മാനസികപ്രശ്‌നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള ഓര്‍മകളാണ് കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായ കല ഷിബു പങ്കുവെക്കുന്നത്.
എനിക്ക് അറിയാവുന്ന ഒരു പുരാതന കുടുംബം ഉണ്ടായിരുന്നു. അവിടത്തെ കാരണവരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വെറും സ്വേച്ഛാപ്രഭുവാണയാളെന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നും കാണുന്നതാണെങ്കിലും ഒരു ചിരി ആര്‍ക്കും കൊടുക്കാന്‍, അദ്ദേഹത്തിന് മനസ്സില്ലായിരുന്നു. അയാള്‍ക്ക് കുറെ മക്കളുണ്ട്. പുറംലോകവുമായി അധികം ബന്ധമില്ലാത്തവര്‍. മനുഷ്യരെക്കണ്ടാല്‍ ഒന്ന് നോക്കുന്നത് ഭാര്യയും ഇളയമകനുമാണെന്ന് കുട്ടിക്കാലം മുതല്‍ കേട്ടിരിക്കുന്നു. ഗോപന്‍ അങ്കിളെന്നാണ് അയാളെ ഞാന്‍ വിളിച്ചിരുന്നത്
ഓര്‍മ്മയുണ്ട്. സാധുവായ ആ സ്ത്രീയുടെ മുഖം. മകന്‍ ഉദ്യോഗസ്ഥനായതോടെ അച്ഛന്റെ രീതികളില്‍ നിന്നും വ്യത്യസ്തമായി ലോകവുമായി സൗഹൃദത്തോടെ ഇടപെടാന്‍ തുടങ്ങി. റേഡിയോയിലെ പാട്ടുകള്‍ ആ വീട്ടില്‍ നിന്നും കേട്ടു തുടങ്ങി...
ഒരു ദിവസം, സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയുമില്ല. താക്കോല്‍ എടുത്ത് തുറക്കാന്‍ നോക്കിയിട്ട് പറ്റുന്നുമില്ല. എന്ത് ചെയ്യണമെന്നറിയാതെ നിന്ന എന്നെ അദ്ദേഹമായിരുന്നു ഓടി വന്നു സഹായിച്ചത്. 'മോള് വേണേല്‍ വീട്ടില്‍ വന്നിരുന്നോ. അമ്മയുണ്ട് അവിടെ..'എന്ന് പറയുകയും ചെയ്തു.
എന്തായാലും അച്ഛനെപ്പോലെയല്ല മകന്‍. മനുഷ്യപ്പറ്റുണ്ട്. അമ്മയുടെ പോലെയാണ് സ്വഭാവം. സഹായിക്കാന്‍ വരുന്ന സ്ത്രീ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. ആ കാലങ്ങളില്‍ ഇടയ്‌ക്കൊക്കെ വീട്ടില്‍ വരികയും , സ്‌നേഹത്തോടെ എന്റെ അമ്മയോട് 'ചേച്ചി ചായ ഉണ്ടോ' എന്ന് ചോദിച്ചു വാങ്ങുകയും ഒക്കെ ചെയ്യും..
പെട്ടെന്ന് ഒരു ദിവസം , ആ മനുഷ്യന്റെ അമ്മ മരിച്ചു. അന്നാണ് ഗോപന്‍ അങ്കിളിനെ ഞാന്‍ അവസാനമായി ബോധത്തോടെ കണ്ടത്. 'ചാക്കാല നടന്ന വീട്ടില്‍ ഒന്നും വെയ്ക്കരുത്.. നീ കട്ടന്‍ ഇട്.. അമ്മയോട് പറഞ്ഞിട്ട് അച്ഛന്‍ അങ്കിളിനെ വീട്ടില്‍ കൊണ്ട് വന്നു. തലകുനിച്ചു മുന്‍വശത്ത് ഇരിക്കുന്ന ആ മനുഷ്യന്റെ സമനില തെറ്റാന്‍ തുടങ്ങുകയാണെന്ന് എന്ന് ആര്‍ക്കും മനസ്സിലായില്ല..
