സാനു എന്ന യുവാവ് ഏകദേശം ഇരുപത്തിയഞ്ചു വയസു പ്രായം. ജയില്‍ ശിക്ഷ കഴിഞ്ഞു വന്നിട്ട് ഏതാണ്ട് ഒരാഴ്ചയായി. എല്ലാത്തിനോടും അല്പം സംശയത്തോടെ നോക്കുന്ന മുഖഭാവം. കൗണ്‍സലിങ്ങ് റൂമില്‍ വന്നിരുന്നു സംസാരിച്ചു തുടങ്ങിയിട്ടും അവനിലെ വൈമുഖ്യം വിട്ടു മാറുന്നില്ല....ചില സമയങ്ങളില്‍ എല്ലാത്തിനോടും പുച്ഛഭാവവും ഒരു അഹങ്കാരിയുടെ ചേഷ്ടയുമായി ഒക്കെ എനിക്ക് തോന്നി. അവന്‍ ഒന്നും സംസാരിക്കുന്നില്ല.. ഒടുവില്‍ കുറച്ചു സമയം അവനെ വിസിറ്റിംഗ് റൂമില്‍ ഇരുത്തി അമ്മയോട് കാര്യങ്ങള്‍ അന്വേഷിച്ചു തുടങ്ങി. 

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി, ഏകദേശം അമ്പതു വയസു തോന്നിക്കുന്ന വലിയ കണ്ണട വെച്ച ക്ഷീണിച്ച് അവശയായ ഒരു  സ്ത്രീ. ഞാന്‍ അവരോടു കാര്യങ്ങള്‍ അന്വേഷിച്ചു. ഒരിക്കല്‍ പോലും അവര്‍ എന്റെ മുഖത്ത് നോക്കിയതായി എനിക്ക് തോന്നുന്നില്ല..അവരുടെ കരച്ചിലിന് ശബ്ദമില്ല..കണ്ണുനീര്‍ മാത്രം..ജയില്‍ ശിക്ഷ കഴിഞ്ഞു വന്ന മകനെയും കൊണ്ട് ഏതോ ഒരു പുരോഹിതന്‍ പറഞ്ഞപ്രകാരം മനശാസ്ത്രജ്ഞനെ കാണാന്‍ വന്നതാണ്. അവര്‍ പറഞ്ഞ ജീവിതകഥ നമുക്കും കേള്‍ക്കാം.

'എന്റെ ഒറ്റ മോനാ....നന്നായി പഠിക്കുമായിരുന്നു. പത്താം ക്ലാസ്സില്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് അവനായിരുന്നു. പൊതുവേ ഉള്‍വലിഞ്ഞ സ്വഭാവക്കാരനാനെങ്കിലും സ്‌കൂളിലെല്ലവര്‍ക്കും പ്രിയപെട്ടവനായിരുന്നു അവന്‍. ഒരു അധ്യാപകനാവണമെന്നായിരുന്നു ചെറുപ്പം മുതലേ അവന്റെ ആഗ്രഹം. അങ്ങനെ എം എസ്.സി ഫിസിക്സ് വരെ പഠിച്ചു. പിന്നെ  ബി.എഡും എടുത്തു. ജോലിക്കായി പലസ്ഥലങ്ങളിലും അലഞ്ഞു. എയ്ഡഡ് സ്‌കൂളിലൊക്കെ ജോലികിട്ടാന്‍ ഇരുപത്തഞ്ചും മുപ്പതും ലക്ഷങ്ങളാണ് ചോദിക്കുന്നത്.  ഇന്റര്‍വ്യുവിന് പോകും, ഒന്നും ശരിയാകുന്നില്ല. പ്രൈവറ്റ് സ്‌കൂളിലൊക്കെ ജോലിചെയ്താല്‍ അയ്യായിരം രൂപ വരെ മാത്രമേ ശമ്പളം കിട്ടൂ. 

