കൂടുതല്‍ ബാറുകള്‍ തുറക്കണമെന്ന് കുറെയാളുകള്‍ മുറവിളി കൂട്ടുമ്പോള്‍ സമ്പൂര്‍ണ മദ്യ നിരോധനം വേണമെന്ന് മറ്റൊരു കൂട്ടര്‍. വീര്യം കുറഞ്ഞ ലഹരി വിതരണം ചെയ്യണമെന്നും, മദ്യത്തിന്റെ ലഭ്യത കുറഞ്ഞപ്പോള്‍ പുതു തലമുറകള്‍ പുതു ലഹരികള്‍ തേടിപ്പോകുകയാണെന്നും ഉടനടി മദ്യലഭ്യത കൂട്ടിയാലേ പുതു തലമുറയുടെ പുത്തന്‍ ലഹരിക്കമ്പത്തിനു കടിഞ്ഞാണിടാന്‍ പറ്റുകയുള്ളുവെന്നും മറ്റൊരു കൂട്ടര്‍. ലഹരിയില്ലാതെ മനുഷ്യന് ജീവിക്കാന്‍ കഴിയില്ല എന്ന് ഒരു വിഭാഗം പറയുമ്പോള്‍ ജീവിതത്തെ ഒരു ലഹരിയായി കണ്ടാല്‍ മതിയെന്ന് മറു വിഭാഗം.

ചര്‍ച്ചകള്‍ കാര്യമായി തന്നെ നടക്കുന്നു. എന്നാല്‍ ഓരോ ആഘോഷങ്ങളും അതിന്റെ ഭാഗമായി  ബിവറെജില്‍ നിറയ്ക്കുന്ന പണത്തിന്റെ കണക്കുമൊക്കെ നോക്കിയാല്‍ ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ നാമോരോരുത്തരും കിതയ്ക്കാതെ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പലതരം വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമൊക്കെയാണ് ഓരോരുത്തര്‍ക്കും.

മനുഷ്യന്റെ ശാരീരിക മാനസികാവസ്ഥകള്‍ക്ക് ഒരു വ്യക്തിയുടെ ലഹരി ഉപയോഗത്തെ കാര്യമായി നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അത് ചിലപ്പോള്‍ വ്യക്തിയുടെ നിയന്ത്രണത്തിന് അതീതമായി തലച്ചോറില്‍ ലഹരി വിധേയത്വത്തിന്റെ മാറ്റങ്ങള്‍ വരുത്തി. ''ഞാന്‍ മനസ് വച്ചാല്‍ ഇന്നുമുതല്‍ ഞാന്‍ ലഹരി ഉപയോഗിക്കുന്നില്ല'' എന്ന് പ്രതിജ്ഞയെടുക്കുന്നവര്‍ പ്രതിജ്ഞ തെറ്റിക്കുകയും വീണ്ടും വീണ്ടും ലഹരിയിലേക്ക് വഴി വിട്ടു പോവുകയും ചെയ്യും.

''എന്റെ സാറെ ലഹരി ഉപയോഗിച്ച് ശീലിച്ചവന്‍ പിന്നെ അത് നിര്‍ത്താന്‍ ഇത്തിരി ബുദ്ധിമുട്ടാ..പിന്നെ നിവൃത്തികേട് കൊണ്ട് നിര്‍ത്തിയാല്‍ അത് അവന്‍ ചെയ്യുന്ന ഏറ്റവും വല്യ ത്യാഗമാ..അത്രയ്ക്ക് ത്യാഗം സഹിക്കുന്നവര്‍ ചുരുക്കവാ സാറെ!'' അടുത്തിടെ ലഹരി ചികത്സയ്ക്ക് വന്ന ഒരു സഹോദരന്‍ പറഞ്ഞതാണ്. 