ആറടി ഉയരവും ഒത്ത തടിയും. ഹൃദയവും ശരീരവും ഒരേ പോലെ സംയമനം നിഷേധിക്കുന്ന അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ ആ രൂപം ഭയാനകമായിരുന്നു. അമിതമായി മദ്യം കഴിച്ചു ചീര്‍ത്ത ദേഹവും രൂക്ഷമായ നോട്ടവും. ഗേറ്റിന്റെ അപ്പുറത്ത് പിടിച്ചു റോഡില്‍ നോക്കി അലറി വിളിക്കുന്ന ആ ആളായിരുന്നു മുന്‍പ് എന്നോട് സൗമ്യമായി ഇടപെട്ട മനുഷ്യനെന്ന് ചിന്തിക്കാനേ കഴിയുന്നില്ല.
വികലമായ മനസ്സിന്റെ ഉറച്ച ജല്പനങ്ങള്‍ ചുറ്റുമുള്ളവരെ ഭയപ്പെടുത്തി. സഹോദരങ്ങള്‍ ഒരുപാടുണ്ടായിട്ടും അദ്ദേഹത്തിന്റെ അവസ്ഥ കൈകാര്യം ചെയ്യാന്‍ ആര്‍ക്കും പറ്റിയില്ല. രോഗം മറച്ചു വെച്ച് വിവാഹം കഴിപ്പിക്കാന്‍ പോലും പറ്റുന്ന അവസ്ഥ അല്ലല്ലോ. നാട്ടുകാര്‍ പരിതപിച്ചു. അയല്‍ക്കാരായ ഞങ്ങള്‍ നിസ്സഹായതയോടെ നോക്കി ഇരുന്നു. ആര്‍ക്കും അടുക്കാന്‍ വയ്യ. ഇന്നത്തെ കാലമായിരുന്നെങ്കില്‍ രക്ഷപെടുത്താന്‍ ഒരുപക്ഷെ കഴിഞ്ഞേനെ.
അച്ഛനും മകനും ഒരുമിച്ചു ആ വീട്ടില്‍..കാരണവര്‍ മറ്റൊരു മാനസികാവസ്ഥയില്‍. ബാങ്കില്‍ കോടി രൂപ നിക്ഷേപിച്ചിട്ട് ഒരു നേരത്തെ ഭക്ഷണത്തിനു മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ. ജീവിതത്തിലെ പച്ചയായ അനുഭവം...നേര്‍കാഴ്ച! അക്രമാസക്തനാകുന്ന മകനെ ഭയന്ന് കഴിയേണ്ടി വന്നു അദ്ദേഹത്തിന്. ഇടയ്ക്ക് ഡോക്ടര്‍ വന്നു പോകുന്നത് കാണാം. ആരും അടുക്കില്ല. ആ ജീവിതത്തില്‍ എന്തായിരിക്കും നടന്നത്.? അമ്മയുടെ മരണം ഏല്‍പ്പിച്ച ആഘാതമാണോ മനസ്സിന്റെ സമനില തെറ്റിച്ചത്?അറിയില്ല...
വീടിന്റെ അകത്തെ മുറികളില്‍ ചെവിയില്‍ വിരലുകള്‍ തിരുകി കണ്ണുകള്‍ പൂട്ടിക്കിടന്നാലും ആ അലര്‍ച്ച ഓരോ ദിവസങ്ങളിലും എന്റെ ഉറക്കം കെടുത്തി. വല്ലാതെ ഭയപ്പെടുത്തി. പുറത്തേയ്ക്കിറങ്കുമ്പോള്‍ നോക്കരുതെന്ന് കരുതിയാലും അറിയാതെ ആ വശത്തേയ്ക്ക് കണ്ണ് പോകും.