ഇത്രയൊക്കെ പഠിച്ചിട്ട് അവന് ഈ ചെറിയ ശമ്പളത്തിന് ജോലി ചെയ്യാന്‍  മടിയായിരുന്നു. അതുകൊണ്ട് തൊട്ടടുത്ത ട്യൂഷന്‍ സെന്ററില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക്  ട്യൂഷന്‍ പഠിപ്പിക്കാന്‍ പോകും. ട്യൂഷനെടുത്താണ് മുമ്പൊക്കെ  പഠനച്ചെലവും വീട്ടിലെ കാര്യവുമൊക്കെ നടത്തിയിരുന്നത്. ഉത്തരവാദിത്തമുള്ളവനാണ് സാറെ അവന്‍....കഴിഞ്ഞ ഓണാവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുന്ന ദിവസം. നാട്ടുകാരൊക്കെ കൂടി നടു റോഡിലിട്ടു തല്ലിച്ചതക്കുന്നത് കണ്ടപ്പോള്‍...'

അവര്‍ പൊട്ടിക്കരയുകയാണ്..'ട്യൂഷന് വന്ന അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയോട് മോശമായി പെരുമാറീന്നാ അവര് പറയുന്നേ... വക്കീലുംമാരും കോടതീം പോലീസുകാരുമൊക്കെ അങ്ങനെ തന്നെയാ പറയുന്നേ.....അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചതാ സാറേ ..പിന്നെ എന്റെ  സഹോദരന്റെ വീട്ടില്‍ നിന്നാണ് അവന്‍ വളര്‍ന്നത്. സഹോദരനും ബന്ധുക്കളുമൊക്കെ സഹായിച്ചാ ഇവിടം വരെ എത്തിയത്..എനിക്ക് ഇവന്‍ മാത്രമേ ഉള്ളൂ സാറേ.. അവനങ്ങനെ ചെയ്യില്ല..... പക്ഷെ എല്ലാവരും പറയന്ന കേക്കുമ്പോള്‍ ...അവനെ ഒന്ന് നന്നാക്കണം സാറേ അവന്റെ മനസിലെന്താണെന്ന് അറിയണം.... മനസ്സറിഞ്ഞോണ്ട്  അവന്‍ അങ്ങനെ ചെയ്യത്തില്ല ....അവനെന്തെങ്കിലും മാനസിക പ്രശ്നം  കാണും സാറെ..' .  അവര്‍ പറഞ്ഞു നിര്‍ത്തി.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും കൂടി വരുന്ന സാഹചര്യത്തില്‍  കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളൊക്കെ കൂടുതല്‍ സജീവമായി വരുന്നത്  കാലഘട്ടത്തിന്റെ  ആവശ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഒരു കുറ്റകൃത്യമെന്ന നിലയില്‍ ഇത്തരം പ്രശ്നങ്ങള്‍ കാണുമ്പോള്‍ കുറ്റവാളിക്ക് ഏറ്റവും കഠിനമായ ശിക്ഷ തന്നെ കൊടുക്കണമെന്ന് നമ്മള്‍ വാദിക്കും. എന്നാല്‍ ശിക്ഷ കഴിഞ്ഞു വ്യക്തി വീണ്ടും ഇത്തരം സ്വഭാവം തുടരുകയാണെങ്കിലോ? ഒരു പക്ഷെ വധശിക്ഷയ്ക്കു വേണ്ടി നമ്മള്‍ മുറവിളി കൂട്ടിയേക്കാം.

എന്നാല്‍ ഒരു കുറ്റകൃത്യമെന്ന നിലയില്‍ ശിക്ഷയോടൊപ്പം നിയമപരമായ നടപടികള്‍ക്ക് ഭംഗം വരുത്താതെ ആ വ്യക്തിയുടെ മാനസിക തലംകൂടി ഉള്‍ക്കൊള്ളിച്ച്  മാനസികരോഗ ചികിത്സാ സമ്പ്രദായങ്ങള്‍ അവലംബിക്കുന്നത് ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ വളരെ പ്രധാനപെട്ട ഒരു  കാര്യമാണ്.