''ഞാന്‍ 40 വര്‍ഷമായി കുടിക്കുവാ..ഇത് വരെ എനിക്ക് ശരീരത്തിന് ഒരു കുഴപ്പവും വന്നിട്ടില്ല..പഴയ നിയമം ബൈബിള്‍ സാറ് വായിച്ചിട്ടുണ്ടോ? പഴയനിയമത്തില്‍ മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതാന്ന പറഞ്ഞിരിക്കുന്നത്..പഴയ നിയമം വായിക്കാത്തവരാണ് മദ്യവര്‍ജനം എന്ന് പറയുന്നത്. മദ്യം നിരോധിക്കുന്നതിന് പകരം മദ്യവര്‍ജനക്കാരെ പഴയ നിയമം പഠിപ്പിക്കുകയാണ് വേണ്ടത്! 56 വയസുള്ള അപ്പച്ചന്‍ ഇപ്പോള്‍ പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറയും. സമനില തെറ്റിയാല്‍ അയല്‍വക്കംകാരെ മുഴുവന്‍ ചീത്ത വിളിക്കും. ഭാര്യയെ തല്ലി വശം കെടുത്തും. ലഹരി കിട്ടാത്തപ്പോള്‍ അപസ്മാരവും വന്നു തുടങ്ങി. ധ്യാനത്തിന് കൊണ്ട് പോയപ്പോള്‍ ധ്യാനഗുരു പറഞ്ഞു, ലഹരി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് വച്ച് പിടിച്ചോളാന്‍. അങ്ങനെ ഒരു വൈദികന്‍ നിര്‍ദേശിച്ചത് പ്രകാരം എത്തിയതാണ്. ബിസിനസ് ടെന്‍ഷന്‍ കുറയ്ക്കാന്‍ കുടി തുടങ്ങി. നിയന്ത്രിക്കാനാവാതെ ബിസിനസും കുടുംബവും തകര്‍ന്ന ചെറുപ്പക്കാരന്‍ പറയുന്നു,  ''ഞാന്‍ ദിവസോം കുടിക്കും. പക്ഷെ എനിക്ക് കുടിക്കാതിരുന്നാല്‍ ഒരു കുഴപ്പവുമില്ല. വേണമെങ്കില്‍ എനിക്ക് കുടിക്കാതിരിക്കാം പക്ഷെ ഞാന്‍ വെറുതെ കുടിക്കുന്നെന്നെയുള്ളൂ..ഞാന്‍ വിചാരിച്ചാല്‍ ഇന്ന് കുടി നിര്‍ത്തും''. ഇങ്ങനെ ഓരോ വ്യക്തിക്കും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു ഓരോ യുക്തിയും ചിന്താഗതിയുമൊക്കെയുണ്ടായിരിക്കും.

ചിലയാളുകള്‍ പെട്ടന്ന് തന്നെ ലഹരിക്ക് അടിമപ്പെട്ടു പോവാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ അത്ര പെട്ടന്നൊന്നും വിധേയപ്പെടാറില്ല. എത്ര വേഗം ഒരാള്‍ ലഹരിക്ക് അടിമപ്പെടുന്നുവെന്നതിന് വ്യക്തിയുടെ ജനിതക ശാരീരിക-മാനസിക അവസ്ഥകള്‍ക്ക് കാര്യമായ പ്രാധാന്യമുണ്ട്.

ലഹരി ഉപയോഗിക്കുന്ന വ്യക്തി എത്ര വേണ്ടെന്ന് വച്ചാലും നിയന്ത്രണത്തിനതീതമായി വ്യക്തിയെ ലഹരി ഉപയോഗിക്കാന്‍ പ്രേരിതനാക്കുമെന്നുള്ളത് ശസ്ത്രം തെളിയിച്ചതാണ്. അതോടൊപ്പം തന്നെ ചില വ്യക്തിത്വ സവിശേഷതകള്‍ക്കും ലഹരി ഉപയോഗവുമായി കാര്യമായ ബന്ധമുണ്ട്. വ്യക്തിയുടെ ചിന്തകളും  കാര്യങ്ങളെ മനസിലാക്കുന്ന രീതിയും, മനോഭാവവും വൈകാരികാവസ്ഥകളും ബുദ്ധിപരമായി തീരുമാനമെടുക്കുന്നതിലുള്ള കഴിവുമൊക്കെ ഒരോ വ്യക്തിയെയും  മറ്റൊരാളില്‍ നിന്നും വത്യസ്തനാക്കുന്നു. ഇതുപോലെ തന്നെ ഈ വത്യസ്തത ലഹരി ഉപയോഗിക്കുന്ന ആളുകളിലും ലഹരിക്ക് വിധേയപ്പെട്ടു പോകുന്ന ആളുകളിലും കാണാറുണ്ട്. 

ചില പ്രത്യേക സ്വഭാവ വിശേഷതകള്‍ ഉള്ളവര്‍ പെട്ടന്ന് തന്നെ ലഹരി ഉപയോഗത്തിലേക്കും പിന്നീട് ലഹരി വിധേയത്വത്തിലേക്കും പോകാമെന്നുമുള്ള തരത്തിലുള്ള നിരീക്ഷണങ്ങള്‍ സൈദ്ധാന്തികമായി വിവരിക്കുന്നത് റോബര്‍ട്ട് ക്ലോനിന്ജര്‍ (Robert Cloninger), ഹാന്‍സ്  ഐസന്ക് ( Hans Eysenck) തുടങ്ങിയ മനശാസ്ത്രജ്ഞരുടെ വിശദീകരണങ്ങളിലൂടെയാണ്.