അപ്പോഴൊക്കെ ഭീകരമായ ഒരു രൂപം അതിക്രൂരമായ കണ്ണുകളോടെ നോക്കി അലറി. വര്‍ഷങ്ങളോളം ആ അവസ്ഥ തുടര്‍ന്നു. വീടിന്റെ കോലായില്‍ തൂങ്ങി നിന്ന ആ മനുഷ്യനെ കാലങ്ങള്‍ക്കുശേഷം ആളുകള്‍ അടുത്തുനിന്ന് കണ്ടു. ചെറുപ്രായമായിരുന്നില്ല അദ്ദേഹത്തിന്. അദ്ദേഹത്തിന് മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങുമ്പോള്‍. അമ്മയുടെ മരണം ഏല്‍പ്പിച്ച ആഘാതം മാത്രമായിരുന്നോ അതിനു പിന്നില്‍..? അറിയില്ല..!
ചിലര്‍ , നമ്മെ വല്ലാതെ സ്വാധീനിക്കും. അപ്രതീക്ഷിതമായി സംഭവിക്കുന്ന അവരുടെ നഷ്ടങ്ങള്‍ മനസ്സില്‍ എത്ര മാത്രം ആഴത്തിലാണ് മുറിവുകളും വ്രണങ്ങളുമായി മാറുന്നത്!
സഹനത്തിന്റെ വ്യാപ്തി എന്നത് ഓരോരുത്തര്‍ക്കും ഓരോ തരത്തില്‍ അല്ലേ?ശരിക്കും , മനുഷ്യന്റെ ആയുസ്സിന്റെ പുസ്തകത്തിലെ നിര്‍ണ്ണായക ഘട്ടത്തിന്റെ തുടക്കം എപ്പോഴാണ് എന്ന് ഓര്‍ത്തുപോകാറുണ്ട്. സ്‌നേഹിക്കപ്പെടാന്‍ മാത്രം കൊതിച്ചു പരിഭവവും പിണക്കവുമായി നടക്കുന്ന കാലങ്ങള്‍ സുരക്ഷിതമാണ്. സ്‌നേഹിക്കാന്‍ പഠിച്ചു തുടങ്ങുമ്പോള്‍ ആണ് പ്രശ്‌നങ്ങളുടെ തുടക്കം.
ബന്ധങ്ങള്‍ , സ്വന്തങ്ങള്‍. അതില്‍ എവിടെയും താളം തെറ്റും. തിരിച്ചു കേറാന്‍ പറ്റാത്ത വാരിക്കുഴിയില്‍ വീഴും. സ്വയം അപഗ്രഥിച്ചു നോക്കിയാല്‍, തീക്ഷ്ണതയാര്‍ന്ന വേദന കാര്‍ന്നു തിന്നും. നഷ്ടങ്ങള്‍ ഭയം സൃഷ്ടിക്കും. ഉത്കണ്ഠ നിസ്സഹായാവസ്ഥ ഉണ്ടാക്കും.
ഒഴുക്കിനൊത്ത് നീന്താന്‍ പറ്റാതാകുന്ന മനസ്സുകളുടെ ദയനീയത. അത് അവനവനെ തന്നെ നോക്കി കരഞ്ഞു തുടങ്ങും. അതാകാം, ഒരുപക്ഷെ, 'ഇനി മതി , ഇവിടെ നിര്‍ത്തിയേക്കാം' എന്നൊരു തോന്നലില്‍ എല്ലാം അവസാനിപ്പിക്കാന്‍ തോന്നുന്നത്.
അന്നൊക്കെ ഞാന്‍ ഓര്‍ക്കുമായിരുന്നു. 'ജീവിതം മടുത്തിട്ടാണോ ഇങ്ങനെ? ആസ്വദിച്ചു മതിയായില്ല എന്ന സങ്കടവുമായി എരിഞ്ഞു കൊണ്ടാകുമോ ഓരോ ആളുകളും മരണത്തെ സ്വീകരിക്കുന്നത്..? പഠിച്ചു കൊണ്ടിരുന്നാലും തീരാത്ത ഒന്നല്ലേ മനസ്! കഥയ്ക്ക് പിന്നിലെ കഥ . അതെന്തും ആകാം...!