ധാര്‍മികതയും സദാചാര ബോധവും മനുഷ്യന് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ്. ലോക സമാധാനവും ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയുമൊക്കെ സദാചാര ബോധവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. സദാചാര ബോധമില്ലാത്ത ഒരു സമൂഹത്തെപ്പറ്റി ചിന്തിച്ചു നോക്കൂ..നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാനും, വഴിയരികില്‍ അപകടം പറ്റിക്കിടക്കുന്ന അപരിചിതനെ രക്ഷിക്കാനും, പ്രിയപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ സഹായിക്കാനും, മുതിര്‍ന്നവരെ ബഹുമാനിക്കാനും, വിഷമതകള്‍ അനുഭവിക്കുന്നവരോട് സഹാനുഭൂതിയോടെ പെരുമാറുവാനുമൊക്കെ നമ്മളെങ്ങനെയാണ് പഠിച്ചത്?

വാര്‍ത്തകള്‍ പറയുന്നത്

കഴിഞ്ഞ മാര്‍ച്ച് 8 ന് വൈകുന്നേരമാണ് മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്കു നേരെ ശിവസേനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ലൈംഗികാതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ശിവസേന മറൈന്‍ ഡ്രൈവിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെ നടപ്പാതയില്‍ ഒന്നിച്ചിരുന്ന യുവതി യുവാക്കളെ ആക്രമിക്കുകയായിരുന്നു. ചൂരല്‍വടിയുപയോഗിച്ച് തല്ലുകയും അവിടെ നിന്ന് പോകാന്‍ ആക്രോശിക്കുകയും ചെയ്തു. മറ്റുചില യുവതി യുവാക്കള്‍ക്കും മര്‍ദ്ദനമേറ്റു.

ഭര്‍ത്താവിന്റെ ബന്ധുക്കളായ ചില സദാചാര ഗുണ്ടകളുടെ മാനസിക പീഡനം മൂലം കോഴിക്കോട് പയ്യോളിയങ്ങാടിയിലെ കുടുംബശ്രീ പ്രവര്‍ത്തകയായ റെയ്ഹാനത്ത്‌ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തതും നമ്മള്‍ പത്രങ്ങളില്‍ വായിച്ചു. വിവരം പോലീസിനെ അറിയിച്ചിട്ടും പയ്യോളി പോലീസ് ആര്‍ക്കെതിരെയും കേസ് എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണം ഉണ്ടായി. കഴിഞ്ഞ ഫെബ്രുവരി 8 നാണ്  റെയ്ഹാനത്ത് ആത്മഹത്യ ചെയ്തത്. അന്ന് മണിയൂരിലെ കുടുംബശ്രീ യോഗത്തിന് പോവാനായി റെയ്ഹാനത്ത് സമീപത്തെ ഓട്ടോ വിളിച്ചിരുന്നു. യോഗത്തിന് ശേഷം വീട്ടിലെത്തിയ റെയ്ഹാനത്തിനെ വിദേശത്തുള്ള ഭര്‍ത്താവിന്റെ അകന്ന ബന്ധുവും മറ്റൊരാളുമെത്തി മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഓട്ടോ ഡ്രൈവറുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയും ചെയ്തു. ഇതില്‍ റെയ്ഹാനത്ത് മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. 

കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന മറ്റൊരു സംഭവം. കൊടുങ്ങല്ലൂരില്‍ സദാചാരഗുണ്ടകള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി ചോദ്യംചെയ്തതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനായിരുന്നു പോലീസ് കേസെടുത്തത്. ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തവരെ മറ്റു നടപടികളൊന്നും സ്വീകരിക്കാതെ വിട്ടയയ്ക്കുകയും ചെയ്തു. സദാചാര ഗുണ്ടാ അക്രമങ്ങള്‍ പെരുകുകയാണെങ്കിലും പലതും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ കേസാവുകയോ ചെയ്യുന്നില്ലെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. പോലീസ് ഇടപെടുന്ന സംഭവങ്ങളില്‍പോലും ഒത്തുതീര്‍പ്പിനപ്പുറം ശക്തമായ നടപടിയുണ്ടാകാത്തതാണ് അക്രമികള്‍ക്ക് ധൈര്യം പകരുന്നത്.