റോബര്‍ട്ട് ക്ലോനിന്ജര്‍ മാതൃകയില്‍  പെരുമാറ്റങ്ങളെ ഉദ്ദീപിപ്പിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്നതില്‍  തലച്ചോറിന്റെ ഘടനസവിശേഷതകള്‍ക്ക് കാര്യമായ പങ്കുണ്ടെന്നും, ഇത് വ്യക്തിത്വത്തിന്റെ ജനിതകമായ സ്വഭാവമാണെന്നും പറയുന്നു. മൂന്നു സ്വഭാവങ്ങളിലൂടെയാണ് അദ്ദേഹം തന്റെ വ്യക്തിത്വസിദ്ധാന്തം അവതരിപ്പിക്കുന്നത്.  അതില്‍ ഒന്നാമത്തെതാണ് നോവല്ടി സീകിംഗ് (Novelty Seeking).   എല്ലായ്‌പ്പോഴും  പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുകയും, പെട്ടന്ന് തന്നെ ചെയ്യുന്ന പ്രവൃത്തിയില്‍ മടുപ്പനുഭവിക്കുന്നവരുമാണിവര്‍. ഇത്തരം ആളുകള്‍ പെട്ടന്ന് എടുത്തു ചാടി തീരുമാനമെടുക്കുന്നവരും, എളുപ്പത്തില്‍ ക്ഷോഭിക്കുന്നവരും പുതിയ പുതിയ കാര്യങ്ങളെപ്പറ്റി അറിയുവാനും അന്വേഷിക്കുവാനുമുള്ള മനസുള്ളവരും ചഞ്ചല ഹൃദയമുള്ളവരുമായിരിക്കുമെന്നു പറയുന്നു.

രണ്ടാമത്തെ വിഭാഗം ആളുകള്‍ ഹാം അവോയിഡന്റ് (Harm Avoidant) സ്വഭാവമുള്ളവരെന്നാണ് അറിയപ്പെടുന്നത്. ഇവര്‍ കാര്യങ്ങളെ അല്പം ഉത്കണ്ഠയോടും, ആശങ്കയോടും കൂടി സമീപിക്കുന്നവരാണ്. പൊതുവേ വൈകാരിക പ്രകടനങ്ങളില്‍ പിശുക്ക് കാണിക്കുന്നവരും, വളരെ ചെറിയ കാര്യങ്ങള്‍ക്ക് വിഷമിക്കുന്ന സ്വഭാവമുള്ളവരുമായിരിക്കും. പൊതുവേ ജീവിതത്തില്‍ താനനുഭവിക്കേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്ന വിഷമമുള്ള സാഹചര്യങ്ങളെ  മനപൂര്‍വം ഒഴിവാക്കുന്നവരും വിഷമസന്ധികളെ അഭിമുഖീകരിക്കാന്‍ ഭയക്കുന്നവരുമാണിവര്‍.

മൂന്നാമത്തെ വിഭാഗം ആളുകള്‍ തീവ്രമായി ഉത്കര്‍ഷേച്ഛയുള്ളവരും, പെട്ടന്ന് തന്നെ സഹതാപങ്ങള്‍ക്ക് വഴിപെട്ട്, വികാരപരമായ കാര്യങ്ങളില്‍ പെട്ടന്ന് തകര്‍ന്നു പോകുന്നവരും മാനസികാവസ്ഥകളില്‍ പെട്ടന്ന് തന്നെ മാറ്റം വരുന്നവരുമാണ്. ജീവിതത്തിലെപ്പോഴും നല്ല മാനസികാവസ്ഥകള്‍ക്ക്  അല്ലെങ്കില്‍ പ്രോത്സാഹനം കിട്ടുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കുന്നവരുമാണിവര്‍. ഇവരെ റിവാര്‍ഡ് ഡിപെന്‍ഡന്റ്‌ എന്നാണ് ക്ലോനിന്ജര്‍ വിളിക്കുന്നത്.

റോബര്‍ട്ട് ക്ലോനിന്ജറിന്റെ അഭിപ്രായത്തില്‍ മുകളില്‍ പറഞ്ഞ മൂന്നു സ്വഭാവങ്ങളും  ലഹരി വിധേയത്വത്തിലേക്ക്് നയിക്കാന്‍ സാധ്യതയുള്ളതാണെന്നു പറയുന്നു. പിന്നീട് വന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നത് നോവല്ടി സീകിംഗ് സ്വഭാവമുള്ളവര്‍ ഏറ്റവും കൂടുതല്‍ ലഹരി വിധേയത്വതിലേക്ക് നയിക്കപ്പെടുന്നുവെന്നും ഇപ്പോഴും പുതിയ പുതിയ ലഹരികള്‍ തേടിപ്പോകുന്ന തരത്തിലേക്ക് വ്യക്തികളെ എത്തിക്കുമെന്നും പറയുന്നു.  

