം അഡിക്ഷനുകളെ പ്രത്യേക വിഷയമായി കണ്ടുകൊണ്ടുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനു വേണ്ട ചികത്സാസൗകര്യങ്ങളൊരുക്കുകയും ചെയ്യുന്നുണ്ട്.

 ഏതൊരു ലഹരിയും പോലെ അശ്ലീല ചിത്രങ്ങളും, ഇന്റര്‍നെറ്റിന്റെയും, ഫേസ്ബുക്കിന്റെയും, വാട്‌സ് ആപിന്റെയുമൊക്കെ അനിയന്ത്രിതമായ ഉപയോഗവും വിധേയത്വമുണ്ടാക്കാന്‍ പര്യാപ്തമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും സ്വയം നിയന്ത്രണത്തിനപ്പുറത്തേക്ക് പോവുന്ന ഇത്തരം പെരുമാറ്റങ്ങള്‍ വ്യക്തിയുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു.

വാട്ടര്‍ നെക്ക് ,സ്മിത്ത് (Wetterneck, Smith) തുടങ്ങിയവര്‍ 2012ല്‍ നടത്തിയ ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ എടുത്തുചാടി പെരുമാറുന്ന സ്വഭാവരീതിയും, നിയന്ത്രണത്തിന് വിധേയമല്ലാത്ത തരത്തിലുള്ള ആവര്‍ത്തിച്ചുള്ള പെരുമാറ്റവും മറ്റും പോണ്‍ അഡിക്ഷനുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. 2010ല്‍ ലെവിന്‍ (Lewin) നടത്തിയ ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദാമ്പത്യ ജീവിതത്തിലുള്ള പരാജയം, ലൈംഗിക രോഗങ്ങള്‍, ഔദ്യോഗിക ജീവിതത്തിലുള്ള പരാജയങ്ങള്‍, തുടങ്ങിയവ പോണ്‍ അഡിക്ഷന്റെ പരിണിത ഫലങ്ങളാണെന്ന് വ്യക്തമാക്കുന്നു.

2001ല്‍  ബ്രൈഡെന്‍, ഗ്രയര്‍ (Bryden & Grier) തുടങ്ങിയ മനശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ അമിതമായി അശ്ലീല ചിത്രങ്ങള്‍ കാണുന്ന ആളുകള്‍ ലൈംഗിക കാര്യങ്ങളില്‍ തെറ്റായ കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തുന്നവര്‍ ആയിരിക്കുമെന്ന് പറയുന്നു. മിക്കവാറുമുള്ള അശ്ലീല ചിത്രങ്ങളില്‍ ഏതു തരത്തിലുള്ള ലൈംഗികാതിക്രമങ്ങളും സ്ത്രീ ആസ്വദിക്കുന്നതായാവും  ചിത്രീകരിക്കുക. ഇത് വ്യക്തിക്ക് സ്ത്രീ സമൂഹത്തെപ്പറ്റിയുള്ള വളരെ വികലമായ കാഴ്ചപ്പാടുകള്‍ മാത്രമാവും നല്‍കുക.

പങ്കാളിയോടുള്ള അവഹേളനപരമായ ആധിപത്യം, പങ്കാളിയില്‍ താല്പര്യം നഷ്ടപ്പെടുക, മാനസിക സമ്മര്‍ദ്ദം കൂടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പോണ്‍ അഡിക്ഷന്‍ ഉള്ളവരില്‍ കാണാറുണ്ടെന്ന് മുലാക്, ജാന്‍സ്മ (Mulac, Jansma) തുടങ്ങിയ ഗവേഷകര്‍ തങ്ങളുടെ പഠനങ്ങളിലൂടെ വ്യക്തമാക്കുന്നു. അതുപോലെ തന്നെ പോണോഗ്രഫി കാണുന്നവര്‍ അല്ലാത്തവരെ അപേക്ഷിച്ച് സ്ത്രീകളെപറ്റി വളരെ മോശം കാഴ്ചപ്പാടുകള്‍ ഉള്ളവരും, സ്ത്രീകള്‍ ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണെന്ന് ചിന്തിക്കുന്നവരുമാണ്.

