നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മോഷണം എന്ന 'കല'യ്ക്ക്. ഇന്നും മോഷ്ടാക്കള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍ അങ്ങനെയൊരു രോഗമായാലോ? നമുക്കൊരാളെ പരിചയപ്പെടാം. 

സാമ്പത്തിക ഭദ്രതയുളള കുടുംബത്തിലെ യുവാവ്. ഇരുപത്തഞ്ചു വയസ്സ്. ജോലിയും സ്ഥിരവരുമാനവുമുണ്ട്.  സാധനങ്ങള്‍ മോഷ്ടിക്കാനുള്ള പ്രവണത നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നു പറഞ്ഞാണ് ആസ്പത്രിയില്‍ വരുന്നത്. എന്താണ് ഇയാള്‍  മോഷ്ടിക്കുന്നത് എന്നറിയേണ്ടേ? മൊബൈല്‍ ചാര്‍ജറുകള്‍, ബാറ്ററികള്‍ . അത്ര മാത്രം. ഒരു അലമാര നിറയെയുണ്ട് മോഷ്ടിച്ച വസ്തുക്കള്‍ . ഒന്നും ഉപയോഗിക്കാറില്ല. അല്ലെങ്കിലും ഒരാള്‍ക്കെന്തിനാണ് ഒരു അലമാര നിറയെ ചാര്‍ജറുകള്‍? എന്തു ചെയ്യണം എന്നറിയില്ല. ആകെ പ്രശ്‌നം .ആരോടും പറയാന്‍ കഴിയുന്നില്ല. എടുത്തു പോയില്ലേ? ഇനിയെങ്ങനെ തിരിച്ചു കൊടുക്കും ? ചെയ്യാന്‍ പാടില്ലെന്നറിയാം.  അതിന്റെ കുറ്റബോധം ഒരു വശത്ത്. പിടിക്കപ്പെട്ടിട്ടുണ്ട്‌ പലപ്പോഴും. അപഹാസ്യനായിട്ടുണ്ട്. എന്നിട്ടും നിര്‍ത്തിയില്ല. ഇപ്പോള്‍ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും മുഖത്തു നോക്കാന്‍ വയ്യാതായി.

ഇതെന്തൊരു മോഷ്ടാവാണല്ലേ? ഒരു സാമ്പത്തിക ലാഭവും ഉപയോഗവും ഒന്നുമില്ലാതെ പിന്നെന്തിനാണ് ഇയാള്‍ മോഷ്ടിക്കുന്നത്? തെറ്റാണെന്നും ആവശ്യമില്ലെന്നും അറിഞ്ഞാല്‍ പിന്നെ എന്തിനാണയാള്‍ വീണ്ടും ചെയ്യുന്നത്?

ക്ലെപ്‌റ്റോമാനിയ (Kleptomania) അഥവാ മോഷണരോഗം  എന്ന രോഗമായിരുന്നു അയാള്‍ക്ക്. ഇതെന്താണെന്നു നോക്കാം.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ കടകളില്‍ നിന്നും സാധനങ്ങള്‍ മോഷണം പോവുന്ന കേസുകള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1896 ല്‍ എല്ല കാസില്‍ എന്ന അമേരിക്കന്‍ വനിതയും ഭര്‍ത്താവും ലണ്ടനില്‍ മോഷണത്തിനു പിടിക്കപ്പെട്ടതോടെയാണ് മോഷണ രോഗം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ധനികയായിരുന്നു അവര്‍. അവര്‍ക്ക് മോഷണ രോഗമുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. ഒരുപാട് ചര്‍ച്ചകള്‍ക്കും സഹതാപത്തിനും ഇത് വഴിയൊരുക്കി. പിന്നീടും ഇത്തരം സംഭവങ്ങളും, രോഗമുണ്ടെന്ന അവകാശവാദങ്ങളും ആവര്‍ത്തിക്കപ്പെട്ടു. സ്ത്രീകളായിരുന്നു മിക്ക കേസുകളിലും പ്രതികള്‍ . മധ്യവര്‍ഗത്തിലെ സ്ത്രീകളുടെ പ്രശ്‌നമായി പോലും ഇത് വ്യാഖ്യാനിക്കപ്പെട്ടു . ഇവര്‍ രോഗത്തിന്റെ പേര് പറഞ്ഞ് സഹതാപം പിടിച്ചുപറ്റുന്നുവെന്ന് ആരോപണങ്ങള്‍ ഉണ്ടായി. ഈ വിഷയത്തില്‍ കോമിക്കുകളും സിനിമകളും വരെ ഇറങ്ങി. ഇങ്ങനെയൊരു രോഗമുണ്ടെന്നും ഇല്ലെന്നും വാദപ്രതിവാദങ്ങളുയര്‍ന്നു. 