തൃശ്ശൂര്‍ നഗരപരിധിക്കുള്ളില്‍ സ്‌കൂള്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തതിനുപിന്നില്‍ ഇതേ പ്രശ്‌നമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ആരും പരാതിപ്പെടാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. തേക്കിന്‍കാട് മൈതാനത്ത് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും പരാതി ഇല്ലെന്ന പേരില്‍ പോലീസ് കേസെടുത്തില്ല. മൈതാനത്ത് പതിവായി ചിത്രം വരയ്ക്കാനെത്തുന്ന ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥികളെയാണ് ഒരു സംഘം ഭീഷണിപ്പെടുത്തി ഓടിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ചിത്രം വരയ്ക്കാന്‍ പാടില്ലെന്നായിരുന്നു ഭീഷണി

എന്താണ് ധാര്‍മിക ബോധം?

ധാര്‍മികതയെന്നത് തികച്ചും വ്യക്തിയില്‍ അന്തര്‍ലീനമായ കാര്യമാണ്. ഒരു കുഞ്ഞു ജനിച്ചു വീണതിനു ശേഷം വളര്‍ച്ചയുടെ ഭാഗമായി പല മേഖലകളിലും ഘട്ടം ഘട്ടമായി വികാസം പ്രാപിച്ചാണ് ഒരു മുതിര്‍ന്ന പൗരനാകുന്നത്. ഒരു കുട്ടിയില്‍ നിന്ന് മുതിര്‍ന്ന വ്യക്തിയിലേക്ക് എത്തുമ്പോള്‍ ശാരീരികവും മാനസികവും, വൈകാരികവുമായ വികാസത്തോടൊപ്പം  ധാര്‍മികതയും അതേ രീതിയില്‍ തന്നെ വ്യക്തിയില്‍ വികാസം പ്രാപിക്കുന്നു. വ്യക്തി ജീവിതത്തിലെ വ്യത്യസ്ഥ അനുഭവങ്ങളും കുട്ടിക്കാല വൈകാരികാവസ്ഥയും ജനിതക ഘടകങ്ങളും വളര്‍ന്നു വന്ന സാഹചര്യങ്ങളും രക്ഷിതാക്കള്‍ വളര്‍ത്തിയ രീതിയുമൊക്കെ സദാചാരബോധ വികാസവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

ധാര്‍മിക ബോധം ശരിതെറ്റുകളിലധിഷ്ഠിതമാണ്. ഒരു സമൂഹത്തില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന പൊതുവായ ശരികളിലും തെറ്റുകളിലും അധിഷ്ഠിതമാണ് സദാചാരം. സദാചാര ബോധമെന്നത് വ്യക്തിയും സമൂഹവും തമ്മിലുള്ള പരസ്പര വ്യവഹാരത്തിന്റെ ഉപോല്പന്നമാണ്. ഇത് നാടിന്റെ സാംസ്‌കാരിക സാഹചര്യങ്ങളുമായും മതപരവും രാഷ്ട്രീയപരവുമായ കാഴ്ചപ്പാടുകളുമായും വ്യക്തി എന്ന നിലയിലുള്ള സ്വഭാവ സവിശേഷതകളുമായും വൈകാരിക നിയതത്വം, മാനസിക ആരോഗ്യം എന്നിവയൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കാലാകാലങ്ങളായുള്ള മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ സമൂഹത്തില്‍ സ്വാധീനവും, അധികാരവും കൗശലവുമുള്ളവര്‍ തന്ത്രപൂര്‍വ്വം ശരിതെറ്റുകള്‍ നിര്‍മിക്കുകയും മറ്റുള്ളവര്‍ അത് പിന്തുടരാന്‍  പ്രാപ്തമാക്കുന്ന തരത്തില്‍ ആളുകളിലേക്ക് എത്തപ്പെടുകയുമാണ് ചെയ്യുന്നത്.