കുട്ടികളെ കാണുമ്പോള്‍ ഉണ്ടാവുന്ന ആവര്‍ത്തിച്ചു വരുന്ന ലൈംഗികാസക്തിയും, അതുമൂലം വ്യക്തിയുടെ ലൈംഗിക പെരുമാറ്റത്തിലും സങ്കല്പത്തിലും കുട്ടികളോട് ലൈംഗിക താല്പര്യം തോന്നുകയും ചെയ്യുന്ന​ ഒരു മാനസികാവസ്ഥയാണ് പിഡോഫീലിയ.

ഇങ്ങനെയുള്ള ആളുകള്‍ കുട്ടികളെ പീഡിപ്പിക്കാന്‍ സ്വയം പ്രേരിതരാവുകയും അതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നവരുമാണ്. എന്നാല്‍ ഇവരില്‍ നല്ലൊരു വിഭാഗം ആളുകള്‍ സാധാരണ രീതിയില്‍ ജീവിതം നയിക്കുന്നവരായിരിക്കും. മിക്കവാറും ആളുകള്‍ താന്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയുന്നവരും എന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ പറ്റാത്തവരുമാണ്.  

കുട്ടികളോടുള്ള ഇത്തരം പീഡനങ്ങള്‍ കുട്ടികളുടെ മാനസിക വളര്‍ച്ചയെ കാര്യമായി ബാധിക്കാനും പിന്നീട് പല മാനസിക വൈകാരിക പ്രശ്നങ്ങളിലേക്ക് എത്തപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ചികിത്സകള്‍ കൃത്യമായി നല്‍കാത്തതു മൂലം ശിക്ഷ കഴിഞ്ഞും ഇത്തരം പെരുമാറ്റങ്ങള്‍ വ്യക്തിയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ഒരു സാമൂഹിക വിപത്ത് എന്ന നിലയിലേക്ക് വഴിവയ്ക്കുകയും  ചെയ്യാം. 

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകള്‍ പിഡോഫീലിക് ആണെങ്കിലും എല്ലാവരും അങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ല. ചില ആളുകള്‍ മറ്റു പല മാനസിക രോഗങ്ങള്‍ കൊണ്ടോ വ്യക്തിത്വ വൈകല്യം കൊണ്ടോ മറ്റുള്ളവരുടെ വേദന കണ്ടാല്‍ സന്തോഷം ലഭിക്കുന്ന തരത്തിലുള്ള സാഡിസ്റ്റിക് സ്വഭാവമുള്ളതുകൊണ്ടോ ആരോടും കടപ്പാടോ സ്നേഹമോ സഹാനുഭൂതിയോ ഇല്ലാതെ പെരുമാറുന്ന തരത്തിലുള്ള ആന്റി സോഷ്യല്‍  പെഴ്‌സണാലിറ്റി ഡിസൊര്‍ഡര്‍ പോലുള്ള വ്യക്തിത്വ വൈകല്യങ്ങള്‍ കൊണ്ടോ ഒക്കെയാവാം ഇത്തരം സ്വഭാവ വൈകൃതങ്ങള്‍ കാണിക്കുന്നത്.   

എന്തുകൊണ്ടാണ് വ്യക്തികള്‍ ഇത്തരം മാനസിക വൈകല്യങ്ങളുള്ളവരാകുന്നത്?