ഹാം അവോയിഡന്റ് എന്ന സ്വഭാവവുമുമായി ബന്ധപ്പെട്ടുള്ള ആധുനിക പഠനങ്ങളും ക്ലോനിന്ജറിന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്ന തരത്തിലാണ്. ഹാന്‍സ് ജെ ഐസങ്ക് എന്ന മനശാസ്ത്രജ്ഞന്റെ നിരീക്ഷണങ്ങളില്‍ വ്യക്തിത്വത്തെ മൂന്നു  പരിണാമങ്ങളായി തരം തിരിക്കുന്നു. ന്യൂറോട്ടിസം, സൈക്കോട്ടിസം, എക്‌സ്ട്രാവേര്‍ഷന്‍. ഇതില്‍ ന്യൂറോട്ടിസം സ്വഭാവമുള്ളവര്‍ പൊതുവേ ഉത്കണ്ഠാകുലരും, വിഷാദ ചിന്തകള്‍ പേറുന്നവരും കുറ്റബോധവും, പെട്ടന്ന് തന്നെ സംഘര്‍ഷങ്ങള്‍ക്കും, വികാരങ്ങള്‍ക്കും അടിമപ്പെടുന്നവരുമായിരിക്കും.

എക്‌സ്ട്രാവേര്‍ഷന്‍ സ്വഭാവമുള്ള ആളുകള്‍ പൊതുവേ തുറന്ന പ്രകൃതമുള്ളവരും, മറ്റുള്ളവരുടെ ശ്രദ്ധ പെട്ടന്ന് പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നവരും, സന്തോഷവാന്മാരും  ഊര്ജസ്വലരുമൊക്കെയായിരിക്കും. സൈക്കോട്ടിസം എന്ന സ്വഭാവ രീതി ഉള്ളവര്‍ വ്യക്തി ബന്ധങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറി തന്റേതായ ലോകത്തില്‍ വ്യാപരിക്കുന്നവരായിരിക്കും. പെട്ടന്ന് ദേഷ്യം വരികയും പൊതുവേ വൈകാരികമായ മന്ദതയും മറ്റുള്ളവരുമായി ചേര്‍ന്ന് പോകാന്‍ വിമുഖത കാണിക്കുന്നവരുമായിരിക്കും ഇത്തരക്കാര്‍. ലഹരി ഉപയോഗത്തെക്കാളുപരി ലഹരി വിധേയത്വത്തിന്റെ കാര്യത്തില്‍  സൈക്കോട്ടിസം, ന്യൂറോട്ടിസം സ്വഭാവമുള്ളവര്‍ എളുപ്പത്തില്‍ വിധേയരാകാമെന്നും വിശദീകരിക്കുന്നു.

ലഹരിയുടെ ഭവിഷ്യത്തുകളെപ്പറ്റി ബോധവാനാകുന്നതോടൊപ്പം തന്നെ  വ്യക്തിത്വ സവിശേഷതകളെപ്പറ്റിയുള്ള തിരിച്ചറിവ് അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തി എന്തുകൊണ്ട് ലഹരിക്ക് വിധേയപ്പെടുന്നുവെന്നതിനു വ്യക്തിത്വ സവിശേഷതകള്‍ക്കൊപ്പം വ്യക്തിയുടെ സാമൂഹിക സാംസ്‌കാരിക അവസ്ഥ, ജനിതകപരമായ ഘടകങ്ങള്‍, മാനസിക രോഗാവസ്ഥകള്‍ തുടങ്ങിയവയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു. 

സ്വന്തം വ്യക്തിത്വത്തെപ്പറ്റിയും, കഴിവുകളെയും കഴിവില്ലായ്മയെയപ്പറ്റിയുമുള്ള തിരിച്ചറിവും, വൈകാരികാവസ്ഥ, ചിന്താരീതികള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള ഉള്‍കാഴ്ച എന്നിവയും പലപ്പോഴും ലഹരിയിലേക്ക് ആകൃഷ്ടനാകുമ്പോള്‍ സ്വയം നിയന്ത്രിക്കാനുള്ള കഴിവ്  വ്യക്തിക്ക് നല്‍കും.