ഉദാഹരണത്തിന് സമൂഹത്തെ ഒരു  നിര്‍മാണ കമ്പനിയായി പരിഗണിച്ചാല്‍, ഒരു ഉല്പന്നം ആ കമ്പനി നിര്‍മിച്ചാല്‍ അത് കൃത്യമായി വിറ്റഴിക്കപ്പെടുകയും കമ്പനിക്കു നേട്ടമുണ്ടാക്കുകയും ചെയ്യണം. അങ്ങനെ ആ ഉല്പന്നം മനുഷ്യന്റെ ശീലമായി മാറുന്നതിലാണ്  അവരുടെ വിജയം. ഇതേ രീതിയില്‍ ചില മൂല്യ ബോധങ്ങള്‍ മനുഷ്യന്റെ അബോധമനസില്‍ ഇടം തേടുമ്പോള്‍ അത് മനുഷ്യന്റെ ശീലമായി മാറുന്നു.

എന്താണ് മോറല്‍ പോലീസിങ്ങ് ?

ചില  ആളുകളോ സംഘടനയോ തങ്ങളുടെ കാഴ്ചപ്പാടുകളെയും സദാചാര ചിന്തകളെയും ഒരു പൊതു ലക്ഷ്യം വച്ചുകൊണ്ട് ഒരു നാടിന്റെ നിയമ സംഹിതകള്‍ക്ക് എതിരായി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ മോറല്‍ പോലീസിങ്ങ് എന്ന് വിളിക്കാം. ശരി-തെറ്റുകളുടെ കാര്യത്തില്‍ ഓരോ വ്യക്തിയും വ്യത്യസ്തരാണ്. ഒരു വ്യക്തിയുടെ ശരി മറ്റൊരു വ്യക്തിയുടെ തെറ്റാവുന്നതിനു പിന്നിലെ കാരണം നാം അടിസ്ഥാനപരമായി ഓരോ അണുവിലും വ്യത്യസ്തരാണെന്നതാണ്. ഞാന്‍ മാത്രം ശരി എന്ന ചിന്ത പലപ്പോഴും തന്റെ ആശയങ്ങളെ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുവാനേ ഉപകരിക്കൂ.. മോറല്‍ പോലീസിന്റെ് ഇത്തരം അടിച്ചേല്‍പ്പിക്കലുകളുടെ പരിണിത ഫലമാണ്.

സദാചാര ബോധ വികാസം എങ്ങനെ നടക്കുന്നു?

ഏതാണ്ട് ഇരുപതു വര്‍ഷത്തെ ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ലോറന്‍സ് കൊള്‍ബര്‍ഗ് എന്ന മന:ശാസ്ത്രജ്ഞന്‍ വ്യക്തികളില്‍ സദാചാര ബോധ വികാസം നടക്കുന്നത് പ്രധാനമായും മൂന്നു ഘട്ടങ്ങളിലൂടെയാണെന്നു പറയുന്നു. ഒന്നാമത്തെ ഘട്ടമായ ഏതാണ്ട് ഒന്‍പതു വയസു വരെയുള്ള  പ്രി കണ്‍വെന്‍ഷനല്‍ ലെവലില്‍ (Pre Conventional Level) കുട്ടികളുടേതായ ശരിയും തെറ്റുകളും രൂപം കൊള്ളുന്നത് അവനു മറ്റുള്ളവരില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണെന്ന് പറയുന്നു. അതായത് കുട്ടിയുടെ ശരി-തെറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം അവനുമായി ബന്ധപ്പെട്ടിരിക്കുന്നവരില്‍ നിന്നും ലഭിക്കുമ്പോള്‍ ആ ശരി-തെറ്റുകള്‍ അവനില്‍ ഉറയ്ക്കുകയും എന്നാല്‍ ശരി-തെറ്റുകളുമായ ബന്ധപ്പെട്ടു മോശം പ്രതികരണമാണ് അവനു ലഭിക്കുന്നതെങ്കില്‍ അതുമൂലം അവന്റെ മൂല്യ ബോധത്തില്‍ മാറ്റം വരികയും ചെയ്യും.