ഇന്റര്‍നെറ്റും  പോണോഗ്രഫിയും 

ഇന്റര്‍നെറ്റിലൂടെ എല്ലാം നമ്മുടെ വിരല്‍ തുമ്പില്‍ ലഭിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ഉപയോഗം ഡസ്‌ക് ടോപ്പില്‍ നിന്ന് ലാപ്‌ടോപ്പിലേക്കും പിന്നീട് ടാബുകളിലേക്കും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകളായും നമ്മുടെ സ്വത്വത്തിന്റെ ഭാഗം തന്നെയായിരിക്കുന്നു.

മനുഷ്യ ജീവിതത്തെ ഏറ്റവും ആയാസകരമാക്കാന്‍ ഇന്റര്‍നെറ്റിനു കഴിയുമ്പോഴും തെറ്റായ അറിവുകളും തെറ്റിദ്ധാരണകളും അശ്ലീലവുമൊക്കെ വിളമ്പാനുള്ള എളുപ്പ വഴിയായി ചിലര്‍ ഇതിനെ ഉപയോഗിക്കാറുണ്ട്. സ്വന്തം സ്വത്വത്തെ വെളിവാക്കാതെ സുരക്ഷിതമായി പുറമെ മാത്രം കാണിക്കുന്ന തന്റെ സദാചാരത്തിനു കോട്ടം തട്ടാതെ അശ്ലീല ചിത്രങ്ങളും മറ്റും ആസ്വദിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും സുലഭമായി ഇന്റര്‍നെറ്റ് വഴി ലഭിക്കുകയും ആവര്‍ത്തിച്ചുള്ള ഉപയോഗം ആസക്തിയിലേക്കും വിധേയത്വത്തിലേക്കും നയിക്കുകയുമാണ് ചെയ്യുന്നത്.

മാനസിക രോഗങ്ങളും പോണ്‍ അഡിക്ഷനും 2011 ല്‍ വീവര്‍, മെയ്‌സ് (Weaver, Mays) തുടങ്ങിയവര്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ പോണോഗ്രാഫി ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപയോഗിക്കുന്നവരില്‍ വിഷാദ രോഗലക്ഷണങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും, അമിതമായ ഉത്കണ്ഠയും ജീവിത നിലവാരത്തിലുള്ള  തകരാറും ശാരീരിക മാനസിക ആരോഗ്യത്തിലുള്ള  കുറവും കാണപ്പെടുന്നുവെന്നു പറയുന്നു.

രണ്ടായിരത്തി നാലില്‍ മേര്‍സര്‍ (Mercer) നടത്തിയ പഠനങ്ങളില്‍ നാര്‍സിസ്റ്റിക് വ്യക്തിത്വമുള്ളവര്‍ മറ്റു വ്യക്തിത്വ വൈകല്യമുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ പോണ്‍ അഡിക്ഷനിലേക്ക് പോവാന്‍ സാധ്യതയുള്ളവരാണെന്ന് പറയുന്നു. സ്വന്തം വ്യക്തിത്വത്തെ അമിതമായി സ്‌നേഹിക്കുന്നവരും മറ്റുള്ളവരുടെ ശ്രദ്ധ എന്നിലേക്ക് മാത്രം വേണമെന്ന് ആഗ്രഹിക്കുന്നവരും എല്ലാത്തിലും ഉപരി ഞാനെന്ന ഭാവത്തില്‍ ജീവിക്കുന്നവരും അത്യന്തം നാടകീയമായി പെരുമാറുന്നവരുമാണിവര്‍.

അമിതമായ ആസക്തിയും വിധേയത്വവും ഒരു പെരുമാറ്റ വൈകല്യമെന്ന നിലയില്‍ കണ്ടുകൊണ്ടുള്ള പെരുമാറ്റ രൂപീകരണമാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു മാര്‍ഗം. സ്വയം നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മന:ശാസ്ത്ര സമീപനം ആവശ്യമുള്ളതും ചികിത്സയിലൂടെ പരിഹരിക്കേണ്ടി വരുന്നതുമായ ഒരു സ്വഭാവ വൈകല്യമാണിത്.

(മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍. പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. Contact number: 85472 81985)