ശാരീരികവും മാനസികവും സാമൂഹികവുമായ കാരണങ്ങളും വ്യക്തിയുടെ ജീവിതാനുഭവങ്ങളുമൊക്കെ  ഇത്തരം പെരുമാറ്റ രൂപീകരണത്തെ കാര്യമായി  സ്വാധീനിക്കുന്നുണ്ട്. ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടാവുന്ന മാറ്റങ്ങള്‍, സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടമാവുക, തീവ്രമായ ഉള്‍പ്രേരണ, വ്യക്തിയുടെ ചിന്താരീതികള്‍ തുടങ്ങിയവ ഇത്തരം പെരുമാറ്റങ്ങളിലേക്ക് വഴിവയ്ക്കുന്നു എന്നാണ്.  

അതുപോലെ തന്നെ കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍, ചെറുപ്പകാലത്ത് കിട്ടുന്ന ലൈംഗികതയെപ്പറ്റിയുള്ള തെറ്റായ അറിവുകള്‍, തുടങ്ങിയവ  ഇത്തരം സ്വഭാവങ്ങള്‍ വ്യക്തിയില്‍ വളരുന്നതിന് സാഹചര്യങ്ങള്‍ ഒരുക്കുന്നു. 

എഫ് എം ആര്‍ ഐക്കുറിച്ചുള്ള പഠനങ്ങളില്‍ തലച്ചോറിന്റെ മുന്‍ഭാഗമായ ഫ്രോണ്ടല്‍ ലോബ്  (Frontal Lobe), സെന്‍ട്രല്‍ സ്ട്രയേറ്റം (Central Striatum) എന്നിവയ്ക്ക് കാര്യമായ പങ്കുണ്ട്  എന്നാണ് കാണിക്കുന്നത്. സെന്‍ട്രല്‍ സ്ട്രയേറ്റത്തില്‍  ഗ്രേ മാറ്റര്‍ മാറ്ററിന്റെ കുറവ് ഇത്തരം (grey Matter)   ആളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഓര്‍ബിറ്റോ ഫ്രോന്‍ടല്‍ കോര്‍ട്ടെക്സില്‍ (Orbito Frontal Cortex) തകരാറുള്ളവരില്‍ ഇത്തരം സ്വഭാവ രീതികള്‍  പഠന വിധേയമാക്കിയിട്ടുണ്ട്.

കുട്ടിക്കാലത്തെ അനുഭവങ്ങള്‍

സാനുവിന് ഏകദേശം രണ്ടു വയസുള്ളപ്പോള്‍ ആണ് അച്ഛന്റെ മരണം. പിന്നീട് അവന്‍ അമ്മാവന്റെ കൂടെ നിന്നാണ് പഠിച്ചതും വളര്‍ന്നതും. അമ്മാവന്റെ അടുത്ത ഒരു  സുഹൃത്തിന് അവനോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു..ചിലപ്പോഴൊക്കെ ഒരച്ഛന്റെ സ്വാതന്ത്ര്യത്തില്‍ അയാള്‍ പെരുമാറിയിരുന്നുവെന്നും ചിലപ്പോഴൊക്കെ അവനും അയാളെ അങ്ങനെ കണ്ടിരുന്നുവെന്നും കൗണ്‍സലിംഗ് സമയത്ത് അവന്‍ പറഞ്ഞിരുന്നു. 

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ അയാള്‍  നിരന്തരമായി അവന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുകയും മറ്റും ചെയ്തിരുന്നു. ആദ്യമൊന്നും അവനൊന്നും മനസിലായിരുന്നില്ല. എന്നാല്‍ ഇത് കൂടിക്കൂടി വന്നപ്പോള്‍, ഒരിക്കല്‍ ബലമായി നിര്‍ബന്ധിച്ചപ്പോള്‍ അയാളുടെ കൈയില്‍ കടിച്ചു കുതറിയോടിയത് അവന്‍ ഓര്‍ക്കുന്നു. ഇത് അമ്മയോട് തുറന്നു പറയണമെന്ന് അവനു തോന്നി പക്ഷെ അമ്മാവനറിഞ്ഞാല്‍.....? 