അതെല്ലാം ചരിത്രം. ഇന്ന് ക്ലെപ്‌റ്റോമാനിയ എന്ന രോഗത്തിന് കൃത്യമായ നിര്‍വചനമുണ്ട്. രോഗനിര്‍ണയത്തിന് ലോകമെമ്പാടും ഉപയോഗിച്ചു വരുന്ന വ്യക്തമായ മാനദണ്ഡങ്ങളുമുണ്ട്. Impulse cotnrol disorders എന്ന രോഗവിഭാഗത്തിലാണ് ഈ രോഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. പെട്ടെന്നുണ്ടാകുന്ന ഉള്‍പ്രേരണകളെ (impulses) നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. ഒരു വസ്തു കൈക്കലാക്കാനുള്ള ശക്തമായ ഉള്‍പ്രേരണയാണ് രോഗിക്കുണ്ടാകുന്നത്. എടുത്തേ തീരൂ എന്ന അവസ്ഥ. എടുക്കുന്നതിനു മുന്‍പ് വല്ലാത്ത വെപ്രാളവും ഉണ്ടാവാം . നിയന്ത്രിക്കാനാവാത്ത ആ ഉള്‍പ്രേരണക്കു വിധേയനായി രോഗി ആ വസ്തു എടുത്തു കഴിഞ്ഞാല്‍ സംതൃപ്തിയും അനുഭവപ്പെടും.

മോഷ്ടിക്കുന്ന സാധനത്തിന്റെ വിലയോ ഉപയോഗമോ ഒന്നുമല്ല വിഷയം. അതെടുക്കുക എന്നതു മാത്രമാണ്. മേല്‍പ്പറഞ്ഞ ഉദാഹരണം പോലെ അനാവശ്യ സാധനങ്ങളാകും മിക്കപ്പോഴും മോഷ്ടിക്കുന്നത് . എടുത്തതിനുശേഷം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നവരുണ്ട്. അങ്ങനെയാണ് ഇത്തരം മോഷണവസ്തുക്കളുടെ ശേഖരം ഉണ്ടാകുന്നത്. ചിലരാകട്ടെ ഈ വസ്തുക്കള്‍ എങ്ങനെയെങ്കിലും ഉപേക്ഷിക്കുകയോ ദാനം ചെയ്യുകയോ ചെയ്യാറുണ്ട്. ഒട്ടും ആസൂത്രിതമാകില്ല ഇത്തരം മോഷണങ്ങള്‍. ചെയ്യുന്നതു തെറ്റാണെന്ന പൂര്‍ണബോധത്തോടെയാണവര്‍ ചെയ്യുന്നത്. എന്നിട്ടും നിയന്ത്രിക്കാനാവാത്തതിനാല്‍ ഇതു വല്ലാത്ത കുറ്റബോധവും ഉണ്ടാക്കാം. ഈ രോഗമുള്ളവര്‍ക്ക് മറ്റു ഉത്കണ്ഠാരോഗങ്ങളും (Anxitey disorders), ചിലപ്പോള്‍ വിഷാദ രോഗവും (Depression) കാണാറുണ്ട്.

എല്ലാ മോഷണങ്ങളും ക്ലെപ്‌റ്റോമാനിയ അല്ലെന്ന് വ്യക്തമായല്ലോ അല്ലേ? ഈ രോഗം നിര്‍ണയിക്കുന്നതിനു മുന്‍പ് മറ്റു മാനസികരോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. ചില വ്യക്തിത്വ വൈകല്യങ്ങളിലും (Antisocial personaltiy disorder ) കണ്ടക്റ്റ് ഡിസോര്‍ഡര്‍ (Conduct disorder ) പോലുള്ള രോഗാവസ്ഥയിലും മോഷണം കാണാറുണ്ട്. ക്ലെപ്‌റ്റോമാനിയയില്‍ നിന്നും വ്യത്യസ്തമായി ആസൂത്രിതവും ( എപ്പോഴും ആവണമെന്നില്ല) സാമ്പത്തിക ലാഭമുള്ളതുമായിരിക്കും ഇത്തരം മോഷണങ്ങള്‍. ഉപയോഗമുള്ള വസ്തുക്കളേ ഇവര്‍ തിരഞ്ഞെടുക്കാറുമുള്ളൂ .

ഇനി ചികിത്സയുടെ കാര്യം. രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ മനോരോഗ വിദഗ്ധനെ കാണുക. നിയന്ത്രണാതീതമായ ഈ ഉള്‍പ്രേരണകള്‍ നിയന്ത്രിക്കുന്നതിനായി മരുന്നുകള്‍ ലഭ്യമാണ്. മരുന്നുകള്‍ക്കു പുറമേ മനശ്ശാസ്ത്ര ചികിത്സയും (Pychotherapy ) നിര്‍ദ്ദേശിക്കാറുണ്ട്. ശരിയായ ചികിത്സ കൊണ്ടു നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു രോഗമാണിത്. എന്നാല്‍ ചികിത്സിക്കാതിരുന്നാല്‍ അപമാനവും കുറ്റബോധവും ഉണ്ടാകുകയും വിഷാദരോഗത്തിനു വരെ വഴിവയ്ക്കുകയും ചെയ്യാം. 

(ന്യൂഡല്‍ഹിയിലെ ഡോ:രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ ആന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ സീനിയര്‍ റെസിഡന്റാണ് ഡോ.ശില്‍പ)