 പലപ്പോഴും സ്വന്തമായ ഒരു അഭിപ്രായത്തിനുമപ്പുറം ശിക്ഷയില്‍ നിന്നൊഴിവാകാനും പ്രോത്സാഹനം ലഭിക്കാനുമാകും അവര്‍ ഒരു പ്രത്യേക വിശ്വാസം വച്ച് പുലര്‍ത്തുന്നത്. എന്നാല്‍ ഈ ഘട്ടത്തിന്റെ അവസാനത്തോടു കൂടി ഇങ്ങനെ വിശ്വസിക്കുമ്പോള്‍ 'എനിക്കെന്ത് നേട്ടമുണ്ട്?' എന്ന് ചിന്തിക്കാന്‍ തുടങ്ങുകയും അതുവരെ തന്റെ രക്ഷിതാക്കള്‍ പറഞ്ഞതിനെ വിശ്വസിച്ചതില്‍ നിന്നും ഇത്തിരി മാറി ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യും.

രണ്ടാമത്തെ ഘട്ടമായ കണ്‍വെന്‍ഷണല്‍ ലെവലില്‍ (Conventional Level) വരുമ്പോള്‍ മറ്റുള്ളവരുടെ, പ്രത്യേകിച്ച് രക്ഷിതാക്കളുടെയും അധ്യാപകരുടെയുമൊക്കെ ആഗ്രഹത്തിനൊത്ത് വിശ്വാസങ്ങള്‍ വച്ചു പ്രവര്‍ത്തിക്കുമെങ്കിലും കാര്യങ്ങളെ തന്റേതായ രീതിയില്‍ കാണുകയും ചെയ്യും. ഈ ഒരു ഘട്ടത്തില്‍ മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കാന്‍ വ്യക്തി പ്രാപ്തനാകുന്നു. മറ്റുള്ളവരുടെ കണ്ണിലും സ്വന്തം നിരീക്ഷണത്തിലും ഞാനൊരു നല്ല വ്യക്തി ആവണമെന്ന് ചിന്തിക്കുന്ന സമയമാണിത്. മൂന്നാമത്തെ ഘട്ടമായ പോസ്റ്റ് കണ്‍വെന്‍ഷണല്‍ (Conventional Level) ലെവലില്‍   കാര്യങ്ങളെ വിശകലനം ചെയ്തു തന്റേതായ വിശാലവും യുക്തി പൂര്‍വവുമായ രീതിയില്‍ ചിന്തിച്ചു തുടങ്ങുന്നു.

പലപ്പോഴും ആദ്യത്തെ ഘട്ടത്തിന് അപ്പുറത്തേക്ക് വികാസം വരാതിരിക്കുന്നവര്‍ സദാചാര ബോധത്തിന്റെ കാര്യത്തില്‍ യുക്തിപൂര്‍വ്വം ചിന്തിക്കുന്നതിന് തകരാറുകള്‍ കാണിക്കാറുണ്ട്. ചില വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ പറ്റാത്ത തരത്തിലേക്ക് ദൃഢമാകുമ്പോള്‍ ഞാന്‍ മാത്രം ശരി എന്നതിലേക്ക് ഒതുങ്ങുകയും അല്ലാത്ത എന്തിനെയും തകര്‍ക്കണമെന്ന ചിന്ത അധികരിക്കുകയും ചെയ്യും. നിയമ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയും ഓരോ വ്യക്തികളുടെയും വിശ്വാസങ്ങള്‍ അത് രാഷ്ട്രീയപരമോ മതപരമോ എന്ത് തന്നെ ആയിരുന്നാലും, തികച്ചും വ്യക്തിപരമാണെന്നും അല്ലാതെ പരസ്പരം അടിച്ചേല്‍പ്പിക്കാനുള്ളതല്ല എന്ന് നമ്മള്‍ മനസ്സിലാക്കുകയും വേണം. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെക്കൂടി ഉള്‍ക്കൊണ്ട്  യുക്തിപൂര്‍വ്വം ചിന്തിച്ചു തന്നെ പോലെ തന്നെ തന്റെ സഹജീവികള്‍ക്കും ജീവിക്കാനുള്ള എല്ലാ അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന തിരിച്ചറിവുണ്ടാകുക എന്നത് ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് അത്യാവശ്യമാണ്.

 (മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍. പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. Contact number: 85472 81985)