ഒരു അന്തേവാസിയെ പോലെ ആ വീട്ടില്‍ നില്‍കുമ്പോള്‍  അവനിലെ സുരക്ഷിതത്വമില്ലായ്മ അവനെ അതിനനുവദിച്ചില്ല. പിന്നീട് പലപ്പോഴും അയാള്‍ വരുമ്പോള്‍ അവന്‍ അയാളെ കാണാതെ ഒളിച്ചിരിക്കുമായിരുന്നു. ഇതൊക്കെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവനെ വേട്ടയാടിയിരുന്ന ഒര്‍മകളാണ്. പിന്നീട് ഇതേ തരത്തിലുള്ള അനുഭവങ്ങള്‍  അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  ഒരു അധ്യാപകനില്‍ നിന്നും ഉണ്ടായത് അവന്‍ ഓര്‍ക്കുന്നു. 

ഇങ്ങനെയുള്ള അരക്ഷിതാവസ്ഥയുടെ കാലങ്ങളില്‍ പഠിച്ചു മിടുക്കനാവണം എന്ന ചിന്തയിലൂടെ കുറെയൊക്കെ ഇത്തരം ഓര്‍മകള്‍ അവന്‍ മറികടന്നിട്ടുണ്ട്....ഏതാണ്ട് എഴാം ക്ലാസ്സില്‍  പഠിക്കുന്ന സമയത്താണ് തൊട്ടടുത്ത വീട്ടിലെ ചേട്ടന്‍ സ്വയംഭോഗം ചെയ്യുന്നത് അവന്‍ കാണാന്‍ ഇടയായത.്  ഇത് കണ്ടുനില്കുമ്പോള്‍ അവനും ഉത്തേജനം ഉണ്ടാവുന്നതായും തോന്നി..പിന്നീട് അവന്‍ നിരന്തരം അയാള്‍ കാണാതെ ഇത് ഒളിഞ്ഞിരുന്നു കാണുമായിരുന്നു അതിനുശേഷം അവന്‍ പോയി സ്വയംഭോഗം ചെയ്യും. ഇത് നിരന്തരം തുടര്‍ന്ന് കൊണ്ടേയിരുന്നു. 

'എനിക്ക് പെണ്‍കുട്ടികളെ കാണുമ്പോള്‍ മറ്റുള്ള കൂട്ടുകാരെ പോലെ ഒന്നും തോന്നിയിരുന്നില്ല സാറേ.... പക്ഷെ ആണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്ക് വല്ലാത്തൊരാകര്‍ഷണം തോന്നാറുണ്ടായിരുന്നു.........പക്ഷെ അവരെ സമീപിച്ചാല്‍ അവര്‍ എന്നെ ചീത്തവിളിക്കുമോന്നു എനിക്ക് ഭയമായിരുന്നു സാര്‍''. അടുത്ത വീട്ടിലെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ അവന്റെ അമ്മ കുളിപ്പിക്കുമ്പോള്‍ ഞാന്‍ നോക്കി നില്കുമായിരുന്നു...അത് കണ്ട് കഴിയുമ്പോള്‍ തനിക്ക് ഉത്തേജനമുണ്ടാവുമായിരുന്നുവെന്നും അവന്‍ പറയുന്നു......അങ്ങനെ തൊട്ടടുത്ത വീട്ടിലെ കുട്ടിയെ പലതവണ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്..പിന്നീട് എന്റെ സങ്കല്പത്തില്‍ കുട്ടികളെ കാണുമ്പോള്‍ മാത്രമേ എന്തെങ്കിലും തോന്നൂ..തെറ്റാണെന്ന് എനിക്കറിയാം സാറെ..ഒരിക്കല്‍ ഈ ചിന്ത വന്നാല്‍ നിയന്ത്രിക്കാന്‍ പറ്റുന്നില്ല...പലതവണ ഞാന്‍ പിടിക്കപ്പെട്ടിരുന്നു.പക്ഷെ എനിക്ക് നിയന്ത്രിക്കാന്‍ പറ്റുമായിരുന്നില്ല        !

Read more: പീഡനങ്ങള്‍ക്കെതിരെ ക്ലാസെടുത്തയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് പിടിയിൽ

സാനുവിന്റെ കഥ കേട്ടാല്‍ നമുക്ക്  മനസിലാകും കുട്ടിക്കാല അനുഭവങ്ങളും, പിതാവിനെ കാണാതെ മറ്റുള്ളവരെ പിതാവിന്റെ സ്ഥാനത്ത് കണ്ടപ്പോള്‍ ഉണ്ടായ മാനസിക പീഡനങ്ങളും തുടര്‍ന്ന് പ്രിയപ്പെട്ടവരില്‍ നിന്നുണ്ടായ ലൈംഗിക പീഡനങ്ങളും..അതു ഒളിച്ചു വച്ചതും........പഠനത്തിലൂടെ വിഷമങ്ങള്‍ മറക്കാന്‍ ശ്രമിച്ചതും....എല്ലാം..എല്ലാം. പിന്നീട് ലൈംഗികതയുടെ തലങ്ങളില്‍ ഒരിക്കല്‍ പോലും എതിര്‍ ലിംഗത്തോട് ആകര്‍ഷണം തോന്നിയില്ല. കുട്ടിക്കാലത്തെ അനുഭവങ്ങളിലൂടെയുള്ള മുതിര്‍ന്ന ആളുകളോടുള്ള ഭയം അവനെ കുട്ടികളിലേക്ക് എത്തിക്കുകയും പിന്നീട് അനുഭവങ്ങളിലൂടെ ശീലമായി മാറിയ അവന്റെ സ്വഭാവ വൈകല്യം നിയന്ത്രണത്തിനും അപ്പുറത്തെത്തുകയുമായിരുന്നു.

ഇത്തരം മാനസിക കാരണങ്ങള്‍ ഓരോ വ്യക്തികളിലും ഓരോ തരത്തിലാണ് കാണുക. പക്ഷെ വ്യക്തികള്‍ക്കുണ്ടാകുന്ന കുട്ടികാല ലൈംഗിക പീഡനങ്ങളും, മോശം ജീവിതാനുഭവങ്ങളുമൊക്കെ വ്യക്തിയുടെ ലൈംഗികതയെ പലതരത്തില്‍ ബാധിക്കാം.  ഇത്തരം ജീവിതാനുഭവങ്ങളില്‍ കൂടി കടന്നു പോകുന്ന എല്ലാവരിലും ഇത്തരം സ്വഭാവങ്ങള്‍ ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല ഒരുപക്ഷെ  ചിലര്‍ ഇത്തരം ദുരന്തങ്ങളില്‍ നിന്ന് സ്വയം പ്രശ്നപരിഹാരം നടത്താന്‍ കഴിവുള്ളവരായിരിക്കും. 

എന്നാല്‍ മറ്റു ചിലരാവട്ടെ അവര്‍ പോലുമറിയാതെ അവരുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും, ലൈംഗിക താല്പര്യങ്ങളിലും  തകരാറുകള്‍ സംഭവിച്ച് സമൂഹത്തിനു ഭാരമായി ജീവിക്കുന്നവരാണ്. സൈക്കൊതെറാപ്പിയും ചിലപ്പോള്‍ മരുന്നുപയോഗിച്ചുമുള്ള സംയുക്തമായ ചികത്സാ രീതികളും ഇവിടെ സഹായിക്കും. ഇത്തരം പെരുമാറ്റ വൈകല്യം പരിഹരിക്കാന്‍ ചിലപ്പോള്‍ ചില ഘട്ടങ്ങളില്‍ ദീര്‍ഘകാല  ചികിത്സ തന്നെ വേണ്ടി വന്നേയ്ക്കാം.

(മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍. പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. Contact number: 85472 81985)